ഗോപാലേട്ടന്‍ പിടിച്ച പുലിവാല്

thiruva34
SHARE

ശബരിമല വിഷയത്തിൽ പ്രക്ഷോഭം ശക്തമാക്കാൻ ബിജെപിയും ഹൈന്ദവ സംഘടനകളും തീരുമാനിച്ചു. ശബരിമലയിലെ പ്രക്ഷോഭത്തിന്‍റെ രണ്ടാംഘട്ടത്തിനായി  ശ്രീധരന്‍ പിള്ളയും കൂട്ടരും പോകുന്നത്  സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെഎസ്ആര്‍ടിസി ബസിലല്ല എന്നതാണ് ഇത്തവണത്തെ ഹൈലൈറ്റ്. പകരം പുത്തന്‍ രഥം ബോഡി ചെയ്യാന്‍ കയറ്റിയിട്ടുണ്ട്. അധ്വാനിയും അമിത്ഷായും ടീമുമൊക്കെ രാജ്ത്തിന്‍റെ പല ഭാഗങ്ങളില്‍ ഇങ്ങനെ അശ്വമില്ലാത്ത അശ്വമേധങ്ങള്‍ നടത്തിയിട്ടുണ്ട്. ആ തന്ത്രമാണ് ഇവിടെ കേരളത്തിലും പയറ്റാന്‍ പോകുന്നത്. രഥമുരുട്ടാന്‍ അമിത്ഷാതന്നെ തയ്യാറായേക്കുമെന്നാണ് കരുതിയതെങ്കിലും അത്ര വലിയ റിസ്ക് എടുക്കേണ്ട എന്നാണ് ഷാജിയേട്ടന്‍റെ തീരുമാനം. ഒന്നാമത് നമ്മുടെ വെസ്റ്റ് ഇന്‍ഡീസ് ടീം കേരളത്തില്‍ കളിക്കാന്‍ വന്ന അതേ അവസ്ഥയാണ് പലപ്പോഴും ഈമണ്ണില്‍ അമിത്ഷായുടെ അനുഭവം. ക്രീസി്‍ വല്ലവിധേനെയും എത്തുന്നതിനു മുന്നേ കുറ്റി തെറിക്കും. പണ്ട് കാല്‍നടയാത്രക്കു വന്നപ്പോള്‍ ആദ്യ പണികിട്ടി. ഇക്കുറി പാളയത്തില്‍നിന്ന് പരിഭാഷയുടെ രൂപത്തിലായിരുന്നു പണിവന്നത്. സംഗതി നാക്ക് ചതിച്ചതാണ്. നാക്ക് അല്ലെങ്കിലും വലിയ വെനയാണ്. സംശയമുണ്ടെങ്കില്‍ മ്മുടെ ബി ഗോപാലകൃഷ്ണനോട് ചോദിച്ചാ മതി. ശബരിമല വിഷയത്തില്‍ അണികളെ ഇളക്കാന്‍ കത്തിക്കയറിയ ഗോപാലേട്ടന്‍ അത്യാവശ്യം നല്ലൊരു പുലിവാല്, അല്ല പുലിവാലല്ല, കുഴലിലിട്ടാല്‍ നൂരാത്ത ഒരു വാല് പിടിച്ചു.

പ്രസംഗിക്കാന്‍ കിട്ടിയ മൈക്കിന് ചെറിയ തകരാറുണ്ടായിരുന്നു. നിമിത്തങ്ങളിലൊക്കെ ചിലതുണ്ടെന്ന് എല്ലാ വിശ്വാസികളും കരുതാറുണ്ടല്ലോ. പക്ഷേ ആവേശം കൊണ്ടാകണം ഈ നിമിത്ത സൂചന ഗോപാലകൃഷ്ണന്‍ അത്ര ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഐജി മനോജ് എബ്രഹാമിനെ പൊലീസ് നായ എന്നങ്ങ് വിളിച്ചു. ജനാധിപത്യ രീതിയില്‍ പ്രതികരിച്ചതാണെന്നാണ് ഇപ്പോള്‍ വിശദീകരണം. ഒരാവേശത്തില്‍ ഈ അഭിസംബോധനയൊക്കെ നടത്തി കഴിഞ്ഞ് വീട്ടിലെത്തിയപ്പോളാണ് ആ ഓല കിട്ടിയത്. പൊലീസ് സ്റ്റേഷന്‍ വരെ ഒന്നു വരണം. ചെറിയ ഒരു കേസുകെട്ടുണ്ട്. വരുമ്പോ ഒരു വക്കീലിനെയും കൂട്ടിക്കോ. വക്കീലന്മാര്‍ക്ക് ഇപ്പോ പാര്‍ട്ടിയില്‍ പഞ്ഞമില്ലാത്തതുകൊണ്ട് വക്കാലത്ത് പുറത്തുകൊടുക്കാന്‍ മിനക്കെടേണ്ടല്ലോ.

