ചാക്കിങ് ഇന്‍ പ്രോഗ്രസ്

thiruva-bjp-t
SHARE

രാഷ്ട്രീയത്തില്‍ ഒരു ഐഡിയ അല്ലെങ്കില്‍ തന്ത്രം അതെത്രം നാറിയ പരിപാടിയാണെങ്കിലും ഒരു വട്ടം കാണിച്ചുകൊടുത്താല്‍ പിന്നെ അതെടുത്ത് എല്ലാ പാര്‍ട്ടികളും പയറ്റിനോക്കും. അധികാരമാണല്ലോ മുഖ്യം. അതുകൊണ്ട് അധികാരത്തിലെത്താന്‍ പണ്ടൊക്കെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കലാണെങ്കില്‍ മോദി അമിത്ഷാജി യുഗത്തില്‍ സംഗതി വേറെ പരിപാടിയായിരുന്നു. അതെന്താണെന്ന് വച്ചാല്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയൊന്നും ആയിരിക്കില്ല തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍. പക്ഷേ പോയി സര്‍ക്കാരുണ്ടാക്കും.  കോണ്‍ഗ്രസ് ഒഴിച്ച് മൂന്നാമതൊരു പാര്‍ട്ടിയെകൂട്ടിയാണ് ഈ പരിപാടി. അങ്ങ് ഗോവയിലും മണിപ്പൂരിലും മേഘാലയയിലും ഒക്കെ ഇങ്ങനെ പയറ്റിയാണ് അമിത് ഷാജി ബിജെപി സര്‍ക്കാരുകളെ ഉണ്ടാക്കിക്കൊണ്ടിരുന്നത്. ഒടുക്കം എന്തായി, കര്‍ണാടകയില്‍ കോണ്‍ഗ്രസ് ആ തറ പരിപാടി അങ്ങ് കാണിച്ചു.  ഉച്ചവരെ പാട്ടും ഡാന്‍സുമായി നടന്ന ബിജെപിക്കാരെയൊക്കെ സൈലന്‍റാക്കിക്കളഞ്ഞില്ലേ. 

അമിത് ഷാജി ബിജെപിയുടെ മാത്രം ചാണക്യനല്ലെന്ന് ഇനി പറയണം. ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെ പുതിയ ദിശാബോധം നല്‍കിയ തന്ത്രജ്ഞന്‍ എന്നൊക്കെ വേണം ഇനി വിളിക്കാന്‍. കാരണം അങ്ങേരു കാട്ടിക്കൊടുത്ത മാതൃക പിന്തുടര്‍ന്നാണല്ലോ കോണ്‍ഗ്രസ് കര്‍ണാടകയില്‍ ജെഡിഎസിന് പോയി പിന്തുണ കൊടുത്തത്. തിരഞ്ഞെടുപ്പ് വരെ അവര്‍ ബിജെപിയുടെ ബിടീം എന്നായിരുന്നു കോണ്‍ഗ്രസിന് സംബന്ധിച്ച്. വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ അവര്‍ എ ടീമുപോലമല്ല മറിച്ച് തങ്ങളേക്കാള്‍ സീനിയര്‍ ടീമായിട്ടാണ് കോണ്‍ഗ്രസ് ജെഡിഎസിനെ കണ്ടത്.  അപ്പോ പറഞ്ഞുവരുന്നത് ഈ അമിത് ഷാ കാട്ടിക്കൊടുത്ത ഇത്തരം തറവേലകള്‍ ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികളൊക്കെ സ്വായത്തമാക്കി പ്രാവര്‍ത്തികമാക്കുമ്പോള്‍ അമിത് ഷാജി ബിജെപിയുടെ മാത്രമല്ല ഈ രാജ്യത്തിന്റെ തന്നെ മൊത്തത്തിലുള്ള തറപരിപാടികളുടെ ആശാനായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ്. തറകളിക്ക് പിന്നെ പേറ്റന്‍റോ കോപ്പിറൈറ്റോ ആവശ്യപ്പെടാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ പുതിയ വല്ല കളിയും പരീക്ഷിക്കുകയേ ബിജെപിക്ക് വഴിയുള്ളു. ഷാജി ഉള്ളടിത്തോളം കാലം അതിനു പ‍ഞ്ഞമൊട്ടും കാണില്ല.

