പരസ്യത്തിലെ രഹസ്യം പരസ്യമായി

tva-add-t
SHARE

കഴിഞ്ഞ ദിവസം മലയാളം പത്രങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റ് ചിത്രം പതിച്ച ഒരു പരസ്യം വന്നു. കേരളം ഒന്നാമത് എന്നായിരുന്നു തലക്കെട്ട്. വളരെ സന്തോഷത്തോടെയാണ് ഇത്തരം വാര്‍ത്തകള്‍ ഏവരും വായിക്കുക. ഒന്നുമല്ലേലും മലയാളം ഒന്നാമതെത്തുക എന്നാല്‍ ഏവര്‍ക്കും അഭിമാനമാണല്ലോ. സര്‍ക്കാരനെ കണ്ണടച്ച് വിമര്‍ശിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം കഴിഞ്ഞ കുറച്ചുനാളുകളായി വളരെ ബുദ്ധിമുട്ടി നിര്‍വഹിച്ചുപോരുന്ന  നമ്മുടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവിചാരിതമായാണ് ആ പരസ്യം കണ്ടത്. പുള്ളി കണ്ടതുകൊണ്ട് നമ്മള്‍ രക്ഷപെട്ടു. അല്ലെങ്കില്‍ വല്ലാതെ വഞ്ചിക്കപ്പെട്ടേനേ. ആ പരസ്യം അങ്ങനെയല്ലത്രേ. രണ്ടരവര്‍ഷം ആഭ്യന്തരം ഭരിച്ചവനാണ് രമേശന്‍. അതായത് കള്ളന്മാരെ കണ്ടുപിടിക്കുന്ന പണിക്കാരുടെ തലവന്‍. ആ ഘ്രാണശക്തി ഉപയോഗിച്ചാണ് പിണറായി രഹസ്യമായി പരസ്യമാക്കിയ ഈ കള്ളത്തരത്തിന്‍റ് പിന്നിലെ പരസ്യമല്ലാത്ത രഹസ്യം ചെന്നിത്തല അങ്ങ് പരസ്യമാക്കിയത്. 

ഇപ്പോ സംഗതിയുടെ ഏകദേശ കിടപ്പ് എല്ലാവര്‍ക്കും മനസിലായിക്കാണുമെന്ന് വിചാരിക്കുന്നു. ബംഗലരുവിലെ പബ്ലിക് അഫയേഴ്സ് സെന്‍ററാണ് അവലംബമെന്ന് പരസ്യത്തില്‍ രഹസ്യമല്ലാതെ കാണിച്ചിട്ടുണ്ട്. ഓവറോള്‍ മികവില്‍ ഓന്നാമത് എന്ന വാചകം പക്ഷേ മിസിങ്ങാണ്. ആ കച്ചിത്തുരുമ്പിലാണ് പഴയ കാക്കി മുതലാളി കയറി പിടിച്ചിരിക്കുന്നത്. 

2015 മുതലാണത്രേ ഈ സ്ഥാപനം ഇങ്ങനെ ഒരു സര്‍വ്വേ പരിപാടി തുടങ്ങിയത്. അന്നുമുതല്‍ കേരളമാണ് ആകപ്പാടെയുള്ള മികവില്‍ മുമ്പന്‍. പക്ഷേ അന്നൊന്നും യുഡിഎഫ് സര്‍ക്കാര്‍ ഇങ്ങനെ പബ്ലിസിറ്റി സ്റ്റണ്ട് നടത്തിയില്ലത്രേ. അതിപ്പോ നിങ്ങള് പരസ്യമാക്കാത്തതിന് പിണറായി എന്തുപിഴച്ചു. ആ സ്ഥാപനം കേരളത്തിലെ പ്രതിപക്ഷത്തെ റേറ്റ് ചെയ്തിട്ടുണ്ടോ എന്നൊന്ന് ചോദിച്ചുവയ്ക്കുന്നത് എന്തുകൊണ്ടും ചെന്നിത്തലക്ക് നല്ലതാണ്. അഥവാ അങ്ങനൊരു വിലയിരുത്തല്‍ അവര്‍ നടത്തിയിട്ടെങ്ങാനുമുണ്ടെങ്കില്‍ ആ സര്‍വ്വേ ഫലമെടുത്ത് പിണറായി തലമണ്ടക്കിട്ടുതരും. 

ചെന്നിത്തല പറഞ്ഞുവരുന്നത് യുഡിഎഫ് സര്‍ക്കാരും ഇതേ നേട്ടങ്ങളില്‍ ഉണ്ടായിരുന്നെന്ന്. എന്നുവച്ചാല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭരണം കിടുവാരുന്നെന്ന്. മിക്കവാറും ചെന്നിത്തലയുടെ ഈ വെളിപ്പെടുത്തല്‍ ഒരു ബ്ലുമറാങ്കാകാന്‍ സാധ്യതയുണ്ട്. ദാ എന്‍റെ ഭരണം നല്ലതാരുന്നെന്ന് രമേശന്‍ പറഞ്ഞോണ്ടുനടക്കുന്നേ എന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അങ്ങറിയിക്കും. അതോടെ പവനായി ശവമായി എന്ന അവസ്ഥയിലാകും ചെന്നിത്തലക്കാരന്‍

 മറ്റു സംസ്ഥാനങ്ങളിലെ പത്രങ്ങളില്‍ അവിടുത്തെ മുഖ്യമന്ത്രിമാര്‍ ഇങ്ങനെയൊരു പരസ്യം കൊടുത്തിട്ടുണ്ടോ എന്ന് നോക്കുകയായിരുന്നു ചെന്നിത്തല ആദ്യം ചെയ്യേണ്ടിയിരുന്നത്. അങ്ങനെ ഒരു പരസ്യം ഒപ്പിച്ചിരുന്നേല്‍ സങ്കതി കളറായേനേ. എന്നാലും കുഴപ്പമില്ല.

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.