കോൺഗ്രസിൽ ഇനി മുല്ലപ്പള്ളി വിപ്ലവം

mullapally-thiruva
SHARE

സംസ്ഥാനത്ത കോണ്‍ഗ്രസ് അങ്ങനെ വിപ്ലവത്തിന് സജ്ജമാവുകയാണ്. സംസ്ഥാനത്തെ ജനനായകരുടെ വിപ്ലവങ്ങള്‍ക്കിടയില്‍  മുല്ലപ്പള്ളി വിപ്ലവം കോണ്‍ഗ്രസിനെ രക്ഷിക്കുമോയെന്ന് മുകളിലിരിക്കുന്ന ഹൈക്കമാന്‍ഡിനുപോലും തിട്ടമില്ല.

പണ്ട് കണ്ണൂരില്‍, പ്രത്യേകിച്ച് കൂത്തുപറമ്പിലും പേരാവൂരിലുമൊക്കെ തെരഞ്ഞെടുപ്പുകാലത്ത് സഖാക്കള്‍ വിളിച്ചിരുന്ന മുദ്രാവാക്യം കിടിലമായിരുന്നു. പള്ളി ഞങ്ങള്‍ പൊളിച്ചിട്ടില്ല, ഇക്കുറി നമ്മള്‍ പള്ളി പൊളിക്കും ആ  പള്ളി മുല്ലപ്പള്ളി.. പക്ഷെ, മുദ്രാവാക്യം കൊണ്ടൊന്നും മുല്ലപ്പള്ളിയെ പൊളിക്കാനായിട്ടില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം ആ മുദ്രാവാക്യം ഉറക്കെ വിളിക്കാനുള്ള അവസരമാണ് എല്‍ഡിഎഫിന് ലഭിച്ചിരിക്കുന്നത്. പക്ഷെ, സംസ്ഥാനത്തെ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സുധീരനുമൊക്കെ ഒന്നിച്ചുശ്രമിച്ചാല്‍ എല്‍ഡിഎഫിന് ആ അവസരം നഷ്ടപ്പെടും. കാരണം ബാഹുബലി വിചാരിച്ചാല്‍പോലും തീരാത്ത പ്രശ്നങ്ങളാണ് പാര്‍ട്ടിയില്‍. പരസ്പരം കാണുമ്പോള്‍ ചിരിക്കുന്നതുകൊണ്ട് അ‍‍ഡ്ജസ്റ്റ് ചെയ്തുപോകുന്നതാണ്. പുതിയ കെപിസിസി പ്രഡിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വിജയിക്കട്ടെ. നീണാള്‍ വാഴട്ടെ.

പക്ഷെ, ആഘോഷത്തിനടിയിലും പിടയുന്ന നെഞ്ചുമായി ഒരാള്‍ നില്‍ക്കുന്നുണ്ട്. ആ കാഴ്ച അധികനേരം കണ്ടുനില്‍ക്കാനാവില്ല. പാവം എം എം ഹസ്സന്‍ . 18 മാസം കെപിസിസി പ്രസിഡന്റിന്റെ കസേര കാത്തത് ഹസ്സനാണ്. ഓഖി വന്നിട്ടും പ്രളയം വന്നിട്ടും പാര്‍ട്ടി ഒലിച്ചുപോകാത്തിന്റെ ഒറ്റകാരണം അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യമാണ്. ഹസ്സന് മുമ്പും ശേഷവും എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ ചരിത്രം എഴുതാനുള്ള തയ്യറാറെടുപ്പിനിടെയാണ് രാഹുല്‍ ഗാന്ധി വന്ന ഇന്ദിരാഭവന്റെ താക്കോല് മുല്ലപ്പളിയെ ഏല്‍പ്പിക്കുന്നത്. സ്വന്തം വീട്ടില്‍നിന്ന് അടിച്ചിറക്കപ്പെട്ടവന്റെ അവസ്ഥ. ഹസ്സന് മുന്നില്‍ ഒരുവഴിയേയുള്ളൂ. അനുഭവിച്ചതെല്ലാം സ്വപ്നമാണെന്നുകരുതി ജനശ്രീയുടെ യോഗത്തിലൊക്കെ പോയി പുതിയ പ്രസിഡന്റിനെ നന്നായി തള്ളി മുന്നോട്ടുപോവുക. പുനരധിവാസം ഇനി പ്രതീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.

പക്ഷെ, പ്രസക്തമായ മറ്റുചില ചോദ്യങ്ങളുണ്ട്. ഹസ്സന്റെ അവസ്ഥയാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കും. മുല്ലപ്പള്ളിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ മൂന്നുവര്‍ക്കിങ് പ്രസിഡന്റുമാരേയും രാഹുല്‍ ഗാന്ധി ചെങ്കോലും കിരീടവും കൊടുത്ത് ഇങ്ങോട്ടേക്ക് അയച്ചിട്ടുണ്ട്. പക്ഷെ, മഷിയിട്ടുനോക്കിയിട്ടും തങ്ങളുടെ ഗ്രൂപ്പിന്റെ ചോര അവരിലാരിലും കണ്ടെത്താന്‍ നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. ഗ്രൂപ്പ് ചോരയില്ലാതെ അന്യം നില്‍ക്കുന്ന അവസ്ഥയാണ്. എങ്കിലും നാലുപേരെയും ഇല്ലാത്ത കഴിവൊക്കെ ഉണ്ടെന്ന് പറഞ്ഞ് പ്രോല്‍സാഹിപ്പിച്ചുവിടുന്നുണ്ട് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയം ഉറപ്പിച്ചു. മുല്ലപ്പള്ളിയുടെ വരവോടെ മോദി പരാജയം സമ്മതിച്ചു എന്നൊക്കെയാണ് തള്ള്. പുതിയ നേതാക്കള്‍ വടക്കേതാ കിഴക്കേതാ എന്ന് കണ്ടെത്തുംമുമ്പ് വേണോ സാറന്‍മാരെ ഇങ്ങനെ തനിക്കാക്കി ബെടക്കാക്കല്‍. 

