വലിച്ചുതാഴെയിടാന്‍ പോയവന്‍ പിടിച്ചുവലിച്ചപ്പോ നേരെ വന്ന് നടുവിൽ വീണു

PTI7_9_2018_000217B
SHARE

ഇനി പറയാന്‍ പോകുന്ന പരിഭാഷപ്പെടുത്തലില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ അതിന്മേല്‍ നമുക്കെതിരെ കേസുകൊടുക്കരുതെന്ന് അമിത്ഷായോട് പറഞ്ഞു വയ്ക്കുന്നു. ഞങ്ങള്‍ക്ക് അമിത് ഷാജിയേക്കാള്‍ വിശ്വാസം വി മുരളീധരനെയാണ്.

ശബരിമല വിഷയത്തില്‍ ആദ്യം കരുക്കള്‍ നീക്കിയത് പിണറായി ആണെങ്കിലും ചെക് വച്ചത് ബിജെപിയായിരുന്നു. എതിരാളിയുടെ നീക്കങ്ങള്‍ കണ്ട് മിണ്ടാതെയിരിക്കുന്ന ചില നീക്കങ്ങളും തന്ത്രം അറിയാവുന്ന മന്ത്രിമാര്‍ക്കറിയാമെന്ന് മനസില്‍ പറഞ്ഞ് മുഖ്യന്‍ അനങ്ങാതെയിരുന്നു. അപ്പോളാണ് ഈശ്വരന്‍ പിണറായിക്ക് ഒരു വഴികാണിച്ചുകൊടുത്തത്.

സാക്ഷാല്‍ രാഹുല്‍ ഈശ്വരന്‍.  ദൈവവിശ്വാസമില്ലാത്ത വിജയേട്ടനെ തുണച്ചത് രാഹുല്‍ ഈശ്വര്‍ ആണെന്നത് ചരിത്രത്തിന്‍റെ ചില കളികളായി കണ്ടാല്‍ മതി. പ്ലാന്‍ എബിസിഡിയെത്തുടര്‍ന്ന് പൊല്ലാപ്പ് പിടിച്ച രാഹുലിന്‍റെ നെഞ്ചത്ത് ചവിട്ടി പിണറായി കരുക്കള്‍ പായിച്ചു തുടങ്ങി.

കേരളത്തിലെ ബിജെപി നേതാക്കളായ ആനയും കുതിരയും പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നതുകണ്ട് രാജാവായ മോദി വിശ്വസ്ഥനായ മന്ത്രിയെ അനക്കി. നമ്മളൊക്കെ അമിത്ഷാ എന്നു വിളിക്കുന്ന ബിജെപിക്കാരുടെ അമിത്ഷാജി. പക്ഷേ പിണറായിയുടെ മനസിലെ ലഡു പൊട്ടാനിരിക്കുന്നതേയുള്ളുവെന്ന് തിരിച്ചറിയുന്നതില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടു.

ഷാജിയേട്ടന്മാര്‍ക്കെല്ലാം അല്ലെങ്കിലും കേരളത്തില്‍ കഷ്ടകാലമാണ്. നടുവെട്ടിയ ഷാജിപ്പാപ്പന്‍റെ കഥ പോലെയായി അമിത്ഷായുടെ കാര്യവും.  സംഗതി മതവികാരം വൃണപ്പെടുത്താനുള്ള എണ്ണ മണ്ണെണ്ണാദികളുമായാണ് കക്ഷി എത്തിയത്.  വന്നപാടെ ആഞ്ഞടിച്ചു. ഇതുകേട്ട് ആവേശം മൂത്ത വി മുരളീധരന്‍ പരിഭാഷക്കിടയില്‍ ചിലത് കയ്യില്‍നിന്നിട്ടു.

അപ്പോ തന്നെ എല്ലാം കയ്യീന്ന് പോയെന്നു പറഞ്ഞാമതിയല്ലോ. വലിച്ചുതാഴെയിടാന്‍ പോയവന്‍ പിടിച്ചുവലിച്ചപ്പോ അത് നേരെ വന്ന് നടുവില്‍ വീണ അവസ്ഥ. വല്ലാത്ത ചെയ്ത്തായിപ്പോയി എന്നേ പറയാനുള്ളൂ. താന്‍ കുഴിച്ച കുഴിയില്‍ എന്ന് വേണേല്‍ സിപിളായി പറയാം. ഇനി ഡല്‍ഹിയില്‍ ചെല്ലുന്ന കാര്യമോര്‍ക്കുമ്പോളാണ് മുരളീധരന് മുട്ട് കൂടുതല്‍ കൂട്ടിയിടിക്കുന്നത്.

തട്ടുകേടുപറ്റിയാലും അത് സമ്മതിക്കാതിരിക്കുന്നതില്‍ പരിവാറുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ടെന്നു തോന്നുന്നു. അങ്ങനെയൊരു ദയനീയ കാഴ്ചക്കും മിനി സ്ക്രീന്‍ സാക്ഷിയായി. മുരളീധരന്‍ ഈ പറച്ചിലൊന്നു നിര്‍ത്തുവാരുന്നേല്‍ ഒന്ന് ട്രോളാമാരുന്നു എന്ന വിചാരിച്ചവര്‍ ഇതിപ്പോ ഏത് വിഷയത്തിലാണ് ട്രോളേണ്ടത് എന്നോര്‍ത്ത് കഷ്ടപ്പെട്ടുപോയി.

