തന്ത്രിയുടെ തന്ത്രം ഫലിക്കില്ല

pinarayi-vijayan34
SHARE

അച്ചടിച്ച പുസ്തകത്താളുകളില്‍ നമ്മള്‍ പഠിച്ചതൊന്നും ഇന്ത്യയെകുറിച്ചല്ല എന്ന് ഇപ്പോഴാണ് മനസ്സിലായത്. ജനാധിപത്യം എന്നൊക്കെ കേട്ട്  പൊളിയാണെന്ന് വിചാരിച്ച നാട്ടുകാരൊക്കെ ആകെ ചമ്മിയ മട്ടാണ്. മന്ത്രിമാരിലെ മുഖ്യന്‍ രാജാവിനെ തെറി വിളിക്കുന്നു. മന്ത്രിയെ വിടാതെ രാജാവ് നേരില്‍വന്ന് മുഖ്യന് മറുപടി നല്‍കുന്നു. സംഗതി പങ്കിലക്കാട്ടിലല്ല, കേരളത്തിലാണ്. പിണറായി ദുബായില്‍പ്പോയിവന്നതിന്റെ അത്തറുമണം മാറുംമുമ്പെ രാജാവിനും തന്ത്രിക്കുമിട്ട് ഒന്നുകൊട്ടി. കടത്തനാടന്‍ കഥ വച്ചായിരുന്നു കളി. അതുകേട്ട് പൊള്ളിയത് കോണ്‍ഗ്രസിനാണ്. മൊത്തത്തില്‍ മന്ത്രമേത്, തന്ത്രമേത്, കുതന്ത്രമേത് എന്ന് മനസ്സിലാവാതെ അടിയന്‍വിളിച്ചുകളിക്കുകയാണ് പാവം പ്രജകള്‍.

പ്രജകളുടെ കയ്യടിയും ആവേശവും കണ്ടാല്‍ ദേഷ്യംവരുമായിരുന്നു പണ്ട് വിജയേട്ടന്. ഗാനമേളകളൊക്കെ വെറുത്തുപോയത് അതോടെയാണ്. പക്ഷെ, വിജയേട്ടന്‍ ആള് പാടേമാറി. നാട്ടിലെ സിംഹാസനത്തില്‍ ഇരുന്നതോടെ മൊത്തത്തില്‍ എല്ലാമൊരു ആവേശമാണ്. ഡയലോഗാണെങ്കില്‍ ചറപറാന്ന് വരും. കയ്യടിതീരുന്നതുവരെ അടുത്തഡയലോഗ് പറയാതെ കാത്തിരിക്കും. മന്ത്രിയുടെ തന്ത്രങ്ങളേക്കാള്‍ പിണറായിയെ ഹരംപിടിപ്പിക്കുന്നത് തന്ത്രിയുടെ തന്ത്രങ്ങളാണ്. മലയില്‍നിന്ന് ചിലരെ ഒഴിപ്പിക്കാനും അവിടെ കമ്പനിയുടെ സ്വന്തം ആളുകളെ കയറ്റാനും തീരുമാനിച്ചുകഴിഞ്ഞു. 

പിണറായി വിജയന്റെ റൂട്ടില്‍ ശത്രുക്കള്‍ ചില്ലറയല്ല. കടത്തനാടന്‍ കഥയൊക്കെ അവര്‍ക്കുമറിയാം. അവരോട് കളിക്കുമ്പോള്‍ കുറച്ചുകൂടി ചരിത്രം പഠിക്കുന്നത് നല്ലതാണ്. പക്ഷെ, ബിജെപിയും കോണ്‍ഗ്രസും ചില പ്രജകളെ കണ്ടുപിടിച്ച്  ഓടിച്ചത് വയസ്സുനോക്കിയാണെന്ന് കരുതരുത്. അതിന് ഒരു കാരണമേയുള്ളൂ. അവര്‍ ആക്ടിവിസ്റ്റുകളാണ്. ഇക്കൂട്ടരെ കണ്ടാല്‍ കലിയിളകുന്ന ചിലര്‍ ബിജെപിയിലും കോണ്‍ഗ്രസിലുമുണ്ട്.

തിരിച്ചറിയില്‍ കാര്‍ഡുണ്ടായിട്ടും മറ്റുചില കാര്‍ഡികള്‍ ഇറക്കാനാണ് സര്‍ക്കാര്‍ ആക്ടുവിസ്റ്റുകളെ പൊക്കിനടന്നത്. അവരുടെ പശ്ചാത്തലം മുഖ്യമന്ത്രി ഓര്‍ക്കണമായിരുന്നു. പണ്ട് പശ്ചാത്തലം നോക്കാതെ ചിലരെ ഓഫീസില്‍ കയറ്റിയതിന്റെ പേരില്‍ മനസമാധാനം നഷ്ടപ്പെട്ട് ആന്ധ്രാ അരി കഴിച്ചുകഴിയുന്ന പഴയ രാജാവിനെ കഥയും പിണറായിക്ക് അറിയാമല്ലോ. ഇല്ലെങ്കില്‍ പണി ഏത് മലകടന്നും വരും. എന്താ കാരണം...?

