സസ്പെൻഷനിലാണെങ്കിലും ശശി ഹാപ്പി

pk-sasi-2
SHARE

നല്ല സദ്യ ഇന്ന് വിളമ്പിയത് നമ്മുടെ ശശിയേട്ടനായിരുന്നു. സസ്പെന്‍ഷനിലാണെങ്കിലും പെന്‍ഷന്‍ കിട്ടിയ സന്തോഷത്തോടെയാണ് പി.കെ ശശി പാഞ്ഞെത്തി മാധ്യമങ്ങള്‍ക്കുമുന്നില്‍നിന്നത്. ഭാവിയിലുള്ള ഉപദ്രവം ഒഴിവാക്കാന്‍ വേണ്ടി എന്നൊരു തള്ളും. വല്ലാത്തൊരു ആത്മവിശ്വാസം തന്നെ. 

കമ്മ്യൂണിസ്റ്റാണെന്ന് ശശി ഇടയ്ക്കിടെ പറയും. കാരണം അത് മറന്നതാണല്ലോ കുഴപ്പത്തിനിടയാക്കിയത്. യഥാര്‍ഥ കമ്യൂസ്റ്റ് താനാണെന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കും ചിരിവരും, ശശിക്കൊഴിച്ച്. ലോകം ഇടിഞ്ഞുവീണാലും ശശിക്ക് കുഴപ്പമുണ്ടാകില്ലത്രെ. ശശി ശശിയായിതന്നെ തുടരുമെന്നൊരു പ്രഖ്യാപനവും. ആദ്യം ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ജാഥ നയിച്ച കക്ഷിയാണ്. പാര്‍ട്ടി പണി കൊടുത്തപ്പോള്‍ അതാ വരുന്നു പുതിയ കണ്ടുപിടിത്തം. ക്രമിനല്‍ കുറ്റം ചെയ്തിട്ടില്ലാന്ന്. നിങ്ങള് വല്ലാത്തൊരു ശശി തന്നെ.

പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഇരയാണ് താനെന്നൊക്കെ വേണമെങ്കില്‍ അടിച്ചുവിടാം. പക്ഷെ, പുതിയ കാലമാണ്. പറഞ്ഞത് തിരിച്ചടിക്കുമ്പോള്‍ കമ്യൂണിസ്റ്റാണെന്ന് പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. ബാലേട്ടനോടും ശ്രീമതി ടീച്ചറോടും എല്ലാം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് മനഃസമാധാനമുണ്ട്. നല്ലോണം ഉറങ്ങാനും കഴിയുന്നു.

പി.കെ. ശശിക്ക് മനഃസമാധാനവും ഉറക്കവും കിട്ടാന്‍ മറ്റൊരു വഴിയുണ്ട്. വനിതാ കമ്മീഷന്‍ അധ്യക്ഷ പറയുന്നത് ഇടയ്ക്കിടെ കേട്ടാല്‍മതി. നല്ല ധൈര്യം കിട്ടും. പാര്‍ട്ടിയില്‍ പുതിയ ശശിമാരെ സൃഷ്ടിക്കാതിരിക്കാനല്ല, ഉള്ള ശശിമാരെ സംരക്ഷിക്കാനാണ് ഇവരൊക്കെ ശ്രമിക്കുന്നത്. എന്നിട്ട് അഭിമാനത്തോടെ പറയുകയാണ്, സിപിഎമ്മിനല്ലാതെ മറ്റാര്‍ക്കെങ്കിലും ഇങ്ങനെ നടപടി എടുക്കാന്‍ കഴിയില്ല എന്ന്. സംഗതി ശരിയാണ്. പക്ഷെ, ഇതിങ്ങനെ നേരംവെളുക്കുവോളം പറഞ്ഞോണ്ടിരുന്നിട്ട് വല്ല കാര്യവുമുണ്ടോ. ഇക്കാര്യത്തില്‍ സിപിഎമ്മിനൊപ്പമാണ് സിപിഐയും. കാനവും ജോസഫൈനും ഏതാണ്ട് ഒരേ കാര്യമാണ് പറയുന്നത്.

