ആരുടെ മുറ്റത്തേതാണ് ഈ തുളസി?

kollam-thulasi-thiruva
SHARE

നാട് ഭക്തിയുടെ നിറവിലാണ്. തെക്കോട്ട് പുറപ്പെട്ടിട്ടുള്ള എന്‍ഡിഎ നാമജപ ഘോഷയാത്ര കം ലോങ് മാര്‍ച്ചും പ്രാദേശികമായുള്ള ഇടതുപക്ഷ മാര്‍ക്സ് ജപ ഘോഷയാത്രയും കേരളത്തെ ശ്വാസം മുട്ടിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. വിശ്വാസവും അവിശ്വാസവും തെരുവിലിറങ്ങിയതോടെ നാട്ടുകാര്‍ ശ്വാസമെടുക്കാന്‍ പാടുപെടുകയാണ് എന്നതാണ് വസ്തുത.

എല്ലാവരും ഈ വിഷയത്തില്‍ അവരുടേതായ സംഭാവനകള്‍ നല്‍കുന്നുണ്ട് എന്നതാണ് ഒരു ആശ്വാസം. സാക്ഷാല്‍ വെള്ളാപ്പള്ളി നടേശന്‍ വരെ ശബരിമല വിഷയത്തില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. വിധിയെ അനുകൂലിക്കുന്നവര്‍ പ്രതികൂലിക്കുന്നവര്‍ എന്നിങ്ങനെ രണ്ടുതരക്കാരെയാണ് നാട്ടില്‍ കാണാനുള്ളതെങ്കില്‍ രണ്ടുവണ്ടിയിലും പക്ഷേ നടേശേട്ടനെ നിങ്ങള്‍ കണ്ടെന്നുവരും. തെറ്റിദ്ധരിക്കരുത്. പുള്ളി അങ്ങനാണ്. നാട്ടില്‍ രണ്ടുമൂന്നു ദിവസമില്ലാതിരുന്നവര്‍ക്കായി ഇന്നലകളിലെ നടേശേട്ടനെ കാട്ടിത്തരാം

വെള്ളാപ്പള്ളി അരിവാള്‍ ചുറ്റിക പതിച്ച കൊടിയുമായി ഇങ്ങനെ പോകുന്നതുകണ്ട ബിജെപി ഒന്നു ഞെട്ടി. മകന്‍ തങ്ങളുടെ ക്യാംപില്‍ ഇല്ലാത്ത കസേരയില്‍ ഇരുപ്പുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. പിണറായി ഉള്‍പ്പെടെയുള്ളവരുടെ ഇടത്തേ ചങ്കില്‍ ലഡുപൊട്ടി.   മാര്‍കും ലെനിനുമെല്ലാമാണ് സിപിഎമ്മിന്‍റെ ദൈവങ്ങള്‍.

മൂലധനത്തില്‍ അധിഷ്ടിതമായി അങ്ങനെ മുന്നോട്ടുപോകുന്ന അവര്‍ക്ക് ഈശ്വര വിശ്വാസികളുടെ മനസ് അത്രക്കങ്ങ് മനസിലാകണമെന്നില്ല. അതിന്‍റെ കുഴപ്പങ്ങളെല്ലാം ശബരിമല വിധി കൈകാര്യം ചെയ്യുന്നതില്‍ ഉണ്ടായി താനും. എങ്ങനെ കരകയറുമെന്നു വിചാരിച്ചിരിക്കുമ്പോഴാണ് അവതാരം കണക്കെ സാക്ഷാല്‍ വെള്ളാപ്പള്ളി അവതരിച്ചത്.