കര്‍ണാടകയില്‍ കോണ്‍ഗ്രസിനാണ് വോട്ട് ഷെയറൊക്കെ കൂടുതല്‍. പക്ഷേ സീറ്റ് ബിജെപിക്കും. മോദി അധികാരത്തില്‍ വന്നമുതല്‍ രാജ്യത്തെ ജനാധിപത്യത്തില്‍ കണ്ടുവരുന്ന പ്രത്യേകതരം ഒരു അവസ്ഥാന്തരമാണത്. ആ നിലയ്ക്ക് ബിജെപി കര്‍ണാടകത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. എന്നാ ഭരിക്കാന്‍ മാത്രം സീറ്റില്ല. നേരെ പോയി ജെഡിഎസിനോട് വല്ലതും പറഞ്ഞ് മോഹിപ്പിക്കുന്നതിനു മുന്പ് സോണിയാ ഗാന്ധി പോയി ആദ്യം തന്നെ മുഖ്യമന്ത്രി കസേര കാട്ടി മാടിവിളിച്ചു, ചിരിച്ചു. അതിലപ്പുറം വാഗ്ദാനമൊന്നും എന്തായാലും ബിജെപിക്ക് നല്‍കാനും സാധിക്കില്ല. മാത്രമല്ല യദ്യൂരപ്പയാണെങ്കില്‍ മുഖ്യമന്ത്രിയായിട്ടേ തിരിച്ചു വരുന്നുള്ളു എന്നും പറഞ്ഞാണ് വീട്ടീന്ന് ഇറങ്ങിയതുതന്നെ.  പക്ഷേ ഗവര്‍ണര്‍, അദ്ദേഹം ആരാ മോന്‍. ഗോവയിലൊക്കെ രണ്ടാമത്തെ ഒറ്റകക്ഷിയായ ബിജെപിപോയി സര്‍ക്കാരുണ്ടാക്കട്ടേ എന്നുചോദിച്ചപ്പോള്‍ ഓ വേഗത്തിലായിക്കോട്ടെ എന്നു പറഞ്ഞ ഗവര്‍ണറാണ് ഉണ്ടായിരുന്നെങ്കില്‍ ഇവിടെ കോണ്‍ഗ്രസിനെ കണ്ടപാടെ വാതില്‍ തുറക്കാന്‍ തന്നെ അദ്ദേഹം മെനക്കെട്ടിട്ടില്ല. 

ഈ ഗവര്‍ണര്‍ പണ്ട് ഗുജറാത്തില്‍ മുഖ്യമന്ത്രിയാവാന്‍ മോദി വന്നപ്പോള്‍ സ്വന്തം എംഎല്‍എസ്ഥാനം രാജിവച്ചുകൊടുത്ത മഹാനുഭാവനാണ്. ആ നിലയ്ക്ക് കോണ്‍ഗ്രസ് വരുമ്പോള്‍ ഒരു വാതില്‍ തുറക്കാതിരിക്കുക തന്നെയാണ് ചെയ്യേണ്ടത്. അതിനാണല്ലോ അവിടെ കൊണ്ടുപോയി ഗവര്‍ണറാക്കിയതുതന്നെ. പക്ഷേ ബിജെപിക്ക് ഒരാഴ്ച സമയം കൊടുത്തത് എന്ത് കണ്ടിട്ടാണെന്നാ മനസിലാവാത്തത്. ആകെ മൂന്നു പാര്‍ട്ടികളെ അവിടെയുള്ളു. അതില്‍ കോണ്‍ഗ്രസും ജെഡിഎസും സഖ്യമാണെന്ന് അറിയിച്ചുകഴിഞ്ഞു. ആ നിലയ്ക്ക് ബിജെപിക്ക് ഒരാഴ്ച സര്‍ക്കാരുണ്ടാക്കാന്‍ സമയം കൊടുത്തിട്ട് എന്തുകാര്യമാണ്. ഒന്നുകില്‍ ബിജെപിയുടെ സീറ്റ് ഈയൊരു ആഴ്ചകൊണ്ട് പെറ്റുപെരുകണം. ഇനി അതല്ലെങ്കില്‍ അമിത് ഷാക്ക് വല്ലതും പ്ലാന്‍ ചെയ്യാനുള്ള സമയം കൊടുത്തതാവാനും മതി. കേരളത്തിലെ റിസോര്‍ട്ടുകളൊക്കെ പരസ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്. കര്‍ണാടകയിലെ എംഎല്‍എമാരേയും കാത്തിരിക്കാണ്. ഏതായാലും ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് ഇപ്പോഴത്തെ കര്‍ണാകട രാഷ്ട്രീയം വലിയ ഗുണം ചെയ്യും. കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്വന്തം നിലയ്ക്ക് കാത്തുസൂക്ഷിക്കുന്നത് എന്തുകൊണ്ടും നന്നാവും.

MORE IN THIRUVA ETHIRVA
SHOW MORE