അമ്മ അമ്മായിഅമ്മ

tva-amma-t
SHARE

അമ്മയിലെ ആണ്‍മക്കളും പെണ്‍മക്കളും നല്ല മൂത്ത അടിയിലാണ്. അമ്മയെച്ചൊല്ലിയാണ് തര്‍ക്കം. എന്നുവച്ച് മക്കളെ പോറ്റുന്ന അമ്മമനസൊന്നും അല്ല. ചില താരരാജാക്കന്‍മാര്‍ ഒരുമിച്ചിരുന്ന് ചിലതൊക്കെ തീരുമാനിക്കും. അവര്‍ തന്നെ പിന്നീട് തിരുത്തും. അങ്ങനെ അതെല്ലാംകൂടി അമ്മയുടെ തലയില്‍ മൊത്തമായിട്ടങ്ങ് വച്ച് തടിയൂരം. അതാണ് അമ്മ എന്നൊക്കെ പേരിട്ടിരിക്കുന്ന സിനിമതാരങ്ങളുടെ സംഘടന. അങ്ങനെ പിറവിക്കുശേഷം അമ്മയുടെ നെഞ്ചത്തിരുന്ന ആളുകള്‍ ആദ്യമായി മാറി പുതിയ ഭാരവാഹികള്‍ വന്നപ്പോഴാണ് ആണ്‍മക്കളും പെണ്‍മക്കളും തമ്മില്‍ അടി പരസ്യമായത്. പൊതുവെ ആണ്‍കോയ്മയുടെ കൂത്തരങ്ങ് എന്നൊക്കെ വിളിച്ചിരുന്ന സിനിമാ മേഖലയില്‍ പെണ്ണുങ്ങളും ഉണ്ട് എന്ന് തെളിയിക്കാന്‍ അവസരം കൊടുത്തു എന്ന നിലയില്‍ മോഹന്‍ലാല്‍ പ്രസിഡന്‍റായ പുതിയ അമ്മ ടീമിന് എന്തുകൊണ്ടും അഭിമാനിക്കാം. സ്ത്രീപുരുഷസമത്വമാണല്ലോ അമ്മയുടെ നിയോഗം തന്നെ. നാലുപെണ്ണുങ്ങളാണ് അമ്മയെ വിട്ടുപോയിരിക്കുന്നത്. 

ഈ അമ്മ എന്ന വാക്കിനത്തനെ അടിമുടി പരിഷകരിച്ചവരാണ് മലയാളത്തിലെ നടീനടന്‍മാര്‍. അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് എന്ന് സംഘടനയ്ക്ക് പേരിട്ട് ആദ്യത്തെ അക്ഷരങ്ങള്‍ കൂട്ടിവച്ചപ്പോഴാണ് പത്തുപതിനട്ട് കൊല്ലം മുമ്പ് അമ്മ പിറന്നത്. അന്നത്തോടെ അമ്മ എന്ന മലയാളം വിളിക്കുതന്നെ അര്‍ഥങ്ങള്‍ പലതായി. സാധാരണ അമ്മ എന്നുകേള്‍ക്കുമ്പോ നല്ല നിസ്വാര്‍ഥമായ സ്നേഹവും കരുതലും സുരക്ഷയൊക്കെയാണ് നമ്മുടെയൊക്കെ മനസിലേക്ക് വരാറ്. എന്നാല്‍ പിന്നീട് ഈ സംഘടന വന്നപ്പോള്‍ അമ്മ എന്ന് കേട്ടാല്‍ വിലക്ക്, പുറത്താക്കല്‍ എന്നൊക്കെയാണ് മലയാളിയുടെ മനസിലേക്ക് വന്നത്. ആ അര്‍ഥത്തില്‍ മലയാള ഭാഷയ്ക്ക് വലിയൊരളവോളം അര്‍ഥവ്യത്യാസങ്ങള്‍ നല്‍കിയ സംഘടനയായി അമ്മയെ വിലയിരുത്താം. നടന്‍ തിലകനൊക്കെയാണ് വേറിട്ട മാതൃസ്നേഹം മുന്പ് ഏറെ അനുഭവിച്ച ആളൊക്കെ.

