പിണറായി സൂക്തങ്ങളും; നടേശന്‍റെ അനുഗ്രഹാശീര്‍വാദങ്ങളും

Thiruva-Eathirva-1
SHARE

വിഷമിക്കേണ്ട എല്ലാ ഉത്തരങ്ങളും തിരുവാ എതിര്‍വാ കൊടുക്കും.  പക്ഷേ ഒപ്പം ചില ചോദ്യങ്ങളും ഉണ്ടാവുമെന്നുമാത്രം. ഉത്തരം മാത്രം കൊടുക്കാന്‍ ഇത് റേഡിയോ അല്ലല്ലോ. 

കഴിഞ്ഞ ദിവസം കണിച്ചികുളങ്ങരയിലെ വീട്ടില്‍ ഉച്ചയൂണിനായി കാത്തിരിക്കുകയായിരുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബോറഡിമാറ്റാന്‍ വെറുതെ ടിവി വെച്ചു. അപ്പോ അതാ അതില്‍ കേരള മുഖ്യന്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. അല്‍പ്പം വിശപ്പടങ്ങാനുള്ളത് വല്ലതും തടയുമോ എന്നറിയാന്‍ വെറുതെ കണ്ണും ചെവിയും കൂര്‍പ്പിച്ചു. അപ്പോ അതാ പിണറായിയുടെ സൂക്തങ്ങള്‍ ഒഴുകി ഒഴുകി വരുന്നു

ഇതുകേട്ട വെള്ളാപ്പള്ളിയുടെ വിശപ്പ് അടങ്ങി എന്നു മാത്രമല്ല ചില ചതിയുടെ ഓര്‍മകള്‍ തികട്ടി വരുകയും ചെയ്തു. അപ്പോ തന്നെ സടകുടഞ്ഞ നടേശന്‍ ചങ്ങനാശേരി ഭാഗത്തേക്കുനോക്കി ഒന്ന് ഗര്‍ജിച്ചു. നായാടിമുതല്‍ നമ്പൂതിരിവരെയുള്ളവരം ഒരു വണ്ടിയില്‍ കയറ്റാന്‍ ഇറങ്ങിത്തിരിച്ച തനിക്കിട്ട് എട്ടിന്‍റെ പണിതന്ന എന്‍എസ്എസ് സുകുമാരന്‍ നായര്‍ക്കിട്ട് നല്ലൊരു തട്ടുകൊടുക്കനുള്ള വകുപ്പ് പിണറായിയുടെ നാവില്‍നിന്നു വീണ വാക്കുകളിലുണ്ടെന്ന് വെള്ളാപ്പള്ളിക്ക് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലല്ലോ. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം. നായര്‍ക്കിട്ട് പണിയുകേം ചെയ്യാം. പിണറായിയുടെ ഒരു മന്ദഹാസത്തിന് പാത്രമാവുകയും ചെയ്യും. പിന്നെ ഒന്നും നോക്കിയില്ല. ശബരിമല വിധിക്കെതിരെ റിവ്യൂ ഹര്‍ജി കൊടുത്ത നായരെ മനസില്‍ സ്മരിച്ചുകൊണ്ട് കണിച്ചികുളങ്ങര രാഗത്തില്‍ ഒരലക്കലക്കി. 

പിണറായി വിജയന്‍റെ കയ്യാളായി വെള്ളാപ്പള്ളി വേഗത്തില്‍ കളം നിറഞ്ഞു. നടേശേട്ടന്‍ എസ്എന്‍ഡിപിയുടെ സെക്രട്ടറിയാണോ അതോ സിപിഎമ്മിന്‍റെ സെക്രട്ടറിയാണോ എന്ന് ശത്രുക്കള്‍ പോലും സോഷ്യല്‍ മീഡിയയില്‍ ചോദിച്ചു. അതെ വെള്ളാപ്പള്ളി വേഗം വൈറലായി. ആരെയും എന്തും പറയാം. അതാണ് വെള്ളാപ്പള്ളിയുടെ നാവിന്‍റെ രാശി. വാളിന്‍റെ മൂര്‍ച്ചയുള്ള അതിന് പന്തളം രാജകുടുംബമെന്നോ തന്ത്രിമാരെന്നോ നോട്ടമില്ല. സുപ്രീം കോടതി വിധിയെ എങ്ങനെ തോല്‍പ്പിക്കാമെന്ന ലളിതമായ ഒറ്റമൂലിയും വെള്ളാപ്പള്ളിയുടെകൈയ്യിലുണ്ട്. 

