സസ്പെന്‍ഷന്‍ ഒരു സസ്പെന്‍സ്; നടന്നു ക്ഷീണിച്ച ശശിക്ക് ഇനി ആറുമാസം വിശ്രമം

pk-sasi-thiruva
SHARE

യോഗചെയ്താല്‍ എല്ലാവരും യോഗിയാകും എന്നുവിശ്വസിച്ച് യോഗ ചെയ്യാന്‍ പോയപ്പോള്‍ യോഗിയാകുന്നതിനുപകരം രോഗിയായി മാറിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടം കൈക്ക് പിന്തുണ പഖ്യാപിച്ചുകൊണ്ട് തുടങ്ങുകയാണ്. കൈപ്പത്തിക്ക് പരിക്കില്ല എന്നത് ആശ്വാസം

വര്‍ഗീയത തടയാന്‍ പാര്‍ട്ടിക്കും നാടിനും വേണ്ടി നാലുദിവസം കാല്‍നടയായി സഞ്ചരിച്ച് ക്ഷീണിച്ച പികെ ശശിക്ക് പാര്‍ട്ടി ആറുമാസം വിശ്രമം അനുവദിച്ചു. ശരീരത്തിന് പ്രത്യേകിച്ച് നാവിന് നല്ല വിശ്രമം ആവശ്യമുള്ളതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമിക കാര്യങ്ങളില്‍പോലും ഇടപെട്ട് ശരീരം വിയര്‍ക്കരുതെന്ന നല്ല ഉദ്ദേശമുള്ളതുകൊണ്ട് സിപിഎം പ്രാഥമിക അംഗത്വഭാരവും ഇറക്കി വയ്ക്കാന്‍ അനുമതിയുണ്ട്. ശശിക്കെതിരെ ഒരു ലൈംഗികാതിക്രമ പരാതി ഉണ്ടായിരുന്നെങ്കിലും മൂന്നര മാസം അതന്വേഷിച്ച ബാലന്‍ പൊലീസിനും ശ്രീമതി സിഐഡിക്കും അതിക്രമത്തിന്‍റെ തെളിവുകള്‍ കിട്ടിയില്ല. ശശിയുടെ സംസാരം ശരിയല്ല എന്നാണ് കണ്ടെത്തല്‍. സംസാരം നിന്‍റെ സംസ്കാരത്തെ കാണിക്കുന്നു എന്ന് പണ്ടാരാണ്ട് പറഞ്ഞിട്ടുണ്ടെങ്കിലും അത് പാര്‍ട്ടി താത്വിക ആചാര്യന്മാരല്ല എന്ന് വിവക്ഷിച്ചുകൊണ്ട് ആ വിഷയത്തില്‍ ഇനി സംസാരമില്ല എന്ന് സിപിഎം പ്രഖ്യാപിച്ചു. ജാഥ നല്ല നടപ്പാണെന്നും അതുകഴിഞ്ഞാല്‍ സമ്മാനമുണ്ടെന്നും പാര്‍ട്ടി ശശിയോട് പറഞ്ഞിരുന്നു. നിയമസഭ അടുത്ത ദിവസം തുടങ്ങും എന്നതിനാല്‍ ജലീല്‍ വിഷയം ശബരിമല വിഷയം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങള്‍ ഉള്ളതിനാല്‍ ശശിക്കുവേണ്ടിക്കൂടി പ്രതിപക്ഷത്തെ ബുദ്ധിമുട്ടുക്കണ്ട എന്ന നല്ല ഉദ്യേശത്തില്‍കൂടിയാണ് ഈ തീരുമാനം.

