മുല്ലപ്പള്ളിയും തേന്മാവും; സ്ഥാനാരോഹണമെന്ന അപൂര്‍വ്വ ചടങ്ങിന്‍റെ പ്രസക്ത ഭാഗങ്ങൾ

thiruva-mullapally
SHARE

സുപ്രീംകോടതി ചരിത്ര വിധികള്‍ പറയുന്ന സീസണാണ്. അതുകൊണ്ട് ഇവ പ്രയോഗത്തില്‍ വരുത്തുമ്പോള്‍ 497 ാം വകുപ്പുമായി ബന്ധപ്പെട്ട് പറഞ്ഞതും ആധാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പറഞ്ഞതുമായ വിധികള്‍ തമ്മില്‍ മിക്സാകരുത്. അങ്ങനെ ആയാല്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് ഓര്‍മിപ്പിക്കുന്നു.

മുല്ലപ്പള്ളിയും തേന്മാവും എന്ന പ്രയോഗത്തിന് അല്‍പ്പം പരിഷ്കാരം വരുത്തിക്കൊണ്ട് ഉത്തരവിറക്കുകയാണ്. ഇനി ഒരു  അറിയിപ്പുണ്ടാകുന്നതുവരെ മുല്ലപ്പള്ളിയും തോന്മാവും എന്നാകും പ്രയോഗം. തേന്മാവ് കെപിസിസി ആണെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്. ഇതിനുമുമ്പ് സണ്ണിലിയോണും സച്ചിന്‍ ടെന്‍ഡുല്‍ക്കറും വന്നപ്പോളാണ് കേരളത്തില്‍ ഇത്രയും വലിയ ആള്‍ക്കൂട്ടത്തെ കണ്ടത്. മുല്ലപ്പള്ളി തലസ്ഥാനത്തു കാലുകുത്തിയ ഇന്നലയും സ്ഥാനം ഏറ്റെടുത്ത ഇന്നും തിരുവനന്തപുരത്ത് പ്രളയമായിരുന്നു. ജനപ്രളയം. ഇത്രയും പേര്‍ വോട്ടുചെയ്താല്‍  ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുപതു സീറ്റും അവര്‍ നേടുമല്ലോ എന്ന ആശങ്കയാണ് എകെജി സെന്‍റര്‍ വൃത്തങ്ങള്‍ ദേശാഭിമാനി വായനക്കിടയിലെ ഇടവേളയില്‍ പങ്കുവച്ചത്. ഇതിനുമുമ്പും കെപിസിസി പ്രഡിഡന്‍റ്മാരുണ്ടായിട്ടുണ്ട്. വിഎം സുധീരന്‍ ഒറ്റക്ക് ധീരമായി വന്നാണ് താക്കോല്‍ വാങ്ങിയത്. എംഎം ഹസന്‍റ് സമയത്ത് വലിയ ആഘോഷമില്ലാത്തതില്‍ തെറ്റ് പറയാനാവില്ല. നോട്ടക്കാരനായ തോട്ടക്കാരന്‍ എന്ന ലൈനായിരുന്നല്ലോ കാര്യങ്ങള്‍. അതിന് മുമ്പ് രമേശ് ചെന്നിത്തലയുടെ സ്ഥാനാരോഹണത്തെക്കുറിച്ച് ആര്‍ക്കും ഓര്‍മയില്ല. പത്തുപതിനഞ്ചുകൊല്ലം മുമ്പല്ലായിരുന്നോ. എന്തായാലും താന്‍ വെറുമൊരു വള്ളിയല്ല, പടര്‍ന്നു പന്തലിച്ച മരമാണെന്ന് മുല്ലപ്പള്ളി തെളിയിച്ചു. അപ്പോ കാണാം കെപിസിസി അധ്യക്ഷന്‍റെ സ്ഥാനാരോഹണമെന്ന അപൂര്‍വ്വ ചടങ്ങിന്‍റെ പ്രസക്ത ഭാഗങ്ങള്‍.

