ആർഎസ്എസിനോട് ജയിച്ചിട്ടുമതി എൻഎസ്എസിനോട് സർക്കാരിന്റെ കളി !

thiruva-ethirva12
SHARE

സിപിഎം എന്ന പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല. പിണറായി വിജയന്‍ ഇത് പറഞ്ഞില്ലായിരുന്നെങ്കില്‍ സത്യമായും നിരവധി തവണ നമ്മള്‍തന്നെ ഇത് പറഞ്ഞേനേ. പണ്ട് പാര്‍ട്ടി സമ്മേളനകാലത്ത് യോശുവിന്‍റെ ചിത്രം വച്ചശേഷം ചുവപ്പ് ളോഹ ഇട്ട പള്ളീലച്ചന്മാരെ തിരഞ്ഞുപിടിച്ച് സമ്മേളന വേദിയില്‍ കൊണ്ടുവന്ന ടീംസാണ്. വര്‍ഗീയ കാര്‍ഡിറക്കാത്ത വിപ്ലവം മാത്രം പയറ്റുന്ന കക്ഷികളാണ് പാര്‍ട്ടി നേതാക്കളെന്ന് അവര്‍ പറഞ്ഞാലും അരിയാഹാരം കഴിക്കുന്ന അണികള്‍ അത് വിശ്വസിക്കില്ല. ഇക്കുറിയും കളി അത്തരത്തിലാണ്. വിഷയം ശബരിമല. സംഗതി ആദ്യമേ കൈയ്യീന്ന് പോയി. ഭക്തി സംബന്ധിച്ച വിഷയമായതിനാല്‍ അക്കാര്യത്തില്‍ സിപിഎം നേതാക്കള്‍ എത്ര ഒച്ചവച്ചാലും വിശ്വാസികള്‍ ചെവികൊടുക്കില്ല. അപ്പോള്‍ അതിന് പറ്റിയ ആളെയിറക്കണം. അപ്പോളാണ് സ്വാമി സന്ദീപാനന്ദഗിരിയെ ഓര്‍ത്തത്. ബാക്കി എല്ലാം ചിന്തനീയം. സ്വാമി നല്ല രീതിയില്‍ സര്‍ക്കാരിനുവേണ്ടി പണിയെടുക്കുന്നുണ്ട് എന്നതാണ് ആശ്വാസം. 

വാരിക്കുഴിയിലെ കൊലപാതകം എന്ന സൃഷ്ടിക്കുശേഷം പുറത്തുവന്ന ഏറ്റവും നല്ല ക്രൈം ത്രില്ലറാണ് ആശ്രമത്തിലെ മറ്റേ ശ്രമം. തീ അണയുന്നതിനുമുമ്പ് സ്ഥലത്തെത്തിയ പിണറായി എന്ന ആഭ്യന്തരമന്ത്രി സംസ്ഥാനത്തെ ക്രമസമാധാനത്തെപ്പറ്റി വിജിലന്‍റല്ല എന്ന് ആര് പറഞ്ഞാലും നമ്മള്‍ സമ്മതിക്കില്ല. സ്വാമിയുടെ ഭാഗ്യം. യുക്തിവാദികള്‍ വരെയാണ് ആശ്രമത്തിനുനേരെയുണ്ടായ ആക്രമത്തില്‍ അപലപിച്ച് തെരുവിലിറങ്ങിയത്. 

ഇനിയാണ് തുറുപ്പുചീട്ട്. എന്നുവച്ചാല്‍ സ്വാമിയുടെ അവതാരത്തിന്‍റെ ലക്ഷ്യം. ശബരിമലയിലെ തിരുവാഭരണത്തില്‍ പല ഐറ്റംസും കാണാനില്ല എന്ന് ദേവപ്രശ്നം ഉണ്ടായിരുന്നു. ആ കാണാതായവയുടെ തുമ്പാണ് ഇനി കച്ചിത്തുരുമ്പ്. ശബരിമലയോടുള്ള സ്നേഹമാണ് ഇതിനുപിന്നിലെന്നും അല്ലാതെ തന്ത്രിമാരെയും പന്തളം കൊട്ടാരത്തെയും നിശബ്ദമാക്കാനുള്ള കളിയല്ലെന്നും എല്ലാവര്‍ക്കും നന്നായി അറിയാവുന്നത് ഭാഗ്യം

