കനത്തനാട്ടുവീട്ടില്‍ ഉണ്ണിയാര്‍ച്ച

thiruva-ethirv26
SHARE

കേരളത്തില്‍ ആഞ്ഞടിച്ച പ്രളയം വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. എങ്കിലും ആ മഴ  നമ്മുടെ ചില പ്രശ്നങ്ങളെ ഇല്ലാതാക്കിയിട്ടുമുണ്ട്. അത് കണ്ടില്ലെന്ന് വയ്ക്കാനാവില്ല. പറഞ്ഞുവന്നത്  സംസ്ഥാനവും കേന്ദ്രവും തമ്മിലുണ്ടായിരുന്ന തൊട്ടുകൂടായ്മയെപ്പറ്റിയാണ്. ഒന്നു കണ്ടോട്ടേ എന്ന് നമ്മുടെ മുഖ്യന്‍ പലതവണ പ്രധാന മന്ത്രിയോട് ചോദിച്ചിരുന്നു. പലവട്ടം കാത്തുനിന്നിട്ടും ദര്‍ശനമോ സ്പര്‍ശനമോ കിട്ടിയില്ല. ടിവിവച്ചാല്‍ പോരേ എന്നെ കാണാമല്ലോ എന്ന ലൈനിലായിരുന്നു പലപ്പോഴും മോദിയുടെ മറുപടികള്‍. വെട്ടൊന്ന് മുറി രണ്ട് രീതി അവലംബിക്കുന്ന ആളായിട്ടും പിണറായി പലതും സഹിച്ചു. പക്ഷേ കലിപ്പ് ചെറുങ്ങനെ ഒന്നടങ്ങാന്‍ ഇങ്ങനൊക്കെയെങ്കിലും ഒന്ന് പറയുകയും ചെയ്തിരുന്നു

ആന്‍റി മോദി എന്ന അസുഖമായിരുന്നു പിണറായിക്കെന്ന് കണ്ടെത്തിയത് ഒ രാജഗോപാലായിരുന്നു.  ബിജെപിയിലെ സിദ്ധവൈദ്യനായ രാജേട്ടനല്ലാതെ ആര്‍ക്കാണ് ഇത്തരം രോഗങ്ങള്‍ കണ്ടെത്താനാവുക. 

ഈ രോഗത്തിനുള്ള ഒറ്റമൂലിയും വൈദ്യന്‍ കുറിച്ചു നല്‍കി. കൊത്തിയ പാമ്പിനെക്കൊണ്ട് വിഷമിളക്കുക അല്ലെങ്കില്‍ ഏഴുകടലുകള്‍ക്കുമീതേ പറക്കുക. ആ ചികില്‍സാവിധി ഫലവത്തായി. നിശ്ചയദാര്‍ഡ്യം എന്നൊന്നുണ്ടെങ്കില്‍ നിയമസഭയില്‍വരെ ഇരിക്കാമെന്ന് തെളിയിച്ചവനാണ് രാജേട്ടന്‍. ബിജെപി യോഗങ്ങളില്‍ വിജയത്തിലേക്കുള്ള വഴിയെക്കുറിച്ച് പറയുമ്പോള്‍ വലകെട്ടാന്‍ പരിശ്രമിച്ച പഴയ ചിലന്തിയുടെ കഥ ഇപ്പോള്‍ ആരും ഉപമിക്കാറില്ലത്രേ. പകരം രാജേട്ടന്‍റെ തിരഞ്ഞെടുപ്പ് പരിശ്രമങ്ങളാണ് പറയാറുപോലും. പക്ഷേ രാജേട്ടന്‍ പറഞ്ഞതൊന്നുമായിരുന്നില്ല മോദിയുടെ കേരള വിരോധത്തിന് കാരണം. പലരും കവടി നിരത്തിയിട്ടും കണ്ടെത്താനാകാതിരുന്ന ആ കാരണം വെളിപ്പെടുത്തിയത് മറ്റാരുമല്ല നമ്മുടെ പ്രധാനമന്ത്രി തന്നെയാണ്.  അല്ലെങ്കിലും ആ മനസില്‍ എന്താണെന്ന് നമുക്കറിയില്ലോ. അംബാനിമാര്‍ക്കൊക്കെ അറിയാമെന്ന് അടുക്കളപ്പുറത്ത് പറഞ്ഞു കേള്‍ക്കുന്നുണ്ട് അത് വേറെ കാര്യം. സംഗതി ഇതാണ്. പണ്ട് യുപിഎ കാലത്ത് മോദി ഗുജറാത്ത് മുഖ്യനാണ്. ഇടക്കിടക്ക് ഡല്‍ഹിയിലെത്താറുള്ള മോദി അന്നത്തെ കേന്ദ്രമനത്രമാരെ കാണുമ്പോള്‍ വെറുതെ സലാമടിക്കും. പക്ഷേ ആ ദുഷ്ടന്മാര്‍ തിരിഞ്ഞു നോക്കിയില്ല. അതോടെ മോദി മനസില്‍ ഒരു പക ഉടലെടുത്തു. പ്രധാനമന്ത്രിയായപ്പോള്‍ ആ പക ഈഗോ ആയി രൂപമാറ്റപ്പെട്ടു. പിന്നെ ബിജെപി ഇതര സംസ്ഥാനങ്ങളോട്, അവിടുത്തെ മുഖ്യന്മാരോട് തികഞ്ഞ അവഞ്ജയായി. 

