എന്താ ശബരിമലയിൽ യുവതികൾ പോയാൽ? രാഹുൽമോനും കേരളത്തിലെ കോണ്‍ഗ്രസും

thiruva
SHARE

ശബരിമല വിഷയത്തില്‍ അധികം വിയര്‍പ്പൊഴുക്കാതെ ഭക്തര്‍ക്കൊപ്പം എന്ന കടുത്ത നിലപാടെടുത്ത് ജീവിക്കുകയായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ്. ചില്ലറ പ്രതിഷേധ ധര്‍ണ്ണകളും മുരളീധര സുധാകരാതികളുടെ നാക്കിന്‍റെ തരിപ്പുമാറ്റാനുള്ള പ്രസ്ഥാവനകളും ഒഴിച്ചാല്‍ സ്ഥിതി സമാധാനപരം എന്ന് പറയാവുന്ന അവസ്ഥ. യൂത്ത് കോണ്‍ഗ്രസുകാരൊന്നും ഈ വിധിയെപ്പറ്റി അറിഞ്ഞിട്ടില്ലാത്തതിനാല്‍ ഭക്തരുടെ അവകാശ സംരക്ഷണം എന്ന പ്രകടന കലാപരിപാടിക്കുപോലും സാഹചര്യം ഒരുങ്ങിയില്ല. അങ്ങനെ വളരെ സേഫായി പോകുമ്പോളാണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ പോയാലെന്താ എന്ന് ചോദിച്ചത്. കെട്ടിപ്പൊക്കിയ കളിവീട് തകര്‍ന്നു വീഴുമ്പോള്‍ കുട്ടിക്കുണ്ടാകുന്ന അങ്കലാപ്പും വിഷമവും ഒക്കയുണ്ടല്ലോ. അതാണ് ഇപ്പോ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ സ്ഥിതി. രാഹുല്‍മോന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നു സമര്‍ത്ഥിക്കാന്‍ കെപിസിസി അധ്യക്ഷനും പ്രതിപക്ഷേ നേതാവുമെല്ലാം മാറീം തിരിഞ്ഞും മൈക്കിനു മുന്നില്‍ വന്നു. കോണ്‍ഗ്രസാണല്ലോ. അവരുടെ നിലപാടാണല്ലോ. അതുകൊണ്ടുമാത്രം ആളുകള്‍ക്ക് ഇതുകേട്ടിട്ട് വലിയ കുലുക്കമോ ചിരിയോ വന്നില്ല.

*****************************

കോണ്‍ഗ്രസ് ഒരു പ്രത്യേകതരം ജനാധിപത്യ പാര്‍ട്ടിയാണ്. അവിടെ നേതാക്കള്‍ക്കും അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കും പഴ്സണല്‍ അഭിപ്രായമാകാം. എന്നാല്‍ അണികളില്‍ അപ്രിയരായവര്‍ ആരെങ്കിലും എതിര്‍വാ  പറഞ്ഞാല്‍ അപ്പോ കലിപ്പാക്കുകയും ചെയ്യും. പാര്‍ട്ടി വിരുദ്ധമായി സംസാരിച്ചപ്പോളാണ് രാഹുല്‍ ഗാന്ധി ശരിക്കും കോണ്‍ഗ്രസുകാരനായതെന്നാണ് രമേശ് ചെന്നിത്തല വരെ പറയുന്നത്.

*****************************

നമ്മുടെ അറിവില്‍ രാഹുല്‍ ഈശ്വറും രാഹുല്‍ ഗാന്ധിയും തമ്മില്‍ ഒരു ബന്ധവുമില്ലായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ ഐടി ബുദ്ധിജീവിയും സോഷ്യല്‍ മീഡിയ വൈറല്‍ താരവുമായ വിടി ബല്‍റാമാണ് ഇവരെ തമ്മില്‍ തെറ്റിപ്പോകരുതെന്ന് നാട്ടുകാരോട് പറഞ്ഞത്. രാഹുല്‍ ഈശ്വറിന്‍റെ നിലപാടുമായി വലിയ വ്യത്യാസമില്ലാത്ത വര്‍ത്തമാനങ്ങള്‍ കെ സുധാകരനും മറ്റും പറഞ്ഞതാകണം ബല്‍റാമിന്‍റെ ഈ ഫേസ്ബുക്ക് ചിന്തക്ക് കാരണം. ആളു മാറാതിരിക്കാനാണ് രാഹുല്‍ ഈശ്വര്‍ തലയില്‍ റിബണ്‍ കെട്ടിയിരിക്കുന്നതെന്ന് ബല്‍റാമിന് മനസിലായിക്കാണില്ല. പാര്‍ട്ടി നിലപാടിന് കടകവിരുദ്ധമായി അഖിലേന്ത്യാ അധ്യക്ഷന് എന്തും പറയാം. എന്നാല്‍ താന്‍ അങ്ങനെ പറയാന്‍ പാടില്ലെന്ന് ബല്‍റാം മനസിലാക്കണമായിരുന്നു. പ്രത്യേകിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ പുതിയ അച്ചടക്കത്തിന്‍റെ ചൂരല്‍ വാങ്ങിയ ഈ ദിവസങ്ങളില്‍.

