ഒറ്റദിവസത്തെ യോഗക്കാർ

thiruva-yoga-t
SHARE

നരേന്ദ്രമോദി ആളൊരു ഗംഭീരകക്ഷിയാണ്. പുള്ളിക്കാരന്‍ പ്രധാനമന്ത്രിയായ ശേഷം ഈ നാട്ടിലൊക്കെ പണ്ടുതൊട്ടേയുണ്ടായിരുന്നു പലവിധ സാധനങ്ങളും ആശയങ്ങളും പൊടിതട്ടിയെടുത്ത് തന്‍റേതാക്കി മാറ്റുക എന്ന ജാവിദ്യ നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. യോഗ അതിലൊന്നാണ്. അതുകൊണ്ട് ജൂണ്‍ 21ന് നമ്മളെ ഭരിക്കുന്ന സകലമാന ആളുകളും തറയില്‍ പാ വിരിച്ച് കിടക്കുകയും മറിയുകയും ഒരുകുട്ടിയായി മാറി പലവിധ ചേഷ്ടകളും കാണിച്ചുകൊണ്ടിരിക്കും. മോദി ടീമിന്‍റെ എതിരാളികളായ സിപിഎമ്മിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ യോഗ ദിനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്ന മാറ്റമാണ് മോദി രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നത്. അതത്ര ചില്ലറ കാര്യമല്ല.

പിണറായി മുന്നോട്ട് വെക്കുന്നത് വെറും യോഗയല്ല. നല്ല കമ്മ്യൂണിസ്റ്റ് യോഗയാണ്. മോദി പറഞ്ഞ സ്ഥിതിക്ക് അതുപോലെ അഭ്യാസം കളിക്കാനൊന്നും പറ്റില്ല. കളിക്കുന്നെങ്കില്‍ അത് വെറും യോഗമാത്രമായിട്ടായിരിക്കും. അല്ലാതെ വേദഗ്രന്ഥത്തിലെ മനസിലാകാത്ത സംസ്കൃത ശ്ലോകമൊന്നും ഉണ്ടാവില്ല.  മുഖ്യമന്ത്രിയായ ശേഷം പിണറായിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ യോഗമാണ് ഇന്നത്തേത്. പക്ഷേ നമ്മുടെ മുഖ്യമന്ത്രിയുണ്ടല്ലോ അഭ്യാസത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. കഴിഞ്ഞ കൊല്ലം പ്രസംഗിച്ച അതേ പ്രസംഗം തന്നെ ഇപ്പോഴും. ഒരു രണ്ടടവെങ്കിലും ചുരുങ്ങിയത് പഠിച്ചുവയ്ക്കായിരുന്നു. ഇല്ലെങ്കില്‍ ദാ കേട്ടു നോക്ക്. 2017ലെ പ്രസംഗം.

ഇനി ഈ 2018 ജൂണ്‍ 21ലെ പ്രസംഗമാണ്. ഇതുകേള്‍ക്കുമ്പോ ഒരു കാര്യം മനസിലാവും. ഈ ഒരു ദിവസം മാത്രമാണ് ഇവരൊക്കെ യോഗയെ പറ്റി ആലോചിക്കുന്നതുതന്നെ. 

അടുത്തകൊല്ലവും ഇങ്ങനെതന്നെ പറയാതെ രണ്ടുമൂന്നു അടവുകളുമായി വരണം സഖാവേ. അതിനൊക്കെ ദാ നോക്ക് പ്രതിപക്ഷനേതാവ്. ആള് മുഖ്യമന്ത്രിക്ക് വല്യ താല്‍പര്യമുള്ള പ്രതിപക്ഷ നേതാവൊക്കെ ആണെങ്കിലും യോഗ കാര്യത്തില്‍ അക്കാര്യത്തില്‍ മാത്രം പുള്ളിക്കാരന്‍ മുഖ്യമന്ത്രിയാണ്. പിണറായി പ്രതിപക്ഷനേതാവുമാണ്.