പക്ഷെ, ഇങ്ങനെ തെക്ക് വടക്ക് നടക്കാതെ തന്നെ ലക്ഷ്യത്തിലെത്താന്‍ കഴിവുള്ള ഒരു കളിക്കാരന്‍ ആ കൂട്ടത്തിലുണ്ട്. വടക്കുനിന്നാണ് വരവ്,  സത്യത്തില്‍ കണ്ണൂരിലൊന്ന് വെറുതെ പോയാല്‍മതി. ആര്‍ക്കും മനസ്സിലാകും കെ. സുധാകരന്റെ പവര്‍. കോണ്‍ഗ്രസിന്റെ ആശയും അഭിലാഷവുമാണ് എക്കാലവും സുധാകരന്‍. കളത്തിലിറങ്ങി കളിക്കാന്‍ തീരുമാനിച്ചാല്‍ ജയിക്കാതെ കയറില്ല എന്നൊക്കെയാണ് അദ്ദേഹം തന്നെ പറയാറ്. ഇത്തവണ കെപിസിസി പ്രസിഡന്റാകാനാണ് കളത്തിലിറങ്ങിയത്. ചെറിയ പോയിന്റിനുതോറ്റുപോയി. പ്രസിഡന്റിന്റെ മുന്നില്‍ ഒരു വര്‍ക്കിങ് എന്നൊരു പ്രയോഗം കയറിപ്പോയി. പക്ഷെ, സുധാകരന്‍ വീണിടം വിഷ്ണുലോകമാക്കാനുള്ള തീരുമാനത്തിലാണ്. അതായത് അടുത്തതവണ പ്രസിഡന്റാകാന്‍ ഇപ്പോഴേ കളിതുടങ്ങുമെന്ന്. ആ കളി എന്തായാലും പൊളിക്കും.

Thumb Image

വര്‍ക്കിങ് പ്രസിഡന്റുമാരായി കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, എം ഐ ഷാനവാസ് എന്നിവരെയാണ് രാഹുല്‍ ഗാന്ധി ആശീര്‍വദിച്ചത്. സംഭവം കലക്കിയെന്ന് പറയാമായിരുന്നിട്ടും കെ.സുധാകരന് ആദ്യമൊരു വിമ്മിട്ടം. ഈ പദവി ഏറ്റെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കട്ട കണ്‍ഫ്യൂഷന്‍. ചാഞ്ചാട്ടം കൂടിയപ്പോള്‍ പാര്‍ട്ടിയിലെ ചിലരുമായി സുധാകരന്‍ ചര്‍ച്ചയും നടത്തി. പ്രസിഡന്റ് പദവിയേക്കാള്‍ സൂപ്പറാണ് വര്‍ക്കിങ് പ്രസിഡന്റുപദവിയെന്ന് ആരോ തട്ടിവിട്ടതോടെ കണ്‍ഫ്യൂഷന്‍ മാറി. മുല്ലപ്പള്ളി തന്നെയാണോ അങ്ങനെ പറഞ്ഞതെന്ന് വ്യക്തമല്ല. ആരുപറഞ്ഞാലും കാണാതായ നാലാമനെ അങ്ങനെ കണ്ടുകിട്ടി. കെ. സുധാകരന്‍ ഹാജര്‍.

കളി മാറ്റിയും മറിച്ചും, അത് കേരളത്തിലായാലും ഡല്‍ഹിയിലായാലും കളിക്കാന്‍ മിടുക്കനാണ് പുതിയ പ്രസിഡന്റ്. ലോക്സഭയിലേക്കുള്ള ആദ്യമല്‍സരത്തില്‍ തോറ്റ മനുഷ്യനാണ്. പക്ഷെ, ആ തോല്‍വിപ്പറ്റി ഇപ്പോള്‍ മുല്ലപ്പള്ളിക്കുപോലും ഓര്‍മയില്ല. കൃത്യമായ അടവുകളുമായാണ് കെപിസിസിയെ നയിക്കാന്‍ മുല്ലപ്പള്ളി വരുന്നത്. പ്രസിഡന്റ് പദവി ആഗ്രഹിച്ച സുധാകരനെയും വിഡി സതീശനെയും കസേര നഷ്ടപ്പെട്ട ഹസ്സനേയുമൊക്കെ പോക്കറ്റിലാക്കാന്‍ കഴിവുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, രാമചന്ദ്രന്‍റെ വരവ് സിംഹാസം ത്യജിച്ച് കാട്ടില്‍പ്പോകാനല്ല, പാര്‍ട്ടിയെ ഭരിക്കാന്‍ തന്നെയാണ്. പൂരം വരാനിരിക്കുന്നതേയുള്ളൂ. പ്രചാരണസമിതിയുടെ തലവന്‍ ഇനി കെ. മുരളീധരനാണ്. പഴയ പ്രചാരണങ്ങളൊക്കെ നാട്ടുകാര്‍ മറന്നിട്ടില്ലെന്ന് ഓര്‍മിപ്പിച്ചുകൊള്ളുന്നു.  

MORE IN THIRUVA ETHIRVA
SHOW MORE