*****************************

അപ്പോ നടപടിയെടുക്കുമോ

*****************************

അയ്യോ രാഹുല്‍ ഈശ്വറിനെതിരെയല്ല. പിന്നെ രാഹുല്‍ ഗാന്ധിക്കെതിരെ അല്ലേയല്ല. ബല്‍റാമിന്‍റെ കാര്യമാ ചോദിച്ചത്. 

*****************************

ബല്‍റാമിന്‍റെ ഈ പോസ്റ്റ് വന്നിട്ടു ദിവസങ്ങള്‍ കുറച്ചായി. അത് ഡിസ്‍ലൈക്ക് ചെയ്യാന്‍ പ്രസിഡന്‍റ് കുറച്ചധികം ദിവസമെടുത്തു. എന്നാപറ്റി. ഡേറ്റാ ഇല്ലാരുന്നോ

*****************************

ഹോ. ഭയങ്കരം തന്നെ. ആദ്യമായിട്ടാണ് ഫേസ്ബുക്ക് അകൗണ്ടില്ലാത്ത ഒരു കോണ്‍ഗ്രസുകാരനെ കാണുന്നത്. ഇത് നല്ലതല്ല കേട്ടോ. പ്രത്യേകിച്ച് പാര്‍ട്ടിയുടെ ഒട്ടുമിക്ക നേതാക്കളും സോഷ്യല്‍ മീഡിയയില്‍ പ്രസ്ഥാവിച്ച് മതിക്കുന്നതിനാല്‍. എന്തായാലും മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി വന്നതില്‍ പിന്നെ കെപിസിസി ആസ്ഥാനത്തിന് രണ്ടര കിലോമീറ്റര്‍ പരിധിയില്‍ വെള്ളയമ്പലത്തും ശാസ്തമംഗലത്തും എന്തിന് സ്റ്റാച്യൂവിലെ ബുക്സ്റ്റാളുകളില്‍ വരെ ഇംഗ്ലീഷ് മലയാളം ഡിക്ഷിനറിക്ക് ആവശ്യക്കാരേറെയാണ്. ഖദറിട്ടവര്‍ കൂട്ടമായി വന്ന് നിഘണ്ടു വാങ്ങിപ്പോകുന്നതാണ് കാഴ്ച. രഞ്ജിപണിക്കര്‍ സിനിമാ ഡയലോഗുപോലാണ് മുല്ലപ്പള്ളി. വാ തുറന്നാല്‍ ആദ്യം പുറത്തുവരുക ഇംഗ്ലീഷാണ്. 

*****************************

ഒക്കെ ശരി. പക്ഷേ നമ്മള്‍ ആര് പറയുന്നത് വിശ്വസിക്കണം. രാഹുലിനെയോ അതോ രമേശിനെയോ

*****************************

ശരി. വിശ്വാസം അതാണല്ലോ എല്ലാം. അപ്പോ ഇടവേളയാണ്. വിശ്വസിച്ച് കൂടെയുണ്ടാവണം. ഉറപ്പായും തിരിച്ചുവരും

