കാക്കി കാക്കി വീഴരുതേ

പൊലീസ് ഞങ്ങള്‍ക്ക് പുല്ലാണേ എന്ന് മുഷ്ടിചുരുട്ടി ഒരുപാട് വിളിച്ചവനാണ് പിണറായിക്കാരന്‍ വിജയന്‍. ആ വിളിയുടെ ശാപം ഇപ്പോള്‍ പിണറായിയെ വേട്ടയാടുന്നുവെന്നാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തെ ആഭ്യന്തര പ്രോഗ്രസ് കാര്‍ഡ് നോക്കുമ്പോള്‍ മനസിലാകുന്നത്. അടി ഇടി ലോക്കപ്പ് മരണം എന്നിങ്ങനെ പലവിധ തലവേദനകള്‍ മാറിമാറി വന്നുകൊണ്ടേയിരുന്നു. ഒന്നിന് മരുന്ന് നല്‍കുമ്പോള്‍ അടുത്തത് എന്ന മുറയിലായിരുന്നു പൊലീസ് മുറകള്‍. ഏറ്റവുമൊടുവില്‍ ഇതാ തലപൊക്കി ദാസ്യപ്പണി. കമ്യൂണിസം മുറുകെപ്പിടിക്കുന്ന ഒരു മുഖ്യനുകീഴിലുള്ള പൊലീസില്‍ അടിമപ്പണി. എത്ര ഉപദേശിച്ചാലും നന്നാകാത്ത വിഭാഗമാണ് പൊലീസ്. തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി മുറുകും എന്നതാണ് ആ വകുപ്പിലെ അവസ്ഥ. എങ്കിലും ഉപദേശിക്കാതെ വയ്യല്ലോ. അതിനാല്‍ ആഭ്യന്തരമന്ത്രി പിണറായി പൊലീസ് ഉദ്യെഹസ്ഥരുടെ യോഗം വിളിച്ചു. അപ്പോ നമ്മളോര്‍ക്കും കര്‍ക്കശക്കാരനായ പിണറായി എല്ലാത്തിന്‍റെയും കാക്കി വലിച്ചുകീറി ഭിത്തിയിലൊട്ടിച്ചെന്ന്. വെറുതെയാ. തന്‍റെ വേദനകള്‍ പിണറായി എണ്ണിയെണ്ണി പറഞ്ഞു. തല്ലിയിട്ട് നന്നാകാത്ത വര്‍ഗമല്ലേ. ഇനി കണ്ണീരീണ് വഴിയെന്ന് മുഖ്യനും തിരിച്ചറിഞ്ഞു.

പൊലീസിന്‍റെ കൈയ്യിലിരിപ്പുകാരണം വഴിയെ പോകുന്നവരെല്ലാം പിണറായി ചെണ്ടയുടെ മേല്‍ വെറുതെ കൊട്ടിപ്പഠിക്കുകയാണ്. പൊലീസ് കൈയ്യിലുള്ള മന്ത്രിയെ എല്ലാവരും പേടിക്കും എന്നാണ് വയ്പ്പ്. പക്ഷേ പിണറായി പൊലീസ് എന്നു കേള്‍ക്കുമ്പോള്‍ കൊച്ചു പിള്ളേര്‍ വരെ ചോദിക്കുന്നത് ഇന്നുണ്ടായ ഒറ്റപ്പെട്ട വീഴ്ച ഏതാണ് എന്നാണ്. എന്തിനേറെപ്പറയണം ശശികലടീച്ചര്‍ വരെ മുഖ്യനെ നാവുകൊണ്ട് തല്ലി പതംവരുത്തി

