മാണിക്യമലരായ മാണി

thiruva-mani-t
SHARE

സത്യത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതോടെ കേരളത്തില്‍ ഉണ്ടായ ഉപതിരഞ്ഞെടുപ്പെല്ലാം ബെടക്കാക്കി തനിക്കാക്കിയത് കിരങ്കോഴക്കല്‍ മാണിയെന്ന് പേരുള്ള യുഡിഎഫുകാര്‍ മാണിസാര്‍ എന്നും എല്‍ഡിഎഫുകാര്‍ ഇടക്കാലത്ത് സാര്‍ എന്നും വിളിച്ചിരുന്ന ആളാണ്, കെ.എം.മാണി.  കാരണം നിയസഭാതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് അധികാരം ഇല്ലാതായെന്നും ഇനി ഈ നില്‍പ് അതായത് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നുള്ള നില്‍പ് അത്ര പന്തിയല്ലെന്നും കെ.എം.മാണിക്ക് തോന്നിയത്. ഉടനെ പാര്‍ട്ടി ഒറ്റയ്ക്ക് നില്‍ക്കാനും മാറി ഇരിക്കാനും തീരുമാനിച്ചു. അന്ന് തൊട്ട് സിപിഎമ്മും ബിജെപിയും മാണി കോണ്‍ഗ്രിസിനെ വളക്കാന്‍ ആവുന്നതെല്ലാം ചെയ്തുപോരുകയായിരുന്നല്ലോ. പ്രസ്തുത പരിപാടിയൊക്കെ പിരിച്ചുവിട്ടിരിക്കുന്നു. മാണിസാര്‍ ചെങ്ങന്നൂരില്‍ യുഡിഎഫിനെ തന്നെ പിന്തുണയ്ക്കും. അതെ മീനച്ചിലാര്‍  വേമ്പനാട് കായലിനുള്ളതാണെങ്കില്‍ കെഎം മാണി യുഡിഎഫിനുള്ളതാണെന്ന് മൊയ്തീന്‍ ചാണ്ടി

രണ്ടുവര്‍ഷത്തിനിടെയുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ രണ്ടും മലപ്പുറം ജില്ലയിലായിരുന്നു. യുഡിഎഫ് മുന്നണി വിട്ട മാണി കോണ്‍ഗ്രസ് അവിടെയൊക്കെ പോയി ലീഗിന് പിന്തുണ കൊടുത്തു. അപ്പോഴും മുന്നണിയ്ക്കായിരുന്നില്ല. ചെങ്ങന്നൂരെത്തിയപ്പോഴാണ് ആ പരിപ്പ് വേവില്ലെന്ന് മാണിയറിഞ്ഞതും എന്നാല്‍ ഇതാണ് ബെസ്റ്റ് ടൈം എന്നു കരുതി യുഡിഎഫുകാര്‍ പാലായ്ക്ക് വച്ചുപിടിച്ചതും. അതും ആ പഴയ സംഘം. ഉമ്മന്‍ ചാണ്ടി കുഞ്ഞാലിക്കുട്ടി. ഈ രണ്ടുപേരെയും ഒരുമിച്ച് കണ്ടാല്‍ കെ.എം.മാണിക്ക് മാറിനില്‍ക്കാനാവില്ല. ഒന്നാമത് ഫാസിസത്തിനെതിരെ പ്രതികരിക്കാന്‍ നിയസഭ വിട്ട് പാര്‍ലമെന്റില്‍ പോയപ്പോഴാണ് കുഞ്ഞാലിക്കുട്ടിക്ക് ബോധോദയമുണ്ടായത്. മലപ്പുറമോ കേരളമോ അല്ലല്ലോ ഇന്ത്യ. അവിടെ നിന്നിട്ട് വല്യ കാര്യമൊന്നും ഉണ്ടാവില്ലെന്ന് മനസിലായപ്പോള്‍ കളി ഇവിടെ കേരളത്തില്‍ മതി, ബാക്കി ഒഴിവുള്ള സമയം ഡല്‍ഹിക്ക് പോയാല്‍ മതിയെന്നും തീരുമാനിച്ചു. പക്ഷേ ക്വോട്ട തികയ്ക്കണം. അതിനു മാണിസാറില്ലാതെ പറ്റില്ലല്ലോ. ഉമ്മന്‍ചാണ്ടിയാണെങ്കില്‍ കോടതിയില്‍ നിന്ന് സോളര്‍ കേസില്‍ അനുകൂല വിധിയൊക്കെ കിട്ടി ഉഷാറായി നടക്കുന്നസമയമാണ്. മാണിക്ക് ബാര്‍കോഴയുടെ ബാധ്യതയും ഇല്ല. സത്യത്തില്‍ ഇവര്‍ക്കൊപ്പം പോയ രമേശ് ചെന്നിത്തലയ്ക്ക് കെ.എം.മാണി കൈകൊടുക്കാതിരുന്നതു തന്നെ ഇക്കാരണത്താലാണ്. കുഞ്ഞൂഞ്ഞിനും കുഞ്ഞാപ്പയ്ക്കും ഇടയില്‍ ഈ തലയില്ലാത്തവന് എന്തുകാര്യമെന്ന് മാണി കരുതിക്കാണണം.

