സീരിയലിലെ ചിറ്റമ്മമാർ നന്നായി; എന്നിട്ടും മോദിസർക്കാരിന് മാറ്റമില്ല

pinarayi-modi-thiruva
SHARE

പ്രളയദുരിതാശ്വാസത്തിനായി സഹായം തേടിയുള്ള യു.എ.ഇ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. പിണറായിയോട് വിദേശയാത്രയുടെ വിശേഷങ്ങള്‍ ചോദിച്ചറിയുന്നതിന്‍റെ  തിരക്കിലായിരുന്നു ഇന്ന് മറ്റ് മന്ത്രിമാര്‍. അങ്ങനെയൊരു വിശേഷംചോദിക്കല്‍ അവസ്ഥ വരുത്തിവച്ചത് കേന്ദ്ര സര്‍ക്കാരാണ്. വിദേശ പര്യടനത്തിനായി മിക്ക മന്ത്രിമാരും ബാഗ് പാക്ക് ചെയ്തുവച്ചിരുന്നതാണ്. പക്ഷേ കേന്ദ്രം ആരെയും പോകാന്‍ സമ്മതിച്ചില്ല. അല്ലെങ്കിലും കേരളം കഴിഞ്ഞ കുറെ നാളുകളായി ഡല്‍ഹിയില്‍ നിന്ന് ചിറ്റമ്മ നയത്തിനപ്പുറം പ്രതീക്ഷിക്കാറില്ല. 

സീരിയലിലെ ചിറ്റമ്മമാര്‍ വരെ സ്വഭാവം നന്നാക്കിയിട്ടും എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ സ്വഭാവം മാറ്റാത്തത് എന്നറിയില്ല. നമ്മുടെ മന്ത്രിമാര്‍ക്ക് കേന്ദ്രം വിദേശ പര്യടനത്തിന് അനുമതി കൊടുക്കാത്തതില്‍ ചെറുതല്ലാത്ത ഒരു കാര്യമുണ്ട്. ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം .ഇവിടുത്തെ മന്ത്രിമാരെല്ലാം കൂടി വിദേശ രാജ്യങ്ങളിലെത്തുമ്പോള്‍ സ്വാഭാവികമായും അവിടുത്തുകാര്‍ മോദിയെ അന്വേഷിക്കും. അന്നാട്ടുകാര്‍ക്ക് നല്ലോണം അറിയാവുന്ന ഏക ഇന്ത്യക്കാരന്‍ നമ്മുടെ പ്രധാനമന്ത്രിയാണെന്നതില്‍ തര്‍ക്കമില്ലല്ലോ. അപ്പോ ഈ ഇടത് മന്ത്രിമാര്‍ എന്തായാലും മോദിയെക്കുറിച്ച് നല്ലതൊന്നും പറയാന്‍ പോകുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് നല്ലോണമറിയാം. അതുകൊണ്ട് പോകണ്ട. അത്രേയുള്ളൂ

കേരളത്തിലെ പ്രളയ ദുരിതം കണ്ട് കാശ് വീശിയെറിയാന്‍ പല രാജ്യങ്ങളും തയ്യാറായപ്പോള്‍ ആ പണം വേണ്ട എന്ന് കേന്ദ്രസര്‍ക്കാര്‍ കട്ടായം പറഞ്ഞു. എന്നിട്ടും നമ്മുടെ മുഖ്യന്‍ പിണറായി അത് സഹിച്ചു. അമേരിക്കയില്‍ നിന്ന് വന്നിട്ട് നാട്ടില്‍പോലും പോകാതെ നേരെ ഡല്‍ഹിക്ക് വച്ചുപിടിക്കുകയും മോദിയെ കാണുകയും ചെയ്തു. നരേന്ദ്രമോദി നല്ലവനാണെന്നുവരെ പിണറായി സ്വന്തം നാവുകൊണ്ട് പറഞ്ഞു. എന്നിട്ടും കേരളത്തിന്‍റെ ചോറില്‍ മണ്ണ് വാരിയിടുന്ന സ്ഥിരം കേന്ദ്ര പരിപാടിക്ക് തെല്ലും കുറവില്ല. നാല് കാശ് പിരിച്ചുവന്നിട്ട് പത്തുപറയാന്‍ ഇരുന്നതാണ്. നാളത്തേക്ക് മാറ്റിവയ്ക്കാതെ ഇന്നുതന്നെ പറഞ്ഞില്ലെങ്കില്‍ പിണറായിക്ക് ഉറക്കം വരില്ല. അല്ല പിന്നെ. 

MORE IN THIRUVA ETHIRVA
SHOW MORE