അടങ്ങാത്ത മോഹവും; അണയാത്ത കോഴയും

thiruva-bar-issue
SHARE

ക്ലാസ് മേറ്റ്സ് കോളജ് മേറ്റ്സ് എന്നൊക്കെ കേട്ടിട്ടില്ലേ. അത്തരത്തില്‍ ഒരു സംഗതിയാണ് ബാര്‍ മേറ്റ്സ്. ബാറില്‍ പോയി ഒന്നിച്ചു കുടിക്കുന്നവര്‍മാത്രമാണ് ഈ ഗണത്തില്‍ പെടുന്നത് എന്നുകരുതരുത്. അങ്ങനെയല്ല. ബാര്‍ എന്ന വാക്ക് തമ്മില്‍ ഒരുമിപ്പിച്ചവരാണ് ഇത്തരക്കാര്‍. ഒരു കാലത്ത് അത് കെഎം മാണിയും എല്‍ഡിഎഫുമായിരുന്നു.

ഇപ്പോള്‍ മാണിയും യുഡിഎഫന്‍മാരുമാണ് ആ ഫ്രണ്ടുക്കള്‍. കെഎം മാണിയെ കോഴമാണി എന്ന് വിളിച്ച് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കലാപമുയര്‍ത്തിയ ഇടതുപക്ഷം പിന്നീട് ആ മുന്തിരിക്കുലയെ മോഹിച്ച് വിളി മാണിസാര്‍ എന്നാക്കിയിരുന്നു.

അക്കാലയളവില്‍ യുഡിഎഫാകട്ടെ ഇനി ഈ പാലാക്കരനെ സാര്‍ കൂട്ടി വിളിക്കില്ലെന്ന് ശപധം ചെയ്തു. പക്ഷേ കാര്യങ്ങളെല്ലാം പിന്നീട് മാറിമറിഞ്ഞു. കിട്ടാത്ത മുന്തിരിക്ക് പുളിയാണെന്ന് എല്‍ഡിഎഫ് തിരിച്ചറിഞ്ഞ ആ ദിവസത്തില്‍ നിന്നുതന്നെ ഇന്നത്തെ കഥ തുടങ്ങാം. അപ്പോ ഇതാ ആ ടച്ചിങ്സ്

പണ്ട് പാലക്കാട്ട് പ്ലീനത്തിലാണ് സിപിഎം മാണിക്കായി ആദ്യം പരവതാനി വിരിച്ചത്. പിന്നീട് കോഴയുടെ പേരില്‍ ചുരുട്ടി വച്ച ആ വിരിപ്പ് പിന്നീട് സംസ്ഥാന സമ്മേളനത്തിന്‍റെ വേദിയില്‍ വീണ്ടും വിരിച്ചു. 

ഇക്കാലയളവിലാണ്  കോഴക്കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ് പാടുപെട്ടു കണ്ടുപിടിച്ചത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുവരെ ഇടതിനെ മോഹിപ്പിച്ചു നടന്ന മാണി പിന്നീട് മനം മാറ്റി. അപ്പോളേക്കും വിജിലന്‍സി റിപ്പോര്‍ട്ട് തയ്യാറായിക്കഴിഞ്ഞിരുന്നു. മാണി പൊടീം തട്ടി പോവുകേം ചെയ്തു.

അങ്ങനെ എല്ലാം സെറ്റായെന്ന് ആശ്വസിച്ചിരുന്ന കരിങ്കോഴക്കല്‍  മാണിയോട് വിജിലന്‍സ് കോടതി പറഞ്ഞു വീട്ടുപേരിലെ കോഴ സ്വന്തം പേരിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന്. ചോദ്യം അതല്ല. സര്‍ക്കാര്‍, അതായത് ഇടതുപക്ഷം, അവര്‍ ഈ കോടതി ഉത്തരവു കേട്ടിട്ട് ചിരിക്കണോ അതോ കരയണോ.

