ബാറെടുത്തവൻ ബാറാൽ; ബ്രൂവറിയിൽ തമ്മിലടി

brewery-thiruva-ethirva
SHARE

ബാറെടുത്തവന്‍ ബാറാല്‍ എന്നുകേട്ടിട്ടില്ലേ. അതാണ് കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മദ്യപിച്ചവരേക്കാള്‍ ബോധരഹിതരായി കഴിഞ്ഞ സര്‍ക്കാര്‍ ബാര്‍ വിഷയത്തില്‍ എന്തൊക്കെയോ ചെയ്തു. കിട്ടാത്ത പെഗ് പുളിക്കുമെന്നൊക്കെ പ്രഖ്യാപിച്ച് തമ്മിലടിച്ചു. ഒടുവില്‍ സുധീരനും പോയി കെട്ടുമിറങ്ങി എന്ന അവസ്ഥയിലെത്തിയപ്പോളേക്ക് തിരഞ്ഞെടുപ്പു കഴിയുകയും പിണറായി വിജയന്‍ മുഖ്യനാവുകയും ചെയ്തു. 

ബാര്‍ എന്ന് തെറ്റാതെ എഴുതാനറിയാം എന്നു പറഞ്ഞാണ് ഇടതുപക്ഷം അന്ന് വോട്ട് തേടിയത്.  ഇപ്പോ പിറണായിയും കൂട്ടരും പറയുന്നത് ബാര്‍ എന്നതിലും കടുകട്ടിയായ പല വാക്കുകളും തങ്ങള്‍ക്കറിയാമായിരുന്നു എന്നാണ്. സംശയമുള്ളവരോട് ബ്രൂവറി ഡിസ്‍ലറി എന്നൊക്കെ പറയുന്നുണ്ട്. ആ പറച്ചില്‍ അത്ര ഇഷ്ടപ്പെടാത്ത രമേശ് ചെന്നിത്തല മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ പ്രളയകാലത്ത് പിണറായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെതിരെ രംഗത്തുണ്ട്. 

മഴവെള്ളം കുത്തിയൊലിച്ചുവന്നപ്പോള്‍ വെള്ളകമ്പനിക്ക് അതായത് മദ്യകമ്പനിക്ക് അനുമതി നല്‍കിയത് തെറ്റായി പിണറായി വിജയനോ കുടിവെള്ള മന്ത്രി ടിപി രാമകൃഷ്ണനോ തോന്നുന്നില്ല എന്നതാണ് വസ്തുത. 

ചെന്നിത്തല അപാര ഫോമിലാണ്. പിണറായിയുടെ കാര്യമാണ് കഷ്ടം. അമേരിക്കയിലായിരുന്നപ്പോ അല്‍പ്പം സമാധാനം ഉണ്ടായിരുന്നു. തിരിച്ചുവന്ന് ഒന്ന് സെറ്റായി വന്നപ്പോ തുടങ്ങിയതാണ് ഈ ബ്രൂവറി പ്രശ്നം. ടിപി രാമകൃഷ്ണനുനേരം വിരല്‍ ചൂണ്ടി രക്ഷപെടാന്‍ ആദ്യം മുഖ്യന്‍ ശ്രമിച്ചെങ്കിലും പിന്നീട് പുള്ളിക്കുതന്നെ മനസിലായി ചെന്നിത്തല തമാശ പറയുകയല്ലെന്ന്. പുതിയ കുപ്പീലാക്കല്‍ പരിപാടി നയവിരുദ്ധമല്ലെന്ന് മുഖ്യന്‍ പറയുന്നു. 

