ശബരിമലയെക്കുറിച്ച് ഒറ്റവാക്കിലല്ല, നൂറുപുറം കവിയാതെ ഉപന്യസിക്കും പിണറായി

thiruva-new
SHARE

ഗള്‍ഫില്‍നിന്നെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് ഇന്നലെ മാധ്യമങ്ങള്‍ ശബരിമല വിഷയത്തിന്മേല്‍ പ്രതികരണം ചോദിച്ചു. നാളെ വിശദമായി പറയാമെന്നായിരുന്നു മുഖ്യന്‍റെ മറുപടി. അതുകേട്ട ബിജെപി നേതാക്കള്‍ മാരാര്‍ജി ഭവനിലിരുന്ന് തല തല്ലി ചിരിച്ചു. പിണറായിക്ക് മറുപടിയില്ലെന്നും ഈ വിഷയത്തില്‍ ഒറ്റവാക്കില്‍ ഉത്തരമെഴുതാന്‍ മുഖ്യന്‍ വിറക്കുകയാണെന്നും അവര്‍ നാമജപത്തിനിടക്ക് പരസ്പരം പറഞ്ഞു. എന്നാല്‍ ഒറ്റവാക്കിലല്ല നൂറുപുറത്തില്‍ കവിയാതെ ഉപന്യസിക്കാന്‍ തനിക്കറിയാമെന്ന് വില്ലാളി വീരനായ വിജയന്‍ കാട്ടിക്കൊടുത്തു. ശബരിമലക്കുള്ള വഴി ഭക്തര്‍ക്ക് തെറ്റാതിരിക്കാന്‍ റോഡിലെ പോസ്റ്റുകളിലും കലുങ്കുകളിലും കറുപ്പും വെളുപ്പും നിറം പതിക്കുന്ന പതിവുണ്ട്. ഈ റൂട്ടിലൂടെ പോയ യുവതികളെ തടഞ്ഞത് സംഘപരിവാറുകാരാണെന്ന് പൊലീസ് മന്ത്രികൂടിയായ പിണറായി കട്ടായം പറഞ്ഞു. ബഹാറയും ടീമും നല്‍കിയ റിപ്പോര്‍ട്ടായതിനാല്‍ അത് തെറ്റില്ലെന്ന് പിണറായിക്ക് ഉറപ്പാണ്. എന്നാല്‍ ഈ കളിയില്‍ പിണറായി ഒറ്റക്കാണ്. ബിജെപിക്ക് ശക്തിപകരാന്‍ പകല്‍വെളിച്ചത്തില്‍ സംഘപരിവാരത്തില്‍ പെടാത്ത  നിരവധിപേരുണ്ട്. ജനപക്ഷം ജോര്‍ജ് മുതല്‍ പ്രതിപക്ഷ വീരന്‍ രമേശ്ജി വരെ. 

****************************************

ഭൂമിക്കുകീഴില്‍ എന്ത് വിഷയമുണ്ടെങ്കിലും അതില്‍ അഭിപ്രായം പറയുകയും ഒരു സൈഡില്‍ നിലയുറപ്പിക്കുകയും ചെയ്യുന്ന പരിപാടിക്ക് കേരളത്തില്‍ പറയുന്നത് പിസി ജോര്‍ജ് ശൈലി എന്നാണ്. പറന്നുപോകുന്ന പക്ഷിയെ ഏണിവച്ചുപിടിക്കുക എന്ന ചൊല്ലിനെ ഇതോടെ നിഘണ്ടുവില്‍ നിന്ന് ഡിലീറ്റ് ചെയ്തു. പിസി അങ്ങനെയാണ്. എന്ത് വിഷയമുണ്ടായാലും അതിന്‍റെ ഒരു ഭാഗത്ത് പിസി കാണും. നടിയെ ആക്രമിച്ച വിഷയമാണെങ്കിലും ഫ്രാങ്കോ കേസാണെങ്കിലും ശബരിമല വിഷയമാണെങ്കിലും അത് അങ്ങനെയാണ്. എരുമേലി അയ്യപ്പ ക്ഷേത്രം പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തിന്‍റെ പരിധിയിലാണ്. അതിനാല്‍ പേട്ടതുള്ളാനുള്ള അവകാശം പിസിക്കും സ്വന്തം

****************************************

ശബരിമല വിഷയത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് നിയമ പുസ്തകത്തിനുമേല്‍ കിടന്നുറങ്ങുന്ന ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറയുന്നത്. വെറുതെ പറയുന്നതാണെങ്കിലും നിയമത്തിന്‍റെ ഒരു തലോടല്‍ നല്‍കി പറയുന്നതിനാല്‍ കേള്‍ക്കാന്‍ നല്ല രസമുണ്ട്. നിയമം അറിയുന്നവന്‍റെ നാവിനെ തോല്‍പ്പിക്കുക വലിയ പാടാണ്. അത് തിരിച്ചറിഞ്ഞ സിപിഎം അവസാനത്തെ അടവെടുത്തു. എംഎന്‍ സ്മാരകത്തിലെ 2323943 എന്ന നമ്പറില്‍ വിളിച്ചു. വിചാരിച്ചതുപോലെ കനമുള്ള ഒരു സ്വരം മറുതലക്കല്‍. അതെ കാനം . വക്കീലിനുള്ളത് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ  പ്രക്ഷേപണം ചെയ്യുന്നത് സിപിഐ കേന്ദ്രത്തില്‍ നിന്നായിരിക്കും. 