പണ്ട് ശോഭാ സുരേന്ദ്രന്‍ ഇരുന്ന അതേ ഹോട് സീറ്റില്‍ മുരളീധരനും ഇരുന്നു. പിന്നെ ആ പൊള്ളല്‍ നന്നായി അനുഭവിക്കുകയും ചെയ്തു. ചര്‍ച്ചകള്‍ ഇങ്ങനെയായി മാറിയാല്‍ തമാശപ്പിരപാടിചെയ്ത് ജീവിക്കുന്നവര്‍ പട്ടിണിയിലാകുമോ എന്നതാണ് ആശങ്ക

രാഹുല്‍ ഈശ്വറിനെ അകത്താക്കിയ പിണറായി ശബരിമലയിലെ മണ്ഡലകാലത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. തന്ത്രികുടുംബം തെരുവിലിറങ്ങിയ രാമനാപജപ ഭക്തര്‍ എന്നിവരെ പതിവായി വിരട്ടുന്ന മുഖ്യന് മുന്നില്‍ വിരളാതെ നില്‍ക്കുന്നത് ബിജെപി മാത്രമാണ്. ബിജെപി ഭയക്കാതെ നില്‍ക്കുന്നതാണോ അതോ പേടിയില്ലെന്ന് അഭിനയിക്കുന്നതാണോ എന്നതില്‍ ചെറിയ തര്‍ക്കമുണ്ടെങ്കിലും സംഗതി കളറാണ്

സെല്‍ഫിക്ക് ഒരു  രാഷ്ട്രീയമുണ്ടെന്ന് പറഞ്ഞുതന്നത് ചിന്ത ജെറോമാണ്. അതുപോലെയൊരു ചിന്തയാണ് ഇനി പറയാനുള്ളത്. തടിയുടെ രാഷ്ട്രീയം. തടി എന്നു പറയുമ്പോള്‍ രണ്ടുകാര്യമാണ് സാധാരണയായി ഓര്‍മ വരുക. ഒന്ന് മരം. മറ്റൊന്ന് ശരീരം. ഇത് രണ്ടായാലും ഈ സാഹചര്യത്തില്‍ യോജിച്ചതാണെന്ന് തടിയുടെ രാഷ്ട്രീയം വ്യക്തമാക്കുന്നു. പറഞ്ഞുവന്നത് വലിച്ചുതാഴെയിടാന്‍ വന്ന അമിത്ഷായെ മികച്ച  മെയ്‍വഴക്കത്തോടെ പിണറായി ഫയല്‍വാന്‍ മലത്തിയടിച്ച കഥയാണ്.

എഫ്ബി പോസ്റ്റില്‍ കലിപ്പ് തീരാത്ത മുഖ്യന്‍ ഒരു വേദി തപ്പിപ്പിടിച്ച് കയറി മൈക്ക് കൈക്കലാക്കി ആഞ്ഞടിച്ചു. അമിത്ഷാ തുറക്കാത്ത വിമാനത്താവളത്തിലൂടെ പറന്നുപൊങ്ങിയതിനാല്‍ മറുപടി നല്‍കാന്‍ നിലത്തുള്ളത് ശഭാ സുരേന്ദ്രനാണ്. അതുകൊണ്ട് മറ്റൊരു ഗുണം കൂടിയുണ്ട്. ശോഭയുടെ മറുപടിക്ക് തിരിച്ചടി നല്‍കാന്‍ ഏത് ഇടതനും ഒന്ന് ഭയക്കും. കാരണം വിഷയം തടിയാണ്. മിണ്ടിയാല്‍ തടി കേടാകും. അതാണ് തടിയുടെ രാഷ്ട്രീയം

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ ചില ശ്രമങ്ങള്‍ അരങ്ങേറി. കണ്ണില്‍ കുത്തിയാല്‍ കാണാത്ത ഇരിട്ടത്ത് അതും സിസി ടിവി വരെ ഉറങ്ങുന്ന നേരത്ത് ആരോ തപോവനത്തില്‍ അഗിനിഹോത്രം നടത്തി.  തീപ്പെട്ടി ആര് ഉരച്ചാലും കത്തും എന്നതിനാല്‍ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്.

ടോര്‍ച്ചുമായി മുഖ്യന്‍ വരെ എത്തിയിട്ടും ഒന്നും കാണാന്‍ പറ്റുന്നില്ല എന്ന നിലപാടിലാണ് ഡിജിപി. സ്വാമിയുടെ പൂര്‍വ്വാശ്രമം തിരയുന്ന തിരക്കിലാണ് ചിലര്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ അമിത്ഷാ പറന്നിറങ്ങിയതിന്‍റെ പകിട്ട് കുറക്കാന്‍ നടത്തിയെ വെടിക്കെട്ട് സെല്‍ഫി ഓപ്പറേഷനാണിതെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്തായാലും ആഴി ഉത്തരമില്ലാത്ത ചാരമായി ബിക്കിയായി. തീയാകുമ്പോ സ്വോഭാവികമായും പുക കാണുമല്ലോ. ആ പുകമറ എല്ലാവരും മല്‍സരിച്ച് ഉണ്ടാക്കുന്നുണ്ടെന്നതാണ് ആശ്വാസം

MORE IN THIRUVA ETHIRVA
SHOW MORE