കറ്റയേന്തിയ കൈകൾ

thrivua-t
SHARE

കണ്ണടച്ചാല്‍ കന്നടയില്‍ എന്തും സംഭവിക്കാം. അതാണ് നിലവിലെ അവസ്ഥ. അതിനാല്‍ ബിജെപി കോണ്‍ഗ്രസ് ജെഡിഎസ് എന്നല്ല കന്നട അറിയുന്നവരും അറിയാത്തവരുമായ മുഴുവന്‍ രാഷ്ട്രീയ കാംഷികളും ഇമചിമ്മാതെ ഇങ്ങനെ ഇരിക്കുകയാണ്. സാധാരണ ഒരു തിരഞ്ഞെടുപ്പുകഴിഞ്ഞാല്‍ ഫലം വരും. ജയിക്കുന്നവര്‍ മന്ത്രിസഭ ഉണ്ടാക്കും. കര്‍ണ്ണാടക പോലുള്ള സംസഥാനത്തെ തിരഞ്ഞെടുപ്പിനെ ഈ മലയാളികളാകട്ടെ തിരിഞ്ഞുനോക്കാറുപോലും ഇല്ലായിരുന്നു. എന്നാല്‍ ഇക്കുറി ആ പതിവുകളെല്ലാം മാറി എന്ന പ്രത്യേകതയും ഈ അയല്‍ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുണ്ട്. ഫാസിസത്തെ ചെറുക്കാന്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഇറങ്ങിത്തിരിച്ചവരും താമരയുടെ വേരുകള്‍ രാജ്യത്ത് പടര്‍ന്ന് പന്തലിക്കണമെന്ന് ആഗ്രഹിക്കുന്നവരും തമ്മിലുള്ള ഒരു ആശയ സമരമാണ് ഇവിടെ നടക്കുന്നതെന്ന് വേണമെങ്കില്‍ കോംപ്ലിക്കേറ്റഡായി പറയാം. എന്തായാലും പൊളിറ്റിക്സല്ല, പൊളിട്രിക്സിന്റെ അമ്പരപ്പിക്കുന്ന വേര്‍ഷനാണ് ഇപ്പോ നടന്നോണ്ടിരിക്കുന്നത്.

ചെങ്കോലേന്തിയശേഷം രാഹുല്‍ ഗാന്ധി ആദ്യം വീരത്വം തെളിയിക്കാന്‍ ഇറങ്ങിയ ഭൂമികയാണ് കര്‍ണ്ണാടകത്തിലേത്. എട്ടുനിലയില്‍ പൊട്ടി എന്നുമാത്രമല്ല ഒന്നാമനെ തോല്‍പ്പിക്കാന്‍ മൂന്നാമന്‍റഎ പിന്നില്‍ പോയി ഇരിക്കേണ്ട ഗതികേടും ഉണ്ടായി. എന്തായാലും അരങ്ങേറ്റം കലക്കി. ആദ്യ ഇന്നിങ്സില്‍ തന്നെ സെഞ്ച്വറി അടിക്കാന്‍ രാഹുല്‍ ഗാന്ധി അത്ര മിടുക്കുള്ള ബാറ്റ്സ്മാനല്ലല്ലോ. ഇന്നിങ്സില്‍ തോറ്റെങ്കിലും കണക്കിലെ കളികള്‍ പ്രകാരം കോണ്‍ഗ്രസ് തിരിച്ചടിച്ചു. വഴുതിയ കപ്പ് എത്തിപ്പിടിക്കാന്‍ കുമാരസ്വാമിക്ക് കൈകൊടുത്ത ആ പെരുത്ത ബുദ്ധി സമ്മതിക്കണം. 

സംഭവം നല്ല മൈലേജ് ഉള്ള പരിപാടിയൊക്കെ ആയെങ്കിലും സീനില്‍ നിന്ന് രാഹുല്‍ ഗാന്ധി ഔട്ടായിപ്പോയി. അതാണ് കോണ്‍ഗ്രസിന്റെ വന്‍ പരാജയം. 