പൊലീസ് ഉപയോഗിക്കുന്ന മറ്റ് പല വാക്കുകളുമുണ്ട്. അത് ഓര്‍മ വച്ചുകൊണ്ടുവേണം ഇങ്ങനെയൊക്കെ സംസാരിക്കാന്‍. താമസിയാതെ പൊലീസ് അത് മനസിലാക്കിതരും എന്ന് പ്രതീക്ഷിക്കുന്നതും നല്ലതാണ്. തൃശൂര്‍ കേരള വര്‍മ കോളജില്‍ പഠിക്കുമ്പോള്‍ പതിവായി സിനിമാ കാണാന്‍ പോകുന്ന പതിവ് ഹോപാലകൃഷ്ണനുണ്ടായിരുന്നതായാണ് ലഭ്യമാകുന്ന സൂചന. പൊലീസ് ആക്ഷന്‍ പടങ്ങളായിരുന്നത്രേ താല്‍പ്പര്യം. സിനിമയിലെ ഇത്തരം പൊലീസ് സീനുകള്‍ ആ മനസിനെ സ്വാധീനിച്ചിട്ടുണ്ട്. വീരശൂര പരാക്രമിയായ ഗോപാലകൃഷ്ണന്‍ ക്ലൈമാക്സില്‍ പൊലീസിന് കീഴടങ്ങി ജാമ്യം വാങ്ങി പോയി. 

നിരവധി നേതാക്കളുടെ പ്രസംഗങ്ങള്‍ കേള്‍ക്കുന്നതില്‍ തല്‍പ്പരനായിരുന്നു ഈ വക്താവ്. നേതാക്കള്‍ കത്തിക്കയറുമ്പോള്‍ പല വാക്കുകളും തീപ്പൊരി പറത്തി വരുന്നതും അസ്ത്രം കണക്കെ പായുന്നതും എതിരാളിയെ നിഷ്പ്രഭമാക്കുന്നതുമെല്ലാം കക്ഷി കണ്ടിട്ടുമുണ്ട്. അതിനെ തുടര്‍ന്നാണ് നാക്കിന് ലൈസന്‍സെടുക്കാതെ ജീവിക്കാന്‍ തീരുമാനിച്ചത്. പക്ഷേ തലചൊറിഞ്ഞത് തീക്കൊള്ളികൊണ്ടായിപ്പോയി. കൊത്തിക്കൊത്തി മുറത്തില്‍ കേറി കൊത്തുക എന്നാണ് ഈ പ്രയോഗത്തിന്‍റെ പേര്. കുരുത്തക്കേട് കാട്ടുമ്പോള്‍ പിടിക്കപ്പെടുന്ന ചില വിരുതന്മാര്‍ പറയുന്നതു കേട്ടിട്ടില്ലേ. ഞാന്‍ മാത്രമല്ലല്ലോ അവരും ചെയ്തില്ലേ എന്ന്. അത്തരത്തിലൊരു തന്ത്രമാണ് ഇപ്പോള്‍ ഹോപാലകൃഷ്ണനും പയറ്റുന്നത്. സിപിഎം നേതാക്കളുടെ പഴയ പ്രസംഗങ്ങല്ലാം കിട്ടിയ സമയത്ത് യു ട്യൂബില്‍ കണ്ടുതീര്‍ത്തെന്നു. തോന്നുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ഡ്രൈവറായിട്ട് മാസം ഒന്ന് തികഞ്ഞു. ഇക്കാലയളവില്‍ ആപ്പീസിലെ കസേരയില്‍ പ്രസിഡന്‍റ് ശരിക്കൊന്ന് മൂട് ഉറപ്പിച്ചില്ല. അലയുകയായിരുന്നു. സംഗീതം പഠിക്കാന്‍ കൊതിച്ച് ഗുരുവിനെ തോടിയല്ല. ഇത് വേറെ ലൈനാണ്. ഇന്ത്യയെ കണ്ടെത്തല്‍ എന്നതിന്‍റെ മിനി പതിപ്പാണ് ലക്ഷ്യം. പേര് കേരളത്തെ കണ്ടെത്തല്‍. ആ കണ്ടെത്തല്‍ ഏറെക്കുറെ പൂര്‍ത്തിയായെന്നാണ് മുല്ലപ്പള്ളി പറയുന്നത്.

