വെള്ളക്കെട്ടിൽ പൊങ്ങിയ രാഷ്ട്രീയക്കാർ | തിരുവാ എതിർവാ

thiruva
SHARE

കുറച്ചായി രാഷ്ട്രീയവും തമാശയും ഒക്കെ പറഞ്ഞിട്ട്. നാട് മുഴുവനും വെള്ളത്തിനടിയില്‍ ആയാലും  അടിത്തട്ടില്‍ നിന്നൊക്കെ പൊങ്ങിവരാനുള്ള ശേഷി നമ്മുടെ നാട്ടിലെ രാഷ്ട്രീയത്തിനും രാഷ്ട്രീയക്കാര്‍ക്കും ഉള്ളതുകൊണ്ട് ഇന്നത്തെ തിരുവാ എതിര്‍വാ ആരംഭിക്കുകയാണ്. 

വെള്ളപ്പൊക്കവും ദുരിതപ്പെയ്ത്തും ആണല്ലോ വിഷയം. അതിനിടയ്ക്ക് ജീവിക്കാനും പഠിക്കാനും മീന്‍ വിറ്റ ഒരു പെണ്‍കുട്ടിയുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്ത് ഒരു കൂട്ടര്‍ ഉറക്കമിളക്കുന്ന നാടും കൂടിയാണ് നമ്മുടേത്. സഹായിച്ചവന്‍ വരെ തെറി കേള്‍ക്കുന്ന അത്യപൂര്‍വമായ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളുള്ള ഈ നാട്ടില്‍ ജീവിക്കാന്‍ കഴിയുന്നതുതന്നെ വല്യപുണ്യമാണ്. അതവിടെ നില്‍ക്കട്ടെ. നാട്ടില്‍ മഴ പെയ്ത്തിന് വല്യ കുറവൊന്നും വന്നിട്ടില്ല. വെള്ളം കയറി ദുരിതത്തിലായവരുടെ അവസ്ഥയ്ക്കും ഒരു മാറ്റവും വന്നിട്ടില്ല. ഇവിടുടെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും പിന്നെന്തു മാറ്റം വരാനാണ്. അവര്‍ക്ക് മാത്രം ഒരു മാറ്റം ആവശ്യമേയില്ല. പതിവുപോലെ ദുരന്തബാധിത മേഖലകളില്‍ സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ട്രാക്ക് റെക്കോര്‍ഡ് അതുപോലെ സൂക്ഷിക്കുന്നുണ്ട്. രമേശ് ചെന്നിത്തലയ്ക്കൊക്കെ വല്ലതും പറയാന്‍ കൊടുക്കേണ്ടേ എന്നു കരുതിയാവണം പിണറായി സഖാവ് ഇത്യാദി പരിപാടിക്കൊന്നും പോകാത്തത്.

സംഗതി കുട്ടനാടാണ്. ആലപ്പുഴ ജില്ല. ആ ജില്ലക്കാരാണ് ചെന്നിത്തലയും കവിയും മന്ത്രിയുമായ ജി. സുധാകരനും. രണ്ടുപേരും തമ്മിലുള്ള ഗാഢസ്നേഹത്തെക്കുറിച്ച് നാട്ടാര്‍ക്ക് അറിയാം. എന്തായാലും സുധാകരന്‍ സ്വന്തം പാര്‍ട്ടിക്കാരനായ തോമസ് ഐസക്കിനേക്കാളും സ്നേഹിക്കുന്നത് ചെന്നിത്തലയേയാണ്. എന്തോ അങ്ങനെയാണ് അവര്‍ തമ്മിലുള്ള കെമിസ്ട്രി. അതുകൊണ്ട് രമേശ് ചെന്നിത്തല ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച് വിവരം കൈമാറിയപ്പോഴാണ് സുധാകരന്‍ സഖാവ് തോണിയിലെത്തിയത്. പക്ഷേ ഒന്നു വന്നുകഴിഞ്ഞാല്‍ എല്ലാം കണ്ടുകഴിഞ്ഞേ സഖാവ് പോകാറുള്ളു. ചുരുക്കത്തില്‍ മുഖ്യമന്ത്രി വന്നില്ലെങ്കില്‍ എന്ത്, മന്ത്രിയായ താന്‍ വന്നില്ലേ എന്നാണ് സുധാകരന്‍ സഖാവിന്‍റെ ലൈന്‍.

