ജയരാജൻ സഖാവിന് ആശംസകൾ; തോമസ് ചാണ്ടിക്ക് പ്രതീക്ഷ

ep-jayarajan
SHARE

ബന്ധങ്ങളൊക്കെയും ബന്ധനങ്ങളാണെന്ന തിരിച്ചറിവോടെ ജയരാജന്‍ സഖാവ് പുതിയ മനുഷ്യനായി സത്യപ്രതിജ്ഞ ചെയ്ത ദിവസമാണിന്ന്. 

പിണറായി മന്ത്രിസഭ അധികാരമേറ്റടുത്തതിനുശേഷം രാജിവക്കലും വീണ്ടും സത്യപ്രതിജ്​ഞ ചെയ്യലും ഒരു പുതുമയല്ലാതായി കഴിഞ്ഞിരിക്കുന്നു. ഇതിപ്പോ ഇ.പി.ജയരാജന്‍ സഖാവാണ് ആദ്യം രാജിവച്ചത്. സിപിഎമ്മിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ പാര്‍ട്ടിയുടെ ഒരു യശസ്സ് അല്‍പം ഇടിഞ്ഞുപോയ സമയമായിരുന്നു അത്. 

തക്കസമയത്ത് യശസ്സുയര്‍ത്താന്‍ കെല്‍പുള്ള ഒരാളേ ആ പാര്‍ട്ടിയിലുള്ളു. അത് ഇ.പിയാണ്. ഇ.പിയുടെ ആ എടുപ്പും നടപ്പും കണ്ടപ്പോള്‍ പാര്‍ട്ടിക്ക് അങ്ങനെ തോന്നി. അങ്ങനെ യശസ്സുയര്‍ത്താന്‍ രാജിവച്ചു. രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ യശസ്സ് ആവോളം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജയരാജന്‍ സഖാവ് മന്ത്രിയായി തന്നെ തിരിച്ചുവരട്ടെ എന്നങ്ങ് തീരുമാനിക്കുകയായിരുന്നു. 

സത്യത്തില്‍ പാര്‍ട്ടിയ്ക്ക് യശസ്സുണ്ടാക്കി കൊടുക്കല്‍ മാത്രമല്ല ഈ തിരിച്ചുവരവിന്‍റെ കാര്യം. ഒന്നാമത് ഇ.പി. പോയതില്‍ പിന്നെ വലിയൊരു വിടവ് നമ്മുടെ നാട് നേരിടുന്നുണ്ട്. ഒന്നാമത്, ഇ.പിയുടെ പ്രതികരണങ്ങള്‍, പ്രസംഗങ്ങള്‍ ഒക്കെ  കഴിഞ്ഞ രണ്ടുകൊല്ലമായി നമുക്ക് മിസ്സായിരുന്നു. മുഖ്യമന്ത്രിയായതില്‍ പിന്നെ പിണറായി വിജയന്‍ പരിപാടികള്‍ക്കൊന്നും പോയി വല്യപ്രസംഗങ്ങള്‍ നടത്താറില്ല. 

‌പ്രതികരണത്തിന്‍റെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. ഒന്നും മിണ്ടാറില്ല. മൈക്ക് കാണുന്നതേ കലിയാണ്. പിന്നെ പ്രതീക്ഷ ജി.സുധാകരനിലായിരുന്നു. ജി ആണെങ്കില്‍ കവിതയ്ക്ക് കൂടുതല്‍ പ്രാമുഖ്യം കൊടുക്കുകയും സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തിയതും കാരണം ഇ.പി.യുണ്ടാക്കിയ വിടവ് നികത്താന്‍ ഇ.പി. തന്നെ വേണം എന്ന നിലയിലേക്കെത്തിച്ചിരുന്നു. 

ഇടയ്ക്ക് മണിയാശാന്‍ വന്നതായിരുന്നു പ്രതീക്ഷ. മന്ത്രിയായതോടെ അതും പോയി. അതുകൊണ്ട് ഇ.പി.യുടെ ഈ പോക്കുവരവ് എന്തുകൊണ്ടും ഈ നാടിന് ഒരു ആഘോഷത്തിന്‍റെ സന്തോഷത്തിന്‍റെ ഒക്കെ നിമിഷമാണ്.