ഓണം ബമ്പര്‍ അടിച്ചവന്‍റെ സന്തോഷമാണ് പാര്‍ട്ടിക്ക് അപ്പോള്‍ ഉണ്ടായത്. നടേശേട്ടനാണെങ്കി‍ല്‍ കട്ട ഈശ്വര വിശ്വാസി. അങ്ങനെയൊരാള്‍ ശബരിമലയിലെ വിധിയെ താത്വികമായി വിവരിക്കാന്‍ കൂടെയുള്ളത് ആശ്വാസമാണെന്നുവിശ്വസിച്ച് ഇടതന്മാര്‍ ഉറങ്ങാന്‍ കിടന്നു. നേരം വെളുത്തപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ വണ്ടി എടുത്ത് ഗിയര്‍ മാറി. പക്ഷേ ഇട്ടത് റിവേഴ്സ് ഗിയറാണെന്നുമാത്രം. 

എസ്എന്‍ഡിപി യോഗം വിളിച്ച് കേരളത്തിലെ  നിലവിലെ രാമനാമജപ  സാഹചര്യം ചര്‍ച്ച ചെയ്യുമെന്നും ശബരിമല വിധിക്കെതിരായി നടക്കുന്ന സമരങ്ങള്‍ക്കെതിരെ സമാനത്രര സമരം നടത്തും എന്നൊക്കെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം.

ഈ വാക്ക് വിശ്വസിച്ച സിപിഎം ഒന്ന് റിലാക്സ് ചെയ്യുകയും ചെയ്തിരുന്നു. മൈക്രോ ഫൈനാന്‍സ് എന്നാല്‍ മൈക്രോ ഇടപാടുകള്‍ അതായത് തീരേ ചെറിയ ഇടപാടുകളാണെന്ന് പാര്‍ട്ടി സ്വയം പറയുകപോലും ചെയ്തു. എന്നിട്ടും നടേശേട്ടന്‍ വണ്ടി യു ടേണ്‍ എടുത്തു. ഇന്നലെ കണ്ടതാണോ അതോ ഇന്നുകണ്ടതാണോ സ്വപ്നം എന്നറിയാതെ കുഴങ്ങുകയാണ് മൈതാനത്തിന്‍റെ ഇടത് വിങ്.

സംഗതി സിപിളാണ്. നാമജപ ഘോഷയാത്രക്കിടെ തുഷാര്‍ വെള്ളാപ്പള്ളി സീനിയര്‍ വെള്ളാപ്പള്ളിയുടെ പിണറായി പാരായണം കേട്ടു. പിഎസ് ശ്രീധരന്‍ പിള്ള വക്കീല് വിചാരണ തുടങ്ങും മുമ്പേ ലോങ്മാര്‍ച്ചില്‍ നിന്ന് ഷോര്‍ട് ഇടവേളയെടുത്ത് തുഷാര്‍ കണിച്ചികുളങ്ങരയിലേക്ക് പാഞ്ഞു.

ചെന്നപാടെ നാല് ശ്ലോകം അങ്ങ് കാച്ചി. അതോടെ എല്ലാം ശുഭം. ഇതിനു മുമ്പും പക്ഷേ ഇത്തരം നാടകങ്ങള്‍ ഈ കമ്പനിയില്‍നിന്ന് നിര്‍മിച്ചിട്ടുണ്ട്. ബിജെപി ദേശീയ യോഗം കോഴിക്കോട് ചേര്‍ന്ന അന്നു രാവിലെ ബിഡിജെഎസ് എന്‍ഡിഎ വിടുന്നു എന്നൊരു വെടി ആശാന്മാര്‍ പൊട്ടിച്ചു. അതോടെ ദേശീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗം കണിച്ചികുളങ്ങര കാര്യങ്ങള്‍ ചര്‍ച്ചിക്കേണ്ടിവന്നു. അതുകൊണ്ട് മികച്ച നടന്‍ ആരാണെന്ന തര്‍ക്കം ഈ വീട്ടില്‍ ഉണ്ടെന്നുമാത്രം തല്‍ക്കാലം മനസിലാക്കുക

രാമജപ ഘോഷയാത്രയില്‍ പ്രസംഗിക്കാന്‍ വിളിക്കുന്നവരോട് ബിജെപിക്കാര്‍ സന്ദര്‍ഭവും സാഹചര്യവും നന്നായി വിശദീകരിക്കണം. അല്ലെങ്കില്‍ അവര്‍ അയോധ്യാ കാണ്ഡത്തിനുപകരം യുദ്ധകാണ്ഡം പ്രസംഗിക്കും. അങ്ങനെയൊരു പ്രസംഗമാണ് നടന്‍ കൊല്ലം തുളസി ഇന്ന് കൊല്ലത്ത് നടത്തിയത്.