എന്തൊക്കെപറഞ്ഞാലും സഖാവ് ജിയുടെ വരവും ചുറ്റലും പ്രതിയോഗികള്‍ കളിയാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. മുട്ടറ്റം വെള്ളമുള്ള സ്ഥലത്തൊക്കെ തോണിയില്‍ കയറി വന്നതാണ് കാരണം. അതിപ്പോ ഓരോരോ കീഴ്്വഴക്കങ്ങളാവുമ്പോള്‍ അങ്ങനെയൊക്കെ വേണ്ടിവരും. കുട്ടനാടെന്നു കേള്‍ക്കുമ്പോഴേ കൊതുമ്പുവള്ളത്തില്‍ തുഴഞ്ഞുപോകുന്നതാണ് കവി ഭാവന. അതൊക്കെ ഈ കോണ്‍ഗ്രസുകാര്‍ക്ക് മനസിലാകണമെങ്കില്‍ അല്‍പമെങ്കിലും സാഹിത്യബോധം വേണം. അതില്ലാത്തതിന് പാവം കവിയെ കുറ്റം പറയരുത്. 

സര്‍ക്കാരിനെ ജനങ്ങള്‍ക്ക് അനുഭവേദ്യമാകുന്നില്ലെന്നൊക്കെ രമേശ് ചെന്നിത്തല പറയുന്നുണ്ട്. അത്തരമൊരു പഠനത്തിനിടയ്ക്ക് ചെന്നിത്തലയ്ക്ക് മനസിലായ മറ്റൊരു കാര്യമാണ് അടുത്തത്. 

ഇതൊക്കെ കേട്ടതുകൊണ്ടാവണം മുഖ്യമന്ത്രി പൊലീസുകാര്‍ക്ക് വീണ്ടും ഒരു ക്ലാസൊക്കെ സംഘടിപ്പിച്ചിട്ടുണ്ട്. നല്ല അത്യുഗ്രന്‍ ഉപദേശങ്ങളും നിര്‍ദേശങ്ങളും അടങ്ങിയ ക്ലാസ്. മുന്‍പ് മുഖ്യമന്ത്രിയായി ചുമതലയേറ്റ സമയത്തും ഇത്തരം പരിപാടിയൊക്കെ നടത്തിയിരുന്നു. പക്ഷേ കാര്യമുണ്ടായില്ല. ഇനിയെങ്കിലും ഒന്നും നന്നായി കണ്ടാ മതിയായിരുന്നു.

പ്രസംഗം ഗംഭീരമാണ്. എല്ലാം ഒന്നിനൊന്നു മികച്ച പോയിന്‍റുകള്‍. അതുകൊണ്ട് നല്ല ഉപദേശങ്ങള്‍ കിട്ടാത്തതുകൊണ്ടാണ് നമ്മുടെ പൊലീസ് നന്നാവാത്തത് എന്ന് ഇനിയാരുംപറയില്ല. ഒരു പൊലീസുകാരന്‍ പോലും പറയില്ല. അല്ലെങ്കിലും ഉപദേശകരുടെ എണ്ണവും തലക്കനവും വച്ച് കൊടുക്കുന്ന ഉപദേശങ്ങളിലെങ്കിലും മുഖ്യമന്ത്രിക്ക് തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെന്തിലാണ് സാധിക്കുക.

