എണ്ണ വില കുറച്ചിരിക്കുന്നു; അല്ലെങ്കിലും ചില കാര്യങ്ങള്‍ വിശ്വസിക്കാന്‍ പ്രയാസം

thiruva-fuel-price
SHARE

വിശ്വസിക്കാന്‍ പാടാണ്, എങ്കിലും സത്യമതാണ്, എണ്ണ വില കുറച്ചിരിക്കുന്നു. അല്ലെങ്കിലും ചില കാര്യങ്ങള്‍ വിശ്വസിക്കാന്‍ പ്രയാസമാണല്ലോ. വിശ്വസിച്ചാലും ഇല്ലെങ്കിലും തല്‍ക്കാലം തിരുവാ കാണാം.

സുപ്രീം കോടതിയാണ് വിധിച്ചത്. പലരും പറയുന്നതുകേട്ടാല്‍ തോന്നും പിണറായി വിജയന്റെ ഏതോ ബന്ധുവിന്റെ സ്ഥാപനമാണെന്ന്. സംഗതി വിശ്വാസത്തിന്റെ പ്രശ്നമാണ്.  ചെറിയ തരി മതി, ആളിക്കത്തും. എന്തും ആളിക്കത്തിക്കാനുള്ള ശ്രമം തകൃതിയായി നടക്കുമ്പോള്‍ പ്രത്യേകിച്ചും. പക്ഷെ, ജനഹിതം മനസ്സിലാക്കി കുറേ നല്ലവരായ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.മുരളീധരനും പി. ശ്രീധരന്‍ പിള്ളയുമാണ് അവരില്‍ പ്രധാനികള്‍. തെരഞ്ഞെടുപ്പുകാലത്ത് ജനഹിതം നന്നായി അറിഞ്ഞിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ യുഗയുഗാന്തരങ്ങളായുള്ള വിശ്വാസങ്ങളെകുറിച്ചുള്ള ജനഹിതം അവര്‍ മനസ്സിലാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. 

*************************

മുസ്ലീംലീഗിന്റെയും കോണ്‍ഗ്രസിന്റെയും കലവറിയില്ലാത്ത പിന്തുണയില്‍ കോരിത്തരിക്കുകയാണ് ശ്രീധരന്‍പിള്ള. റിവ്യൂ ഹര്‍ജി നല്‍കി പിണറായി വിജയനും ഇക്കൂട്ടത്തില്‍ക്കൂടുമെന്ന പ്രതീക്ഷയിലായിരുന്നു ചിലര്‍. പക്ഷെ അതുണ്ടായില്ല. അതോടെ പിണറായി പ്രതിസ്ഥാനത്തുമായി. മുഖ്യമന്ത്രിയുടേത് മുടന്തന്‍ ന്യായമെന്നാണ് വിശ്വാസികളായ നേതാക്കളുടെ ആരോപണം. മുടന്തനെങ്കിലും അതില്‍ ന്യായമുണ്ടല്ലോ എന്ന സമാധാനത്തിലാണ് കോടിയേരിയും കൂട്ടരും പിടിച്ചുനില്‍ക്കുന്നത്. കാരണം നിരീശ്വരവാദികളായിപ്പോയല്ലോ.

***********************

കുഞ്ഞാലിക്കുട്ടിയുടെ വിഷമത്തിന്റെ യഥാര്‍ഥ കാരണം, പക്ഷെ ഇതൊന്നുമല്ല. ഇന്ന് ​ഞാന്‍ നാളെ നീ എന്നൊരു തത്വമുണ്ടല്ലോ. വിധി എപ്പോഴും ബിരിയാണിയുമായി വരുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. ഇടയ്ക്ക് ഒറ്റവരവായിരിക്കും. അന്ന് അതിനെ പ്രതിരോധിക്കണമെങ്കില്‍ ഇന്നേ ഇറങ്ങുന്നതാണ് ബുദ്ധി. കുഞ്ഞാക്കയ്ക്ക്  അല്ലെങ്കിലും നീട്ടിയെറിഞ്ഞാണ് ശീലം.

**************************

പക്ഷെ, കെ മുരളീധരന് ഇക്കാര്യത്തില്‍ ഒരു പോംവഴി ഉപദേശിക്കാനുണ്ട്. ലളിതമാണ്. പിണറായി വിജയന്‍ പിടിവാശി ഉപേക്ഷിക്കണം. പിടിവാശി കാരണം ഉണ്ടാകുന്ന പൊല്ലാപ്പുകളാണ് മുഖ്യമന്ത്രിയെ കുഴിയില്‍ച്ചാടിക്കുന്നത്. പിടിവാശി, സ്വന്തക്കാരനായ ദേവസ്വം ബോര്‍ഡ് ചെയര്‍മാനോടുപോലും കാണിക്കുന്നത് മുരളിയെ തെല്ലൊന്നുമല്ല വേദനിപ്പിക്കുന്നത്. 

