സുധീരന്‍റെ രാജിയും പിള്ളമാരുടെ ഏറ്റുമുട്ടലും | തിരുവാ എതിർവാ

sudheeran-pillai
SHARE

അങ്ങനെ വി.എം.സുധീരന്‍ ഒന്നുകൂടെ രാജി വച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം  മാര്‍ച്ചില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചശേഷം പിന്നെ ഇന്നാണ് സുധീരന്‍ജി വേറൊരു രാജി സമര്‍പ്പിക്കുന്നത്. ഇത്തവണ യുഡിഎഫ് ഉന്നതാധികാരസമിതിയില്‍ നിന്നാണ് ഇറങ്ങിപ്പോകുന്നത്. നിലവില്‍ യുഡിഎഫിന് അധികാരമൊന്നും ഇല്ലാത്ത സ്ഥിതിക്ക് പിന്നെന്ത് ഉന്നതാധികാരം എന്നു തോന്നിയിട്ടുണ്ടാവും സുധീരന്‍ജിക്ക്. അത്രമാത്രം അപ്രസക്തമായ ഒരിടത്ത് ആദര്‍ശധീരതയുള്ള ഒരാളുടെ സമയം വെറുതെ കളയാന്‍ പാടില്ലല്ലോ. പോരാത്തതിന് പോരടിക്കാന്‍ ഒരു ഉഷാറും ഇപ്പോഴില്ല. ഒന്നാമത് ഉമ്മന്‍ചാണ്ടിയെയൊക്കെ ഇപ്പോ ആന്ധ്രയിലാണ്. എന്നാ പിന്നെ തനിക്കെന്തുകൊണ്ട് വീട്ടിലിരുന്നൂടാ എന്നു കരുതിക്കാണണം. അപ്പോ തന്നെ കംപ്യൂട്ടര്‍ തുറന്ന് ഒരു മെയിലങ്ങ് ടൈപ്പ് ചെയ്ത് അയച്ചു. അല്ലെങ്കിലും ബോറടിക്കുമ്പോള്‍ നമ്മള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലാന്നൊക്കെ തോന്നുമ്പോള്‍ എന്തുകൊണ്ട് എളുപ്പം ചെയ്യാവുന്ന ഒരു കാര്യമാണ് ഈ രാജിവയ്ക്കല്‍.

സുധീരന്‍റെ ഒരൊറ്റ രാജിയിലാണ് ഹസന്‍റെ ഭാഗ്യം തെളിഞ്ഞത്. ആ നിലയ്ക്ക് ഉപകാരസ്മരണ ആലോചിക്കാവുന്നതാണ്. ഹസന്‍ ഇടപെട്ട് സുധീരനെ രാജിയില്‍ നിന്ന് പിന്‍മാറ്റുകയാണ് വേണ്ടത്. സ്നേഹവും താല്‍പര്യവും ഒക്കെ പ്രകടിപ്പിക്കാന്‍ പറ്റിയ സമയം എപ്പോഴും കിട്ടിക്കൊള്ളണമെന്നില്ല. അതുകൊണ്ട ഈ അവസരം എം.എം. ഹസന്‍ മുതലാക്കണമെന്നാണ് നമ്മുടെ ഒരിത്.

കെപിസിസി പ്രസിഡന്റ് രാജിവച്ച സമയം പോലെയല്ല. അന്നാണെങ്കില്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ പലര്‍ക്കും തോന്നിയിരുന്നു. പിന്നെ ഇറങ്ങിപ്പോകുന്ന പ്രസിഡന്റിന് അതൊരു വിഷമമാവുമോ എന്ന് കരുതി വേണ്ടെന്ന് വയ്ക്കുകയായിരുന്നു പലരും. ഇനി വല്ലവര്‍ക്കും സങ്കടം ഉണ്ടെങ്കില്‍ തന്നെ അന്ന് പുതിയതായി വരാന്‍പോകുന്ന കെപിസിസി അധ്യക്ഷന് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നു കരുതി അതും ആരും ചെയ്തില്ല. ഇപ്പോ പിന്നെ ആരും സുധീരനെ ഓര്‍ക്കുന്നുപോലും ഇല്ലാത്തതുകൊണ്ട് വികാരവിക്ഷോഭങ്ങള്‍ക്ക് ഒട്ടും സാധ്യതയുമില്ല. പിന്നെ ഇങ്ങനെ പോവല്ലേ പോവല്ലേന്ന് പറഞ്ഞുനോക്കാമെന്നുമാത്രം. അതും ഒരു കീഴ്്വഴക്കത്തിന്‍റെ ഭാഗമായിട്ട്. 

