അമേരിക്കൻ പിണറായി; സമ്മാനം നോട്ടമിട്ട് ചിലർ

thiruva
SHARE

കാത്തിരുന്നവരുടെ കണ്ണില്‍ കുളിര്‍മഴ പെയ്യിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തി. പിണറായി ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് മാളത്തില്‍ നിന്ന് പുറത്തുചാടി അര്‍മാദിച്ചു നടന്ന സകല എണ്ണങ്ങള്‍ക്കും ഇനി മാളത്തില്‍ കയറാവുന്നതാണ്. അല്ലെങ്കിലും കുറച്ചു ദിവസങ്ങളായി അധികപ്രസംഗം അല്‍പ്പം കൂടുതലായിരുന്നു. അത് കുറയുമെന്ന് പ്രതീക്ഷിക്കാം. അമേരിക്കയില്‍ നിന്നെത്തിയ പിണറായി എന്തൊക്കെ സമ്മാനങ്ങളാകും കൊണ്ടുവന്നിരിക്കുന്നത് എന്ന കാര്യത്തില്‍ മന്ത്രിമാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. 

അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഈ ഐറ്റങ്ങളുടെ വിതരണമുണ്ടെന്നാണ് കേള്‍വി. അതിനാല്‍ സിപിഐ മന്ത്രിമാര്‍ പോലും ക്യാബിനറ്റ് ബഹിഷ്കരിക്കില്ല. അമേരിക്കക്ക് പോകുമെന്ന് പറഞ്ഞ ദിവസമല്ല മുഖ്യന്‍ പോയത്. സകലരെയും പറ്റിച്ച് തലേദിവസം കക്ഷി പറന്നു. തിരിച്ചുവരവിലും ആ സര്‍പ്രൈസ് കളയാതെ കാത്തു.

ഇരുപത്തിനാലിനാണ് വല്യേട്ടന്‍ വരുകയെന്ന് പ്രോ മുഖ്യമന്ത്രി ഇപി ജയരാജന്‍വരെ വിശ്വസിച്ചിരുന്നു. ഏവരെയും ഞെട്ടിച്ച് ഒരുദിവസം മുന്നേ മുഖ്യന്‍ ഹാജര്‍. അതുതാന്‍ഡാ പിണറായി. ഇതൊന്നുമറിയാത്ത ഒരേഒരാള്‍ മുസ്ലീം ലീഗ് എംഎല്‍എ എന്‍ ഷംസുദീനാണ്. പിണറായി തിരിച്ചെത്തിയപ്പോള്‍ ഏവരും നാക്ക് അടക്കിയെങ്കിലും ഷംസു അടങ്ങിയില്ല

പുതിയ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ കടുത്ത പ്രതിസന്ധിയിലാണ്. കാരണം എങ്ങനെയാണ് ആ പദവി നിര്‍വഹിക്കേണ്ടതെന്ന് പുള്ളിക്ക് വല്യ ധാരണയില്ല. പണ്ട് ബെന്നി കെഎസ്‍യു കളിച്ചു നടന്ന കാലം മുതല്‍ പെരുമ്പാവൂരുകാരന്‍ തങ്കച്ചേട്ടനാണ് കണ്‍വീനര്‍ പദവിയില്‍. വല്ലപ്പോഴുമൊരു കാലത്ത് യുഡിഎഫ് യോഗം വിളിച്ച് ചര്‍ച്ച നടത്തി പിന്നീട് മാധ്യമങ്ങളോട് അക്കാര്യങ്ങള്‍ വിശദീകരിക്കുന്നതോടെ കഴിഞ്ഞിരുന്നു പിപി തങ്കച്ചന്‍റെ ഭാരിച്ച പണികള്‍. പിന്നീട് അടുത്ത യുഡിഎഫ് യോഗം ചേരുന്നതുവരെ മാസങ്ങളോളം കക്ഷി ഫ്രീ. 

അങ്ങനെയാകാന്‍ ബെന്നിക്കിഷ്ടമല്ല. അതുകൊണ്ട് പുള്ളി ഇപ്പോ ലോകകാര്യങ്ങള്‍ പഠിക്കുകയാണ്. പണ്ട് വീക്ഷണത്തിന്‍റെ ചുമതലയുള്ളകാലത്ത് എഡിറ്റോറിയല്‍ എഴുതിയിരുന്നതുകൊണ്ട് റിസര്‍ച്ചിന്‍റെ കാര്യത്തില്‍ മുന്‍പരിചയമുണ്ട്. എഡിറ്റോറിയല്‍ വിമര്‍ശനങ്ങള്‍ വിവാദമാകുമ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന പഴയ ലൈന്‍ പക്ഷേ ഇനി നടക്കില്ല. എന്തായാലും കൊച്ചിയില്‍ രണ്ടരവര്‍ഷമായി വല്യ പണിയൊന്നുമില്ലാതെ നടക്കുവാരുന്നു കക്ഷിക്ക് കനത്തിലൊരു പണികിട്ടിയതിന്‍റെ സന്തോഷം മൊത്തം എ ക്യാമ്പിലുമുണ്ട്. 

