ചക്കളത്തിൽ പോരാട്ടം

thriuva-party-congress-t
SHARE

സിപിഎം എന്ന പാര്‍ട്ടി കോണ്‍ഗ്രസിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ആ കലാപരിപാടി ഉണ്ടല്ലോ. അതെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തന്നെ, അത് പൂര്‍വ്വാധികം ശക്തിയോടെ ഹൈദരാബാദില്‍ നടക്കുകയാണ്. കരട് രാഷ്ട്രീയ പ്രമേയം എന്നത് ഇക്കുറിയും പാര്‍ട്ടിക്കുള്ളിലെ കരടായി തുടരുകയാണ്. താമരയെ അറക്കാന്‍ അരിവാള്‍ധാരാളമെന്ന് കാരാട്ടും കൈയ്യാളായി കൂടുതല്‍ കൈപ്പത്തികളാകാമെന്ന് യച്ചൂരിയും ഇങ്ങനെ പറഞ്ഞുകൊണ്ടേ ഇരിക്കുന്നു. ഇങ്ങനെ പറയുന്നതിനെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം എന്നാണ് പറയാറ്. പ്ലീനത്തിലും ഇതേ വിശദീകരണമായിരുന്നു പാര്‍ട്ടി നല്‍കിയത്. ഈ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇങ്ങനെ പരിഹാരമില്ലാതെ മുന്നോട്ട് പോകുമ്പോള്‍ ബൂര്‍ഷ്വാസികളായ നാട്ടുകാര്‍ അതിനെ വിഭാഗീയത എന്നൊക്കെ വിളിക്കും. കാര്യമാക്കേണ്ട. ഉദ്ഘാടനപ്രസംഗത്തില്‍ താന്‍ പറഞ്ഞതിനെ കാരാട്ട് പുച്ഛിച്ച് തള്ളിയതിനെതുടര്‍ന്ന് ഇന്നത്തെ കലാപരിപാടികള്‍ക്കു മുമ്പായി സീതാറാം യച്ചൂരി ഒന്ന് നാട് കാണാനിറങ്ങി. പഴയ മദ്രാസ് സ്റ്റേറ്റിലാണ് സീതാറാം  ജനിച്ചത്. ഹൈസ്കൂള്‍ വിദ്യാഭ്യാസം ഹൈദരാബാദിലെ സെന്‍റ് പോള്‍സ് സ്കൂളിലായിരുന്നു.  അന്ന് ഇവിടെയൊക്കെ ഒരു കാളക്കൂറ്റന്‍ കണക്കെ ഓടിപ്പാഞ്ഞു നടന്നിരുന്നു യച്ചൂരി

മനസ് നീറി പുകയുമ്പോഴും ഒരു പഞ്ചിരി മുഖത്ത് പിടിപ്പിച്ചാണ് യച്ചൂരി നടക്കുന്നത്. ഡ്രൈവിങ് സ്കൂളില്‍ വണ്ടിയോട്ടം പഠിക്കാനെത്തിയ ആളിന്‍റെ അവസ്ഥയാണ് സീതാറാമിന്. സ്റ്റിയറിങ്ങ് കയ്യിലുണ്ട്. പക്ഷേ ക്ലച്ചും ബ്രേക്കുമെല്ലാം വണ്ടിയില്‍ രണ്ടെണ്ണം വീതമുണ്ട്. അതിലൊന്ന് കാരാട്ട് ആശാന്‍റെ കാല്‍ക്കീഴില്‍ ഭദ്രം. ആക്സിലേറ്റര്‍ എണ്ണീറ്റ് നിന്ന് ചവിട്ടിയിട്ടും കാര്യമില്ല. കാര്യം നടക്കണമെങ്കില്‍ ആശാന്‍ കനിയുക തന്നെ വേണം. സിപിഎം 22 ആം പാർട്ടി കോൺഗ്രസിൽ കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ വോട്ടെടുപ്പ് ഉറപ്പായിട്ടുണ്ട്. ഇനി ബാലറ്റ് രഹസ്യമാണോ പരസ്യമാണോ വേണ്ടത് എന്ന് മാത്രമേ തീരുമാനിക്കേണ്ടൂ. പാർട്ടിയുടെ അടിത്തറ ഇളകിയെന്ന ഞെട്ടിക്കുന്ന കണ്ടുപിടുത്തമാണ്  രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിലുള്ളത്. തൃപുരയും ബംഗാളും കണ്‍മുന്നിലുള്ളപ്പോള്‍ ഈ ഞെട്ടിക്കല്‍ കണ്ടുപിടുത്ത റിപ്പോര്‍ട്ടിന് എന്താണാവോ പ്രസക്തി. പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ വിടുവായത്തം അവസാനിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതുകൊണ്ടാണോ എന്തോ യച്ചൂരി നല്ല സംയമനത്തിലാണ്

ഇംഗ്ലീഷില്‍ പറഞ്ഞിട്ട് മനസിലായില്ല അല്ലേ. ദേഷ്യവും വിഷമവും വരുമ്പോള്‍ പറയാന്‍ പറ്റിയ ഭാഷ ഇംഗ്ലീഷാണെന്ന് കേട്ടിട്ടില്ലേ. അതുകൊണ്ടാണ്. ഒരു കൂട്ടില്‍ കിടന്ന് കൊമ്പുകോര്‍ക്കുന്ന ആട്ടിന്‍ കുട്ടികളെ കണ്ടിട്ടില്ലേ. ആ കാഴ്ചയാണ് സിപിഎമ്മിന്‍റെ യോഗങ്ങള്‍ കാണുമ്പോള്‍ ഇപ്പോള്‍ ഓര്‍മ വരുക. പറഞ്ഞത് മനസിലായില്ലെങ്കില്‍ ഹൈദരാബാദല്ലേ, മാതൃഭാഷയില്‍ കാച്ചിയേക്കാം

ആ ശരിയാ. ഞാന്‍ ഇത് അങ്ങോട്ട് പറയാന്‍ വരുവാരുന്നു. നമ്മുടെ കേരള മുഖ്യന്‍ കം ആഭ്യന്തരന്‍ അവിടെയുണ്ടെന്നറിയാം. പുള്ളിയോട് ഒരു കാര്യം സെക്രട്ടറി ഒന്ന് പറഞ്ഞേക്കണം. ഇവിടെ പൊലീസ് വകുപ്പ് നാഥനില്ലാ കളരി കണക്കെയായിട്ടുണ്ട്. പിണറായിക്ക് അറിയുന്ന കാര്യമാണ്. പക്ഷേ അറിഞ്ഞ ഭാവം നടിക്കില്ല. അതുതന്നെയാണ് നമ്മുടെ പ്രതിപക്ഷത്തിന്‍റെയും പരാതി. ഡല്‍ഹിയിലുള്ള കേരള പ്രതിപക്ഷ നേതാക്കള്‍ ഹൈദരാബാദിലുള്ള ഭരണപക്ഷ നേതാക്കളെ കുറ്റം പറയുന്ന ഇന്‍റര്‍സ്റ്റേറ്റ് തമ്മിലടി

MORE IN THIRUVA ETHIRVA
SHOW MORE