ചിലപ്പോള്‍ ആദ്യമായാകും കോടതിയില്‍ നിന്ന് ഒരു കേസില്‍ തിരിച്ചടി നേരിട്ടപ്പോള്‍ സര്‍ക്കാര്‍ ഇതുപോലെ മനസില്‍ ചിരിച്ചിട്ടുണ്ടാവുക

പിസിയുടെ നാക്ക് പൊന്നായി. അല്ലാതെന്നാ പറയാനാ. വിജലന്‍സ് റിപ്പോര്‍ട്ടിനെ കോടതി വലിച്ചുകീറി ചവറ്റുകൊട്ടയിലിട്ടു. തുടരന്വേഷണമായാലും പുനരന്വേഷണമാണേലും സംഗതി പൊല്ലാപ്പിലേക്കാണെന്ന് മാണിക്കു മനസിലാകു.ം

ഒന്നുമല്ലേലും നിയമ മന്ത്രിയുടെ കുപ്പായമിട്ട് റെക്കോഡൊക്കെ ഇട്ട കക്ഷിയല്ലായോ. എല്‍ഡിഎഫും യുഡിഎഫും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടും കരകയറാന്‍ മാണിക്ക് വിധിയില്ല. ഇതിനിടക്ക് പൂട്ടിയ ബാറെല്ലാം തുറക്കുകയും ബാറിനെതിരായിരുന്ന സുധീരന്‍  താഴെവീണുടഞ്ഞ ബിയര്‍ കുപ്പി പോലെയുമായി.

ഇടക്ക് ചെറുതായൊന്നു പതയും. പക്ഷേ യാതൊരു പ്രയോജനവുമില്ല. ഇടതുപക്ഷവും മാണിയുമായുള്ള അന്തര്‍ധാര സജീവമല്ലാതായതാണോ ഇപ്പോ ഈ ഗുലുമാലിന് കാരണമായതെന്ന് സംശയിക്കുന്നവരുമുണ്ട്.

പെഗിന്‍റെയും കുപ്പിയുടേയും കണക്കില്‍ സംശയമുള്ളവരുണ്ടാകും. അത് മാറ്റാന്‍ ഇടതു കണ്‍വീനര്‍ വിജയരാഘവനെത്തും. നന്നായി വിശകലനം ചെയ്യുകയും ചെയ്യും

ബാര്‍ കോഴ കേസില്‍ കോടതിക്ക് എല്ലാം മനസിലായിട്ടുണ്ട്. ഇപ്പോള്‍ എല്‍ഡിഎഫിന് കാര്യങ്ങള്‍ മനസിലായി തുടങ്ങുകയും ചെയ്തു. വൈക്കം വിശവന്‍ സഖാവ് ഇടതുമുന്നണിയുടെ ഡ്രൈവറായിരുന്ന കാലത്താണ് ഈ വിഷയത്തില്‍ ഒട്ടുമിക്കവാറും കാര്യങ്ങള്‍ നടന്നത്.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട ഫയലുകള്‍ പകരക്കാരനായി വന്ന വിജയരാഘവന് വിശ്വേട്ടന്‍ കൈമാറിയിട്ടില്ല എന്നു തോന്നും പുതിയ കണ്‍വീനറുടെ പറച്ചില്‍ കേട്ടാല്‍. അല്ലങ്കില്‍ വിജയരാഘവന് പഴയ കാര്യങ്ങള്‍ ഓര്‍മയില്ലാത്തതാവണം

മുഖ്യന്‍ സ്ഥലത്തില്ല. മൂപ്പുവച്ചും കഴിഞ്ഞ കുറച്ചു ദിവസത്തെ ശീലംവച്ചും പിന്നെ ഇക്കാര്യത്തില്‍ തീര്‍പ്പ് പറയേണ്ടത് ഇപി ജയരാജനാണ്. പക്ഷേ പുള്ളിക്ക് ഇപ്പോ ഒരു കുഴപ്പമുണ്ട്. ചാടിക്കേറി ഒന്നും പറയില്ല.

അത് പിണറായിയെ പേടിച്ചിട്ടാണെന്നും അതല്ല പണ്ട് ബോക്സിങ് വിഷയത്തില്‍ മാനത്തിനേറ്റ ഇടിയെത്തുടര്‍ന്നുണ്ടായ ശീലമാണെന്നും രണ്ടുപക്ഷമുണ്ട്. ഇതിലേതുകൊണാടാണെങ്കിലും പുള്ളി പഠിക്കാതെ പറയുന്ന പരിപാടി നിര്‍ത്തി എന്നത് യാഥാര്‍ഥ്യമാണ്

മാണിയുടെ ചിയേഴ്സിനോട് മുഖം തിരിച്ച കേരളത്തിലെ ഏക പാര്‍ട്ടി സിപിഐയാണ്. രണ്ടാമനന്ന പദവി നഷ്ടമാകാതിരിക്കാനുള്ള സൈക്കോളജിക്കല്‍ മൂവ് എന്നൊക്കെ പലരും അടക്കം പറഞ്ഞെങ്കിലും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ചുനിന്ന കാനം രാജേന്ദ്രന്‍ തൃശൂരിലെ സിപിഎം സമ്മേളന വേദിയില്‍ ഇടം വലം നോക്കാതെ നേരെ ഇരുന്നതും നമ്മള്‍ മറന്നിട്ടില്ല. അതുകൊണ്ട് കോടതിയുടെ ഉത്തരവറിഞ്ഞ് ഏറ്റവും കൂടിതല്‍ സന്തോഷിച്ചതും മറ്റാരുമല്ല

