പിണറായിയുടെ നാളും നാവും നോക്കി ഭാവി പ്രവചിക്കുന്ന സുരേന്ദ്രൻ

thiruva
SHARE

നാടെങ്ങും നാമജപഘോഷയാത്രയാണ്. പ്രളയംകാരണം നാട്ടുകാര്‍ ആഘോഷമെല്ലാം ഉപേക്ഷിച്ചനേരത്താണ് സുപ്രീകോടതി വിധി വരുന്നത്. അതോടെ നാടൊന്നുണര്‍ന്നു. വെള്ളത്തില്‍നിന്ന് കരകയറിവര്‍ ഇനി ചെയ്യേണ്ടത് മറികടക്കലാണ്. അതായത് സുപ്രീംകോടതി വിധി മറികടക്കണം. അതിന് ഓര്‍ഡിനന്‍സിനായി കേന്ദ്രത്തോട് പിണറായി വിജയന്‍ ആവശ്യപ്പെടണമെന്നാണ് ബിജെപി പറയുന്നത്. അത് കേള്‍ക്കുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലത്. കാരണം പിണറായിയുടെ സകലപ്രശ്നങ്ങള്‍ക്കും കാരണം ദൈവകോപമാണ്. പിണറായിയുടെ നാളും നാവും നോക്കി സുരേന്ദ്രനാണ്  ഭാവി പ്രവചിക്കുന്നത്. ഇന്ദ്രനെയും ചന്ദ്രനെയും ഭയമില്ലാത്ത പിണറായി വിജയന്‍, ഈ സുരേന്ദ്രനെ ഭയക്കാന്‍ സാധ്യതയില്ല. എങ്കിലും ഒന്ന് ശ്രദ്ധിച്ചോളണം.

***************************

മനസിരുത്തി സഹായിക്കാന്‍ പിണറായി വിജയന്‍ എന്തായാലും ഒരുക്കമല്ല. പക്ഷെ, ചൂണ്ടയില്‍കുരുങ്ങുന്ന മറ്റൊരാളുണ്ട് പിണറായിക്കൊപ്പം. ദേവസ്വം മന്ത്രിയാണ് കക്ഷി. കെ. സുരേന്ദ്രന്‍ എന്ന് നീട്ടി എഴുതിയാല്‍ കടകം പള്ളി സുരേന്ദ്രന്‍ എന്നുവായിക്കാവുന്നതേയുള്ളൂ. ആത്മീയതയുടെ അനന്തസാധ്യതകളന്വേഷിച്ചുള്ള പ്രയാണത്തിന് വെമ്പുകയാണ് ആ മനസ്. സുരേന്ദ്രന്‍ എന്ന പേരില്‍മാത്രമല്ല, മാധവസേവയിലും ഒരുപോലെയാണ്. ഗുരു കടകംപള്ളിയുടെ ആധ്യാത്മിപ്രഭാഷണപരമ്പരയിലേക്ക് എല്ലാവിശ്വാസികള്‍ക്കും സ്വാഗതം.

************************

അവകാശത്തെകുറിച്ച് വെറുതെ പറഞ്ഞാല്‍പ്പോര സഖാവേ. പണ്ട്  ഗുരുവായൂരപ്പനെ കാണാന്‍ പോയപ്പോ താങ്കളൊക്കെ പാര്‍ട്ടിതറവാട്ടിലുണ്ടാക്കിയ  പുകില് നന്നായി അനുവഭവിച്ചയാളാണ് ഗുരു കടകംപള്ളി. അന്നുമുതല്‍ ആരാണ് ഞാന്‍ എന്ന ചോദ്യം ശങ്കരനെപ്പോലെ അന്വേഷിച്ചുകൊണ്ടിരിക്കുന്നയാളാണ്. പിണറായി സഖാവ് സമ്മതിച്ചാലും ഇല്ലെങ്കിലും സങ്കടങ്ങള്‍ ഇറക്കിവയ്ക്കാന്‍ കടകംപള്ളിക്ക് ഒരാളെ ഇപ്പോഴുള്ളൂ. അത് ദൈവമാണ്. സാക്ഷാല്‍ ഗോഡ്.

*************************

വലിയൊരു ഭാണ്ഡക്കെട്ടാണ് കടകംപള്ളി ഗുരു അഴിച്ച് താഴെവച്ചത്. ഇതുകൊണ്ട് തീര്‍ന്നു എന്നുവിചാരിക്കരുത്. കേരളത്തിലെ നവോത്ഥാനമുന്നേറ്റങ്ങളെകുറിച്ചുള്ള തെറ്റിദ്ധാരണ നീക്കുകയാണ് അടുത്തജോലി. വിദ്യാഭ്യാസമേഖലയുടെ പുരോഗതിയുടെ ആണിക്കല്ലും കാണിച്ചുതരും. മുണ്ടശേരി മാഷെകുറിച്ചൊക്കെ ഇനി സഖാക്കള്‍ പറയുമ്പോള്‍ സൂക്ഷിച്ചോളണം. നവരാത്രി ആഘോഷത്തിന്റെ ആവേശത്തില്‍ ഗുരു കത്തിക്കയറുകയാണ്. പക്ഷെ, പഴയ ദേവസ്വം മന്ത്രി ജി സുധാകരന് ഇതൊന്നും അത്രയ്ക്കങ്ങ് രസിക്കുന്നില്ല. സഹകരണമന്ത്രിയായിട്ടും നിസ്സഹകരണമാണ് പണി.