യോഗ പോലുള്ള പരിപാടികള്‍ നടത്തുമ്പോള്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം നേരിടുന്ന വലിയ വെല്ലുവിളികളുണ്ട്. ഒന്നാമത് ഇതൊരു വേദകാല പരിപാടിയായി അവതരിപ്പിക്കുമ്പോള്‍ സംഗതി മതേതരത്വമാക്കണം. അങ്ങനെയാണല്ലോ കഴിഞ്ഞ തവണ ഷൈലജ ടീച്ചര്‍ മതവിശ്വാസികളല്ലാത്തവരുടെ യോഗാവകാശത്തെക്കുറിച്ച് സംസാരിച്ചത്. സംഗതി നേരായിരുന്നു. യോഗ വേദകാലത്തിന് മുമ്പും ഉണ്ടായിരുന്നതാണല്ലോ. അന്ന് ഏതൊക്കെ രീതിയിലാണോ ചെയ്തത് അതുപോലെ വേദകാലത്ത് ചെയ്യണമെന്ന് ആരും നിര്‍ബന്ധം പിടിച്ചിട്ടില്ല. എങ്കില്‍ പിന്നെ ആ ഒരു സ്വാതന്ത്ര്യം ഇക്കാലത്ത് യോഗ ചെയ്യുന്നോര്‍ക്കും കിട്ടണമെല്ലോ. അതാണല്ലോ നീതി. എന്തൊക്കെയായാലും ഇത്തവണ ഷൈലജ ടീച്ചര്‍ എന്തെങ്കിലും പറഞ്ഞ് വിവാദമാക്കണ്ട എന്നു കരുതിയാവണം മുഖ്യമന്ത്രി തന്‍റെ യോഗ  പരിപാടിക്ക് ടീച്ചറേയും കൂട്ടിയാണ് വന്നത്. അങ്ങനെ ടീച്ചറുടെ ഉദ്ഘാടനപ്രസംഗം മുഖ്യമന്ത്രി അങ്ങ് ഹൈജാക്ക് ചെയ്തു. എന്താ ഒരു ബുദ്ധി.

കഴിഞ്ഞ കൊല്ലം ചില സൂത്രപണികള്‍ ഒപ്പിച്ചു സിംപിള്‍ യോഗ കളിച്ചുപോയ അമിത് ഷാജിയെ ഒന്നും ഇത്തവണ ഈ വഴിക്കുകണ്ടിട്ടില്ല. പാവം വയ്യാത്തോണ്ടാവും. ഇങ്ങനെ ചില സ്റ്റേജ് പെര്‍ഫോമെന്‍സിനുവേണ്ടി ചില അടവുകളുണ്ട്. അതിങ്ങനെ വര്‍ഷത്തില്‍ ഒറ്റദിവസം യോഗ ചെയ്യുന്നവര്‍ക്കുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. എന്നുവച്ചാല്‍ വലിയ മെനക്കേടൊന്നും വേണ്ട. കിടക്കുക, ഇടയ്ക്കൊന്നു തുള്ളുക വീണ്ടും കിടക്കുക. അതും മലര്‍ന്നും കമിഴ്ന്നും കിടക്കുക എന്നതൊക്കെയാണ് ഐറ്റംസ്. ഡിജിപി ലോക്നാഥ് ബഹ്റയൊക്കെ ഇത്തരത്തിലുള്ള പരിപാടികള്‍ക്കാണ് പോകാറ്.

അതേതായാലും നന്നായി. മനസ് നന്നാക്കാനും ശരീരം നന്നാക്കാനും മനസില്‍ നല്ലകാര്യം ചിന്തിക്കാനുമൊക്കെ നാട്ടാര്‍ക്ക് ഒരവസരം ഉണ്ടാവട്ടെ. ഇതിന്‍റെ പൂര്‍ണമായ ഗുണം നാടിന് ലഭിക്കാന്‍ ഈ സ്ഥാപനം കണ്ണൂര്‍ ആസ്ഥാനമായി തുടങ്ങണം പക്ഷേ. 

MORE IN THIRUVA ETHIRVA
SHOW MORE