സര്‍ക്കാരിന് വിശ്വാസികളെ കണ്ടെത്തി മലകയറ്റാന്‍ കഴിയുന്നില്ല. അത് തികഞ്ഞ പരാജയമാണെന്നാണ് ബിജെപിയുടെ കണ്ടെത്തല്‍. വിശ്വാസികളെ എങ്ങനെ കണ്ടെത്താം എന്നൊരു സെമിനാര്‍ സംഘടിപ്പിക്കണം. എന്നിട്ട് കെ. സുധാകരനെ വിളിച്ച് ക്ലാസെടുപ്പിക്കണം. ഇനി അതിനുബുദ്ധിമുട്ടാണെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയോട് ചോദിച്ചാലും മതി.

കോണ്‍ഗ്രസുകാര്‍ക്ക് കിട്ടിയ കെ.സുരേന്ദ്രനാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. ഇരുവരിലും ഉള്ളത് വെറുമൊരു കെ യും മറ്റൊരു സുയും ആണെന്ന് ചുരുക്കികാണേണ്ട. ഒരേയൊരു ലക്ഷ്യം ശബരി മാമല, ഒരേയൊരു മന്ത്രം ശരണമയ്യപ്പാ എന്ന് ഡ്യൂയറ്റുപാടി നടക്കുകയാണ് ബിജെപിയുടെ കെഎസും കോണ്‍ഗ്രസിന്റെ കെഎസും.

കെ.സുധാകരനും കെ. സുരേന്ദ്രനും തമ്മിലുള്ള ഐക്യപ്പെടലിന്റെ കാഴ്ച വേണമെങ്കില്‍ ഇനിയുമുണ്ട്. സു സു വാല്‍മീകം എന്നുപറയുന്നത് ചെറിയ കാര്യമല്ല.

സുരേന്ദ്രന്റെ ചിരിക്ക് വിജയത്തിന്റെ പൊന്‍തിളക്കമുണ്ടുപോലും. സര്‍ക്കാരിനെ പൊളിച്ചടുക്കി ഓടിച്ചുവിട്ടതിന്റെ സന്തോഷമാണത്രെ ആ മുഖത്ത്.

ബിജെപിയും കോണ്‍ഗ്രസും ഇങ്ങനെ ഒരമ്മപെറ്റ അളിയന്‍മാരെപ്പോലെ നടക്കുന്നതുകാണുമ്പോള്‍ നെഞ്ചുതകരുന്നവരുടെ കൂട്ടത്തില്‍ വിഎസുമുണ്ട്. കോണ്‍ഗ്രസ് ബിജെപിയായി പരിഷ്കരിക്കപ്പെടുന്നത് ഭരണപരിഷ്കാരകമ്മിഷന്റെ തലവന് കണ്ടുനില്‍ക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അമ്പലങ്ങള്‍ക്കേറിനടക്കുന്ന രാഹുലിന്റെ പാര്‍ട്ടിക്കാര്‍ ഈപോക്കുപോയാല്‍ ഗതിപിടിക്കില്ലെന്ന് ശപിക്കുകയാണ് അച്യുതാനന്ദന്‍. 

ബിജെപിയെപ്പോലെ എല്ലാത്തിലും വര്‍ഗീയത കാണുന്ന സ്വഭാവം ഇപ്പോള്‍ കോണ്‍ഗ്രസിനുമുണ്ട് എന്നാണ് വിഎസിന്റെ ആക്ഷേപം. പക്ഷെ, തെളിവൊന്നും അദ്ദേഹത്തിന്റെ കയ്യിലില്ല. വിഎസിന് വേണമെങ്കില്‍ നമ്മളൊരു തെളിവുതരാം. റോഡ് ബ്ലോക്കായാല്‍ ട്രാഫിക്കിന്റെ ജാതിപോലും നോക്കുന്ന ചിലരുണ്ട് കോണ്‍ഗ്രസില്‍. സംശയമുണ്ടെങ്കില്‍ കണ്ടോ...?

മലയിലേക്കുപോകുന്നവരെ തടഞ്ഞാല്‍ അവര്‍ക്ക് അയ്യപ്പശാപം ഉണ്ടാകുമെന്ന് പറഞ്ഞത് നമ്മുടെ ഇപി ജയരാജനാണ്. മലയിലേക്ക് ചിലരെ യാത്രയാക്കിയാല്‍ അവര്‍ക്ക് അയ്യപ്പശാപം കിട്ടുമെന്ന് ബിജേപ്പിക്കാര്‍ പറയുന്നത് കേട്ടിട്ടില്ല. കഴിഞ്ഞദിവസം മുഖ്യമന്ത്രി തകര്‍ത്തുപ്രസംഗിക്കുകയാണ്. യുവതീപ്രവേശവും രാജാവും തന്ത്രിയുമൊക്കെയാണ് വിഷയം. പെട്ടെന്ന് ഭയങ്കര മഴ. ആകെ ബഹളം. പരുന്തുപാറുന്നതും മഴപെയ്യുന്നതുമൊക്കെ പിണറായി ശ്രദ്ധിച്ചോണം. കണ്ടകശനിയാണെന്ന് ബിജെപ്പിക്കാര്‍ നേരത്തെ കണ്ടെത്തിയതുകൊണ്ട് പ്രത്യേകിച്ചും.

MORE IN THIRUVA ETHIRVA
SHOW MORE