യുഡിഎഫിനാണ് കട്ടപ്പണി കിട്ടിയത്. ബാര്‍ വിഷയത്തില്‍ കെട്ടിറങ്ങി എന്നുകരുതിയാണ് എട്ടുപത്തു വണ്ടി നിറയെ നേതാക്കളുമായി പാലായിക്ക് പോയതും പോത്തും മീനും കൂട്ടി മാണിസാറിനൊപ്പം ചോറുണ്ടതും. ഇപ്പോ വാളോര്‍ത്തിട്ട് ഇറക്കാനും വിലയോര്‍ത്തിട്ട് തുപ്പാനും വയ്യാത്ത സ്ഥിതിയിലാണ് അവര്‍. 

ചെന്നിത്തലയൊക്കെ ഇനി എന്ന് എന്തുപഠിക്കാനാണാവോ. ഒരു വിഷയം കിട്ടിയാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കുന്ന ഒരേ ഒരു പഠിപ്പിസ്റ്റേ കേരള കോണ്‍ഗ്രസില്‍, എ്നു വച്ചാല്‍ കേരളത്തിലെ കോണ്‍ഗ്രസിലുള്ളു.

വണ്‍ ആന്‍ഡ് ഒണ്‍ലി കെ മുരളീധരന്‍. താന്‍ ഒരു ലീഡര്‍ ജൂനിയറാണെന്ന് മുരളിക്കും നന്നായറിയാം. എപ്പോ എവിടെ ചവിട്ടണമെന്നും എന്തുപറയണമെന്നും അറിയാന്‍ മുരളിക്ക് ട്യൂഷന്‍റെ ആവശ്യമില്ലല്ലോ

അതെ കെഎം മാണിയുടെ വക്കാലത്ത് മുരളി ഏറ്റുകഴിഞ്ഞു. മാണിക്കെതിരെ ഇടതുപക്ഷത്തിന് കടുത്ത പ്രചാരണത്തിലേക്ക് ഇനി കടക്കാനാവില്ലെന്ന് മുരളിക്ക് നന്നായറിയാം. ഇരുതല മൂര്‍ച്ചയുള്ള ബാര്‍ കോഴക്കേസിനെയും തൊട്ടാല്‍ പൊട്ടുന്ന കെഎം മാണിയേയും മുരളി തന്മയത്തത്തോടെ കൈകാര്യം ചെയ്യുകയാണ്

ബാര്‍ മുതലാളി മാത്രമായിരുന്ന ബിജു രമേശ് നിയമത്തിലും സാങ്കേതിക വിദ്യയിലും അഗ്രഗണ്യനായി എന്നതാണ് ബാര്‍കോഴ കേസിന്‍റെ മറ്റൊരു വശം.

ബിജു തുറന്നുവിട്ട ഭൂതം പലരുടെയും ഉറക്കം കെടുത്തി ഇങ്ങനെ അലയുകയാണ്. റിലേ മല്‍സരത്തിലെ ബാറ്റണ്‍ കണക്കെ പല കൈ മറിഞ്ഞ് അത് മുന്നോട്ട്

കൂട്ടിലടച്ച തത്തവരെ പൂച്ച പൂച്ച എന്ന് ഉറക്കെ പറഞ്ഞ് വന്നിട്ടുണ്ട്. മറ്റാരുമല്ല. ജേക്കമ്പ് തോമസ്. പിണറായിയെയും ഉമ്മന്‍ ചാണ്ടിയെയും അടിക്കാന്‍ പറ്റിയ ഒരു വടി കിട്ടിയ സന്തോഷത്തിലാണ് കക്ഷി.

എന്തുപറഞ്ഞാലും ഇടക്കിടക്ക് ഞാന്‍ ഞാന്‍ എന്നു പറയുന്ന അസുഖത്തിനുമാത്രം ഇപ്പോളും ഒരു കുറവുമില്ല. ഞാന്‍ കൂടുതല്‍ പറയുന്നില്ല. 

MORE IN THIRUVA ETHIRVA
SHOW MORE