കസേരയിട്ട് ഇരുത്തും

thiruva-t
SHARE

രാജ്യത്ത് ലോറിസമരം എട്ടാം ദിവസം പിന്നിടുന്നു. സൗത്ത്ആഫ്രിക്കയിലായതിനാല്‍ പ്രധാനമനന്ത്രി വിഷയം അറിഞ്ഞുകാണാന്‍ സാധ്യതയില്ല. അരിയെത്ര എന്നു കേന്ദ്രത്തോട് ചോദിച്ചാല്‍ പയറഞ്ഞാഴിയെന്നു കേള്‍ക്കേണ്ടിവരുന്ന നാട്ടില്‍ പച്ചക്കറിക്കും പഴവര്‍ഗങ്ങള്‍ക്കും വിലകുതിക്കുന്നുവെന്ന് തന്നത്താന്‍ പറഞ്ഞുകൊണ്ട് തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

ഇടതുമുന്നണി ഒരു ബസാണ്. ആ ബസില്‍ ധാരാളം സീറ്റുണ്ടെങ്കിലും സിപിഎം സിപിഐ ജനതാദള്‍ തുടങ്ങി ചിലര്‍ക്ക് മാത്രമാണ് സീറ്റിലിരിക്കാന്‍ അവകാശമുള്ളത്. ബാലകൃഷ്ണപിള്ള കോണ്‍ഗ്രസ്, ഫ്രാന്‍സിസ് ജോര്‍ജ് കോണ്‍ഗ്രസ്, ജെഎസ്എസ്, ഐഎന്‍എല്‍ തുടങ്ങിയവര്‍ക്ക് ആളില്ലെങ്കില്‍ പോലും സീറ്റിലിരിക്കാന്‍ ഇതുവരെ അവകാശം നല്‍കിയിട്ടില്ല. ഫുട്ബോഡില്‍ നിന്ന് യാത്ര ചെയ്തുമടുത്ത ഫോര്‍വേഡ് ബ്ലോക്ക് കാര്യങ്ങള്‍ ഫോര്‍വേഡാവില്ല എന്നു കണ്ട് ഒറ്റബല്‍അടിച്ച് വഴിക്കിറങ്ങി. എന്നാല്‍  സീറ്റില്‍ ആളില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദായേക്കുമെന്ന് ഇപ്പോള്‍ സിപിഎം തിരിച്ചറിയുകയാണ്. അതിവേഗം കുതിക്കുന്ന മുന്നണിയെ ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്ത് അകത്തുകയറിയ ഒരു വീരനുണ്ട്. അവരുടെ ജനതക്ക് ഉടന്‍ ഇരിപ്പടം നല്‍കാതിരിക്കാനാവില്ല. അപ്പോള്‍ സിപിഎം തീരുമാനിച്ചു വലിയ മുന്നണിയാവാന്‍. എന്നുവച്ചാല്‍ എകെജി സെന്‍ററിനു മുന്നില്‍ കുടികിടപ്പ് ആയുള്ള വിവിധ പാര്‍ട്ടികളെ അകത്ത് മുറിയിലേക്ക് വിളിച്ചിരുത്താന്‍ തീരുമാനിച്ചെന്ന്. പുട്ടിന് മീതെ തേങ്ങ എന്ന കണക്കെ എന്തിനാണ് ഈ പടിവാതിലില്‍ കിടക്കുന്നതെന്ന കാരണമറിയാതെ വിഷമിച്ചിരുന്ന വിവിധ കക്ഷികള്‍ക്ക് ആശ്വസിക്കാം. പ്രതീക്ഷയുടെ നക്ഷത്രം എകെജി സെന്‍ററിനുമുകളില്‍ ഉദിച്ചുകഴിഞ്ഞു

സ്കറിയാ തോമസിരിക്കുന്ന സീറ്റില്‍ പിന്നാമ്പുറം വെക്കാന്‍ ഒരല്‍പ്പം ഇട നമ്മുടെ കൊട്ടാരക്കര പിള്ളച്ചേട്ടന്‍ ചോദിച്ചിരുന്നു. ആനയൊക്കെയുണ്ടായിരുന്ന തറവാട്ടുകാരാണ് കൂഴോട്ടുകാര്‍. ആന മെലിഞ്ഞാലും എല്‍ഡിഎഫില്‍ കെട്ടണം എന്ന് പിണറായിക്ക് അറിയാഞ്ഞിട്ടല്ല. എല്ലാവര്‍ക്കും കൂടി കസേര നിരത്തിയാല്‍ ശരിയാവില്ലെന്ന് വല്യേട്ടനറിയാം. അതുകൊണ്ടാണ് ഇരിപ്പടം ഷെയര്‍ ചെയ്ത് എങ്ങനേലുമൊക്ക വീഴാതെ ഇരിക്കാന്‍ നിര്‍ദേശിച്ചത്. പക്ഷേ പെണ്ണുകാണല്‍ ദിവസംതന്നെ കല്യാണം ഉഴപ്പിയെന്നാണ് ബാലകൃഷ്ണപിള്ളയെയും സ്കറിയ തോമസിനെയും കാണുമ്പോള്‍ പലരും അടക്കം പറയുന്നത്.

MORE IN THIRUVA ETHIRVA
SHOW MORE