കോഴിക്കോട് സ്വദേശിയാണെങ്കിലും കണ്ണൂര്‍ ലോക്സഭാ മണ്ഡലമായിരുന്നു മുല്ലപ്പള്ളിയുടെ തട്ടകം. ആ അര്‍ദ്ധത്തില്‍ നോക്കിയാല്‍ കണ്ണൂരുകാരന്‍ കോടിയേരി ഭരിക്കുന്ന പാര്‍ട്ടിക്ക് ഒപ്പം പോന്ന എതിരാളിയാണ് ഇനി മുല്ലപ്പള്ളി കോണ്‍ഗ്രസ്. പ്രസംഗകലയില്‍ വൈദഗ്്ധ്യമുള്ള മുല്ലപ്പള്ളി അച്ചടിഭാഷമാത്രം പറയുന്നവനും സംസാരിക്കുമ്പോള്‍ ചുണ്ടില്‍ അച്ചുനിരത്തിയ ഭാവം വരുത്തുന്നവനുമാണ്. അതെ ഇനി കേരളത്തിന് ഒരു പ്രസംഗകാലമാകുമെന്നതില്‍ സംശയിക്കേണ്ട. പലതും കേള്‍ക്കേണ്ടിവരും. സഹിക്കേണ്ടിയും. 

DNA യില്‍ കോണ്‍ഗ്രസുള്ള ഒരേ ഒരു ജീവി. ശാസ്ത്രലോകത്തിനും ഈ കെപിസിസി അധ്യക്ഷന്‍ ഒരു വെല്ലുവിളിയായിരിക്കും. ഉറപ്പ്. വിക്കിപ്പീഡിയയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന്  വെറുതെ തപ്പി. കെപിസിസി അധ്യക്ഷനാണ് കക്ഷിയെന്നൊക്കെ അതില്‍ അപ്ഡേറ്റ് ചെയ്തുകഴിഞ്ഞു. പക്ഷേ ശരീരത്തിലെ ഓരോ അണുവിലും കോണ്‍ഗ്സുള്ള ഇനമാണെന്ന് അതില്‍ കണ്ടില്ല. ചേര്‍ക്കാന്‍ മറന്നതാകും. ഈ പ്രസംഗം കേള്‍ക്കുന്ന ആരെങ്കിലും സംഗതി അപ്ഡേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മുല്ലപ്പള്ളിയുടെ വായില്‍ നിന്നുവരുന്ന കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കേട്ട് ഇവിടെ ഇനി രക്ഷയില്ല എന്ന് പറഞ്ഞഅ ദാ ഫാസിസം ബാഗുമെടുത്ത് പൊയ്ക്കഴിഞ്ഞു. അതിര്‍ത്തിവിട്ട് മറ്റെവിടെയെങ്കിലും വിത്തിറക്കാനാണ് ഫാസിസത്തിന്‍റെ നിലവിലെ തീരുമാനമത്രേ. മുല്ലപ്പള്ളി ഇന്ന് സ്ഥാനമേറ്റെടുത്ത് നടത്തിയത് ശരിക്കും ഒരു നന്ദി പ്രഭാഷണമായിരുന്നു. ജവഹര്‍ലാല്‍ നെഹ്റുവിനുമുതല്‍ തമ്പാനൂര്‍ സതീഷിനുവരെ പുള്ളി നന്ദി പറഞ്ഞു. ഒടുവില്‍ പ്രസംഗം അയവിറക്കലിലേക്ക് കടന്നു. 1960 ലെ ബ്ലാക്ക് ആന്‍റ് വൈറ്റ് കഥകളിലേക്ക്. സംഗതി അല്‍പ്പം വിവാദ ഇടപാടാണ്.

 അറക്കപ്പറമ്പില്‍ കുര്യന്‍ ആന്‍റണിയെന്ന ആദര്‍ശവാനായ എകെ ആന്‍റണി കെഎസ്യു കളിച്ചുനടക്കുന്ന കാലം. അന്ന് നൂറുരൂപയെന്നാല്‍ വലിയ തുകതന്നെ. അപ്പോ അത്രയും വലിയൊരു തുക ആന്‍റണിക്ക് എവിടെനിന്നുകിട്ടി എന്നതാണ് വിവാദമായ സംഗതി. കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന കാലത്തുപോലും കാശ് ചോദിച്ചാല്‍ പത്തിന്‍റെ പൈസയില്ല എന്ന് കൈമലത്തുന്ന ആളായിരുന്നല്ലോ അന്തോണിച്ചന്‍. അപ്പോ തീര്‍ച്ചയായും ഇത് ചെറിയ വിഷയമല്ല. എന്തായാലും രാഹുല്‍ ഗാന്ധി തൃപ്തനായിക്കാണും. ഉറപ്പ്. ഇത്രയും വലിയ ജനക്കൂട്ടും താന്‍ ചെല്ലുമ്പോള്‍പോലും കേരളത്തില്‍ ഉണ്ടാകാറില്ലെന്ന് പുള്ളിക്കറിയാമല്ലോ. എന്തായാലും മുല്ലപ്പള്ളി പ്രസംഗത്തിന്‍റെ അവസാന ലാപ്പിലേക്കെത്തുകയാണ്. കടലിലും തിരയിലുംപ്പെട്ട് ആരും മരിക്കാത്തത് ഭാഗ്യം. 