പിണറായി സഖാവ് അമേരിക്കയില്‍ പോയത് തീരെ പിടിക്കാത്ത ആളാണ് മോദി. അമേരിക്കന്‍ സന്ദര്‍ശനമൊക്കെ കഴിഞ്ഞ് നേരെ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ മോദിക്ക് ആകെ അറിയാന്‍ താല്‍പര്യമുണ്ടായത് അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചൊക്കെയാണ്. ആവുമ്പോലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ കൊട്ടുകയും ചെയ്തിട്ടുണ്ട്. ഒന്നാമത് മോദിക്ക് ഇനി അടുത്ത കാലത്തൊന്നും ഒരു അമേരിക്കന്‍ സന്ദര്‍ശനം സാധ്യമല്ല. പോകാത്ത വല്ല രാജ്യവുമുണ്ടോന്ന് ഗ്ലോബില്‍ തപ്പിയപ്പോഴാണ് റുവാണ്ടയെ കണ്ടത്. അതിനുവേണ്ടി പെട്ടിയൊക്കെ റെഡിയാക്കി ഇരിക്കുമ്പോഴാണ് പിണറായിവിജയന്‍ അമേരിക്കയില്‍ നിന്ന് പറന്നിറങ്ങുന്നത്. അമേരിക്കന്‍ സന്ദര്‍ശനം നല്‍കിയ ആത്മവിശ്വാസത്തിന്‍റെ പുറത്ത് എന്തായാലും മുഖ്യമന്ത്രി ഇംഗ്ലീഷിലൊക്കെ പ്രസംഗിക്കാന്‍ എപ്പോഴും റെഡിയാണ്. ഇല്ലെങ്കില്‍ ദാ കണ്ടുനോക്കി. മോദി പക്ഷേ സമ്മതിക്കാന്‍ വഴിയില്ല.

കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ ഇതിനിടെ ലാലേട്ടന്‍റെ തട്ടുപൊളിപ്പന്‍ സിനിമ കാണുന്ന തിരക്കിലായിരുന്നു. പ്രത്യേകിച്ചും കണ്ണൂരില്‍ പോയി പൊലീസിനെ നാലു പറയാന്‍ എന്തുകൊണ്ടും ലാലേട്ടന്‍ സിനിമകള്‍ സഹായിക്കുമെന്ന് ഹസന്‍ കരുതി. അങ്ങനെ സിനിമയൊക്കെ കണ്ട് അതിന്‍റെ ഊര്‍ജത്തില്‍ ഹസന്‍ജി കണ്ണൂരിലെ പൊലീസിനുനേരെ ആഞ്ഞടിക്കാന്‍ വരുകയാണ്.

ഇതൊക്കെ കേള്‍ക്കുമ്പോള്‍ നമ്മള്‍ കരുതും മീശ പിരിച്ച് ലാലേട്ടന്‍ സ്റ്റൈലില്‍ പൊലീസിനെ കേറിയങ്ങ് നെരങ്ങും എന്ന്. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. ദാ ഇങ്ങനെ.

പാവം. മിനിമം ഒരു ഭീഷണിയുടെ സ്വരമെങ്കിലും ആവാമായിരുന്നു ഹസന്‍ജി. 

സംഗതി ഹസന്‍ജി  മനസി‍ല്‍ കണ്ടതും എന്നാല്‍ നമ്മള്‍ നേരിട്ട് കണ്ടതും രണ്ടും രണ്ടായിപ്പോയി. അതാരുടേയും കുറ്റമല്ല. അവനവന് പറ്റുന്നതുപോലെയല്ലേ ചെയ്യാന്‍ കഴിയൂ.

ഈ ഗോതമ്പുണ്ടയുടെ കണക്ക് പറഞ്ഞ് പേടിക്കേണ്ട കാര്യം തീരെയില്ലായിരുന്നു. ഒന്നുകില്‍ ഇത്തരം ഭാഷ ഹസന്‍ജി ഒഴിവാക്കണം. നമ്മള്‍ ഈ രഘുപതി രാഘവ രാജാറാം ഒക്കെ പാടി ഹര്‍ത്താലിനെതിരെ ഉപവാസമൊക്കെ അനുഷ്ഠിച്ചാ പോരേ. ഈ കേരളം അതില്‍കൂടുതലൊന്നും ഹസന്‍ജിയില്‍ നിന്ന് ആഗ്രഹിക്കുന്നുണ്ടാവില്ല. അങ്ങ് ഹസന്‍ജിയായി മാത്രം ജീവിച്ചാമതി.

ഇതാണ് പ്രശ്നം. സിംഹമാണെന്നൊക്കെപറഞ്ഞുവരും. പിന്നെ പറഞ്ഞുതീരുമ്പോ ചേരയുടെ അവസ്ഥയാവും. ഇതാണ് പറയുന്നത്, ഈ കോണ്‍ഗ്രസുകാര്‍ക്ക് യാതൊരു സ്ഥിരതയുമില്ലെന്ന്.

MORE IN THIRUVA ETHIRVA
SHOW MORE