എന്തൊക്കെയായാലും സാക്ഷാല്‍ ഉമ്മന്‍ചാണ്ടി നാട്ടിലെത്തിയിട്ടുണ്ട്. വണ്ടിയിറങ്ങിയപ്പോള്‍ തന്നെ സുധീരന്‍റെ രാജിയാണ് കേട്ടത്. അതുകൊണ്ട് വെള്ളിയാഴ്ച നല്ല ദിവസമെന്ന് പറഞ്ഞാണ് കൊട്ടാരക്കര കോടതിയിലെത്തിയത്. പക്ഷേ അന്ന് കെപിസിസി അധ്യക്ഷസ്ഥാനം രാജിവച്ചപ്പോള്‍ ചിരികടിച്ചമര്‍ത്തിയ പോലെയായിരുന്നില്ല ഇന്ന്. മുഖത്ത് നല്ല സന്തോഷം. ഉള്ളത് പ്രകടിപ്പിച്ചു. അല്ലെങ്കില്‍ ഇനിയൊക്കെ ആന്ധ്രയിലെ കാര്യം നോക്കിയാ പോരെ.

എന്നാലും കുറെക്കാലം ഒരുമിച്ച് കീരീം പാമ്പും പോലെയൊക്കെ ജീവിച്ചതല്ലേ. ഇങ്ങനെ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ട സ്ഥിതിക്ക് ഒന്നു ഫോണില്‍ വിളിച്ച് അന്വേഷിക്കായിരുന്നു. ഒന്നുല്ലേലും സംഗതി സന്തോഷമുള്ള കാര്യമല്ലേ. 

കോണ്‍ഗ്രസിലെപ്പോലെയല്ല ബിജെപിയുടെ കാര്യം. അവരിപ്പോ ഒരു നാഥനെയൊക്കെ കിട്ടിയതിന്‍റെ ആഘോഷത്തിലാണ്. എപ്പോഴാ സീലടിച്ച് വല്ല വടക്കുകിഴക്കന്‍ സ്ഥലത്തേക്ക് കൊണ്ടുപോവ്വാന്നറിയാത്തതുകൊണ്ട് ഉള്ളപ്പോള്‍ പരമാവധി ആഘോഷിക്കുകതന്നെയാണ് ചെയ്യേണ്ടത്. പക്ഷേ വേറൊരു കാര്യമുണ്ട്, എന്താന്നറിയില്ല, പ്രസിഡന്റ ് സ്ഥാനമേറ്റതോടെ വക്കീല് ആളൊന്നു മാറിയിട്ടുണ്ട്. ഒടുക്കത്തെ ആത്മവിശ്വാസം. ഒടുക്കത്തെ ആഗ്രഹം. എല്ലാം ഒന്ന് നടന്നുകണ്ടാമതിയായിരുന്നു.

പറഞ്ഞുവരുന്നത് മൂന്നുകൊല്ലം താന്‍ തന്നെ ഇവിടെ ഇരിക്കും എന്നാണ്. അതിനിടയില്‍ ആരും ഡല്‍ഹിയില്‍ പുകയിട്ട് പുറത്ത് ചാടിക്കാന്‍ നോക്കണ്ട എന്നുള്ള മുന്നറിയിപ്പാണ്. ഇനി വല്ലോം ചെയ്യണമെങ്കില്‍ മൂന്നുകൊല്ലം കഴിഞ്ഞിട്ട് ചെയ്യാം. അത്രയെങ്കിലും ഉറപ്പ് അമിത് ഷായില്‍ നിന്ന് വാങ്ങിയിട്ടേ ശ്രീധരന്‍ പിള്ളവക്കീല്‍ അധ്യക്ഷനാവാന്‍ തയ്യാറായിട്ടുള്ളു എന്നങ്ങ് മനസിലാക്കണം. ആര്, മുരളീധരനായാലും സുരേന്ദ്രനായാലും കൃഷ്ണദാസ് ആയാലും. 

