കോൺഗ്രസ് പാർട്ടിക്ക് ക്ലാസെടുക്കാൻ ആന്‍റണി സാറെത്തി

ak-antony
SHARE

എ.കെ.ആന്‍റണി അങ്ങനേം ഇങ്ങനേം ഒന്നും പറയാറില്ല. മൗനിയായിയിരിക്കലാണ് ആസ്ഥാനനയം. ഇനി എന്തെങ്കിലും പറഞ്ഞാ തന്നെ കേള്‍വിക്കാര്‍ക്ക് അതൊട്ട് മനസിലാവണം എന്നുമില്ല. പക്ഷേ ഇന്ന് കെപിസിസി ആസ്ഥാനത്ത് വച്ച് പറഞ്ഞത് എല്ലാവര്‍ക്കും മനസിലായി. മനസിലാക്കിപ്പിക്കാന്‍ കച്ചകെട്ടിയാണ് ആന്‍റണി മാഷ് ഡല്‍ഹിയില്‍ നിന്ന് വന്നത്. അതിങ്ങനെ പതിവാണ്. കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം മറക്കുന്ന സമയത്തെല്ലാം കോച്ചിങ് ക്ലാസിന് ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് വിസിറ്റിങ് പ്രഫസറായി ആന്‍റണിമാഷ് കേരളത്തിലെത്തും. പിന്നെ ഒരു ക്ലാസാണ്. ഒന്നൊന്നര ക്ലാസ്. 

ഡല്‍ഹിയിലേക്ക് സ്വസ്ഥജീവിതം പറിച്ചുനട്ടതുമുതല്‍ കേരളത്തിലെ കോണ്‍ഗ്രസിനെ തിരുത്താനാണ് ഈ വരവെല്ലാം. ഓരോ ആണ്ടുകൂടുമ്പോഴും ഈ വരവുണ്ടാവും. എല്ലാക്കാലത്തും ക്ലാസിന്‍റെ സിലബസ് ഒന്നുതന്നെയാണ്. ആന്‍റണിയൊക്കെ ഉഴുതുമറിച്ചിട്ട് പോയ പാര്‍ട്ടിയും നാടും ആയതുകൊണ്ട് കാര്യമായ മാറ്റമൊന്നും പാര്‍ട്ടിക്ക് വരാറില്ല. വരിക ക്ലാസെടുക്കുക വാര്‍ത്തകളിലൊക്കെ ഇടംപിടിക്കുക എന്നതിനപ്പുറം വല്ലതും നടക്കുമെന്ന് ആന്‍റണി മാഷും കരുതാന്‍ ഇടയില്ല. പക്ഷേ രമേശ് ചെന്നിത്തലയ്ക്ക് കൊള്ളും. ഭാഗ്യത്തിന് ആന്ധ്രയില്‍ കോണ്‍ഗ്രസിനെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി പറഞ്ഞയച്ചതുകൊണ്ട് ദൂരേന്ന് മാറിനിന്ന് കണ്ട് ചിരിക്കാനൊക്കെ ഉമ്മന്‍ചാണ്ടിക്ക് കഴിയും. 

അല്ലെങ്കിലും എ.കെ.ആന്‍റണിയുടേത് ഭാഗ്യമുള്ള ഒരു ജന്‍മമാണ്. മേലനങ്ങിയുള്ള തിരഞ്ഞെടുപ്പ് രാഷ്ട്രീയ പരിപാടികളൊക്കെ നിര്‍ത്തിയതാണ്. പാര്‍ട്ടിയില്‍ വാഴ്ത്തപ്പെട്ടവനായതുകൊണ്ട് ഇങ്ങനെ ഇടക്കിടെ കേരളത്തില്‍ വരും. വന്നാല്‍ പിന്നെ ബോധവല്‍ക്കരണ ക്ലാസെടുത്താ മാത്രം മതി. തിരിച്ച് വീണ്ടും ഡല്‍ഹിയില്‍. നാട്ടിലിറങ്ങി പണിയെടുക്കുന്നതിന്‍റെ ബുദ്ധിമുട്ട് അറിയാവുന്നതുകൊണ്ട് രമേശ് ചെന്നിത്തല ഈ ബോധവല്‍ക്കരണ ക്ലാസില്‍ ഹാജരായതുമില്ല. അതുകൊണ്ട് ചെന്നിത്തല നയിക്കുന്ന കോണ്‍ഗ്രസിന് കണക്കിന് കിട്ടുകയും ചെയ്തു. ഇതിലും ഭേദം ആ വേദിയില്‍ വന്നിരുന്ന് അടിയുടെ ആഘാതം കുറയ്ക്കുകയായിരുന്നു നല്ലത്. 

ഡല്‍ഹിയില്‍ അഴിമതി അറിയാത്ത കോണ്‍ഗ്രസുകാരന്‍ എന്ന ചീത്തപ്പേര് ഉള്ളതുകൊണ്ട് എ.കെ.ആന്‍റണിയെ അപൂര്‍വ ജീവിയായി പ്രഖ്യാപിച്ച് എഐസിസിയില്‍ പ്രത്യേക കൂട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ട് നാട്ടിലെത്തിക്കഴിഞ്ഞാല്‍ എന്തുംപറയാം. പിന്നെ ഇതൊക്കെ പറയുന്നത് കേരളത്തിലെ കോണ്‍ഗ്രസുകാരൊടാണല്ലോ എന്നോര്‍ത്ത് തിരിച്ച് ഡല്‍ഹിയിലെത്തിയ ശേഷം ഓര്‍ത്തോര്‍ത്ത് ചിരിക്കുകേം ചെയ്യാം. റിട്ടയര്‍മെന്‍റ് കാലം ഇങ്ങനെയൊക്കെയല്ലേ ആസ്വാദ്യകരമാക്കാന്‍ പറ്റുകയുള്ളു. 

എല്ലാത്തിനും മാതൃകയായി കെ.കരുണാകരനെ എടുത്ത് പറയുന്നത് ശ്രദ്ധിച്ചുകാണുമല്ലോ അല്ലേ. സംഗതി കരുണാകരന്‍ ജന്‍മശതാബ്ദി അനുസ്മരണപരിപാടിയായിരുന്നു. ജീവിച്ചിരിക്കേ കരുണാകരന് നല്ലപോലെ കൊണ്ടും കൊടുത്തിട്ടുമുള്ള ആന്‍റണിക്ക് ഇത് പക്ഷേ തിരുത്തിലിന്‍റെ ജന്‍മശതാബ്ദിയാണ്. 

MORE IN THIRUVA ETHIRVA
SHOW MORE