****************************************

വെടിക്കെട്ടുകള്‍ നിരോധിക്കാന്‍ സുപ്രീംകോടതി തയ്യാറാകാത്തതിനാല്‍ ഇടവേളക്കു ശേഷവും ഈ താരങ്ങളുടെ പൊട്ടിത്തെറികള്‍ തുടരും

****************************************

കേരളത്തിലെ ഇടത് സര്‍ക്കാരിന് അയ്യപ്പ കോപം സംഭവിച്ചുകഴിഞ്ഞുവെന്നാണ് ബിജെപിയുടെ വിശ്വാസം. പിണറായി വിജയനെ പുലി പിടിക്കുമെന്നു പറയാനുള്ള ധൈര്യം ശ്രീധരന്‍പിള്ളക്ക് ഉണ്ടാകാത്തത് ഭാഗ്യം. ഇപ്പോ ബിജെപി പറയുന്നതുതന്നെ ഒരു കോളാമ്പി കണക്കെ പിസി ജോര്‍ജും വിളിച്ചുപറയുന്നതിന്‍റ കാരണമാണ് ഇനി കണ്ടെത്താനുള്ളത്. 

**************************

വടകരയിലെ സി.പി.എം ബി.ജെ.പി സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരു കിടിലം ഉപവാസം നടത്തി. പ്രഭാത ഭക്ഷ്ണത്തിനുശേഷം  രാവിലെ പത്തിന് തുടങ്ങിയ ഉപവാസം ചായയുടെ സമയമായപ്പോള്‍ വൈകിട്ട് അഞ്ചിന് അവസാനിപ്പിച്ചു. ദിവസങ്ങള്‍ നീണ്ട പരിശീലനത്തിനുശേഷമാണ് ഇത്രയും നേരം നിരാഹാരം അനുഷ്ടിക്കാനുള്ള സഹന ശക്തി മുല്ലപ്പള്ളി കൈവരിച്ചത്. ഉച്ചഭക്ഷണ ബഹിഷ്കരണ സമരമെന്ന് ഇതിനെ പുനര്‍ നാമകരണം ചെയ്യണമെന്നാണ് ശത്രുക്കളുടെ ആവശ്യം. 

**************************

വാക്കുകളെ ചവച്ചരച്ച് തുപ്പുന്ന ശൈലിക്കാരനാണ് മുല്ലപ്പള്ളി. ഒരു വാക്കുകളോടും തെല്ലും കരുണയില്ലാത്ത മനുഷ്യന്‍. ശശിതരൂരിന്‍റെ മുന്നില്‍ പെട്ട കംപ്യൂട്ടര്‍ കീബോര്‍ഡിന്‍റെ അതേ അവസ്ഥയാണ് കെപിസിസി പ്രസിഡന്‍റിന്‍റെ മുന്നില്‍ പെട്ട മൈക്കുകള്‍ക്കുമുള്ളത്. ഈ വടകരക്കാരന്‍റെ മനം നിറയെ കഥകളാണ്. സ്വന്തം വീര കഥകള്‍. പാണന്മാര്‍ പാടി നടക്കാത്തതിനാല്‍ പുള്ളി സ്വയം പാടുന്നു എന്നു മാത്രം

**************************

നടന്‍ ദിലീപ് രാജിവച്ചതാണോ അതോ മോഹന്‍ലാല്‍ രാജിവയ്പ്പിച്ചതാണോ എന്ന വിഷയത്തില്‍ ഒരു സിബിഐ അന്വേഷണം തന്നെ വേണ്ടിവന്നേക്കും. പിക്ചറില്‍ ഇക്ക ഇല്ലാത്തതിനാല്‍ സേതുരാമയ്യരായി വീണ്ടും അവതരിച്ച് ഈ കേസ് ഒന്നു തെളിയിച്ചാല്‍ മതിയാര്‍ന്നു. ഒരു കത്ത് ഇങ്ങനെയൊരു കുത്തുതരുമെന്ന് മോഹന്‍ലാല്‍ കരുതിയിട്ടുണ്ടാവില്ല. ദേ പുട്ട് എന്ന് പറയുന്നതുപോലെ അത്ര സിംപിളായി ദേ കത്ത് എന്ന് അമ്മ പറയാന്‍ പാടില്ലായിരുന്നു.

MORE IN THIRUVA ETHIRVA
SHOW MORE