ഫിറോസിന് വച്ചടി വച്ചടി കയറ്റം

firoz23
SHARE

മന്ത്രി കെ ടി ജലീലിന് വകുപ്പുകളുടെ അധികഭാരം ഉണ്ടെന്ന് തിരിച്ചറിഞ്ഞ മുഖ്യമന്ത്രി ചില ഭാരിച്ച ഉത്തരവാദിത്തങ്ങളില്‍ നിന്ന് കക്ഷിയെ ഒഴിവാക്കിയിരുന്നു. അപ്പോ ശത്രുക്കള്‍ പ്രചരിപ്പിച്ചത് ജലീലിനെ മുഖ്യന്‍ തരം താഴ്ത്തി എന്നായിരുന്നു. എന്നാല്‍ തന്‍റെ ബന്ധുക്കളില്‍ ചിലര്‍ക്കൊക്കെ വലിയ കഷ്ടപ്പാടുകളുണ്ടെന്നും അവരെ വേണ്ടവിധം ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ലെന്നുമുള്ള ജലീലിന്‍റെ നിരന്തര പരാതിയെത്തുടര്‍ന്നാണത്രേ മുഖ്യന്‍ വകുപ്പുകളില്‍ ഇളവ് അനുവദിച്ചത്. ബന്ധുക്കള്‍ക്ക് ഉപകാരം ചെയ്യണമെന്ന വിശുദ്ധ വാചകങ്ങള്‍ കേട്ട് വളന്നവനാണ് ജലീല്‍. പണ്ട് ലീഗിലായിരുന്നപ്പോള്‍ കൂടെയുള്ളവര്‍ക്ക് ഉപകാരം ചെയ്തില്ലെന്നുമാത്രമല്ല സമയം കിട്ടിയപ്പോ സാഹിബിന്‍റെ തലക്കിട്ടുതന്നെ ചാമ്പിയിട്ട് മറുകണ്ടം ചാടുകയും ചെയ്തു. പഴയ യൂത്ത് ലീഗുകാരന് പുതിയ യൂത്തിന്‍റെ തന്ത്രങ്ങള്‍ മനസിലാക്കാന്‍ കഴിയാത്ത മന്ത്രി ഇപ്പോള്‍ പതിനെട്ടാമത്തെ അടവ് എടുക്കുകയാണ്. മറ്റൊന്നുമല്ല. വിവാദത്തെക്കുറിച്ചു തനിക്ക് ഓര്‍മയില്ലെന്ന് നടിക്കുക. പിന്നെ ഒരു ബന്ധവുമില്ലാത്ത മറ്റെന്തെങ്കിലും പറയുക.

വച്ചടി വച്ചടി കയറ്റം എന്ന ലൈനിലാണ് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയുടെ മുന്നേറ്റം. പുലിക്കുട്ടി എന്ന പ്രയോഗം മുസ്ലീം ലീഗിന്‍റെ കുത്തകയാണ്. നിലവില്‍ ആ കുട്ടി കുഞ്ഞാലിക്കുട്ടിയല്ല മറിച്ച് മറ്റൊരു പികെ യാണ്. പികെ ഫിറോസ്. ബന്ധുവായ അദിബിന് സര്‍ക്കാര്‍ ശമ്പളം കിട്ടുന്ന തൊഴില്‍ ജലീല്‍ വാങ്ങി നല്‍കിയതില്‍ ഫിറോസിന് പരാതിയില്ല. പക്ഷേ മൊത്തം ഉടായിപ്പായിരുന്നു എന്നതിനാല്‍ ആക്ഷേപം. മുഖ്യമന്ത്രി നടപടിയെടുക്കുമെന്ന യൂത്ത് ലീഗിന്‍റെ പ്രതീക്ഷ നടപ്പാകാത്തതിനാല്‍ ഒടുവില്‍ ബ്രഹ്മാസ്ത്രം തന്നെ തൊടുക്കുകയാണ്. ജലീല്‍ ഉണ്ടാക്കിയ ക്രമവിരുദ്ധ ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒപ്പ് ഫിറോസ് കണ്ടെത്തി. ഇനിയിപ്പോ പന്ത് മുഖ്യന്‍റെ കോര്‍ട്ടിലാണെന്ന് യുഡിഎഫ് പറയുകയും ചെയ്യുന്നു. പല്ലുവേദന ദേഷ്യം എന്നീ ന്പ്റുകളിറക്കി എത്രനാള്‍ മുഖ്യന്‍ പിടിച്ചുനില്‍ക്കും എന്നാണ് ഇനി അറിയേണ്ടത്