മൂന്നരമാസം കുലംകഷമായി അന്വേഷിച്ച ശേഷമാണ് സിപിഎം ഈ നടപടിയിലേക്ക് കടന്നത്. ലോകത്ത് ഇത്തരത്തില്‍ നടപടിയെടുക്കുന്ന ഏക പാര്‍ട്ടി ഇതാണെന്ന് ഒരു തള്ളും അവര്‍ നടത്തുന്നുണ്ട്. പണ്ട് സോളര്‍ വിഷയത്തില്‍ സരിതയുടെ പേരുപറഞ്ഞ് സെക്രട്ടറിയേറ്റ് വളഞ്ഞ ടീംസാണ്. അന്ന് കെപിസിസി സമിതി വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ദിരാഭവനാണു വളയേണ്ടിയിരുന്നത് എന്ന് സിപിഎമ്മില്‍ ഇപ്പോള്‍ ചിലര്‍ക്ക് അഭിപ്രായമുണ്ടത്രേ. പിന്നെ പൊലീസിനെ ഈ കേസ് അന്വേഷിപ്പിക്കാന്‍ ഏല്‍പ്പിക്കാത്തതിന് മറ്റൊരു കാരണവുമുണ്ട്. സുപ്രീം കോടതി വിധിക്കു പിന്നാലെ ശബരിമലയിലും നാട്ടിലും വലിയ കലാപം നടക്കുകയാണല്ലോ. അതിന്‍റെ തിരക്കിനിടയില്‍ ശശിയുടെ പുറകെ നടക്കാന്‍ പൊലീസിന് സമയം കിട്ടിയേക്കില്ലെന്നും പാര്‍ട്ടി കണക്കു കൂട്ടി. അതിനാല്‍ സ്വയം അന്വേഷിച്ചു. ശിക്ഷ വിധിച്ചു. കോടതിയില്‍ മിനിമം ഒരുവര്‍ഷം കിടക്കേണ്ട കേസാണ് പാര്‍ട്ടി അതിവേഗം തീര്‍പ്പാക്കിയിരിക്കുന്നത് എന്നും ഓര്‍ക്കണം.

പാര്‍ട്ടിക്ക് അംഗീകരിക്കാനാകാത്ത പ്രയോഗം. ഇപ്പോളല്ലേ മൂന്നരമാസം ബാലന്‍ ശ്രീമതി കമ്മീഷന്‍ എന്താണ് അന്വേഷിച്ചത് എന്ന് മനസിലായത്. ശശി സഖാവായ പെണ്‍കുട്ടിയോട് പറഞ്ഞത് മുഴുവന്‍ കമ്ീഷന്‍ പഠിച്ചു. പിന്നീട് പാര്‍ട്ടി ഡിക്ഷ്നറി എകെജി വായനശാലയില്‍ നിന്ന് വരുത്തി. ശേഷം അതില്‍ കുലംഗര്‍ഷമായ പരിശോധന. അപ്പോളാണ് മനസിലായത് ശശി പറഞ്ഞതില്‍ പല വാക്കുകളും ആ നിഘണ്ടുവിവില്ല. പാര്‍ട്ടിക്ക് അപ്പോള്‍ ശശി പറ‍ഞ്ഞ പല പ്രയോഗങ്ങളും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പരാതിക്കാരി പറഞ്ഞതിലും വലിയ തെറ്റാണ് ശശി ചെയ്തിരിക്കുന്നത്. അതും പാര്‍ട്ടിയോട്. അച്ചടക്കത്തിന്‍റെ ഘഡ്കമേ നിന്‍റെ വിശദാകരണക്കുറുപ്പിന് ആയിരം പ്രണാമം. അതൊക്കെ പോട്ടെ ഇതുമാത്രമാണോ നിങ്ങളുടെ കണ്ടുപിടുത്തം.

പികെ ശശിയുടെ നാക്ക് ശരിയല്ല. സമ്മതിക്കുന്നു. അപ്പോ ഭാഷ പഠിക്കാനാണോ ഈ ആറുമാസം വിശ്രമം. പാര്‍ട്ടി ക്ലാസുകളില്‍ ശശിക്കുള്ള പഠന സംവിധാനം ഒരുക്കി നല്‍കുമോ. അല്ല. സംശയം കൊണ്ട് ചോദിച്ചതാ ശ്രീമതി ടീച്ചറേ. അതെയതെ മനസില്‍ തെല്ലും കള്ളമില്ല. ഈ പാര്‍ട്ടിയെക്കുറിച്ച് കേരള പൊലീസിനുപോലും ഇപ്പോള്‍ ഒരു ചുക്കും അറിയില്ല.