ശശിക്കെതിരെ പരാതി ഉണ്ടായപ്പോള്‍ വനിത കമ്മിഷന്‍ മുങ്ങിയത് നമ്മള്‍ കണ്ടതാണ്. അന്ന് സ്വമേധയാ കേസെടുത്തുകൂടെ എന്ന ചോദിച്ചപ്പോള്‍ പരാതി കണ്ടില്ല കേട്ടില്ല വായിച്ചില്ല എന്നൊക്കെ പറഞ്ഞായിരുന്നു ഓട്ടം. ഇന്ന് പാര്‍ട്ടി നടപടിയെടുത്തപ്പോള്‍ പുതിയ ന്യായീകരണവും. പരാതിക്കാരിയെ നിയമനത്തിന്റെ വഴിയിലേക്ക് നയിക്കാന്‍ ഒരു ജോസഫൈനെയും ആ വഴിക്ക് കണ്ടിരുന്നില്ല.

ഹോ ! ഭാഗ്യം. വനിതാകമ്മിഷന്‍ തടുക്കില്ല പോലും. ഏത്, സ്ത്രീക്ക് സംരക്ഷണം കൊടുക്കാന്‍ ഉത്തരവാദപ്പെട്ടവരാണ് കമ്മിഷന്‍. അതിന് പറ്റും എന്ന് പറയാനല്ലേ ശ്രമിക്കേണ്ടത്. അതിനുപകരം അവരെ തടയില്ല പോലും. വനിത കമ്മിഷനിലെ അംഗങ്ങളിലാര്‍ക്കെങ്കിലും ഇങ്ങനെ ഒരവസ്ഥയുണ്ടായാലും പാര്‍ട്ടിപ്പൊലീസിനെത്തനെയാണോ ആദ്യംകാണുക ? എന്താ പറഞ്ഞത് ? നഷ്ടപ്പെടുത്തിയതെന്നോ ?

നഷ്ടപ്പെടുത്തിയത്. അതായത് പാര്‍ട്ടിക്ക് വേണ്ടി സ്വന്തം ജീവിതം നഷ്ടപ്പെടുത്തി എന്ന്. അങ്ങനെ ചിന്തിക്കുന്ന ഒരാളോട് പിന്നെ എന്ത് പറയാനാണ്...?

മൂലക്ക് പോയി ഇരുന്നാലും ഇടവേള കഴിഞ്ഞാല്‍ ഇങ്ങ് വന്നേക്കണം. പെട്ടെന്ന് വരാം.

പി.കെ. ശശി പാര്‍ട്ടിയില്‍ മടങ്ങിയെത്തുമെന്ന് എല്ലാവര്‍ക്കുമറിയാം. ശശിയുടെ സസ്പന്‍ഷനില്‍ ശശിക്കില്ലാത്ത സങ്കടമാണ് സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷയ്ക്ക്. നീണ്ടകാലം പാര്‍ട്ടിക്കുവേണ്ടി മരിച്ചുപണിയെടുത്ത ഒരാളെ ഇത്തരം ചെറിയ. അതെ ചെറിയ കാരണത്താല്‍ ഇങ്ങനെ പീ​ഢിപ്പിക്കുന്നത് എന്ത് കഷ്ടമാണ്. ശശി ആജീവനാന്തം പുറത്തായിരിക്കുമെന്ന് ആരും കരുതണ്ട. അകത്താക്കാന്‍ സംസ്ഥാന വനിത കമ്മിഷന്‍ തന്നെ മുന്‍കയ്യെടുക്കുമായിരിക്കും.

കേരളത്തില്‍ സ്ത്രീപീഢനവാര്‍ത്തകള്‍ കൂടിവന്നാല്‍ പാവം വനിത കമ്മിഷന്‍ എന്തുചെയ്യാനാണ്. നിങ്ങള്‍ കേരളത്തിന് പുറത്തുനോക്കൂ. ഇല്ലെങ്കില്‍ ഇംഗ്ലീഷ് പത്രം നോക്കിയാലും മതി.

സ്ത്രീക്ക്, പ്രത്യേകിച്ച് ഇരയ്ക്ക് ആവശ്യമായ പരിഗണനയോ സഹായമോ നല്‍കിയില്ലെങ്കിലും ഒരു കാര്യം വനിത കമ്മിഷന് ഉറപ്പുണ്ട്. സ്ത്രീ ആരുടെയും സ്വത്തല്ല. അവളില്‍ ആര്‍ക്കും അവകാശമില്ല. വളരെ ശരിയാണ്. അതുകൊണ്ടാണ് വനിത കമ്മിഷനും ഇടപെടാത്തത്.

MORE IN THIRUVA ETHIRVA
SHOW MORE