പ്രവര്‍ത്തികൊണ്ട് കോടതി വിധിയെ തോല്‍പ്പിക്കണം. മഹാത്മാഹാന്ധിയൊക്കെ കാണിച്ചുതന്ന തന്ത്രമാണ്. പക്ഷേ നാട്ടിലെ കോണ്‍ഗ്രസുകാര്‍ക്ക് ഇതൊന്നും ഒര്‍മയില്ല. വെള്ളാപ്പള്ളി സ്റ്റാര്‍ട്ടിങ് പോയിന്‍റില്‍ നിന്ന് വെടിപൊട്ടിച്ച് ഓടാന്‍വിട്ട ബിഡിജെഎസ് എന്ന പാര്‍ട്ടി സാങ്കേതികമായി നിലവില്‍ എന്‍ഡിഎയുടെ ഭാഗമാണ് . വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ കേരളത്തിലെ എന്‍ഡിഎയുടെ ഡ്രൈവിങ് സീറ്റിലുണ്ട്. എന്നിട്ടും ഒരു കരുണയുമില്ലാതെ പിണറായിക്കുവേണ്ടി വെള്ളാപ്പള്ളി ബിജെപിയെ കണ്ടക്കം മുണ്ടക്കം വെട്ടി. വാര്‍ത്താ സമ്മേളനം കഴിഞ്ഞ് വെള്ളാപ്പള്ളി കളം വിട്ടിട്ടും തുഷാറിന് ബോധം വീണിട്ടില്ലെന്നാണ് കേള്‍വി

അയ്യോ. അത് പ്രഭാഷണമായിരുന്നില്ല. വാര്‍ത്താ സമ്മേളനമായിരുന്നു. താങ്കള്‍ ഇപ്പോള്‍ നടത്തുന്നതും പ്രഭാഷണമല്ല എന്ന് പറഞ്ഞുകൊള്ളട്ടേ

ശബരിമല വിധിവന്നപ്പോള്‍ വിശ്വാസികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയില്ല  എന്നാണ് ബിജെപിയുടെ പരാതി. ഹിന്ദുക്കളുമായി സമരത്തിനിറങ്ങിയ ബിജെപി എസ്എന്‍ഡിപിയുമായി ചര്‍ച്ച നടത്തിയില്ലെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. നായര്‍ക്കൊപ്പം ബിജെപി പോകുന്നത് കാണേണ്ടിവന്ന ഈഴവ നേതാവ് ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് പറയേണ്ടത്. പ്രത്യേകിച്ച് ജാതി മതം എന്നിവ മാത്രം കേരളത്തില്‍ കേട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത്. പാവം ശ്രീനാരായണഗുരുവിന്‍റെ ഉപദേശങ്ങള്‍ ആര് കേള്‍ക്കാന്‍. ഒന്നുറപ്പാണ്. കോടതിയെ പ്രവര്‍ത്തികൊണ്ട് തോല്‍പ്പിക്കാന്‍ വെള്ളാപ്പള്ളി അണികള്‍ തയ്യാറായിക്കഴിഞ്ഞു

ചില വാക്കുകള്‍ വെള്ളാപ്പള്ളിയുടെ നാവിന് വഴങ്ങില്ല. ഉദാഹരണത്തിന് പ്രതിസന്ധി എന്ന് പറയേണ്ടിവരുന്ന ഘട്ടത്തില്‍ പ്രസിതന്തിഎന്നേ വെള്ളാപ്പള്ളി പറയൂ. പാര്‍ട്ടിയുടെ ബിഡിജെഎസ് എന്ന പേര് തുണ്ടുപേപ്പറില്‍ എഴുതി പോക്കറ്റില്‍ സൂക്ഷിക്കുകയും പേര് പറയേണ്ടിവരുമ്പോള്‍ അത് റഫര്‍ ചെയ്യുകയും ചെയ്യുന്നതും പുള്ളിക്കി ശീലമാണ്. അതുപോലെ പരമ്പരാഗതമായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന ഒരു വാചക ഘടനയും അതേപടി നടേശന്‍ പറയില്ല. അതാണ് ശീലം

സമുദായത്തോട് അത്രക്ക് ആത്മാര്‍ഥതയായതിനാല്‍ മുറ്റത്ത് മുല്ല റോസ് എന്നിവ ഉണ്ടായിട്ടും അപ്പുറത്തെ തൊടിയിലുണ്ടായിരുന്ന മഞ്ഞപ്പൂവാണ് യുവമോര്‍ച്ചക്കാര്‍ക്ക് സമ്മാനമായി പറിച്ചുവച്ചിരിക്കുന്നത്. തീര്‍ന്നില്ല. ഇനിയുമുണ്ട്. ചക്ക വീണ് മുയല്‍ ചത്തു എന്നാണ് നമ്മള്‍ കേട്ടിട്ടുള്ളത്. കണിച്ചികുളങ്ങരഭാഗത്ത് കാടുകുറവാണ്. അതിനാല്‍ മുയലില്ല. പൂച്ചയാകട്ടെ ധാരാളമുണ്ടുതാനും. 