മദ്യവിരുദ്ധ സര്‍ക്കാരെന്നും കള്ളുകാര്യത്തില്‍ എല്‍ഡിഎഫിന് ആക്രാന്തമില്ലെന്നുമൊക്കെ പരസ്യത്തില്‍ പറയേണ്ടിവന്ന കെപിഎസി ലളിതച്ചേച്ചിക്ക് പോലും പിണറായി പറയുന്നത് മനസിലാകുന്നുണ്ടാവില്ല. എന്തായാലും ചെന്നിത്തല വിടുന്ന മട്ടില്ല. ഒറ്റക്കെങ്കില്‍ ഒറ്റക്ക് എന്നാണ് ലൈന്‍ .അല്ലേലും കോണ്‍ഗ്രസില്‍ മദ്യത്തിനെതിരെ നില്‍ക്കുന്നവര്‍ എന്നും ഒറ്റയാന്മാരായിരുന്നല്ലോ. കെപിസിസി പ്രസിഡന്‍റ് അല്ലാത്തതുകൊണ്ട് വിഎം സുധീരന്‍ രക്ഷപെട്ടു. 

ഇതിനിടക്ക് ചെന്നിത്തലക്ക് ചെറിയൊരു പിഴവുപറ്റി. പണ്ട് പിണറായിക്കൊപ്പം ഹെലികോപ്ടറില്‍ കയറിയതുപോലെയുള്ള ഒരു പറ്റ്. സംസ്ഥാനത്ത് മദ്യത്തിന്‍റെ ലഭ്യത കുറവുള്ളതിനാല്‍ നിലവില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ഡിസ്‍ലറികള്‍ക്ക് കൂടുതല്‍ മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്‍കണമെന്നുകാട്ടി രമേശ് മുഖ്യമന്ത്രിക്ക് കത്തയച്ചു. 

രമേശിന്‍റെ പേരില്‍ ആരോ വ്യാജനുണ്ടാക്കിയതാണെന്നാണ് ആദ്യം പിണറായി കരുതിയത്. പിന്നെ തിരിച്ചറിഞ്ഞു കാര്യങ്ങള്‍. വിഷയം മദ്യമായതുകൊണ്ട് ഇങ്ങനെയൊക്കെ പ്രതീക്ഷിക്കണം. എല്ലാം ഒരു ലഹരിയാണല്ലോ. 

എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന ക്യാപ്ഷന്‍റെ ക്ഷീണം ഇടതുമുന്നണിക്ക് നല്ലോണമുണ്ട്. പ്രചാരണകാലത്ത് പുറത്തിറക്കിയ മദ്യ പരസ്യങ്ങളാണ് ഇപ്പോ മറ്റൊരു തിരിച്ചടി. മദ്യ നയം വെറുതെ പറഞ്ഞങ്ങ് പോയിരുന്നെങ്കില്‍ ചെന്നിത്തലയെന്നല്ല ആരും അതോര്‍ക്കില്ലായിരുന്നു. പക്ഷേ പരസ്യങ്ങള്‍ ഇറക്കിയതോടെ മദ്യവര്‍ജനം എന്ന ഇടത് പോളിസി നാട്ടാരുടെ മനസില്‍ അങ്ങ് കയറിപ്പറ്റി. ഇപ്പോ സ്പിരിറ്റിട്ട് കഴുകിയാലും ആരുടെയും മനസില്‍ നിന്ന് ആതൊന്നും മായുന്നില്ല എന്നതാണ് പിണറായിയും സംഘവും നേരിടുന്ന പ്രശ്നം. 

യുഡിഎഫിനെ എങ്ങനെ കുപ്പിയിലാക്കാമെന്ന് പിണറായി ആലോചിക്കുന്നുണ്ട്. അറിയാവുന്ന ബാര്‍ കഥകളെല്ലാം കെഎം മാണിയുടെ കാലത്ത് പൊട്ടിച്ചു തീര്‍ത്തതിനാല്‍ ഇപ്പോ നോ സ്റ്റോക്കാണ്. വീര്യം കൂടിയതെന്തെങ്കിലും പൊട്ടിച്ച് കോൺഗ്രസുകാരുടെ ബോധം കളയാനുള്ള നീക്കം ശക്തമായി അണിയറയില്‍ നടക്കുന്നുണ്ട്. പക്ഷേ ബ്രൂവറി ഡിസ്‍ലറി വിഷയത്തില്‍ രമേശ് ചെന്നിത്തലക്ക് ട്യൂഷന്‍ നല്‍കിയത് ആരാണെങ്കിലും അവരെ സമ്മതിക്കണം. 