*****************************

ആര്‍ക്കിടെക്ച്ചറോ എഞ്ചിനീയറിങ്ങോ പഠിക്കാതെ പ്ലാന്‍ വരച്ച കുറ്റത്തിന് അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ വടിയും കുത്തി ജാമ്യത്തിലിറങ്ങി. ടിവിയിലെ വിവാദ ഷോകളില്‍ അഭിനയിച്ചപ്പോ പോലും കിട്ടാത്ത പബ്ലിസിറ്റിയാണ് കക്ഷിക്ക് ഇപ്പോ കിട്ടിയിരിക്കുന്നത്. വലിയ ചിലവില്ലാതെയാണ് ഈ നേട്ടമെന്നതും ശ്രദ്ധിക്കണം. ആകെ മുടക്കിയത് തലയില്‍ കെട്ടാന്‍ റിബണ്‍ വാങ്ങാനുള്ള പൈസയാണ്. മന്ത്രി ഇപി ജയരാജന്‍ വരെയാണ് രാഹുല്‍ ഈശ്വറിന്‍റെ മേല്‍ അഭിഷേകം നടത്താനെത്തിയിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ചീത്തവിളി കഴിഞ്ഞപ്പോ ഒന്ന് അടങ്ങി എന്നു വിചാരിച്ചതാരുന്നു

*****************************

പ്ലാന്‍ എയും പ്ലാന്‍ ബിയും പൊളിഞ്ഞപ്പോള്‍ അയ്യപ്പന്‍ പ്ലാന്‍ സി വരക്കുമെന്നാണ് രാഹുലിന്‍റെ വെളിപ്പെടുത്തല്‍. ഇതുകേട്ട സര്‍ക്കാര്‍ ആ പ്ലാന്‍ തടുക്കുന്നിതിന്‍റെ ഭാഗമായി അയ്യപ്പന്‍ എന്നു പേരുള്ള സകല ആളുകളെയും പൊക്കാതിരുന്നാ മതിയാര്‍ന്നു. 

*****************************

ശബരിമല വിഷയത്തില്‍ തൊട്ടതെല്ലാം പാളി എന്ന മനോഹരമായ അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാരുള്ളത്. ഏറ്റവുമൊടുവില്‍ വിധി നടപ്പിലാക്കുന്നിന് ധാര്‍മിക പിന്തുണ തേടി ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ യോഗം വിളിച്ചു. പരിപാടി തുടങ്ങാറായപ്പോളാണ് ദേവസ്വം മന്ത്രി കടകംപള്ളി തിരിച്ചറിഞ്ഞത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെന്നല്ല സ്വന്തം സംസ്ഥാനത്തെ മുഖ്യന്‍ പോലും യോഗത്തിനെത്തിയില്ല. എല്ലാം അയ്യപ്പ ശാപമാണെന്ന പ്രസ്ഥാവന എന്തായാലും ബിജെപിയുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. വിഷമിക്കണ്ട. വന്നോളും. എന്നാലും കടകംപള്ളി നേരിടുന്നത് വല്ലാത്തൊരു വിധിതന്നെ.

*****************************

കണ്ഠരര് കടകംപള്ളി സുരേന്ദ്രരര് എന്ന് വിളിക്കുക നാക്കന് അത്ര എളുപ്പമാകില്ല എന്നു മാത്രം പറഞ്ഞുകൊണ്ട് ഗുജറാത്തിലേക്ക് പോവുകയാണ്. അവിടെ രാജ്യത്തെ ഏറ്റവും വലിയ പ്രതിമ ഉയര്‍ന്നു. സ്റ്റാച്യു ഓഫ് യൂണിറ്റി. 2013ല്‍ പ്രതിമയുടെ നിര്‍മാണം തുടങ്ങിയതുമുതല്‍ ഇന്നലെവരെ പരാതികളില്ലാതിരുന്ന എല്ലാവരും ഇന്ന് കടുത്ത വിമര്‍ശനത്തോടെ കളത്തിലിറങ്ങിയിട്ടുണ്ട്. വിമര്‍ശിച്ചവരെല്ലാം അധികം വൈകാതെ ഈ സ്ഥലങ്ങളില്‍ വിനോദയാത്രക്കു പോയ ചിത്രങ്ങള്‍ പങ്കുവയ്ക്കും എന്ന് കരുതുന്നു. ഇതിനലും വലിയ ഒരു പ്രതിമ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത തന്‍റെ പ്രതിമയായിരിക്കുമെന്ന് മനസില്‍ വിചാരിച്ചുകൊണ്ടാണോ ആവോ മോദി  ഉദ്ഘാടനം നിര്‍വഹിച്ചത്. 

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.