നാട്ടില്‍ പ്രസംഗിക്കാന്‍ കിട്ടിയ വേദിയില്‍ തുളസി ഉറഞ്ഞാടിയപ്പോള്‍ പക്ഷേ വിറച്ചത് ബിജെപിയാണ്. ശബരിമലയിലേക്ക് പുറപ്പെടുന്ന ഋതുമതികളായ സ്ത്രീകളെ എരുമേലിയില്‍ തടയുമെന്ന് പിസി ജോര്‍ജും അതിലുംഅല്‍പ്പം ഏറിയോ കുറഞ്ഞോ ഉള്ള ഭാഷയില്‍ കെ സുധാകരനും ചിലത് പറഞ്ഞിരുന്നു. എന്നാല്‍ അതൊക്കെ സാംസ്കാരിക കേരഴത്തില്‍ സ്ഥിരം സംസ്കാരമായതിനാല്‍ ആരും ഞെട്ടിയില്ല. പക്ഷേ തുളസി ഞെട്ടിച്ചുകളഞ്ഞു. അഭിനയിച്ച സിനിമയില്‍പ്പോലും ഇങ്ങനൊരു ഡയലോഗ് പുള്ളി പറഞ്ഞിട്ടുണ്ടാവില്ല. 

തീ പടരുന്നതുകൊള്ളാം. സ്വന്തം കൈ പൊള്ളാതെയും കോട്ടില്‍ തീ പടരാതെയും വക്കീല്‍ നോക്കിയാല്‍ കൊള്ളാം. അല്ലെങ്കില്‍ കോട്ടില്ലാതെ ചിലപ്പോള്‍ കേസ് വാദിക്കേണ്ടിവരാം. ഫീസൊട്ട് കിട്ടത്തുമില്ല. പറഞ്ഞുവന്നത്  കൊല്ലം തുളസി ശബരിമല എന്നു കേള്‍ക്കുമ്പോള്‍ വികാരാധീനനായതില്‍ തെല്ലും തെറ്റുപറയാനാവില്ല. അങ്ങനെയൊരു അനുഭവം പുള്ളിക്കുണ്ട്. പണ്ട് ശബരിമല എന്നു കേള്‍ക്കുമ്പോള്‍ ഉറഞ്ഞുതുള്ളിയിരുന്ന തുളസി ഭക്തനായതിനുപിന്നിലെ ആ കഥ നമ്മള്‍ വെളിപ്പെടുത്തുകയാണ്

ശബരിമല വിധികാരണം കുടുക്കിലായവരില്‍ അവസാനത്തേ ആളാണ് കൊല്ലം തുളസി. ഇതിന് തൊട്ടുമുമ്പ് പെട്ടത് പികെ ശ്രീമതിയായിരുന്നു. സര്‍ക്കാരിനെെതിരായ ബിജെപി സമരത്തെ നേരിടാന്‍ വനിതാ വിങ്ങിനെ സിപിഎം കളത്തിലിറക്കിയിട്ടുണ്ട്. അതിലെ പ്രധാന തുഴക്കാരിയായിരുന്നു പികെ ശ്രീമതി. അത്യാവശ്യം നല്ല രീതിയില്‍ അണികളെ ഇളക്കി പത്തനംതിട്ടയില്‍ ശ്രീമതി ടീച്ചര്‍ തന്‍റെ അറിവ് പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ ഇപ്പോള്‍ ആകെ നനഞ്ഞാണ് നില്‍പ്പ്. ഈറന്മാറാന്‍ വനിതാമോര്‍ച്ച സമ്മതിക്കുന്നില്ല. 

MORE IN THIRUVA ETHIRVA
SHOW MORE