കളിച്ച് കളിച്ച് കളി കാര്യമാകുമോ? പൊട്ടിത്തെറിച്ചത് പ്ലാൻ എ മാത്രം

kadakampally-rahul
SHARE

കളിച്ച് കളിച്ച് കളി കാര്യമാകുന്ന അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്. വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ അണിയറയില്‍ കെട്ടുമുറുക്കല്‍ സജീവമാണ്. പക്ഷെ, ഒറ്റയടിക്കങ്ങ് കയറിപ്പോകാമെന്ന് ആരും കരുതണ്ട. ആപല്‍ബാന്ധവനായ അയപ്പന് പുലിയേക്കാള്‍ ധീരനായ ഒരു കാവല്‍ക്കാരന്‍ പിറന്നിരിക്കുന്നു. ആരാണയാള്‍ ? മറ്റാരുമല്ല പേരില്‍തന്നെ ദൈവം കുടികൊള്ളുന്ന രാഹുല്‍ ഈശ്വര്‍.

തലയിലൊരുകെട്ടുംകെട്ടി കാനനത്തില്‍ ടാര്‍സന്‍ കളിച്ചുനടക്കുയാണെന്ന് വിചാരിച്ചാല്‍ തെറ്റി. അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍കേട്ട് കടകംപള്ളി സുരേന്ദ്രനൊക്കെ ഭയന്നുപിന്‍മാറുന്ന ലക്ഷണമാണ്. പിണറായിയുടെ കാര്യത്തില്‍ തീരുമാനമായിട്ടല്ല. പ്ലാന്‍ ചെറുതല്ല. എബിസിഡിയാണ്. അപ്പോ കാര്യങ്ങള്‍ തുറന്നുകാട്ടാന്‍ നമ്മളും മടിക്കുന്നില്ല.

പ്ലാന്‍ എയാണ് ഇപ്പോള്‍ പൊട്ടിത്തെറിച്ചത്. അതുകൊണ്ട് രാഹുലിന് നേട്ടമേയുള്ളൂ. താനൊരു ചില്ലറക്കാരനല്ലെന്ന് സര്‍ക്കാരിനെ ബോധിപ്പിക്കാന്‍ കഴിഞ്ഞു. ചോരക്കളിക്ക് മടിക്കാത്ത യോദ്ധാവാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞു. കടകംപള്ളിയുടെ വാക്കുകളില്‍ നിഴലിക്കുന്ന ഭയം അതാണ് സൂചിപ്പിക്കുന്നത്. ഭയത്തിനിടയിലും മന്ത്രി കരയുന്നത് വിശ്വാസികളെകുറിച്ചോര്‍ത്താണ്. ഇത്രനാളും ഒപ്പംനിന്ന് ശരണംവിളിച്ച വിശ്വാസികളെ രാഹുല്‍ ചതിച്ചത് കടകംപള്ളിക്ക് പൊറുക്കാനാകില്ല.

ദേവസ്വംമന്ത്രിയാണ്, വരും സര്‍. ഇനിയും ഇനിയും വരും സര്‍. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പൊലീസുകാര്‍ക്ക് പ്രിയപ്പെട്ടവനാണ് രാഹുല്‍ ഈശ്വര്‍. ആക്ടിവിസ്റ്റുകളെ പൊക്കിനടന്നു എന്ന ചീത്തപ്പേര് പൊലീസിന്  മാറിക്കിട്ടിയത്  രാഹുൽ കാരണമാണ്.  ഒരു സുപ്രഭാതത്തില്‍ പൊലീസ് രാഹുലിനെയങ്ങ് പൊക്കി. അതോടെ രാഹുലിനെപൊക്കിയ പൊലീസ് എന്നായിപേര്. ജയിലിലായിട്ടും രാഹുലിന്റെ വിപ്ലവം തണുത്തിട്ടില്ല. നവംബര്‍ അഞ്ചിനാണ് അടുത്ത അങ്കം.

പക്ഷെ, കുടിച്ചതും കഴിച്ചതുമൊക്കെ ഒന്നായി പുറത്തുപോയി. എന്നിട്ടോ, പറഞ്ഞതൊക്കെ അങ്ങ് വിഴുങ്ങുകയും ചെയ്തു. അതായത് സമസ്താപരാധങ്ങളും പൊറുത്തുമാപ്പുതരണം ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേ എന്നൊരു ലൈനിലാണ് ഇന്ന് രാഹുലിനെ കണ്ടത്.

കടകംപള്ളി സുരേന്ദ്രന്‍ കണ്ണട നന്നായി തുടച്ച് വീണ്ടുംവച്ചിട്ടും കാഴ്ചയ്ക്ക് എന്തോ പ്രശ്നം. രാഹുലിനെ നോക്കുമ്പോള്‍ ശ്രീധരന്‍പിള്ളയെപ്പോലെ. പിള്ളയെനോക്കുമ്പോള്‍ രാഹുലിനെപ്പോലെ. പിന്നീടാണ് മന്ത്രിക്ക് മനസ്സിലായത്. കാഴ്ചയുടെ പ്രശ്നമല്ല. സംഗതിയുടെ കിടപ്പുവശം അങ്ങനെയാണ്. പക്ഷെ, ശ്രീധരന്‍പിള്ള സമ്മതിച്ചുതരില്ല. ഒരേയൊരുലക്ഷ്യം തന്നെയാണെങ്കിലും രാഹുലിന്റെ മുഖ്യശത്രു ബിജെപ്പിയാണത്രെ. നാളെ മാറ്റിപ്പറയരുത്.

MORE IN THIRUVA ETHIRVA
SHOW MORE