മലയിലുള്ള ബിജെപിക്കാരും മലകയറാൻ പോകുന്ന സിപിഎമ്മുകാരും; സഖാക്കളേ മുകളിലോട്ട്

thiruva-ethirva-26-10
SHARE

രാഹുല്‍ എന്നു പേരുള്ളവര്‍ വളരെ സൂക്ഷിക്കേണ്ട ആഴ്ചയാണിത്. കഷ്ടകാലം ഉച്ചിയില്‍ സര്‍ക്കസ് കളിക്കുന്ന സമയമാണ്. പൊലീസ് തലോടല്‍ സ്റ്റേഷന്‍ സന്ദര്‍ശനം ജയില്‍വാസം ധനനഷ്ടം മാനഹാനി എന്നിവക്ക് സാധ്യതയുണ്ട്. ഇതില്‍ മാനഹാനി എന്നത് വ്യവസ്ഥകള്‍ക്ക് വിധേയമാണ്.  അഭിമാനമുള്ളവര്‍ക്ക് മാത്രമാകും ബാധകം. രക്തച്ചൊരിച്ചിലിന് സാധ്യതയുള്ളതിനാല്‍ ഇപ്പറഞ്ഞതൊക്കെ വാരഫലവും കടന്ന്  മാസഫലത്തിലൂടെ സഞ്ചരിക്കാനുള്ള  സാധ്യതയുമുള്ളതിനാല്‍ ഇനി മലക്കുപോകുന്നതിന് മുമ്പ് മുന്‍കൂര്‍ ജാമ്യം എടുക്കുന്നത് നല്ലത്. 

പിണറായി മന്ത്രധ്വനി നെഞ്ചോടുചേര്‍ത്ത് പമ്പയില്‍ നിന്ന് മല കയറുന്നവരെ കണ്ടാല്‍ ആരും ഞെട്ടരുത്. അയ്യപ്പനേക്കാള്‍ കണ്‍കണ്ട ദൈവമായി പിണറായി സഖാവിനെ കാണുന്ന ആ സ്വാമിമാരുടെ മുണ്ടിന്‍റെ നിറം ശ്രദ്ധിച്ചാല്‍ കറുപ്പിനുപകരം ചുവപ്പ് കാണാന്‍ സാധിക്കും. അവരില്‍ പലരും കന്നി അയ്യപ്പന്‍മാരാണെന്ന് ബിജെപിയും, അല്ല അവര്‍ നിരവധി തവണ മല ചവിട്ടിയവരാണെന്ന് സിപിഎമ്മും പറയുന്നുണ്ട്. ശബരിമലയിലും പമ്പയിലും നിലക്കലിലുമായി കാര്യങ്ങള്‍ ആകെ അലുക്കുലുത്തായതുകൊണ്ട് ഒരു ഗുണമുണ്ടാകും. കണ്ണൂര്‍ പ്രശ്നരഹിത ജില്ലയാകും. ആര്‍എസ്എസ് ക്രിമിനലുകള്‍ മുഴുവന്‍ ശബരിമലയില്‍ തമ്പടിച്ചിരിക്കുകയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

സിപിഎം ക്രിമിനലുകള്‍ മലകയറാന്‍ തുടങ്ങുന്നുവെന്ന് ബിജെപിയും തെളിവുസഹിതം പറയുന്നു. അപ്പോ പിന്നെ അയ്യപ്പന് സമാധാനമായി ഇരിക്കാന്‍ പറ്റിയ സ്ഥലം ഇനി കണ്ണൂരാകാനാണ് സാധ്യത. ശബരിമലക്കുള്ള സിപിഎം സ്വാമിമാരെ ഡിജിപി നേരിട്ട്് മാലയിടീക്കുമെന്നാണ് ബിജെപി കണ്ടെത്തിയിരിക്കുന്നത്. ഈ ആരോപണങ്ങളെല്ലാം കള്ളമാണെന്ന് സ്വന്തം താടിയില്‍ തൊട്ടി ദേവസ്വംമന്ത്രിയായ കടകംപള്ളി സുരേന്ദ്രനും പറയുന്നു

ചുരുക്കിപറഞ്ഞാല്‍ ശബരിമലയില്‍ ഇനി ശരണമന്ത്രം മാത്രം പ്രതീക്ഷിച്ചാല്‍ പോരെ എന്ന് സാരം. ഒരേയൊരു മന്ത്രം ശരണമയ്യപ്പാ എന്ന പാട്ടിലെ വരികള്‍ക്ക് ചില്ലറ മിനുക്കുപണിക്കുള്ള സാധ്യത വിദൂരമല്ലാതെ കാണുന്നുണ്ട്.  ചുരുക്കിപ്പറഞ്ഞാല്‍ സിപിഎം ലോക്കല്‍ സെക്രട്ടറിമാര്‍ ഇനി മണ്ഡലകാലമാകുമ്പോള്‍ വലിയ തിരക്കിലായിരിക്കും. സഖാക്കളേ മുന്നോട്ട് എന്നതില്‍ ചെറിയൊരു തിരുത്താകാം. സഖാക്കളേ മുകളിലോട്ട് 

എന്തുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമല വിഴയത്തില്‍ ഇത്തരത്തില്‍ ഒരു നിലപാടെടുക്കുന്നുവെന്ന് പലര്‍ക്കും സംശയം തോന്നാം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പറഞ്ഞിരിക്കുന്നവ മാത്രമല്ല ഈ നിലപാടിനൊക്ക കാരണം. പികെ കൃഷ്ണദാസ് പറയുന്ന ചില പോയിന്‍റുകള്‍കൂടി ഉള്‍പ്പെടുത്തി പാര്‍ട്ടി താത്വിക നിലപാടുകള്‍ക്ക് പുതിയ വേര്‍ഷന്‍ നല്‍കാന്‍ പ്ലീനം വിളിക്കുന്ന കാര്യവും സിപിഎമ്മിന്‍റെ ആലോചനയിലുണ്ട്. 