ജെഡിഎസുമായി ഒന്നിക്കാനുള്ള നീക്കം രാഹുലിന്‍റെ ബുദ്ധി എന്നൊരു പ്രചാരണം വെറുതെ പത്തുപേരോട് പറഞ്ഞിരുന്നെങ്കില്‍ ചെക്കന്‍റെ വിലയും നിലയും ഒന്ന് കുതിച്ചേനേ. ഇതുപക്ഷേ നീന്തലറിയാമെന്നും പറഞ്ഞ് വെള്ളത്തില്‍ വീണ മകനെ അമ്മഗാന്ധി രക്ഷിച്ചു എന്ന സഹതാപത്തിലേക്കാണ് കാര്യങ്ങള്‍ പോയത്.  കോണ്‍ഗ്രസിന്‍റെ നവമാധ്യമ ബുദ്ധിജീവി കെസി വേണുഗോപാലിനെങ്കിലും രാഗുലിന്‍റെ മേക്കോവറിനായി അങ്ങനെ ഒരു തള്ള് തള്ളാമായിരുന്നു. ബിജെപിയെ വെള്ളംകുടിപ്പിച്ച ആ നീക്കത്തിനുപിന്നില്‍ സീതാറാം യച്ചൂരി എന്നുവരെ വാര്‍ത്തകള്‍ പരക്കുന്നുണ്ട്. അതൊണ് സിപിഎമ്മിന്‍റെ മിടുക്ക്. കനല്‍ ഒരു തരി മതിയല്ലോ. 

.ഓപ്പറേഷന്‍ താമര എന്നൊരു ഓപ്പറേഷനാണത്രെ കര്‍ണാടകയില്‍ ഇപ്പോ നടന്നുകൊണ്ടിരിക്കുന്നത്. അതായത് ബിജെപി വിരുദ്ധ എംഎല്‍എമാരില്‍ വളച്ചാല്‍ വളയുന്നവരെ കണ്ടെത്തി എന്നുവച്ചാല്‍ കോടികള്‍ കാട്ടിയാണ് ഈ വളക്കല്‍ കെട്ടോ. ഒരു വിധം എംഎല്‍എമാരൊക്കെ വളയും. അവരെ എന്നിട്ട് രാജിവപ്പിക്കും. കൂറുമാറ്റ നിരോധനനിയമം മറികടക്കാന്‍. എന്നിട്ട് വീണ്ടും മല്‍സരിപ്പിച്ച് ജയിപ്പിച്ചെടുക്കുന്ന ഒരുരീതി. ഇത് പണ്ട് മഹാഭാരതയുദ്ധകാലത്ത് ആവിഷ്കരിച്ച യുദ്ധതന്ത്രമാണെന്നാണ് ബിജെപിക്കാര്‍ പറയുന്നത്. ആര്‍ഷഭാരതസംസ്കാരം മുറുകെ പിടിക്കുന്നവരായതുകൊണ്ട് ഇതൊക്കെ നന്നായി ചേരും. 

മണ്ണും ചാരിയിരുന്ന കുമാര സ്വാമി മുഖ്യമന്ത്രിക്കസേരയും കൊണ്ട് പോകുമോ അതോ കന്നട ഊര് യദിയൂരപ്പ ഭരിക്കുമോ എന്ന നാടകത്തിന് ഇതുവരെ തിരശീല വീണിട്ടില്ല. കാര്യങ്ങള്‍ കണ്ടിട്ട് തിരശീലപോയിട്ട് ഇടവേളപോലുമായെന്നു തോന്നുന്നില്ല. പണ്ട് മോദിക്കുവേണ്ടി കസേര ഒഴിഞ്ഞുകൊടുത്ത പോലെ കാര്യങ്ങള്‍ അത്ര സിംപിളല്ല എന്ന് ഗവര്‍ണര്‍ വാജുഭായി വാലക്ക് മനസിലായിട്ടുണ്ട്. സത്യപ്രതിഞ്ജ അടുത്ത ദിവസംതന്നെയെന്ന് യദിയൂരപ്പ പ്രഖ്യാപിച്ചുകഴിഞ്ഞു. തന്‍റെ പടയുമായി കുമാര സ്വാമി രാജ്ഭവനില്‍ അട്ടിപ്പേറ് തുടങ്ങുകയും ചെയ്തു