മനസിലുള്ളതെല്ലാം ഒന്ന് തുറന്നു പറഞ്ഞപ്പോള്‍ മോദി ഒകെയായി. അങ്ങനെ ഒടുവില്‍ കേരള മുഖ്യന്‍ പ്രധാനമന്ത്രിയെ കണ്ടു. മോദീ ദര്‍ശനം ലഭിച്ച പിണറായി അടിമുടി ആള് അങ്ങ് മാറി. സഖാവ് ചെറുതായി ഒരു മോദി ഫാനായോ എന്ന് ബ്രിട്ടാസിന് പോലും ഡൗട്ട് എന്ന അവസ്ഥ. അല്ലെങ്കിലും പിണറായിയെ കുറ്റം പറയാനാവില്ല. മോദിയെ കണ്ടിറങ്ങിയാല്‍ ആഴ്ചകളോളം പോസിറ്റീവ് എന്‍ജിയുടെ അസഹ്യതയുണ്ടാകുമെന്ന് ലാലേട്ടന്‍ പറഞ്ഞിട്ടുണ്ടല്ലോ. കംപ്ലീറ്റ് ആക്ടറായ മോഹന്‍ലാലിനുപോലും പിടിച്ചുനില്‍ക്കാനായില്ല. പിന്നല്ലേ പാവം നമ്മുടെ ചങ്ക് ബ്രോ

ലോക്സഭ തിരഞ്ഞെടുപ്പിനൊക്കെ രാജ്യത്ത് കളമൊരുങ്ങുന്നുണ്ട്. നേതാക്കളെല്ലാം നാക്കിന് മൂര്‍ച്ച കൂട്ടിക്കഴിഞ്ഞു. അതിന്‍റെ പേരില്‍ കൊല്ലന്മാരുടെ ഡിമാന്‍റ് കുത്തനെ കൂടിയിട്ടുണ്ടെന്നാണ് ഓഹരി വിപണി നല്‍കുന്ന സൂചന. ഒരുവശത്ത് മോദി അമിത്ഷാ തുടങ്ങിയ പട. മറുവശത്ത് പാവം രാഹുല്‍ ഗാന്ധി. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന ഏര്‍പ്പാടാണ്. എങ്കിലും റഫേല്‍ എന്ന പറക്കും വിവാദം കിട്ടിയതോടെ രാഹുല്‍മോന്‍ ഇല്ലാത്ത സട കുടഞ്ഞ് എണ്ണീറ്റുകഴിഞ്ഞു. പക്ഷേ രാഹുല്‍ മോദിക്ക് പറ്റിയ എതിരാളിയല്ലെന്ന പ്രചാരണമാണ് ഹിജെപി നടത്തുന്നത്. സൈക്കോളജിക്കല്‍ മൂവ്

രാഹുലിന് പിന്തുണ നല്‍കാന്‍ ആണായിപിറന്നവരാരും രാജ്യത്തില്ല. അത് തിരിച്ചറിഞ്ഞാണ് കനത്തനാട്ടുവീട്ടില്‍ ഉണ്ണിയാര്‍ച്ചയെന്ന ബിന്ദു കൃഷ്ണ കളത്തിലിറങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന് കട്ട സപ്പോര്‍ട്ട്. സാക്ഷാല്‍ മോദിയെ കൊല്ലത്തുനിന്ന് ബിന്ദു വെല്ലുവിളിച്ചു. അപ്പോ നിങ്ങ ഒര്‍ക്കും കൊല്ലത്തുനിന്നാലെങ്ങനാ ഇത് മോദി അറിയുന്നതെന്ന്. അതാണ് ടെക്നോളജി. ഡല്‍ഹിയിലിരുന്ന് ആകാശത്തേക്ക് നോക്കുന്ന മോദി ഞെട്ടലോടെ തിരിച്ചറിയും ഈ കൊല്ലം‍കാരുയുടെ മിടുക്ക്. 