കേരള രാഷ്ട്രീയത്തില്‍ പിണറായി വിജയന് മാത്രമാണ് രണ്ടു ചങ്കുള്ളതെന്നാണ് പൊതുവെയുള്ള വിശ്വാസം. ചെറിയ രണ്ട് ചങ്ക് തനിക്കുമുണ്ടെന്ന് എം സ്വരാജ് പറയുന്നുണ്ടെങ്കിലും വൈദ്യശാസ്ത്രം അത് സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോ പുറത്തുവരുന്ന വിവരം മറ്റൊരാള്‍ക്കുകൂടി ഈ ഇരട്ട ചങ്ക് രോഗമുണ്ടെന്നാണ്. മറ്റാരുമല്ല സാക്ഷാല്‍ ചെറിയാന്‍ ഫിലിപ്പാണ് ആ താരം. ആ ചങ്ക് പരിശോധിച്ച ഡോക്ടര്‍മാര്‍ അതില്‍ കുടിയിരിക്കുന്ന രണ്ട് രൂപങ്ങള്‍ കണ്ട്   ശരിക്കും ഞെട്ടി. വലതുവശത്ത് ആദര്‍ശത്തിന്‍റെ ആള്‍രൂപം എകെ ആന്‍റണി. ഇടതുവശത്ത് പിണറായിക്കാരന്‍ വിജയന്‍. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു പ്രതിഭാസമെന്ന് തലപുകക്കുന്നതിനടെയാണ് ഡോക്ടര്‍മാര്‍ ചെറിയാച്ചന്‍റെ ഫേസ്ബുക്ക് പേജ് കണ്ടത്. അതില്‍ പുള്ളി ഇങ്ങനെ കുറിച്ചിരിക്കുന്നു. രാഷ്ട്രീയ ഗുരുവായ എകെ ആന്‍റണിക്ക് വലം നെഞ്ചിലും രക്ഷകര്‍ക്കാവായ പിണറായി വിജയന് ഇടം നെഞ്ചിലുമാണ് സ്ഥാനം. പാവം ഡോക്ടര്‍മാരുടെ കണ്ണു നിറഞ്ഞുപോയി. ആന്‍റണിയുടെയും. അല്‍പ്പം ആശ്വാസം കിട്ടാന്‍ എകെ ചെറിയാനെ പൊക്കി ഒരു ഒന്നരമണിക്കൂര്‍ കാച്ചുകാച്ചി.

ആന്‍രണിയുടെ അധിക പ്രസംഗം കേട്ട് പലര്‍ക്കും ഉറക്കം വന്നു എന്നറിയാം. അത് നമ്മുടെ കുറ്റമല്ല. വെറുതെ പറയുന്നതല്ല. കോഴിക്കോട്ടെ യുവ കോണ്‍ഗ്രസ് നേതാവും കെപിസിസി സെക്രട്ടറിയുമായ പ്രവീണ്‍ വരെ സാക്ഷിയാണ്. എകെ നല്ല ഒരു ഉറക്ക ഗുളികയാണത്രേ. കുറെ ദിവസമായി ഉറക്കം വരാതെയിരുന്ന പ്രവീണ്‍ ആന്‍രണി വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ പിന്നില്‍ പോയി ഇരുന്നു. ഇരുന്നതു മാത്രമേ ഓര്‍മയുള്ളൂ

അങ്ങനെ സ്വന്തക്കാരുടെ കൂക്കിവിളിക്കുശേഷം പാവം മന്ത്രി മാത്യു ടി തോമസ് പിണറായി മന്ത്രിസഭയില്‍നിന്ന് ഉപചാരം ചൊല്ലി പ്പിരിഞ്ഞ് വെറും മാത്യു ടി തോമസായി. വിഎസ് സര്‍ക്കാരിനല്‍ ഗതാഗത മന്ത്രിയായിരുന്നു തിരുവല്ലാക്കാരന്‍ മാത്യു ടി തോമസ്. അന്ന് മന്ത്രി സ്ഥാനത്ത് കാലം തികക്കാന്‍ പറ്റാതെ രാജിവച്ചിറങ്ങിയപ്പോള്‍ തോമാച്ചന്‍ പറഞ്ഞത് അടുത്ത കെഎസ്ആര്‍ടിസിക്ക് താന്‍ തിരുവല്ലക്ക് കയറുകയാണ് എന്നാണ്. ഇക്കുറി ജലവിഭവമായിരുന്നു ഐറ്റം. പതിവുപോലം പാര്‍ട്ടി രാജി വയ്പ്പിച്ചു. വെള്ളത്തിലൂടെയാണോ നാട്ടിലേക്ക് പോയതെന്ന് ഉറപ്പില്ല. നല്ല കര്‍ഷകനായ ക കൃഷ്ണന്‍കുട്ടി വിതച്ച വിത്ത് മാത്യു ടി തോമസിന്‍റെ വെള്ളത്തില്‍ ചീഞ്ഞില്ല എന്നു മാത്രം മനസിലായി. സ്കൂള്‍ ബാഗുകളുടെ ഭാരം കേന്ദ്രസര്‍ക്കാര്‍ നിജപ്പെടുത്തിയ സ്ഥിതിക്ക് കൂടുതല്‍ ഭാരം ചുമക്കാന്‍ നില്‍ക്കുന്നില്ല.

MORE IN THIRUVA ETHIRVA
SHOW MORE