അമ്മ സംഘടനയെ സംഘടന എന്നുവിളിക്കണോ അതോ വേറെ വല്ലതും വിളിക്കണോ എന്നാണ് സംശയം. കാരണം ഇത്രത്തോളം പുകിലൊക്കെ ഉണ്ടായിട്ടും ആ സംഘടനയുടെ തലപ്പത്തുള്ള ഒരൊറ്റ മനുഷ്യനും സോറി ഒരൊറ്റ താരവും പ്രതികരിച്ചൊന്നും കണ്ടില്ല. അതങ്ങനെയാണ് പോലും. സാധാരണ ജനാധിപത്യ രീതിയിലൊന്നും പ്രവര്‍ത്തിക്കാന്‍ ഇഷ്ടമില്ലാത്തവരാണത്രെ അവര്‍. പോരാത്തതിന് വല്യ ജനപ്രതിനിധികളൊക്കെ ആയി നിയമസഭയില്‍ ഇരിക്കുന്ന വമ്പന്‍മാരും കൂടിയാണ് കെട്ടോ ഈ അമ്മ സംഘടനയുടേയും ഭാരവാഹികള്‍. ഒന്നുകില്‍ അവര്‍ക്കെങ്കിലും ജനാധിപത്യത്തിന്‍റെ മൂല്യങ്ങളെക്കുറിച്ച് ബോധ്യം വേണം. അല്ലെങ്കില്‍ സിപിഎം പ്രതികരിക്കണം. കാരണം അമ്മയുെട ഒരു ഭാരവാഹി സിപിഎം എംഎല്‍എയാണ്. മുകേഷ് എന്നുപറയും. മറ്റൊരാള്‍ ഇടതുമുന്നുണി എംഎല്‍എയാണ്.  പേര് ഗണേഷ് കുമാര്‍. ഇതൊക്കെ പോരാത്തതിന് അമ്മ അംഗമായ കെ.പി.സിസി ലളിതച്ചേച്ചിയെയൊക്കെ സ്ഥാനാര്‍ഥിയാക്കിയതും ഒടുവില്‍ ലളിതകലാ അക്കാദമിയുടെ തലപ്പത്തിരുത്തിയതും സിപിഎമ്മാണ്. ആ നിലയ്ക്ക് സിപിഎമ്മിന് ഉത്തരവാദിത്തമുണ്ട്. ഇല്ലെങ്കില്‍ ദാ കാനം രാജേന്ദ്രനെങ്കിലും പ്രതികരിക്കും. പഴയ മാക്ടയുടെ ആളാ.

ഇന്നസെന്‍റായിരുന്നു അമ്മയുെട പ്രസിഡന്‍റ്. അമ്മ ഉണ്ടായശേഷം ഇക്കഴിഞ്ഞ ദിവസം വരെ. ഇപ്പോഴല്ലേ മോഹന്‍ലാല്‍ പ്രസിഡന്റായത്. പക്ഷേ കുറ്റം പറയരുതല്ലോ, സംഘടനയുടെ സ്വഭാവത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. നടിയെ ആക്രമിച്ച കേസില്‍പെട്ടതോടെ ദിലീപിനെ പുറത്താക്കിയവര്‍ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ അകത്താക്കി. അതാണ് ഇവരൊക്കെ തമ്മിലുള്ള ഇരിപ്പുവശം. ഇന്നസെന്‍റ് ഏതായാലും നല്ല സമയം നോക്കിയാണ് സ്കൂട്ടായത്. മമ്മൂട്ടി പിന്നെ ആ ഭാഗത്തേക്ക് വന്നതേയില്ല. രണ്ടാളും മിടുക്കന്‍മാരാണ്. എന്നാല്‍ അഭിനയത്തിലെ വഴക്കം സംഘടനയെ ഭരിക്കുന്നതില്‍ പോരാന്നാണ് ലാലിനോട് ഇന്നസെന്‍ര് പറയാന്‍ സാധ്യത. സാരമില്ല. ലാലേട്ടന്‍ ബ്ലോഗെങ്കിലും എഴുതി പ്രതികരിക്കുമായിരിക്കും.

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.