രാജി വച്ച മന്ത്രിക്ക് വീണ്ടും മന്ത്രിയാകാം എന്നത് തോമസ് ചാണ്ടിക്ക് വരെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. ഇ.പിക്ക് രാജിവക്കുമ്പോഴുള്ള അതേ വകുപ്പ് വരെ കിട്ടിയ സ്ഥിതിക്ക് തോമസ് ചാണ്ടിക്ക് വീണ്ടും മന്ത്രിയാവാന്‍ വഴിയുണ്ടോ എന്നന്വേഷിക്കാവുന്നതാണ്. 

ചുരുങ്ങിയ പക്ഷം ഇത്തരം പോക്കുവരവുകള്‍ ഈ സര്‍ക്കാരിന് ഒരു വിഷയമല്ലെന്ന് തെളിഞ്ഞ സ്ഥിതിക്ക്. ഇ.പി.യ്ക്ക് പിണറായി കൊടുത്ത ഉപദേശങ്ങള്‍ എന്തൊക്കെയാണെന്ന് തോമസ് ചാണ്ടിക്ക് വേണമെങ്കില്‍ ഒന്നു അന്വേഷിക്കാവുന്നതാണ്.

ഏതായാലും പിണറായി വിജയന്‍റെ കാലത്ത് ഒന്നിനും ഒരു കുറവും ഈ രാജ്യം അനുഭവിക്കില്ല എന്നുമനസിലായി. ഭരണം ഏറ്റെടുക്കുമ്പോ മന്ത്രിമാരുടെ എണ്ണമൊക്കെ വല്യ പ്രശ്നായിരുന്നു. 19 പേരേ പാടുള്ളു എന്നൊക്കെ. കുറച്ചൂടെ മന്ത്രിമാരൊക്കെ ഉണ്ടായാല്‍ നന്നായിരുന്നു എന്ന് പാര്‍ട്ടിക്കാര്‍ക്ക് വരെ തോന്നിയതായിരുന്നു. ആ നിരാശയൊക്കെ ഇപ്പോ അങ്ങ് തീര്‍ത്തുകൊടുത്തു. 21 മന്ത്രിമാരായി. അതുകൊണ്ട് അക്കാര്യത്തില്‍ ഒരു കുറവ് വന്നു എന്ന് ഇനിയാരും പിണറായി സര്‍ക്കാരിനെ നോക്കി പറയില്ല.

പ്രതിപക്ഷം വന്നില്ലെങ്കിലെന്താ ഭരണപക്ഷത്തുള്ളവരും അവരുടെ കുടുംബവും വരെ വന്ന് പൂവുകൊടുത്താണ് ഇ.പി.യുടെ ദുഖത്തെ പാര്‍ട്ടി തന്നെ മായ്ച്ചുകളഞ്ഞത്. പാര്‍ട്ടി സെക്രട്ടറി വരെ സകുടുംബമാണ് പൂവുകൊടുക്കാനെത്തിയത്. 

ഒരുപക്ഷേ അധികമന്ത്രിമാരെ ഉള്‍ക്കൊള്ളിച്ചത് ധനമന്ത്രി തോമസ് ഐസക്കിനിട്ട് ഒരു പണി കൊടുക്കാനാണോ എന്നാണ് സംശയം. ഒന്നാമത് കാലിയായ ഖജനാവിന് കാവല്‍ ഇരിക്കലാണ് അദ്ദേഹത്തിന്‍റെ പ്രധാനപണി. ആ നിലയില്‍ ഇങ്ങനെ ഒരു പണികൂടി കൊടുത്തിട്ട് ചെലവ് ചുരുക്കാന്‍ പറയുന്നത് എന്തുകൊണ്ടും സ്നേഹം കൊണ്ടാവാന്‍ വഴിയില്ല. ഇ.പി.ക്ക് പുതിയൊരു വീടെങ്കിലും ആദ്യം കണ്ടെത്തിക്കൊടുക്കേണ്ടത്. സോറി ബംഗ്ലാവ്.

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.