രമേശ് ചെന്നിത്തല അറിയാതെ ഒരു കുപ്പിയും പൊട്ടിക്കാമെന്ന് പിണറായി വിജയനെന്നല്ല ആരും കരുതേണ്ട. ബാര്‍ എന്ന രണ്ടക്ഷരത്തിന്‍റെ പിമ്പലത്തിലാണ് പ്രതിപക്ഷനേതാവിന്‍റെ കുപ്പായം തന്നെ ചെന്നിത്തലക്ക് കിട്ടിയത്. അപ്പോ മദ്യ കാര്യത്തില്‍ കക്ഷി എത്രത്തോളം ജാഗരൂകനാകുമെന്ന് മനസിലായിക്കാണുമല്ലോ. ബ്രൂവറി. അതാണിപ്പോ വിഷയം. നമ്മുടെ മുഖ്യന്‍ നാട്ടുകാരും എന്തിന് കൂടപ്പിറപ്പുകളായ മന്ത്രിമാര്‍ പോലുമറിയാതെ സംസ്ഥാനത്ത് മൂന്ന് ബിയര്‍ ബോട്ടിലിങ് പ്ലാന്‍റും ഒരു ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ പ്ലാന്‍റും അനുവദിച്ചതാണ് ചെന്നിത്തലയെ രോഷം കൊള്ളിച്ചത്. ടച്ചിങ്ക്സ് വാങ്ങുന്ന കാര്യം പറഞ്ഞപ്പോളാണത്രേ ക്യാബിനറ്റിലെ പിണറായിയുടെ സഹമുറിയന്മാര്‍ പോലും ഈ കഥയറിഞ്ഞത്. എന്തായാലും ഇക്കാര്യത്തില്‍ ചിയേഴ്സില്ല. മൂന്നുതരം.

കേരളത്തിലെ കോണ്‍ഗ്രസിനിത് മധുരപ്പതിനേഴുകാലമാണ്. പുതിയ നേതൃനിര. എല്ലാ ജില്ലയിലും യോഗങ്ങള്‍ കൂടി ആ മധുവിധുകാലം ആഘോഷിക്കാനാണ് തീരുമാനം. ആദ്യം ബെന്നിയുടെ ചാന്‍സാണ്. മുല്ലപ്പള്ളി പുറകെ കേക്കുമായെത്തും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം തൂത്തുവാരുമെന്ന പ്രഖായപനവും നേതാക്കള്‍ ഇടക്കിട നടത്തുന്നുണ്ട്. ആരും സീരിയസായി കാണണ്ട. സീറ്റ് വിഭജനമൊക്കെ വരാന്‍ കിടപ്പുണ്ടല്ലോ. അതുവരെ ഈ കേക്ക് കേടാകാതിരുന്നാ മതിയാര്‍ന്നു

സ്ഥാനഭ്രംഷ്ടനാക്കപ്പെട്ടിട്ടും എംഎം ഹസന്‍ തന്‍റ അപാര ഫോം തുടരുകയാണ്. അല്ലെങ്കിലും ഇങ്ങനെയൊക്കെ ഭവനാ പരമായി പറയാന്‍ കോണ്‍ഗ്രസില്‍ ഹസന്‍ജി മാത്രമേയുള്ളൂ. പാവം പ്രസിഡന്‍റ് പദവിയില്‍ നിന്ന് മാറ്റണ്ടാര്‍ന്നു. 

രമേശ്ചെന്നിത്തലയും കൂട്ടരും തലനാരിഴക്ക് ഒരു കേസില്‍ നിന്ന് തലയൂരി. കേസെന്നുകേട്ട് ആരും ഞെട്ടരുത്. നാറ്റക്കേസല്ല. പണ്ട് പാജ്ഭവനുമുന്നില്‍ റോഡ് ഉപരോധിച്ച് സമരം നടത്തിയതിന്‍റെ സമന്‍സ് കിട്ടയതിനെത്തുടര്‍ന്ന് ഹാജരാകാന്‍ കോടതിയില്‍ പോയതാണ്. പോക്കുകണ്ടാല്‍ ദണ്ഡിയില്‍ പോയി ഉപ്പു കുറുക്കിയതിന് ശിക്ഷിച്ചതാണെന്നു തോന്നും. പിന്നെ പെറ്റിക്കേസാണെങ്കിലും സംഗതി കേസാണല്ലോ.

MORE IN THIRUVA ETHIRVA
SHOW MORE