നമ്മുടെയൊക്കെ ചങ്ക് ചെമ്പരത്തിപ്പൂ പോലെയാണ്. എന്നാല്‍ ചേര്‍ത്തല താലൂക്ക് യൂണിയന്‍റെ ബയോളജി പുസ്തകത്തില്‍ ചങ്കിന് ചെത്തിരപ്പൂവിന്‍റെ രൂപമാണ്. 

വക്കീലന്മാരുമായി തര്‍ക്കിക്കാന്‍ പോകരുത്. കോടതിയിലല്ലാതെ മറ്റെവിടെയും അവരുടെ വാദങ്ങള്‍ തോല്‍ക്കില്ല. ശബരിമല വിധിയുടെ നിയമവശം സുപ്രീംകോടതി പറഞ്ഞതുപോലെയല്ല എന്നാണ് ബിജെപി അധ്യക്ഷന്‍കൂടിയായ പിള്ളേച്ചന്‍ വക്കീലിന്‍റെ വ്യാഖ്യാനം. എല്ലാ സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവധിക്കണമെന്ന വിധി ഭരണഘടനാ ബഞ്ച് വെറുതെ പറഞ്ഞതാണത്രേ. റിവ്യൂ ഹര്‍ജി ഒരെണ്ണം മതിയെന്ന് നിയമം അറിയാവുന്ന വക്കീല്‍ വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും രണ്ടുപേര്‍ ഹര്‍ജി സമര്‍പ്പിച്ചു. അപ്പോ പിന്നെ എന്തിനാണ് ബിജെപിയുടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം. ഈ ചോദ്യത്തിന് ഏത് എംടി രമേശിനും മറുപടി പറയാവുന്നതാണ്. അതിപ്പോ എന്തിനാ. എണ്ണം കൂടിയതുകൊണ്ട പ്രത്യേകിച്ച് ഗുണമില്ലെന്ന് വക്കീല്‍ പറയുന്നുണ്ടല്ലോ. 

നിയമപ്രശ്നങ്ങളും വിധി കാരണം ഉടലെടുത്ത സംശയങ്ങളും ഇപ്പോളും അവസാനിച്ചിട്ടില്ല. വിധിയെ മറികടക്കാന്‍ ആരാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടത്. ഇതാണ് മറ്റൊരു തര്‍ക്ക വിഷയം. അയ്യപ്പാ ഒരു വഴികാട്ടണേയെന്ന് പിണറായി പ്രാര്‍ത്ഥിച്ചാലും തെറ്റുപറയാന്‍ പറ്റാത്ത സാഹചര്യം. ഈ വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് ഇനി ചെയ്യാവുന്ന മാര്‍ഗം വക്കാലത്ത് ശ്രീധരന്‍ പിള്ളയെ ഏല്‍പ്പിക്കുക എന്നതാണ്. കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കാമല്ലോ.

ബിജെപിക്കു മാത്രമേ സ്ത്രീശക്തിയുള്ളുവെന്ന് നാട്ടുകാര്‍ കുറച്ചുദിവസമായി കരുതുന്നുണ്ട്. ആ തെറ്റിദ്ധാരണ അങ്ങ് മാറ്റാം എന്നുകരുതി സിപിഎം ഒരു തുറുപ്പു കാര്‍ഡിറക്കി. വിവിധയിടങ്ങളില്‍ വനിതാ സഖാക്കള്‍ രാമനാമജപ പ്രകടനത്തിന് ബദല്‍ നടപ്പിലാക്കി. പത്തനംതിട്ടയില്‍ സഖാവ് പികെ ശ്രീമതിയായിരുന്നു ചെ നാമജപ വോളണ്ടിയര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. പക്ഷേ പണി ചെറുങ്ങനെ ഒന്നു പാളി. പാര്‍ട്ടി സ്റ്റഡിക്ലാസുകളില്‍ പങ്കെടുക്കാത്ത ചിലര്‍ നയ വ്യതിയാനം എന്ന വലിയ കുറ്റം ചെയ്തു. താത്വികമായല്ലാതെ പറഞ്ഞാല്‍ ആകെ നാറിപ്പോയി

MORE IN THIRUVA ETHIRVA
SHOW MORE