വളവും തിരിവും കുഴികളുമുള്ള ഒരു പാത. അതിലൂടെയാണ് പതിനെട്ടുമാസം ഈ വണ്ടി എംഎം ഹസന്‍ ഓടിച്ചത്. പകരക്കാരന്‍, കാവല്‍ക്കാരന്‍, നോട്ടക്കാരന്‍ എന്നൊക്കെ കേള്‍ക്കേണ്ടിവന്നിട്ടും മനസിടറാതെ മുന്നോട്ട് പോയി. ഒടുവില്‍ ചെങ്ങന്നൂരിന്‍റെ ഭാരംകൂടി തലയിലേറ്റിയാണ് വിരമിക്കുന്നത്. പാവം. ആ മനസ് വിങ്ങുന്നത് ആരും കാണുന്നില്ല. സ്ഥാനമൊഴിഞ്ഞ് താക്കോല്‍ കൈമാറുന്നവര്‍ക്കെല്ലാം സര്‍വ്വീസ് സ്റ്റോറിയില്‍ വെളിപ്പെടുത്താന്‍ ചില രഹസ്യങ്ങളുണ്ടാകും. അച്ചടിച്ച് പുറത്തിറക്കുന്നതുവരെയുള്ള ക്ഷമയില്ലാത്തതിനാല്‍ ഹസന്‍ജി വെളിപ്പെടുത്തി തുടങ്ങുകയാണ് രഹസ്യങ്ങള്‍. ഇവ ഹസന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പേരില്‍ പിന്നീട് സസ്കാര സാഹിതി പുറത്തിറക്കുന്നതായിരിക്കും. ചാരക്കേസില്‍ നടത്തിയ ഒരു വെളിപ്പെടുത്തലിന്‍റെ ക്ഷീണം മാറിവരുന്നതേയുള്ളൂ

കോണ്‍ഗ്രസ് ഗ്രൂപ്പുകളംക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ ഈ പറഞ്ഞതെല്ലാം കുറിച്ച് വയ്ക്കേണ്ടതാണ്. ഭാവിയില്‍ ഉപയോഗം വരും. പ്രയ ഹസന്‍ജി അങ്ങയുടെ മുഖം കണ്ടാലറിയാം മനസില്‍ ചില വിഷമങ്ങള്‍ ഇനിയും ബാക്കിയുണ്ടെന്ന്. അങ്ങ് എല്ലാം തുറന്നുപറയൂ. ചിലപ്പോ അല്‍പ്പം ആശ്വാസം കിട്ടിയാലോ. തന്‍റെ മനസിലെ ഏക വിഷമം ഈ ഹര്‍ത്താല്‍ നടത്തിപ്പായിരുന്നുവെന്ന് ഹസന്‍ജി പറയുന്നത് ആരും വിശ്വസിക്കരുത്. ആമനസില്‍ ഇനിയുമുണ്ട് വേദനകള്‍. പുള്ളി പറയാത്തതാ. അല്ലേല്‍ എകെ ആന്‍റണിയോട് ചോദിച്ചുനോക്ക്.

 ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എവിടെയുണ്ടെങ്കിലും മണത്തറിയുന്നവനാണ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അമേരിക്കയില്‍ പോകുന്നതിന് മുമ്പ് പാത്തുവച്ച നാല് കുപ്പികളാണ് കഴിഞ്ഞ ദിവസം രമേശന്‍ റെയിഡ് ചെയ്ത് പൊക്കിയത്. പുതിയ ഡിസ്ലറികള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിയെ ഉള്ള മുഴുവന്‍ ഊര്‍ജവുമെടുത്താണ് പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്യുന്നത്. അടിച്ചാല്‍ മാത്രം മതിയോ ഇതൊക്കെ നമുക്ക് ഇവിടെ ഉണ്ടാക്കകേം വേണ്ടേ എന്നാണ് ഇതിനോട് മുഖ്യന്‍റെ പ്രതികരണം.

ഹാവൂ. പിണറായി വിജയന്‍ അധ്യക്ഷത വഹിച്ച മന്ത്രിസഭാ യോഗം വീണ്ടും ചേര്‍ന്നു. അത് കാണാനായ സന്തോഷത്തോടെ അവസാനിപ്പിക്കുന്നു.

MORE IN THIRUVA ETHIRVA
SHOW MORE