പക്ഷേ കോടികള്‍, വെറും കോടികളല്ല നൂറുകോടിയൊക്കെയാണത്രെ ബിജെപിക്കൊപ്പം ചേരുന്നവര്‍ക്കുള്ള വാഗ്ദാനം. പിന്നെ മന്ത്രിസ്ഥാനവും. ഈ നോട്ട് നിരോധനമൊക്കെ നടത്തിയിട്ട് ഈ ബിജെപിക്ക് മാത്രം എവിടുന്നാണാവോ ഇത്രേം പണം കിട്ടുന്നത്. ഇനിയിപ്പോ കോര്‍പറേറ്റ് മുതലാളിമാരും കള്ളപ്പണക്കാരും ബിജെപി ഓഫിസില്‍ പോയിട്ടാണോ പഴയ നോട്ട് കൊടുത്ത് പുതിയ നോട്ടൊക്കെ മാറിയെടുത്തത്. ആ... ആ അമിത്ഷായോടും മോദിയോടും തന്നെ ചോദിക്കേണ്ടിവരും. 

ഇന്നലെ ജയിച്ച എഴുപത്തിയെട്ട് എംഎല്‍എമാരെയും ഒന്നിച്ചൊരു മുറിയിലിരുത്താന്‍ പെടാപ്പാടുപെടുകയാണ് കോണ്‍ഗ്രസ്. താറാവിന്‍കൂട്ടത്തെ മേക്കുന്നവന്‍റെ അവസ്ഥയാണ് സിദ്ധരാമയ്യക്ക്. സ്വന്തം കൈയ്യിലിരുപ്പുകൊണ്ടാണ് ഈ കഷ്ടപ്പാടൊക്കെ ഉണ്ടായത് എന്ന് പുള്ളി ഇനിയും തിരിച്ചറിഞ്ഞിട്ടുമില്ല. എല്ലാ താറാവുകളും കൂട്ടില്‍ കേറാന്‍ നെഞ്ചത്തടിച്ച് നിലവിളിക്കല്‍ എന്ന അറ്റ കൈ നിയമസഭാകക്ഷി യോഗത്തില്‍ സിദ്ധരാമയ്യ പയറ്റിയിട്ടുണ്ട്. അധികാരമുണ്ടായിരുന്ന സമയത്ത് സംസ്ഥാനത്ത് ചാക്ക് നിരോധിക്കാതിരുന്നത് വലിയ മണ്ടത്തരമായെന്നും സിദ്ധരാമയ്യ മനസിലാക്കിയിട്ടുണ്ട്. മോദി നോട്ട് നിരോധിച്ചപ്പോള്‍ സിദ്ദുവിന് ചാക്ക് നിരോധിച്ച് പ്രതിരോധിക്കാമായിരുന്നു.  ഒന്നിന് നൂറുകോടി എന്നതാണ് കര്‍ണ്ണാടകയിലെ നിലവിലെ എംഎല്‍എ മാര്‍ക്കറ്റ്. ആരെ വേണമെങ്കിലും ബിജെപി ചാക്കിട്ട് പിടിച്ചുകൊള്ളട്ടേ. പക്ഷേ മുടക്കുന്ന കോടികള്‍ തിരിച്ചുപിടിക്കാന്‍ ഇന്ധന വിലയും സെസും ജിഎസ്ടിയും ഒന്നും ഏര്‍പ്പെടുത്താതിരുന്നാ മതിയാര്‍ന്നു. 

കര്‍ണാടകയില്‍ മല്‍സരിച്ച മണ്ഡലത്തില്‍ പൊടിപോലും കണ്ടുപിടിക്കാനില്ലെങ്കിലും ഫാസിസത്തെ പ്രതിരോധിക്കുന്ന കാര്യത്തില്‍ സിപിഎമ്മിന്‍റെ ആത്മവിശ്വാസം കൂടിയിട്ടേയുള്ളു. കാരണം അവിടെ കോണ്‍ഗ്രസ് തോറ്റല്ലോ. ആ നിലയ്ക്ക് ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് പാങ്ങില്ലെന്നും അത് സിപിഎമ്മിനാണെന്നും എന്ന താത്വിക അവലോകത്തിലേക്ക് കാര്യങ്ങള്‍ എളുപ്പം എത്തിച്ചേര്‍ന്നിട്ടുണ്ട്. നല്ലകാര്യം തന്നെയാണ്. 

MORE IN THIRUVA ETHIRVA
SHOW MORE