അതായത് ഇനി ഒറ്റപ്പെട്ട വീഴ്ച ഉണ്ടാകുന്നതിനു മുമ്പ് തന്നോട് ആലോചിക്കണമെന്ന്.  സാധാരണ ഇതര സംസ്ഥാന തൊഴിലാളികള്‍ വലിയ പിഴവുകള്‍ വരുത്താതെ പണിയെടുക്കാറുള്ളതാണ്. ഈ ബഹ്റ എന്താണോ എന്തോ ഇങ്ങനെ. ഇതൊക്കെ കാണുമ്പോള്‍ മുഴുവന്‍ പൊലീസുകാരും വെറും വീഴ്ചകളാണെന്ന് ആരും കരുതരുത്. അതെ വീഴ്ചയില്ലാത്ത ഒരേ ഒരു പാലീസുകാരനെ തല്‍ക്കാലം നമുക്ക് ടോമിന്‍ തച്ചങ്കരി എന്നു വിളിക്കാം. കൂലി പൊലീസില്‍ നിന്ന്. വേല വണ്ടിപ്പണി. ആ അപൂര്‍വ കോംപിനേഷന്‍ ഉള്ളതുകൊണാടാണെന്നു തോന്നുന്നു ആ കാക്കിക്ക് വീഴ്ചകളില്ലാത്തത്.   കാക്കിക്കുള്ളില്‍ കലയുടെ അഗ്നിപര്‍വ്വതം പേറി നടന്ന തച്ചങ്കരിയെ ഡബിള്‍ബല്ലടിക്കാന്‍ പിണറായി കെഎസ്ആര്‍ടിസിയിലേക്കയച്ചു. സിപിളായി താളംപിടിച്ച് എംഡി ആനവണ്ടിയെ ലാഭത്തിന്‍റെ റൂട്ടിലൂടെ കുതിച്ചു പായിക്കുകയാണ്. പാട്ടും സിനിമയുമൊക്കെ ബസ് യാത്രയിലെ ഒഴിച്ചുകൂടാനാവാത്ത സംഗതികളാണല്ലോ. സംഗീതത്തിന്‍റെ അസുഖമുള്ള എംഡി തിരക്കുകള്‍ക്കിടയിലും ഒരു ഈണം ഒന്ന് മൂളിയിട്ടു. കോര്‍പ്പറേഷനിലെ ആര്‍ക്കും ആ ഈണത്തിന് വരികളെഴുതാന്‍ അവസരമുണ്ട്. അങ്ങന ലോകത്ത് ആദ്യമായി ഒരു പൊതുഗതാഗത സംവിധാനത്തിന് സ്വന്തമായി തീംസോങ് പിറക്കുകയാണ്. ഉറപ്പായും ഈ പാട്ട് പിണറായിക്ക് ഇഷ്ടപ്പെടും

പഴയ കോണ്‍ഗ്സ് ഇത്തിക്കണ്ണികള്‍ക്ക് പണി നല്‍കാന്‍ സിപിഎം തീരുമാനിച്ചു. ഇതിന്‍റെ ആദ്യ പടിയായി എകെജി സെന്‍ററിന്‍റെ  മതിലുചാടി വന്ന ചെറിയാന്‍ ഫിലിപ്പിനെ നവകേരള മിഷന്‍ കോഡിനേറ്ററായി നിയമിച്ചു. കാലം കുറെയായി എകെജി സെന്‍ററിലെ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിച്ചു തള്ളുകയായിരുന്ന ചെറിയാന്‍ ഇനി അവിടെ താന്‍ വായിക്കാത്തതായി കെട്ടിടത്തിന്‍റെ ആധാരം മാത്രമേ ഉള്ളൂ എന്നറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ കേരളത്തിന്‍റെ സൃഷ്ടിക്കുള്ള പരശുരാമ പിന്‍ഗാമിയാക്കിയത്. അടുത്ത നറുക്ക് ശോഭന ജോര്‍ജിനായിരുന്നു. ചെങ്ങന്നൂരിലൂടെ മറുകണ്ടം ചാടിയതിന്‍റെ ഉപകാര സ്മരണയായി ഖാദി ബോര്‍ഡിലെ കസേരയാണ് ശോഭനയുടെ  ശോഭന ഭാവിക്കായി സിപിഎം സമ്മാനിച്ചത്. ഖാദിയും ഖദറുംവിട്ട് എളുപ്പം വരാന്‍ ശോഭനക്ക് കഴിയില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള അനുയോജ്യമായ പോസ്റ്റിങ്ങ്

പാവം കോണ്‍ഗ്രസ്. തങ്ങളുടെ പിന്നാമ്പുറത്ത് പാഴിലയായി ശോഭന എന്നുമുണ്ടാകുമെന്ന് അവര്‍ കരുതിയിരുന്നു. ലീഡറുടെ തണലിലെ ചെടിയായിരുന്ന ശോഭനയെ അതോ തണലില്‍ കഴിഞ്ഞിരുന്ന രമേശ് ചെന്നിത്തല പിന്നീട് തിരിച്ചറിയാതെ പോയത് യാദൃശ്ചികമാകും. വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദൂരത്ത് ശോഭന ഉണ്ടാകുമെന്ന് കരുതിയവരെ ഞെട്ടിച്ചുകൊണ്ടാണ് ഖദറിന്‍റെ ഹോള്‍സെയില്‍ ഇടപാടുകാരിയായി ഈ ചെങ്ങന്നൂരുകാരി മാറിയത്.