കോടതിയിൽ ഒരു പാതിരാക്കാലം

thiruva-17-05-t
SHARE

ഇന്നലെ രാത്രി രാജ്യത്തെ മുഴുവന്‍ കള്ളന്മാര്‍ക്കും അപ്രഖ്യാപിത പണിമുടക്ക് ആചരിക്കേണ്ടിവന്നു. കാരണം ഇന്നലെ നാട് ഉറങ്ങിയില്ല. എങ്ങനെയുറങ്ങും. കര്‍ണ്ണാടകത്തില്‍ കണ്ണുംനട്ട് രണ്ടുനാളായി ഇരിക്കുന്ന ജനങ്ങള്‍ക്ക് ഒരു അപ്രതീക്ഷിത കാഴ്ചയും വീണ്ടുകിട്ടി. മിന്നാമിനുങ്ങ് വരെ ഉറക്കം പിടിക്കുന്ന സമയമായ പുലര്‍ച്ചെ രണ്ടുമണിക്ക് സാക്ഷാല്‍ സുപ്രീം കോടതി ഇങ്ങനെ പ്രകാശ പൂരിതമായി തളിര്‍ത്തുനിന്നു. കഴിഞ്ഞ കുറച്ചു നാളുകളായി സുപ്രീംകോടതിക്ക് ശനിദശയാണല്ലോ. അതിന്‍റെ ഭാഗമായി കണ്ടാല്‍ മതി. ഗവര്‍ണര്‍ കൈവീശി വിളിക്കും എന്നു കരുതിയ കര്‍ണ്ണാടകത്തിലെ കോ ദള്‍ സഖ്യം പണികിട്ടി എന്ന് തിരിച്ചറിഞ്ഞത് പാതിരാക്കാണ്. പിന്നെ ഒട്ടും അമാന്തിച്ചില്ല. ചൂട്ടും കത്തിച്ച് നേരെ സുപ്രീം കോടതിയിലേക്ക്. അങ്ങനെ പുലര്‍ച്ചെ ഒന്നേമുക്കാലിന് മൂന്നംഗ ബഞ്ച് കട്ടന്‍കാപ്പി ഊതിക്കുടിച്ച് കോണ്‍ഗ്രസിന്‍റെ നെഞ്ചത്തടിയും ജെഡിഎസിന്‍റെ മൂക്കുചീറ്റലും കണ്ടു കേട്ടു. എന്നിട്ട് യെഡിയൂരപ്പക്ക് ഓള്‍ ദി ബസ്റ്റ് പറഞ്ഞിട്ട് രാവിലെ അഞ്ചുമണിക്ക് ജഡ്ജിമാര്‍ ഉറങ്ങാന്‍ പോയി

പാമ്പും കോണിയും കളിയില്‍ അഗ്രഗണ്യനാണ് ബുക്കനിക്കര സിദ്ധലിംഗപ്പ യെഡ്യൂരപ്പ. വെറും കളിയല്ല. കണക്കുകൂട്ടിയുള്ള കളി. വോട്ടെടുപ്പ് കഴിഞ്ഞെങ്കില്‍ ഇനി തിരഞ്ഞെടുപ്പ് കളികള്‍ തുടങ്ങാം എന്ന ലൈനിലുള്ള പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് യെഡ്യൂരപ്പയുടെ മാതൃകാ പുരുഷന്‍. അപ്പോ പിന്നെ ഭൂരിപക്ഷം ഞാനുണ്ടാകാകിക്കോളാം ബാക്കി കാര്യങ്ങള്‍ മുറക്ക് നടക്കട്ടേ എന്ന് പറഞ്ഞതില്‍ അല്‍ഭുതമില്ല. കൈയ്യില്‍ കാശില്ലെങ്കിലും ഹോട്ടലില്‍ കയറി മൃഷ്ടാന്നം തട്ടാനുള്ള ആ ധൈര്യമുണ്ടല്ലോ, അതുകണ്ട ഗവര്‍ണര്‍ ആരാധന മൂത്ത് മന്ത്രിസഭ ഉണ്ടാക്കാന്‍ ക്ഷണിച്ചുപോയതാണ്. ഭൂരിപക്ഷം തെളിയിക്കാന്‍  അഞ്ചുവര്‍ഷം മതിയോ എന്നാണത്രേ ഗവര്‍ണര്‍ ആദ്യം യെഡ്യൂരപ്പയോട് ചോദിച്ചത്. ഒടുവില്‍ ബിജെപി ദേശീയ നേതൃത്വം വളരെ കഷ്ടപ്പെട്ടാണ് ഇപ്പോളത്തെ ഈ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. 