****************************

അതാണ് കുഴപ്പം. സത്യം പറയുന്നവര്‍ക്ക് വട്ടാണെന്ന് ആരോപിച്ചുകളയും. ഫലം ഇച്ഛിക്കാതെ പ്രവൃത്തി ചെയ്യാനാണ് ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞിട്ടുള്ളത്. കടകംപള്ളി  ചെയ്തൊക്കെയും പുണ്യപ്രവര്‍ത്തിയാണ്. പുണ്യം എന്നൊന്നും പാര്‍ട്ടിക്ലാസില്‍ പഠിപ്പിക്കാത്തതാണ്. മറ്റുള്ളവരുമായുള്ള ദൈവതുല്യമായ സമ്പര്‍ക്കത്തിലൂടെ ഗുരു ആര്‍ജിച്ചെടുത്തതാണ്. ജനനീ ജന്‍മഭൂമിശ്ച സ്വര്‍ഗാധപീ ഗരീയസ്സി എന്ന ഭാഗമാണ് പ്രഭാഷണപരമ്പരയില്‍ അടുത്തതായി.

*********************

ഗുരുവിന്റെ പ്രഭാഷണം വെറുതെ ശ്രവിച്ചാല്‍പോര പിണറായി സഖാവ്. ഉപദേശകരുടെ സിംഹാസനത്തില്‍ കഴിഞ്ഞദിവസം ഒരു കുറവുണ്ടായിട്ടുണ്ടല്ലോ.  ആ ഗ്യാപ്പില്‍ നിയമിക്കാവുന്നതാണ്. വിവാദമായാല്‍ പണ്ടൊക്കെ രാജഗുരുവുണ്ടായിരുന്നു എന്ന് പ്രതിപക്ഷത്തോട് വാദിക്കാമല്ലോ. നവോത്ഥാനത്തെകുറിച്ചൊക്കെ സംസാരിക്കുമ്പോള്‍ ഗുരു അത്താണിയുകുമെന്നുറപ്പാണ്. ഈശ്വരോ രക്ഷതു.

*********************

ഏയ് അങ്ങനെയൊന്നും ചിന്തിക്കേണ്ട. പ്രഭാഷണപരമ്പര വിശ്വാസികളെ ഹഠാദാകര്‍ഷിച്ചില്ലേ. അതുപോരെ. ഇനി അഥവാ പാര്‍ട്ടി ശകാരിക്കാന്‍ വിളിച്ചു എന്നിരിക്കട്ടെ. അപ്പോള്‍ പറയാന്‍ ഒരു നമ്പറ് പറഞ്ഞുതരാം. സംസ്ഥാനം മൊത്തത്തില്‍ ദാരിദ്ര്യത്തിലാണല്ലോ. അതുകൊണ്ട് വിശ്വാസികള്‍ക്കൊപ്പം ചേര്‍ന്ന് ക്ഷേത്രത്തിലൊക്കെ കുമിഞ്ഞുകൂടുന്ന പണം ഉപയോഗപ്പെടുത്താന്‍ നീക്കം നടത്തിയതാണെന്ന് അങ്ങ് തട്ടിയാല്‍ മതി. പണ്ട് ഗുരുവായൂര് പോയപ്പോ അവിടുത്തെ കൊടികള്‍ കണ്ട് ഗുരു ഞെട്ടിയതല്ലേ. മറന്നോ.

************************

കടകംപള്ളിയെ ഇങ്ങനെ പച്ചയ്ക്ക് ക്ഷണിക്കാന്‍ കാരണം ആ ചെന്നിത്തലയാണ്. ക്ഷണിക്കുംമുമ്പെ സുരേന്ദ്രന് പഠിക്കുകയാണ് പ്രതിപക്ഷനേതാവ്. ഇടവേളയ്ക്ക് ശേഷം നിങ്ങള്‍ക്കത് ബോധ്യമാവും.

*****************************

പിണറായി വിജയന്‍ സര്‍ക്കാരിന്, വിശ്വാസികളോട് തെല്ലും മമതയില്ലെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. കെ. സുരേന്ദ്രനും അതുതന്നെ പറയുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ ക്ഷേത്രബാന്ധവം ഒളിച്ചുനോക്കാന്‍ ഒരുമിച്ചുപോയവരാണ് ചെന്നിത്തലയും സുരേന്ദ്രനും. ബ്രൂവറി ഹിറ്റായതോടെ ചെന്നിത്തല ഫോമിലാണ്. സുരേന്ദ്രനാണ് ആരോപണമുന്നയിക്കുന്നതില്‍ ചെന്നിത്തലയുടെ മോഡല്‍. കാവിയും ഖദറും കഞ്ഞിപ്പശയിലിടുന്നത് ഒരേ ബക്കറ്റിലാണ്.

***************************

കോടിയേരിയെ പെടുത്തുംമുമ്പ് ചെന്നിത്തല കൂടുതല്‍പെടാതെ നോക്കണം. മാടമ്പികള്‍ക്കൊപ്പംനിന്ന് മാടമ്പിത്തരം കാണിക്കുന്നത് ഒരു സുഖമാണ്. പക്ഷെ ആ സ്വഭാവം ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന്റെ മേല്‍ക്കൂര ഇനിയും പൊളിഞ്ഞുവീഴും. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പിന്‍മുറക്കാര്‍ നവോത്ഥാനത്തിന്റെ ക്രഡിറ്റ് എടുത്തോളൂ. പക്ഷെ, ആര്‍എസ്എസും നമ്മളും കൂടി എന്ന ലൈനില്‍ സംസാരിക്കുന്നത് ബോറാണ്. ബ്രൂവറിയില്‍കിട്ടിയ കിരീടത്തിന് കാവിപെയിന്റടിച്ചാല്‍ സൗന്ദര്യം കൂടുമെന്ന് കരുതരുത് രമേശ് ജീ.

MORE IN THIRUVA ETHIRVA
SHOW MORE