അങ്ങനെ പഴയ ത്രിമൂര്‍ത്തികള്‍ ഒന്നാവുകയാണ് സൂര്‍ത്തുക്കളെ. എന്തുചെയ്യാന്‍ ഇതൊക്കെ കണ്ട് പൊട്ടിക്കരയുകയേ സിപിഎമ്മിന് രക്ഷയുള്ളു. കച്ചവടത്തില്‍ അജ്ജാതി പൊട്ടലല്ലേ വിപ്ലവപാര്‍ട്ടിക്കു സംഭവിച്ചത്. വല്ല കാര്യവുമുണ്ടോ, നാറിയവനെന്ന് വിളിച്ചിട്ട് മൂട് താങ്ങാനും പോയി ഒടുക്കം സ്വയം നാറുകയും ചെയ്തില്ലേ. ആ അനുഭവിച്ചോ.

ഇതിന്‍റെയൊക്കെ ഗുണം കെ.എം.മാണിക്കാണ്. ഭരണം മാറിയപ്പോ ബാര്‍കോഴ കേസ് തലയ്ക്ക് മുകളില്‍ തുങ്ങിക്കിടപ്പാണ്. പ്രതിപക്ഷത്ത് കോണ്‍ഗ്രസിനൊപ്പം ഇരുന്നിട്ട് ഒരു കാര്യവുമില്ല. അവിടെയാണെങ്കില്‍ ഉറ്റമിത്രം ഉമ്മന്‍ചാണ്ടി വരെ തലയില്‍ തോര്‍ത്തുമുണ്ട് ഇട്ട് നടക്കുന്ന കാലമാണ്. അപ്പോഴാണ് അധ്വാനവര്‍ഗ സിദ്ധാന്തം രചിക്കുന്നതിനിടെ മാണിസാറിന്‍റെ തലയില്‍ ലഡുപൊട്ടിയത്. ഉടനെ യുഡിഎഫ് വിട്ടു. ഒറ്റയ്ക്ക് എല്ലാരേയും മോഹിപ്പിച്ചങ്ങനെ നില്‍ക്കുക. അതായിരുന്നു ലൈന്‍. സിപിഎമ്മിന് കോഴമാണി വിശുദ്ധ മാണിയായി. മാണിസാര്‍ എന്നുവരെ വിളിക്കാന്‍ തുടങ്ങി. അസൂയമൂത്ത് സിപിഐ ചില്ലറ ചാട്ടം നടത്തിയതൊഴിച്ചാല്‍ ഇടത്തോട്ട് ചായാന്‍ സിപിഎം എല്ലാം ഒരുക്കിക്കൊടുത്തു. ബാര്‍കോഴ കേസ് ബ്രാന്ഡികുപ്പിയില്‍ തീപ്പെട്ടി കത്തിച്ച് ഇട്ടതുപോലെ പൊകയായിപ്പോയി. അങ്ങനെ കടിച്ച പാമ്പിനെകൊണ്ട് വിഷമിറപ്പിക്കുന്ന വലിയ പണിയിലായിരുന്നു ഇത്രേം നാള്‍ കെ.എം.മാണി. അതു ഇറക്കി കഴിഞ്ഞതോടെ സംഗതി ഓക്കെയായി. സിപിഎമ്മിനാല്‍ വിശുദ്ധനാക്കപ്പെട്ട കെ.എം.മാണി യുഡിഎഫിലെത്തുമ്പോള്‍ ആരാണിനി കോഴയും പറഞ്ഞു വരിക. ഇനിയിപ്പോ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പറഞ്ഞുകൊടുത്തിട്ടാവുമോ മാണിസാര്‍ മുന്നണി വിട്ട് നാടകം കളിക്കാനിറങ്ങിയത്. 