പിണറായിയെ ഫിറോസ് പറഞ്ഞുപറ്റിച്ചിട്ടും എന്തുകൊണ്ടാണ് കര്‍ക്കശക്കാരനായ മുഖ്യന്‍ അച്ചടക്കത്തിന്‍റെ ഊരിപ്പിടിച്ച വാള്‍ പുറത്തെടുക്കാത്തത്. അതോര്‍ത്ത് ആരും കാടുകയറണ്ട. കെടി ജലീല്‍ പിണറായി നേരിട്ട് നടത്തിയ റിക്രൂട്ട്മെന്‍റാണ്. ആ ജലീല്‍ ഇപ്പോ മറ്റു ചില റിക്രൂട്ട്മെന്‍റുകള്‍ കുടുംബത്തുനിന്ന് നടത്തുന്നു. അങ്ങനെയേ പിണറായി കാണുന്നുള്ളു. പുട്ടിന് പൂരപോലെ മുഖ്യനെ സുഖിപ്പിക്കാന്‍ ജലീലും സമയവും സാഹചര്യവും കണ്ടെത്തുന്നുമുണ്ട്. 

തൊണ്ടുമുതലും ദൃക്സാക്ഷിയും എന്ന് കേട്ടിട്ടുണ്ട്. ഫിറോസ് പക്ഷേ ദിവസവും ജലീലിനെതിരെ തൊണ്ടികള്‍ കൊണ്ടുവരുകയാണ് എന്നതാണ് സത്യം. വലിയ ഭാരിച്ച പണിയൊന്നുമില്ലാതെ വടക്ക് തെക്കുനടന്നിരുന്ന ഫിറോസിന് നല്ലൊരു പണിതന്നെ ജലീല്‍ വാങ്ങി നല്‍കി എന്നു പറഞ്ഞാലും തെറ്റില്ല. ദിവസവും മന്ത്രിക്കെതിരായ തെളിവുകള്‍ ശേഖരിക്കുന്ന ജോലി. ഫിറോസിന്‍റെ ഭാഗ്യത്തിന് വലിയ വിയര്‍പ്പൊഴുക്കാതെ തെളിവുകള്‍ കിട്ടുന്നുണ്ട്. 

ഇനിയാണ് വലിയൊരു അപകടം വഴിമാറിയതിന്‍റെ വെളിപ്പെടുത്തല്‍ ഫിറോസ് നടത്താന്‍ പോകുന്നത്. ശ്രദ്ധിച്ചു കേട്ടോണം. വേറെ എന്തോ വരാനിരുന്നതാ എന്നേ പറയാനുള്ളൂ

