തോക്കെടുത്തോ, പക്ഷെ തോക്കരുത്

thiruva-lal-t
SHARE

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിശ തിരുവനന്തപുരത്തു നടന്നു. ചടങ്ങിനുശേഷം ഫലകങ്ങള്‍ ഒന്നും മിച്ചം വന്നില്ലെങ്കിലും ഒരു സംശയം മാത്രം ബാക്കിയായി. നടന്നത് ചലച്ചിത്ര നിശ ആണോ അതോ ചളിച്ചിത്ര നിശയാണോ. പാലക്കാട്ട് പണ്ട് ആവാര്‍ഡ് ചടങ്ങ് നടന്നപ്പോള്‍ ഉയര്‍ന്ന പരാതി താരങ്ങള്‍ പങ്കെടുത്തില്ല എന്നായിരുന്നു. ആ കുറവ് തീര്‍ക്കാന്‍ കൊലകൊമ്പന്മാരെ നമ്മുടെ എകെ ബാലന്‍ ബുക് ചെയ്തപ്പോള്‍ അതാ അടുത്ത ആരോപണം. പരിപാടിയുടെ ക്രെഡിറ്റ് വരുന്ന താരങ്ങള്‍ കൊണ്ടുപോകുമത്രേ. പറഞ്ഞത് ഒരു ഡോക്ടര്‍ ആയിരുന്നിട്ടുകൂടി മന്ത്രി ബാലനോ മറ്റുള്ളവരോ അത് വകവച്ചില്ല. ബിജു ഹോമിയോ ഡോക്ടറാണെന്നും സംസ്ഥാന ആരോഗ്യ വകുപ്പിന് അലോപ്പതിയിലും ആയുര്‍വേദത്തിലുമാണ് വിശ്വാസമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. അതിനാല്‍ ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിന് പങ്കെടുക്കാമെന്ന് ഡോക്ടര്‍ക്ക് പോലും മനസിലാകാത്ത ഭാഷയില്‍ ബാലന്‍ കുറിച്ചു. ശേഷം ഭാഗം സ്ക്രീനിലല്ല,  സ്റ്റേജില്‍

ആകാശത്തിനു ചുവട്ടിലെ ഏതുമണ്ണും  ജഗന്നാഥന് സമമാണ്. ഈ ഡയലോഗ് പക്ഷേ ചിലര്‍ക്ക് അറിയില്ലായിരുന്നു. അതിന്‍റെ കുഴപ്പമാണ് ഈ വിവാദങ്ങളെല്ലാം കാരണം. ഇതുപോലെ മറ്റൊരു കിടിലന്‍ പഴഞ്ചൊല്‍ ഡയലോഗുണ്ട്. വാളെടുത്തവന്‍ വാളാല്‍. ഇതിന്‍റെ പരിഷ്കരിച്ച രൂപമാണ് തോക്കെടുത്തവന്‍ തോക്കാല്‍. ഇന്നത്തെ പത്രം വായിക്കാത്തതിനാലും സോഷ്യല്‍ മീഡിയ കാണാത്തതിനാലും നടന്‍ അലന്‍സിയര്‍ ഇതിനെക്കുറിച്ച് അഞ്ജനായിരുന്നു. മോഹന്‍ലാലിനെപ്പോലെ പണ്ട് തുണിപറിച്ച് ഷോ കാണിച്ചതിന് കേട്ടുതുടങ്ങിയ പഴി ഇപ്പോളും അവസാനിച്ചിട്ടില്ലെന്നും കക്ഷി മറന്നുപോയി. ഒന്നാന്തരം എകെ 47 തോക്കുമായാണ് മുഖ്യമന്ത്രികൂടി പങ്കെടുക്കുന്ന ചടങ്ങിനായി അലന്‍സിയര്‍ എത്തിയത്. കാഞ്ചി വലിച്ചെങ്കിലും അതൊടുവില്‍ സെല്‍ഫ് വെടിയായിപ്പോയി. തോക്ക് എന്നെഴുതുമ്പോള്‍ അത് തോല്‍ക്ക് എന്നാകുന്നത് തുടക്കക്കാരുടെ ഒരു പിഴവായി കണ്ട് ക്ഷമിക്കാവുന്നതാണ്. 

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്  വിവാദങ്ങളുടെ അകമ്പടി ഉണ്ടായിരുന്നില്ല എന്ന് വിശ്വസിക്കുന്ന ഈ ലോകത്തെ രണ്ടാമത്തെ ആള്‍ സിനിമ മന്ത്രി എകെ ബാലേട്ടനാണ്. ഇതോ വിശ്വാസം വച്ചുപുലര്‍ത്തുന്ന മറ്റൊരാള്‍ ചലച്ചിത്ര അക്കാദമിയുടെ അമരക്കാരന്‍ കമല്‍ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്തായാലും പുരസ്കാര പ്രഖ്യാപനത്തോടെ ആവേശം അവസാനിക്കാറുണ്ടായിരുന്ന സിനിമാ അവാര്‍ഡ് ഇക്കുറി വിതരണ ദിവസം കഴിഞ്ഞിട്ടും ശ്രദ്ധാകേന്ദ്രമായി മുന്നേറുകയാണ്.

MORE IN THIRUVA ETHIRVA
SHOW MORE