ക്ഷേത്രപ്രവേശന വിളമ്പരത്തിന്‍റെ വാര്‍ഷികത്തില്‍ പതിവായി പത്മനാഭ സ്വാമിക്ഷേത്രത്തില്‍ കുളിച്ചുതൊഴാന്‍ എത്തുന്ന ആളാണ് രമേശ് ചെന്നിത്തല. അടുത്ത തവണയെത്തുമ്പോള്‍ തീര്‍ച്ചയായും ക്ഷേത്രപ്രവേശനം ഉപാധികളോടെ എന്ന് പറയാന്‍ അദ്ദേഹം തയ്യാറാകുമായിരിക്കുമെന്നാണ് കാലാവസ്ഥ നല്‍കുന്ന സൂചന. ഇടത് ബ്രിഗേഡുകളും സംഘപരിവാരങ്ങളും മലകയറും എന്ന് ഉറപ്പായെങ്കിലും അത്തരത്തിലൊരു നീക്കം വലത് പാളയത്തില്‍ നിന്നുണ്ടാകാന്‍ തീരേ സാധ്യതയില്ല. എന്തായാലും അത്രയും കഷ്ടപ്പെട്ട് മുകളിലെത്തി സമരം ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസും മൂത്ത കോണ്‍ഗ്രസും തയ്യാറാകില്ല. പിന്നെ നാക്കിന് നല്ല നീളമായതിനാല്‍ ഇങ്ങ് നിലക്കലില്‍ നിന്നാലും മതി

ശബരിമല വിധിക്കുശേഷം പിണറായിക്ക് ലഭിക്കുന്ന കൈയ്യടികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പഴയ വിഎസ് ഭക്തര്‍ പിണറായിയെ എതിര്‍ക്കുന്നതിന്‍റെ ഭാഗമായി അയ്യപ്പ ഭക്തരായോ എന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്. മുമ്പ് പിണറായി വിജയന്‍ പ്രസംഗിച്ച് തുടങ്ങുന്നത് അമേരിക്കയില്‍ നിന്നായിരുന്നു. കടല്‍കടന്ന് ഇന്ത്യയിലെത്തി പിന്നെ സംസ്ഥാനങ്ങള്‍ ചുറ്റി കേരളത്തിലെത്തുമ്പോള്‍ മാത്രമായിരുന്ന കൈയ്യടികള്‍ ഇപ്പോ പ്രസംഗം തുടങ്ങിയാലുടന്‍ ഉയര്‍ന്നു തുടങ്ങും. കാരണം അമേരിക്കന്‍ സന്ദര്‍ശനത്തിനുശേഷം ലോക പൊലീസ് സാമ്രാജിത്തം എന്നീ വാക്കുകള്‍ ഉപയോഗിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുകളുണ്ട്.

അതിനാല്‍ നാട്ടിലെ വിഷയങ്ങള്‍ മാത്രമാണ് ഇപ്പോ വായിലുള്ളത്. അതിലാകട്ടെ പഞ്ച് ഡയലോഗുകളുടെ പെരുമഴക്കാലമാണ്. ശബരിമലയിലുളള അയ്യപ്പ വിശ്വാസികളെയും ബിജെപി വിശ്വാസികളെയും തമ്മില്‍ എങ്ങനെ തിരിച്ചറിയാം എന്ന സിപിഎം വിശദീകരണ ക്ലാസ് സംസ്ഥാനത്തിന്‍റെ മുക്കിനും മുലയിലും തുടങ്ങിക്കഴിഞ്ഞു. 

നെയ്യഭിഷേകത്തിന് എകെജി സെന്‍ററിലേക്ക് പോകുന്നതൊക്കെ കൊള്ളാം. പക്ഷേ തിരിച്ച് മാരാര്‍ജി ഭവനിലെത്താന്‍ 108 ബുക്ക് ചെയ്തേച്ചേ പോകാവും എന്നുമാത്രം ഓര്‍മിപ്പിക്കുന്നു.  ഇങ്ങനെ എപ്പോഴും പഞ്ച് ഡയലോഗിട്ടാല്‍ ഷാജി കൈലാസിന്‍റെ ഗതിയാകും ഉണ്ടാവുക എന്ന് മുഖ്യന് ഉപദേശികള്‍ മുന്നറിയിപ്പ് നല്‍കണം. ഒരു ഡയലോഗ് മനപ്പാടമാക്കുന്നതിന് മുമ്പ് അടുത്തതെത്തുമ്പോള്‍ ഏത് ആരാധകനും കുറച്ചൊക്കെ മടുക്കും. 

MORE IN THIRUVA ETHIRVA
SHOW MORE