ഭാഗ്യം എന്നേ പറയാനുള്ളൂ. വാര്‍ത്താ സമ്മേളനം സ്വയം നടത്തിയ ഈ തീരുമാനം വളരെ ശരിയായതായിരുന്നു. അല്ലെങ്കില്‍ ഗ്യാസുപോയ ഗ്യാസുമുട്ടായുടെ അവസ്ഥയായേനേ ആരോപണത്തിന്. ഇനി അടുത്ത വിഷയത്തിലേക്ക് കടക്കുകയാണ്. അതിനുമുമ്പ് നിയമപരമായ മുന്നറിയിപ്പുണ്ട്. ചൂട് ഒരല്‍പ്പം കൂടുതലുള്ള ആളുകളാണ് ഇനി അവതരിക്കാന്‍ പോകുന്നത്. അതിനാല്‍ സ്ക്രീനിന്‍റെ അടുത്തുനിന്ന് അല്‍പ്പം മാറിയിരിക്കുന്നത് നന്നായിരിക്കും. ഇടതുപക്ഷത്തെ യുവാക്കള്‍ക്ക് എത്രായം വയസിലാണ് യുവത്വം നഷ്ടമാവുക. പരമപ്രധാനമായ ഈ ചോദ്യം ഉന്നയിച്ചാണ് ‍ഡിവൈഎഫ്ഐയുടെ പതിനാലാം സംസ്ഥാന സമ്മേളനം കോഴിക്കോട് സമാപിച്ചത്. ജൂനിയര്‍ ഇരട്ടചങ്കന്‍ എം സ്വരാജന്‍റെ  പ്രസ്ഥാവന പ്രകാരം നാല്‍പ്പതുവയസുവരെയാണ് അവരുടെ യുവത്വം. താന്‍ സംഘടനയുടെ തലപ്പത്തുവന്നശേഷം ഡിവൈഎഫ്ഐക്കുണ്ടായ ‍ഞെട്ടിക്കുന്ന വളര്‍ച്ചയില്‍ സ്വരാജും ഞെട്ടല്‍ രേഖപ്പെടുത്തി

യുവജനസംഘടന അതിന്‍റെ സമ്മേളനം ചേരുന്നു. അതേ സംഘടനയിലെ പ്രതിനിധി സിപിഎം എംഎല്‍എക്കെതിരെ നല്‍കിയ സ്വഭാവസര്‍ട്ടിഫിക്കറ്റ് സ്വോഭാവികമായും സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്ന് അരിയാഹാരം കഴിക്കുന്ന നാട്ടുകാര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരും വിശ്വസിച്ചു. പക്ഷേ സംഘടനയിലെ ഒരംഗത്തിന് ഒരാപത്തുവന്നാലും പാര്‍ട്ടി നയരേഖയില്‍ നിന്ന് അണുവിട അങ്ങോട്ടോ ഇങ്ങോട്ടോ് ചലിക്കാതെ നില്‍ക്കണമെന്ന് വാര്‍ത്ത തേടിയിറങ്ങുന്നവര്‍ക്കറിയില്ലല്ലോ. വിഷമിക്കണ്ട. എല്ലാവരെയും അതൊക്കെ പഠിപ്പിക്കാന്‍ സ്ഥാനം ഒഴിയുന്ന സംസ്ഥാന സെക്രട്ടറി നേരിട്ടെത്തിയിട്ടുണ്ട്. 

പ്രവാചകനല്ല. പക്ഷേ നല്ല വാചകക്കാരനാണ്. ഭവനാസമ്പന്നനാണെന്ന് പണ്ട് സാക്ഷാല്‍ വിഎസ് അച്യുതാനന്ദന്‍ വരെ തിരിച്ചറിഞ്ഞതുമാണ്. പിന്നെ എനിക്കുശേഷം പ്രളയം എന്ന ലൈന്‍ കൂടപ്പിറപ്പായുള്ളതുകൊണ്ട് ഒട്ടും മുഷിയില്ല

ഇടത് യുവാക്കള്‍ പരസ്പരം സുഖിപ്പിക്കില്ല. അതും സംഘടാ തത്വത്തിലുള്ളതാണ്. പക്ഷേ സെക്രട്ടറി വാര്‍ത്താ സമ്മേളനം നടത്തുമ്പോള്‍ ഒരു ഗുണ്ട കണക്കെ പ്രസിഡന്‍റും കൂടെക്കാണും. നാക്കിന് പണ്ടേ ആവേശമുള്ള ഷംസീര്‍ സ്വരാജ് ഇങ്ങനെയൊക്കെ പറയുമ്പോള്‍ മിണ്ടാതിരുന്നാലേ അല്‍ഭുതമുള്ളൂ. പിന്നെ ഒരു കാര്യത്തിനലാണ് ആശ്വാസം. ഇവര്‍ പരസ്പരം സുഖിപ്പിക്കുകയേയില്ല