അല്ല സ്വാമി. ആശ്രമത്തിനുനേരെ ആക്രമണം നടത്തിയത് സംഘപരിവാരങ്ങളാണെന്ന് കേടായ സിസിടിവിയുടെ ഉടമ എങ്ങനെ തിരിച്ചറിഞ്ഞു. എന്നുവച്ചാല്‍ പൊലീസ് എന്ന ലബോറട്ടറി ഒരു നിമിത്തം മാത്രം. അങ്ങ് തീപ്പെട്ടിയുരച്ചവരെ മനസില്‍ കണ്ടെത്തിക്കഴിഞ്ഞു. ആ ഉപബോധ മനസ് കിടിലം തന്നെ. സംസ്ഥാന ആഭ്യന്തരവകുപ്പിന് ഭാവിയില്‍ പല കുറ്റ കൃത്യങ്ങളും തെളിയിക്കാന്‍ ഈ ജീവനുള്ള യന്ത്രം ഉപയോഗിക്കാവുന്നതാണ്. പക്ഷേ കത്തിച്ചവരെ കണ്ടെത്തിയതിനുപിന്നാലെ ഒരു മിടൂ വരുമെന്ന് ആ മനസ് തിരിച്ചറിഞ്ഞിരുന്നോ ആവോ

ആരോപണങ്ങള്‍ വരുമ്പോള്‍ സ്വാമിശരണം. അതുകൊള്ളാം. എന്നാപിന്നെ ആശ്രമത്തിനുനേരെ ആക്രമണം നടന്നപ്പോളും സ്വാമിശരണം എന്നു പറഞ്ഞാല്‍ പോരാരുന്നോ

അത് കലക്കി. സ്വന്തം താടിക്ക് തീ പിടിച്ചപ്പോ സ്വാമി ശരണമില്ല പകരം കാക്കി ശരണം. 

ഏ ആശ്രമമോ അതോ റിസോര്‍ട്ടോ. അങ്ങനെയാണ് ബിജെപി ആരോപണം. ശരിക്കും എന്തൊക്കെയാ അവിടെ നടക്കുന്നത്. വിശദീകരിക്കുമ്പോ വെറുതെ കുറച്ച് തത്വങ്ങളും കാച്ചിക്കോ. കേള്‍ക്കാന്‍ ഒരു മൂഡ് വരട്ടേ

കൂടെക്കിടന്നവനേ രാപ്പനി അറയൂ എന്നൊരു ചൊല്ലുണ്ട്. അതുകൊണ്ടാണ് മന്ത്രി കെടി ജലീലിനെതിരെ ബന്ധുനിയമന ആരോപണം വന്നപ്പോള്‍ ആരും അധികം തര്‍ക്കങ്ങള്‍ ഉന്നയിക്കാത്തത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ചട്ടങ്ങള്‍ ലംഘിച്ച ജലീല്‍ ബന്ധുവിനെ മാനേജരായി നിയമിച്ചു എന്ന് ആരോപിച്ചിരിക്കുന്നത് യൂത്ത് ലീഗാണ്. പണ്ട് ഒന്നിച്ചു പത്തിരിയും കോഴിയിറച്ചിയും കഴിച്ചിരുന്ന ജലീല്‍ ഒരു ദിവസം കുഞ്ഞാപ്പയുടെ നെഞ്ചില്‍ ചവിട്ടി ചെങ്കൊടി ഉയര്‍ത്തിയത് വല്യ ലീഗും കുട്ടി ലീഗും മറന്നിട്ടില്ല. അന്നു മുതല്‍ ഓങ്ങിവച്ചിരുന്നതാണ്. ഇപ്പോ തക്കത്തിന് ഒത്തു കിട്ടിയപ്പോ അങ്ങ് പൊട്ടിച്ചു. തദ്ദേശഭരണത്തില്‍ തട്ടുകേടുണ്ടായതിനെത്തുടര്‍ന്ന് വകുപ്പ് ചെറുങ്ങനെ ഒന്ന് മിസ്സായതിന്‍റെ വിഷമത്തില്‍ നില്‍ക്കുമ്പോഴാണ് ബാക്കിയുള്ള വകുപ്പൂടെ കളയാനുള്ള വകുപ്പ് യൂത്ത് ലീഗ് പൊക്കിക്കോണ്ടുവന്നിരിക്കുന്നത്.