************************

വിശ്വാസിയാണ് താനെന്ന് ശ്രീധരന്‍ പിള്ളയ്ക്ക് നല്ല വിശ്വാസമുണ്ട്. ഈ ലോകത്ത് വിശ്വാസമില്ലാത്തോ ഒന്നേയുള്ളൂ. അത് സോഷ്യല്‍ മീഡിയ ആണ്. പ്രത്യേകിച്ച് ഫെയ്സ് ബുക്ക്. എല്ലാരും മല കയറിക്കോ എന്ന് പറഞ്ഞ് പണ്ട് കെ.സുരേന്ദ്രന്‍ ഒരു സാധനമങ്ങ് പോസ്റ്റ് ചെയ്തു. സിപിഎമ്മുകാര്‍ക്കുവരെ രോമാഞ്ചമുണ്ടാക്കിയ പോസ്റ്റ് പാവം ശ്രീധരന്‍ പിള്ള മാത്രം അറിഞ്ഞില്ല. വല്ല ഫോട്ടോ ഷോപ്പോ മറ്റോ ആണെങ്കില്‍ പ്രവര്‍ത്തര്‍ അയച്ചുതന്നേനെ. ഇത് ഒറിജിനലായിപ്പോയി. നിലപാട് മാറ്റത്തില്‍ ഫേസ് നഷ്ടമായ സംഘടനയ്ക്ക് പുതിയൊരു അക്കൗണ്ട് തുടങ്ങാവുന്നതാണ്.

*************************

കഴിഞ്ഞദിവസം സംവിധായകന് വിനയന് ഒരു കോള്‍. സിബിഐയുടെ ഓഫീസില്‍നിന്ന്. സാധാരണ സിപിഐയുടെ ഓഫീസില്‍നിന്നാണ് വിളി വരാറുള്ളത്. കേട്ടപാതി,  സിപിഐ ഓഫീസില്‍ കയറുന്ന അതേ ലാഘവത്തോടെ പുള്ളിക്കാരന്‍ സിബിഐ ഓഫീസിലേക്ക് കയറിപ്പോയി. ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ മരണം അന്വേഷിക്കുന്ന സിബിഐക്ക് സിനിമയിലൂടെ പുതിയ തുമ്പ് കിട്ടിയത്രെ. നന്നായി കഥ പറയാനറിയാവുന്ന വിനയന്‍ മൊഴിയെടുപ്പ് കളറാക്കി. സിബിഐക്കാരൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ പാവം എസ് എന്‍ സ്വാമിക്കൊക്കെ സിബിഐ ആപ്പീസില്‍തന്നെ മുറിയെടുക്കേണ്ടിവരും. 

**************************

കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖം മാറാന്‍ പോവുകയാണ്. കുറച്ചൊക്കെ മാറി. എങ്കിലും സത്യസന്ധനായ കെ.മുരളീധരന്‍ പ്രചാരണത്തിന്റെ തലപ്പത്ത് കയറിയിരിക്കുമ്പോള്‍ പാര്‍ട്ടി ഒന്ന് ഉഷാറാകും. പ്രചാരണക്കാര്യത്തില്‍ മുരളി സൂപ്പറാണെന്ന് സോണിയ മാഡത്തിനുപോലും നന്നായി അറിയാവുന്നതാണ്. പൊളിക്കും. മുല്ലപ്പള്ളിക്ക് കിട്ടിയതിന്റെ അത്രവരില്ലെങ്കിലും കോഴിക്കോട്ട് മുരളിക്കും കിട്ടി നല്ല ഒന്നാന്തരം സ്വീകരണം. കോണ്‍ഗ്രസുണര്‍ന്നതിന്റെ സന്തോഷമായിരുന്നു എല്ലാവര്‍ക്കും.

*******************************

നേരേ ചൊവ്വേ എഴുതാനും വായിക്കാനും അറിയാത്തവര്‍പോലും ഫേയ്സ് ബുക്കില്‍ കയറി സ്വന്തം പാര്‍ട്ടിക്കെതിരെ പോസ്റ്റിടുന്നതില്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അസ്വസ്ഥനാണ്. അതേ അവസ്ഥയിലാണ് കെ.മുരളീധരനും. കോണ്‍ഗ്രസിലെ സെല്‍ഫ് ഗോളുകാരെ ഒറ്റയടിക്ക് ഒതുക്കാനുള്ള നീക്കം അണിയറയിലുണ്ട്. സിപിഎമ്മിനെപ്പോലെ നോക്കീം കണ്ടും പോസ്റ്റിട്ടാല്‍ പാര്‍ട്ടിക്ക് നല്ല ഗുണം കിട്ടും. അതിനുള്ള ഐഡിയ മുരളിയുടെ കയ്യിലുണ്ട്. പോസ്റ്റില്‍ നിലപാട് പ്രഖ്യാപിച്ച് മുങ്ങുകയും പിന്നീട് നിലപാട് മാറ്റി പൊങ്ങുകയും ചെയ്യുന്ന കെ.സുരേന്ദ്രന്‍ സ്റ്റൈലൊക്കെ കോണ്‍ഗ്രസിനും പരീക്ഷിക്കാവുന്നതാണ്.

MORE IN THIRUVA ETHIRVA
SHOW MORE