ശബരിമല വിവാദത്തിന്‍റെ പശ്ചാത്തലത്തിലല്ല ഈ വേഷം. ഏത് ക്ഷേത്രം കണ്ടാലും അപ്പോ അവിടെ കേറി മനമുരുകി പ്രാര്‍ത്ഥിക്കാനാണ് പദ്ധതി. കാരണം മറ്റൊന്നുമല്ല. വലിയ കഷ്ടപ്പാടിലാണ്. ദാരിദ്യത്തിലാണ്. ഒരു മാസം പണിയെടുക്കുമ്പോള്‍ സ്വോഭാവികമായും നമ്മള്‍ ശമ്പളം വന്നോ എന്ന് അകൗണ്ടില്‍ നോക്കും. മുല്ലപ്പള്ളിയും നോക്കി. അഞ്ചിന്‍റെ പൈസാ വന്നിട്ടില്ല. അന്വേഷിച്ചപ്പോളാണ് അറിഞ്ഞത്. നഞ്ചുവാങ്ങാന്‍ പോലും നയാ പൈസ ഇല്ലാത്ത പാര്‍ട്ടിയുടെ തലപ്പത്താണ് താന്‍ കയറി ഇരുന്നത്.  പട്ടിണി മാറ്റാന്‍ മനമുരുകി പ്രാര്‍ത്ഥിക്കാന്‍ ഇറങ്ങിത്തിരിച്ചപ്പോളാണ് പാലക്കാട്ട് കൈപ്പത്തി പ്രതിഷ്ടയുള്ള കാര്യം മുല്ലപ്പള്ളി അറിഞ്ഞത്. പണ്ട് ഇന്ദിരാഗാന്ധി ഈ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ആ സന്ദര്‍ശനത്തിന് മുമ്പുവരെ നുകംവച്ച കാളയായിരുന്നു കോണ്‍ഗ്രസ് ചിഹിനം. പിന്നീടത് കൈപ്പത്തിയായി. പാലക്കാട്ടുനിന്ന് കൈപ്പത്തി ഇന്ദിരാഗാന്ധി മനസിലേറ്റിയെന്നാണ് വിശ്വാസികളായ കോണ്‍ഗ്രസുകാര്‍ വിശ്വസിക്കുന്നത്. അപ്പോള്‍ ശത്രുസംഹാരം പൂജനടത്തി പ്രാര്‍ത്ഥിക്കാന്‍ മറ്റൊരിടം തേടാന്‍ മുല്ലപ്പള്ളിക്കും തോന്നിയില്ല

അമിത്ഷായുടെ ഇത്തവണത്തെ കേരളാ സന്ദര്‍ശനം ബിജെപിക്ക് സെല്‍ഫ് ഗോളായി. അഥവാ ആ അമിട്ട് കൈയ്യിലിരുന്ന് പൊട്ടി. സ്വന്തം പാളയത്തിലെ വി മുരളീധരന്‍ എംപിയെന്ന മുന്‍ സംസ്ഥാന പ്രസി‍ഡന്‍റിനാണ് ആ പൊട്ടലില്‍ ഗുരുതര പരിക്കേറ്റത്. പണി പാളിയപ്പോള്‍ അത് സമ്മതിച്ച് മിണ്ടാതിരുന്നിരുന്നെങ്കില്‍ പരിക്ക് ഇത്ര വലുതാവില്ലായിരുന്നു എന്ന്് നിരീക്ഷിക്കുന്നവരുമുണ്ട്. ഒടുവില്‍ ഹിന്ദി എന്ന രാഷ്ട്രഭാഷയുടെ പേരില്‍ ബിഹെപി കേരള ഘടകത്തില്‍ രണ്ട് ഗ്രൂപ്പുകള്‍ പിറക്കുന്ന ലക്ഷണമാണ് കാണുന്നത്. സ്വന്തം ചിന്തകള്‍ വരെ ഹിന്ദിയിലാക്കിയ അല്‍ഫോന്‍സ് കണ്ണന്താനം അമിത്ഷായെ കണ്ട് കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ക്ക് ഹിന്ദി ട്യൂഷനെടുക്കുന്ന പണികൂടി വാങ്ങിയെടുത്തു. വരത്തന്മാരുടെ ഹിന്ദി അംഗീകരിക്കില്ല എന്നതാണ് കേരള ഘടകത്തിന്‍രെ നിലപാട്. 

വലിച്ചുതാഴെയിടുക എന്ന് പറഞ്ഞാല്‍ ഇവിടൊക്കെ വലിച്ചു താഴെയിടുക എന്നുതന്നെയാണ് ഇപ്പോളും അര്‍ത്ഥം. വേറെ അര്‍ത്ഥം അറിയാമെങ്കില്‍ മുരളീധരന് പറയാവുന്നതാണ്. ഒക്കെ പോട്ടെ. ശരിക്കും അന്ന് എന്താണ് സംഭവിച്ചത് . എന്താണ് ശരിക്കും അമിട്ടുപൊട്ടുന്ന ശബ്ദത്തില്‍ ഷാജിയേട്ടന്‍ പറഞ്ഞത്. കഴിഞ്ഞ തവണ പക്ഷേ ഇങ്ങനെയല്ലല്ലോ പറഞ്ഞത്. അതെ പറ്റിപ്പോയി. അപ്പോ കൂടുതല്‍ പറ്റാന്‍ നമ്മള്‍ നില്‍ക്കുന്നില്ല. 

  

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.