പണ്ട് കുമ്മനം വാതിലും തുറന്നിട്ട് കുറെ കാത്തിരുന്നതാണ്. ആരും വരാത്തതുകണ്ടിട്ട് പലരേയും അങ്ങോട്ട് പോയും വിളിച്ചു നോക്കി. കാര്യമുണ്ടായില്ല. പിന്നെ  ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ കണ്ടത് ആ തുറന്നിട്ട വാതിലിലൂടെ അകത്തുള്ള ബിഡിജെഎസ് പുറത്തുപോവുന്നതാണ്. ഇനി ശ്രീധരന്‍ വക്കീല്‍ തുറന്നിട്ടിട്ട് എന്താണാവോ സംഭവിക്കാന്‍ പോകുന്നത്. ഇനിയെങ്കിലും ബിജെപി മുന്നണി രൂപീകരിക്കുമ്പോള്‍ വാതിലോ കവാടമോ വയ്ക്കാതെ പണിയാന്‍ ശ്രദ്ധിക്കണം. ഒഴിവിട്ടാ മതി. എന്തിനാണ് തുറന്നിടാന്‍ മാത്രമായി വാതിലുകള്‍. അതിന്‍റെ ആവശ്യമില്ലല്ലോ.

ശ്രീധരന്‍ പിള്ള ചാര്‍ജ് എടുത്തതോടെ ചാര്‍ജിലായത് മറ്റൊരു പിള്ളയാണ്. ബാലകൃഷ്ണപിള്ള. ആ പിള്ളയും മോനും കഴിഞ്ഞ ദിവസം ബിജെപിക്കിട്ട് പണിയലോട് പണിയലായിരുന്നു. ദേ ഇപ്പോ അച്ഛന്‍ പിള്ള വീണ്ടും തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ പിള്ളേരുകളിക്കാണ് ഇനി സാധ്യതയെന്ന് തോന്നുന്നു.

രണ്ടുപേരും പിള്ളമാരായതുകൊണ്ട് ഏത് പിള്ളയെ നാട്ടാര് കേള്‍ക്കും എന്ന് കണ്ടുതന്നെ അറിയണം. എല്‍ഡിഎഫില്‍ പോകുന്നതിനു മുമ്പ് ബാലകൃഷ്ണപിള്ളയെ ഇങ്ങോട്ട് പിടിക്കണമായിരുന്നെന്ന് ബിജെപിക്ക് ഇപ്പോ തോന്നുണ്ടാവണം. ഒന്നാമത് കേരളത്തിലൊക്കെ താക്കോല്‍ സ്ഥാനത്ത് ആളെ പ്രതിഷ്ഠിക്കുന്ന കക്ഷിക്കാരന്‍റെ ഉറ്റമിത്രമൊക്കെയാണ്. പറഞ്ഞിട്ടെന്തുകാര്യം അതിന് അതിന് കേരളത്തില്‍ ബിജെപി ആദ്യം അധികാരം പിടിക്കേണ്ടിവരും. എന്നിട്ട് ആലോചിക്കാവുന്നതാണ്. 

ഗണേഷ് കുമാറിന് പിന്നെ പത്തനാപുരം വിട്ടൊരു കളിക്ക് താല്‍പര്യമില്ലാത്തതും വിനയാണ്. ഇല്ലെങ്കില്‍ രാജ്യസഭയൊക്കെ പറഞ്ഞ് സുരേഷ് ഗോപിയെ  ഒക്കെ കാണിച്ച്  ഒന്നു മോഹിപ്പിക്കായിരുന്നു.

ഇതേ സമയം ഗണേഷ് കുമാറിനിട്ട് ഉമ്മന്‍ചാണ്ടി നല്ലൊരു പണി കോടതിയില്‍ കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. സോളര്‍ കേസില്‍ സമന്‍സൊക്കെ കൈപറ്റി മൊഴികൊടുക്കാന്‍ ആന്ധ്രയില്‍ നിന്ന് വന്നതാണ് കക്ഷി. സരിതയുടെ കത്താണ് വിഷയം. 21 പേജുള്ള കത്ത് 24 പേജാക്കിയത് ഗണേഷാണത്രെ. കുറെ സിനിമയിലൊക്കെ അഭിനയിച്ചതുകൊണ്ട് സീന്‍ കൂട്ടി എഴുതാന്‍ ശ്രമിച്ചതാവാനാണ് സാധ്യത. എന്നാല്‍ സ്ക്രിപ്റ്റില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് സരിത പറയുന്നത്. പടം റിലീസാവട്ടെ , പ്രേക്ഷകരായ നമുക്ക് അപ്പോ മനസിലാക്കാം. 

MORE IN THIRUVA ETHIRVA
SHOW MORE