കഞ്ചിക്കോടിനു വേണ്ടി കെഞ്ചൽ

kanchikodu
SHARE

കഞ്ചിക്കോടിനുവേണ്ടി കേന്ദ്രത്തില്‍ പോയി കെഞ്ചുക എന്നത് മുന്നണികളുടെ ഹോബിയാണ്.  ഒന്നുകില്‍ അവര്‍ക്ക് മടുക്കണം. അല്ലെങ്കില്‍ എന്തെങ്കിലുമാകട്ടെ എന്നുകരുതി കോച്ച് ഫാക്ടറി അനുവദിക്കാന്‍ കേന്ദ്രം തയ്യാറാകണം. രണ്ടുമില്ല. തൊമ്മനും ചാണ്ടിയും അങ്ങനെ മുറുകിയും അയഞ്ഞുകൊണ്ടിരിക്കും. കേരളത്തിലെ എംപിമാരുടെ കാര്യമാണ് അതിലും വലിയ തമാശ. മോദിയെ കയ്യോടെ പിടിച്ച് ഒപ്പിടീക്കും എന്നൊക്കെ പറഞ്ഞ് കേരളത്തില്‍നിന്ന് ഒരേ വിമാനത്തിലാണ് ഡല്‍ഹിയിലെത്തുക. അവിടെയെത്തിയാല്‍ പിന്നെ യുഡിഎഫ് എംപിമാര്‍ വടക്കോട്ടും എല്‍ഡിഎഫ് എംപിമാര്‍ കിഴക്കോട്ടും പോകും. ഇന്ന് ലോക്സഭയ്ക്ക് മുന്നില്‍ എല്‍ഡിഎഫ് എംപിമാര്‍ ധര്‍ണ നടത്തി. യുഡിഎഫ് എംപിമാരെ ക്ഷണിച്ചിരുന്നത്രെ. പക്ഷെ, പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. എല്ലാവരും മുങ്ങി.

അവിടെയത്തിയാല്‍ കണ്ടഭാവം നടിക്കാത്തവരാണ് കഞ്ചിക്കോടിനുവേണ്ടി സമരം ചെയ്യുന്നത്. എംബി രാജേഷിന്റെ മണ്ഡലമല്ലേ, സിപിഎമ്മല്ലേ ക്ഷണിക്കേണ്ടത്, അവരുവേണ്ടേ മുന്നില്‍നിന്ന് നയിക്കാന്‍ എന്നൊക്കെയാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. രാജേഷും ശ്രീമതി ടീച്ചറുമൊക്കെ കത്തും കടലാസുമായി പിറകെ നടന്ന് ക്ഷണിച്ചിട്ടും യുഡിഎഫ് എംപിമാര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ഇടതുമുന്നണിക്കാര്‍ പറയുന്നത്. സംഭവം എന്തായാലും  കഞ്ചിക്കോട് ഫാക്ടറി തിരുനക്കര തന്നെയാണ്. മുന്നണികളുടെ അടിതീര്‍ക്കാന്‍ തന്നെ വേണം ഒരു സ്പെഷ്യല്‍ കോച്ച്.

കഴിഞ്ഞതു കഴിഞ്ഞു. ഇനി എന്താണൊരു വഴി, അതാണല്ലോ ചിന്തിക്കേണ്ടത്. അത് ചോദിച്ചപ്പോഴാണ് ഞെട്ടിപ്പോയത്. രണ്ടുകൂട്ടരും രണ്ടുവഴിക്ക് സമരവുമായി നീങ്ങുമത്രെ.  സൂപ്പര്‍. റെയില്‍വേ മന്ത്രി മാത്രമല്ല, പ്രധാനമന്ത്രി വരെ ഞെട്ടു. ചിലപ്പോള്‍ മന്ത്രിസഭ താഴെപ്പോകാനും ഇടയുണ്ട്.

കോച്ച് ഫാക്ടറി സമരത്തിന് കെ.സി.വേണുഗോപാല്‍ വന്നില്ലെങ്കില്‍ കുറ്റം പറയാന്‍ പറ്റില്ല. കാരണം, സ്വന്തം മണ്ഡലത്തില്‍ വെള്ളം കയറി നാട്ടുകാര്‍ പെട്ടുകിടക്കുമ്പോള്‍ കേസീക്ക് അനങ്ങാതിരിക്കാന്‍ പറ്റുമോ. പുള്ളി നേരെ കര്‍ണാടകയിലെ ഭക്ഷ്യമന്ത്രിയെ വിളിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ കര്‍ണാടകക്കാരുടെ രാഹുല്‍ ഗാന്ധിയാണല്ലോ നമ്മുടെ കേസീ. ഭക്ഷ്യമന്ത്രി കുറേ സാധനങ്ങള്‍ വാങ്ങി കുറച്ച് വിനയവും വിധേയത്വവുമൊക്കെ ചേര്‍ത്ത് കുട്ടനാട്ടിലേക്ക് കയറ്റിവിട്ടു. അപ്പോഴാണ് യഥാര്‍ഥ വില്ലന്‍ അവതരിക്കുന്നത്. 

സാധനങ്ങള്‍ സംഘടിപ്പിച്ചത് ഞാനും കലക്ടറുംകൂടിയാണെന്ന് നമ്മുടെ ജി.സുധാകരന്‍ മന്ത്രി അങ്ങ് തട്ടിവിട്ടുവത്രെ. കടലുപോല്‍ വറ്റാത്ത കണ്ണീര്‍പ്രവാഹമേ എവിടെയാണെങ്ങാണുറവ എന്നൊക്കെ കവിതയിലൂടെ ചോദിച്ച മഹാകവി അങ്ങനെയൊരു പാതകം ചെയ്യുമോ എന്ന് ആസ്വാദകര്‍ സംശയിച്ചേക്കാം.  കഴുത്തറ്റം മുങ്ങിയാല്‍ ഏത് മഹാനും എന്തിലും കയറിപ്പിടിക്കും. പക്ഷെ, ആലപ്പുഴ ഡിസിസിക്കയച്ച സാധനങ്ങളില്‍ ഗോതുമ്പുണ്ടായിരുന്നില്ല. സുധാകരന്റെ കണക്കിലാകട്ടെ ഗോതമ്പുണ്ടായിരുന്നു. അതാണ് പിഴച്ചത്. അരിമണിയിലെഴുതിയ പോലെ സ്വന്തം പേര് ഗോതമ്പുമണിയിലുണ്ടാകുമെന്ന് കവിയുടെ ദീര്‍ഘദര്‍ശനത്തെയാണ് ബില്ലുകാട്ടി കോണ്‍ഗ്രസുകാര്‍ നശിപ്പിച്ചുകളഞ്ഞത്.

MORE IN THIRUVA ETHIRVA
SHOW MORE