ക്രിമിനല്‍ വക്കീലാണെന്ന് വീണ്ടും തെളിയിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള തന്‍റെ രഥയാത്രം പൂര്‍ത്തിയാക്കി. യാത്ര അവസാനിക്കുമ്പോള്‍ കോട്ടില്‍ അല്‍പ്പം ചെളി പുരണ്ടു എന്നത് സത്യമാണ്. പക്ഷേ വക്കീലന്മാര്‍ക്ക് എന്തും പറയാം. നിയമം പൂര്‍ണ്ണമായി അറിയുന്നവനെയും ഒട്ടും അറിയാത്തവനെയും ഭയക്കണം എന്നാണല്ലോ. പക്ഷേ രഥം സമാപന ചടങ്ങ് നടക്കുന്ന പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്നതിന് മുമ്പോ ജനം പലതും തിരിച്ചറിഞ്ഞു

മുഖ്യമനത്രി പറഞ്ഞതും മാറ്റിപ്പറഞ്ഞതും അവിടെ നില്‍ക്കട്ടേ. തിരക്കിനിടക്ക് താന്‍തന്നെ മാറ്റിപ്പറഞ്ഞത് മറന്നു കൂടല്ലോ. തിരക്കിനിടക്കും ആര് ഫോണ്‍ വിളഇച്ചാലും പിള്ള വക്കീല്‍ എടുക്കും. മറുതലക്കല്‍ ആരാണെന്ന് നോക്കുകപോലും ചെയ്യാതെ ഫ്രീയായി നിയമോപദേശം കൊടുക്കുകയും ചെയ്യും. അങ്ങനെ ഒരു ഉപദേശം പക്ഷേ വക്കീലിന് അല്‍പ്പം മാനനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.

ജനങ്ങള്‍ മനസിലാക്കിതുടങ്ങി എന്നതുമാത്രമാണ് ഇപ്പോ ഒരു ആശ്വാസം. മണ്ഡലകാലം മനസില്‍കണ്ട് വിത്തിറക്കിയ താമരക്ക് വേരുവച്ചോ എന്നറിയാന്‍ ഇടക്കിടക്ക് പിഴുതു നോക്കുന്നത് നന്നാകും. 

രഥയാത്ര വലിയ വിജയമാണെന്ന് വക്കീല്‍ പ്രസംഗിക്കുന്നതാണ് ഇതുവരെ കണ്ടത്. തിങ്ങിനിറഞ്ഞ വലിയൊരു ജനാവലിയാണ് നമ്മുടെ മനസില്‍. ആ ദൃശ്യങ്ങളെ ഇല്ലാതാക്കാന്‍ ചില കൂട്ടര്‍ ശ്രമിച്ചു. അവര്‍ വാട്സ് ആപ്പിലൂടെ ദാ ഇങ്ങനൊരു തലതിരിഞ്ഞ വീഡിയോ പ്രചരിപ്പിച്ചു. തെളിവുകളാണല്ലോ അല്ലെങ്കിലും വക്കീലന്മാര്‍ക്കിഷ്ടം. യാത്രയുടെ വിജയത്തെ സൂചിപ്പിക്കാന്‍ ഇതിലും നല്ലൊരു തെളിവില്ല.

അപ്പോ മണ്ഡലകാലം ഓര്‍ത്തിരിക്കുന്ന എല്ലാവര്‍ക്കും  തൃപ്തിയായെന്നു വിശ്വസിച്ചുകൊണ്ട് ഇന്നത്തെ പറച്ചില്‍ അവസാനിപ്പിക്കുകയാണ്.

MORE IN THIRUVA ETHIRVA
SHOW MORE