കുമ്മനവും കൂട്ടരും സ്വപ്നം കണ്ടതും വെറുതെയായി. കോട്ടയത്തുനിന്ന് നിയസഭയിലേക്കും ലോക്സഭയിലേക്കും ജയിച്ചു കയറുന്ന ബിജെപിക്കാരെ എത്ര സ്വപ്നം കണ്ടതാ അവര്‍. ജോസ് മോനെ കേന്ദ്രമന്ത്രിവരെയാക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രോമിസ് കൊടുത്തിരുന്നു. പിന്നീടാണ് തനിക്ക് കിട്ടിയ പ്രോമിസുപോലും വെള്ളത്തില്‍ വരച്ച വരയായിപ്പോയെന്ന് തുഷാറിന് ബോധ്യമായത്. ഒന്നുകില്‍ തുഷാര്‍ ജോസ് കെ മാണിയെ വിളിച്ചുപറ​ഞ്ഞിട്ടുണ്ടാവും. ഞങ്ങളോ പെട്ട് നിങ്ങളെങ്കിലും രക്ഷപ്പെടാന്‍ നോക്കെന്ന്. മാണിയുടെ മുന്നണി വിടല്‍ കേരളരാഷ്ട്രീയത്തില്‍ പുതുസമവാക്യങ്ങളുണ്ടാക്കുമെന്ന് പറ‌​ഞ്ഞ് ബിജെപിക്കാരും അങ്ങേരെ വിശുദ്ധനാക്കിയ സ്ഥിതിക്ക് നിലവില്‍ കേരളത്തില്‍ ശത്രുക്കളില്ലാത്ത ഒരേയൊരു രാഷ്ട്രീയക്കാരനാണ് കെ.എം.മാണി. 

സിപിഎം ആണ് പെട്ടുപോയത്. ഇനി തിരിച്ചു മാണിയെ കോഴമാണി എന്ന് വി.എസിനൊഴികെ പാര്‍ട്ടിയെ മറ്റാര്‍ക്കും വിളിക്കാനൊക്കില്ല.  പോരാത്തതിനാണ് സിപിഐയുടെ അഹങ്കാരം സഹിക്കേം വേണം എന്നുള്ളത്. ഇനി ചെങ്ങന്നൂരില്‍ മാണി മെനക്കിട്ടിറങ്ങും. മാണിയെകൊണ്ടുവന്നു എന്നനിലയില്‍ ഉമ്മന്‍ചാണ്ടിക്ക് അവിടെ പ്രസ്റ്റീജിന്റെ പ്രശ്നമാണ്. ജയിക്കണം. സ്വന്തം ഗ്രൂപ്പുകാരനായതുകൊണ്ട് രമേശ് ചെന്നിത്തലയ്ക്ക് വിജയകുമാറിനെ തോല്‍പിക്കാനും വയ്യ. അങ്ങനെ മൊത്തത്തില്‍ ഗ്രൂപ്പുകള്‍ ഒരുമിച്ച് ജയിപ്പിക്കാന്‍ ഇറങ്ങുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാവും ചെങ്ങന്നൂരിലേത്. 

MORE IN THIRUVA ETHIRVA
SHOW MORE