Default thumb image

യാക്കൂബ് മേമനെ തൂക്കിലേറ്റിയ അന്നാണ് ഇതിനുമുമ്പ് സുപ്രീം കോടതി പാതിരാ വിളക്കുകള്‍ മുഴുവന്‍ തെളിയിച്ച് ഉറക്കമളച്ചത്. ഇക്കുറി ജനാധിപത്യത്തെ തൂക്കിലേറ്റാതിരിക്കാന്‍ അര്‍ദ്ധരാത്രി കോടതി ചേര്‍ന്നു എന്നാണ് കോണ്‍ഗ്രസ് നേതാവ് കം അഭിഭാഷകനായ അഭിഷേക് മനു സിങ്വി പറഞ്ഞത്. ചുരുക്കി പറഞ്ഞാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ മികച്ച പെര്‍ഫോമന്‍സുകള്‍ പുറത്തെടുത്തു തുടങ്ങി. രാഹുല്‍ ഗാന്ധിയിലായിരുന്നു ഈ ലക്ഷണങ്ങള്‍ ആദ്യം കണ്ടത്. ഒന്നു രണ്ട് എംഎല്‍എമാരെ കാണാതായി എന്നതൊഴിച്ചാല്‍ കോണ്‍ഗ്രസില്‍ കാര്യമായ പ്രശ്നങ്ങളില്ല. കഴിഞ  പത്തിരുപതു വര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസിന് ഇത്രയും പിന്തുണ കിട്ടിയ ഒരു കാലഘട്ടം ഉണ്ടെന്നു തോന്നുന്നില്ല. കൂട്ടത്തിലൊരുത്തനെ കാണാതായ അതേ വികാരത്തിലാണ് നാട്ടുകാര്‍ സംഘം ചേര്‍ന്ന് ഒളിവില്‍ പോയ ആ വലതന്‍ എംഎല്‍എയെ തപ്പുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ചാക്കുകളും എഴിച്ചു പരിശോധിക്കുന്ന കലാപരിപാടി ഊര്‍ജിതമായി നടക്കുന്നുണ്ട്. 

ഒറ്റക്ക് മന്ത്രിസഭായോഗം ചേര്‍ന്ന യെഡ്യൂരപ്പ ആദ്യം ചെയ്തത് കോണ്‍ഗ്രസ് എംഎല്‍എമാരെ പൂട്ടിയിട്ടിരിക്കുന്ന ബിഡജിയിലെ റിസോര്‍ട്ടിന്‍റെ പോലീസ് കാവല്‍ പിന്‍വലിക്കുക എന്നതായിരുന്നു. രാത്രി അമിത്ഷാ അവിടെ പറന്നിറങ്ങാനും ചില റാഞ്ചലുകള്‍ നടത്താനുമുള്ള സാധ്യത മുന്നില്‍ കണ്ട കോണ്‍ഗ്രസ് എല്ലാ ഐറ്റങ്ങളെയും ഇങ്ങ് നുമ്മടെ കൊച്ചിക്ക് പായ്ക്ക് ചെയ്യാന്‍ പരിപാടിയിടുകയാണ്. ഈ ഇനത്തില്‍ നമ്മുടെ കടകംപള്ളിക്ക് പിണറായി ഒരു കുതിരപ്പവന്‍ നല്‍കുംഎന്നുറപ്പാണ്. കൃത്യ സമയത്ത് ട്വിറ്ററില്‍ കുറിക്കുകൊള്ളുന്ന ട്രോളിട്ട ടൂറിസം വകുപ്പ് കൈനനയാതെ മീന്‍ പിടിച്ചു. മംഗലാപുരത്തെ ആ ഇന്ദ്രചന്ദ്രന്മാരെ വിരട്ടിയ മുഖ്യന്‍റെ പ്രസംഗം കര്‍ണ്ണാടകത്തിലെ നേതാക്കളുടെ മനസിലുണ്ടാവണം. അല്ലെങ്കില്‍ പിന്നെ സുരക്ഷിത താവളമായി കേരളം തിരഞ്ഞെടുക്കില്ലല്ലോ. ചില്ല് പാത്രം കൈകാര്യം ചെയ്യുന്നത്ര സൂക്ഷമതയിലാണ് എണ്ണിയെണ്ണി എംഎല്‍എമാരെ കോണ്‍ഗ്രസ് കാത്തുവച്ചിരിക്കുന്നത്

MORE IN THIRUVA ETHIRVA
SHOW MORE