സാക്ഷാല്‍ പിണറായിയാണ് പെട്ടു പെട്ടില്ല എന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നത്. പുതിയ മദ്യ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ അനുവദിച്ചതിന്‍റെ മാനദണ്ഡമെന്താണെന്ന് ഹൈക്കടതി ചോദിച്ചുകഴിഞ്ഞു. ഇനി അതിന്‍റെ വിശദീകരണം ആലോചിക്കാന്‍ മങ്ങിയ വെളിച്ചത്തില്‍ ഒന്ന് ഇരിക്കേണ്ടിവരും.

ചെന്നിത്തലക്ക് ഈയിടയായി ഇങ്ങനെയാണ്. വികാരഭരിതമായി മുടിഞ്ഞ ഫോമില്‍ സംസാരിക്കേണ്ടിവരുമ്പോള്‍ ഇംഗ്ലീഷ് വല്ലാതെ തള്ളിവരും. പണ്ട് ആഭ്യന്തര മന്ത്രിയാകാന്‍ ആഗ്രഹം മൂത്തപ്പോള്‍ ഡല്‍ഹിയിലെ ജി മാര്‍ കാണുന്നതിനായി ഒരു ഇംഗ്ലീഷ് പത്രത്തിന് രമേശ് അഭിമുഖം നല്‍കി. ഇങ്ങനെ സഹിച്ച് കഴിയാനില്ല എന്നായിരുന്നു എബിസിഡി നിരത്തിയപ്പോള്‍ വന്നത്. 

തൊട്ടടുത്ത ദിവസം

പുതിയ ഡിസ്ലറിയും ബ്രൂവറികളും നാട്ടുകാര്‍ക്കു കുടിക്കാനല്ല. കയറ്റുമതിയിലൂടെ നാണ്യം നേടാനാണെന്ന് സര്‍ക്കാര്‍ കഥകള്‍ പാടുന്ന പാണന്മാര്‍ ഒന്ന് പാടി നോക്കിയിരുന്നു. ആ പാട്ട് തലയുടെ കാതിലും എത്തിയിരുന്നു

പാവം ടിപി രാമകൃഷ്ണന്‍. ഇടക്ക് ജി സുധാകരനെ കുപ്പി ഏല്‍പ്പിച്ച് ലീവിനൊന്നു പോയിരുന്നു. അന്ന് കുറെ നൂലാമാലകള്‍ ഇതുപോലെ വന്നെങ്കിലും സുധാകന്‍ പുഷ്പംപോലെ ഡീല് ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് ഇങ്ങനെ പുലിവാലുണ്ടാക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ആരുടെയെങ്കിലും തലയില്‍ ചാരി അവധിയില്‍ പോകാന്‍ എക്സൈസന്‍ ശ്രമിച്ചേനേ. ഇതിപ്പോ പമ്മി രണ്ടെണ്ണമടിക്കാന്‍ പോയപ്പോള്‍ കുപ്പിയും ടച്ചിങ്സുമായി കയ്യോടെ പിടിക്കപ്പെട്ടവന്‍റെ അവസ്ഥയാണ് രാമകൃഷ്ണന്. 

ആരോപണങ്ങളെല്ലാം മുഖ്യന് നേരെയാണെങ്കിലും പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് പറയുന്നില്ല. ചെന്നിത്തല അത്രക്ക് മണ്ടനല്ല. കൊത്തുന്ന മീനിന് നേരെ ചൂണ്ടയിടുന്നതാണ് അല്ലങ്കിലും ആലപ്പുഴക്കാരുടെ രീതി. കിട്ടിയാൽ ഒരു ടിപി രാമകൃഷ്ണന്‍. ഒരു കറിക്കുള്ളത് എങ്ങനെയും ഒപ്പിക്കുമെന്ന ലൈനിലാണ് രമേശിന്‍റെ പോക്ക്

MORE IN THIRUVA ETHIRVA
SHOW MORE