കല്ലും മുള്ളും താണ്ടി നടന്നാണ് കടുത്ത ഭക്തര്‍ ശബരിമലക്കു പോവുക. അതുകൊണ്ടുതന്നെ അയ്യപ്പ വിശ്വാസികളുടെ പേരില്‍ നടത്തുന്ന പ്രക്ഷോഭത്തിലും ഒരു കാല്‍നട ജാധയാണ് പ്രതീക്ഷിച്ചിത്.   പണ്ട് കാല്‍നട യാത്ര നടത്തിയപ്പോള്‍ പണികിട്ടിയതിനെ തുടര്‍ന്നാണെന്നു തോന്നുന്നു നടക്കേണ്ട പകരം രഥമിറക്കാം എന്ന് പാര്‍ട്ടി തീരുമാനിച്ചത്. രഥമാകുമ്പോള്‍ ഒരു അശ്വമേധ ഫീലും കിട്ടും. രാമക്ഷേത്രമൊക്കെ സജീവമായി നില്‍ക്കുന്ന സമയമായതിനാല്‍ മികച്ച വാഹനം തിരഞ്ഞെടുത്തു എന്നുതന്നെ ബിജെപിക്ക് ആശ്വസിക്കാം. രഥമാകുമ്പോ പെട്രോള്‍ അടിക്കേണ്ട എന്നരു ആശ്വാസവുമുണ്ടല്ലോ. അല്ലെങ്കില്‍ ചിലപ്പോ ബജറ്റില്‍ വലിയൊരു തുക തന്നെ ഇന്ധനം വാങ്ങാന്‍ മാറ്റി വയ്ക്കേണ്ടിവരും.

ശഹരിമലയിലെ ഭരണത്തില്‍ ദേവസ്വം മന്ത്രിയും സര്‍ക്കാരും ഇടപെടേണ്ട എന്നതാണ് പിള്ള വക്കീലിന്‍റെ പുതിയ വാദം. അപ്പോ പിന്നെ റിവ്യൂ ഹര്‍ജി ഇതേ മന്ത്രിയും സര്‍ക്കാരും കൊടുക്കണം എന്നു വാശിപിടിക്കുന്നതിന്‍റെ സയന്‍സ് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അല്ല. ഈ ബിജെപിയെക്കുറിച്ച് അത്തരം ലോജിക്കുകള്‍ ആലോചിക്കാതിരിക്കുന്നതുതന്നെയാണ് നല്ലതും. 

എംഎം ലോറന്‍സിന്‍റെ കൊച്ചുമകനെ സമരപ്പന്തലിലെത്തിച്ച ബിജെപിക്ക് അതിലൂടെ മറ്റൊരാളെക്കൂടി രാമനാപജപ സമരത്തിന് ലഭിച്ചിട്ടുണ്ട് . കുട്ടിയുടെ അമ്മക്ക്, അതായത് ലോറന്‍സിന്‍റെ മകള്‍ക്ക് സിഡ്കോയില്‍ ഉണ്ടായിരുന്ന പണി പോയിക്കിട്ടി. അതുകൊണ്ട് ഇനി മുഴുവന്‍ സമയം വേണമെങ്കില്‍ രാമനാമജപത്തിന് ഇറങ്ങാവുന്നതാണ്.

പണ്ടൊക്കെ ശബരിമലക്ക് പോകാന്‍ മാലയിട്ടോ എന്നാണ് പലരും മണ്ഡലകാലത്ത് ചോദിച്ചിരുന്നത്. ഇപ്പോ നിരോധനാഞ്ജ പ്രഖ്യാപിച്ചോ എന്ന തലത്തിലേക്ക് അതിന് ചെറിയൊരു മാറ്റം വന്നിട്ടുണ്ടെന്ന് ഓര്‍ത്തുകൊണ്ട് കളം വിടുകയാണ്.

MORE IN THIRUVA ETHIRVA
SHOW MORE