സിപിഐക്ക് ഓണം ബംപർ; സിപിഎം കൊടുത്ത പണിയോ?

kodiyeri-kanam-1
SHARE

നാടെങ്ങും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോ ഭരണ പ്രതിപക്ഷത്തിന്‍റെ യോജിപ്പ് എല്ലാവരും പറയുന്നുണ്ട്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിസ്ഥാനത്തിരുന്നു സംസാരിക്കുന്നപോലെയാണ് കാര്യങ്ങള്‍ പറയുന്നത്. അത്രമാത്രം യോജിപ്പാണ്. പക്ഷേ ആ നേരത്ത് ഇ.പിയുടെ സത്യപ്രതിജ്ഞക്ക് ഈ യോജിപ്പൊന്നും കണ്ടില്ല. പ്രതിപക്ഷം ആ വഴിക്ക് വന്നതേയില്ല. മഴദുരിതത്തില്‍ വലയുന്ന കേരളത്തിന് ഇതുപൊലൊരു മന്ത്രിദുരിതം താങ്ങേണ്ടിവരുന്നത് ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും സഹിച്ചുകാണില്ല.

സംഗതി ദുരിതത്തിലൊക്കെയാണെങ്കിലും ഈ ഓണക്കാലത്ത് ഓഫര്‍ കിട്ടിയ പാര്‍ട്ടി സിപിഐ ആണല്ലോ. സിപിഎം എന്തെടുത്താലും സിപിഐക്ക് ഒരു ഐറ്റം ഫ്രീ എന്നതായിരുന്നു ആ ഓഫര്‍. ഓഫര്‍ അനുസരിച്ച് ഇ.പി. മന്ത്രിയായപ്പോള്‍ സിപിഐക്ക് ചീഫ് വിപ്പ് പദവിയാണ് കിട്ടിയത്. ഏത്, അതന്നെ സാക്ഷാല്‍ പി.സി.ജോര്‍ജ് ഇരുന്ന് കുപ്രസിദ്ധിയുണ്ടാക്കികൊടുത്ത അതേ കസേര.

സത്യത്തില്‍ സിപിഐയോടുള്ള ദേഷ്യത്തിന്‍റെ പുറത്താവണം ഈ ചീഫ് വിപ്പ് പദവി കൊടുത്തത്. കാരണം എന്താണെന്ന് വച്ചാല്‍ കഴിഞ്ഞ സര്‍ക്കാരില്‍ പി.സി. ജോര്‍ജ് ഇരുന്ന സീറ്റാണ് ഈ ചീഫ് വിപ്പിന്‍റേത്. അങ്ങനെ ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ നാട്ടുകാര്‍ക്ക് ആകെ ഒരു വെറുപ്പാണ് ആ പദവിയോട് തന്നെ. അങ്ങനെ നാട്ടുകാര്‍ വെറുക്കുന്ന ആ പദവി എടുത്ത് സിപിഐയുടെ തലയില്‍ വച്ച് കൊടുക്കുമ്പോള്‍ സിപിഎം ഉദ്ദേശിക്കുന്നത് ആ വെറുപ്പ് ആ പാര്‍ട്ടിയോടുതന്നെ തോന്നട്ടെ എന്നാവണം. അതിനേ വഴിയുള്ളു. അല്ലാതെ ഒന്നും ആവശ്യപ്പെടാതെ സിപിഐക്ക് ഇങ്ങനെ ഒരു പണികൊടുക്കേണ്ട കാര്യമില്ലല്ലോ.

ഈ മഴക്കാലത്ത് മന്ത്രിമാരും എംഎല്‍എമാരുമൊക്കെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്ത് നില്‍ക്കുമ്പോഴാണ് പുതിയ രണ്ടു ക്യാബിനറ്റ് പദവിയൊക്കെ വരുന്നത്. ഉള്ള മന്ത്രിമാരില്‍ നിന്ന് രണ്ടുപേരെ ഒഴിവാക്കി ആ പണം കൂടി ലാഭിക്കാന്‍ നോക്കേണ്ട സമയത്ത് ഇങ്ങനെയൊക്കെ ചെയ്യുന്നതിനെ സമ്മതിച്ചേതീരൂ.

രമേശ് ചെന്നിത്തലയുടെ വിഷമം ശരിക്കും മനസിലാവും. ഇതിപ്പോ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ വ്യത്യാസമില്ലാതാവുന്നതാണ് അദ്ദേഹത്തെ സങ്കടപ്പെടുത്തുന്നത്. മുന്നണികള്‍ക്കായാലും ഒരു വ്യക്തിത്വമൊക്കെ ഉണ്ടാവുന്നത് നല്ലതാണ്. പക്ഷേ അങ്ങനെയല്ല കാര്യങ്ങളെ കാണേണ്ടത്. ഇതിപ്പോ ഇനിയുള്ള ഒരുകാലത്തും ഇരുമുന്നണികള്‍ക്കും ഈ ക്യാബിനറ്റ് പദവികള്‍ കൂട്ടുന്നതിനെതിരെ ഇനി പറയാനേ പറ്റില്ലല്ലോ. അതൊക്കെ ഒരവസരങ്ങളായി അങ്ങ് കണ്ടാമതി. പ്രശ്നം തീര്‍ന്നു.

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.