രാഹുല്‍ ഗാന്ധി പുളകിതനാകും. നൂറുതരം. തന്‍റെ തീരുമാനങ്ങള്‍ ഉചിതമായിരുന്നുവെന്ന് രാഹുലിന് തോന്നുന്നത് ഇത്തരം വാക്കുകള്‍ കേള്‍ക്കുമ്പോളാണ്.

എന്തായാലും യുഡിഎഫ് കണ്‍വീനറെ കണ്ടെത്താന്‍ പരീക്ഷ നടത്താന്‍ തോന്നാഞ്ഞത് കഷ്ടമായി. അല്ലെങ്കില്‍ പല സീനിയര്‍ നേതാക്കളുടെയും ഉത്തരപ്പേപ്പര്‍ വായിച്ച് കുടുകുടെ ചിരിക്കാമായിരുന്നു. എന്തായാലും മോദി പേടിച്ചിരിക്കുകയാണ്. 

ചെന്നിത്തല പഴയ ആ മഴക്കാലത്തുതന്നെ കിടക്കുകയാണ്. കേരളം പുനര്‍നിര്‍മിക്കാം എന്നൊക്കെ സര്‍ക്കാര്‍ പറയുന്നത് പുള്ളി അംഗീകരിക്കുന്നില്ല. ഡാം തുറന്നത് ആരാണെന്ന് ഇപ്പോ അറിയണം എന്ന ലൈനിലാണ് പുള്ളി. കളി നമ്മുടെ മണിയാശാനോടാണ്. അതുകൊണ്ടുതന്നെ ഡാമിലെ ചെമ്പല്ലികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആശാന്‍ വണ്‍ടുത്രീ എണ്ണിയാല്‍ കുശാലാകുമല്ലോ കാര്യങ്ങള്‍. 

പ്രധാനമന്ത്രി കള്ളനാണന്നൊക്കെ വച്ച് കീറുകയാണ് രമേശ് ചെന്നിത്തല. അകൗണ്ടില്‍ പതിനഞ്ചുലക്ഷം എത്താത്തതാണ് ചെന്നിത്തലയെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് മോദി പറഞ്ഞിരുന്നു അധികാരത്തിലെത്തിയാല്‍ അകൗണ്ടിലെ പണം എണ്ണാന്‍ നാട്ടാര്‍ തയ്യാറെടുത്തോളാന്‍. അത് കേട്ട പാകതി ബാങ്ക് അകൗണ്ടുമെടുത്ത് ആധാര്‍ ലിങ്ക് ചെയ്തവനാണ് രമേശന്‍. എന്നിട്ടാണ് ഇപ്പോ മോദി ഈ കൊലച്ചതി ചെയ്തത്. ചോദിച്ചിട്ടുതന്നെ ബാക്കിക്കാര്യം

വെള്ളാപ്പള്ളി നടേശന് ഒരു ശത്രുവുണ്ടെങ്കില്‍ അത് വിഎം സുധീരനാണ്. പണ്ട് വിഎസും പിണറായിയുമൊക്കെ ശത്രുക്കളുടെ പറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നെങ്കിലും ബാറുകള്‍ പൂട്ടിയപ്പോള്‍ അവരുടെയെല്ലാം പേര് വെട്ടി. പിന്നെ തലങ്ങും വിലങ്ങും വിഎം സുധീരന്‍ എന്നെഴുതി. വിഎമ്മിനെ കോണ്‍ഗ്രസുകാര്‍ പോലും ഇപ്പോള്‍ വിമര്‍ശിക്കാറില്ല. സുധീരനുപകരം വന്ന എംഎം ഹസന്‍ വരെ റിട്ടയറായി. എന്നിട്ടും വെള്ളാപ്പവ്ളിയുടെ പക അടങ്ങിയിട്ടില്ല

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ബിജെപി തുടങ്ങിയെന്നു വ്യക്തം. കഴിഞ്ഞ വര്‍ഷങ്ങളായി വിമാനത്തില്‍ കടല്‍ കടന്ന് പറന്നിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുടരെ തുടരെ നാട്ടില്‍ കണ്ടു തുടങ്ങിയപ്പോളാണ് തിരഞ്ഞെടുപ്പിന് സമയമായി എന്ന തോന്നല്‍ നാട്ടുകാര്‍ക്കുണ്ടായാത്. വിമാനയാത്ര വീക്നസായതുകൊണ്ട് പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടില്ല. എക്കണോമി ക്ലാസില്‍ അന്തര്‍ രാജ്യ യാത്രകളാക്കി ചുരുക്കി. പിന്നെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്നു വരുത്താനും തീരുമാനിച്ചു. പിന്നെ എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ കാണാനും അവര്‍ക്കൊപ്പം സമയം ചിലവഴിക്കാനും തീരുമാനിച്ചു. കുട്ടികളാകുമ്പം മറ്റേ പതിനഞ്ചുലക്ഷോം ചോദിക്കില്ല, ഇന്ധനവിലയും മിണ്ടില്ല. ആ തലക്ക് നമോ വാകം

MORE IN THIRUVA ETHIRVA
SHOW MORE