ബില്ലുമൂലം കാറ്റുപോയവർ

thiruva-karuna-t
SHARE

സംസ്ഥാനത്ത് വ്യാപകമായി വേനല്‍ മഴ തകര്‍ക്കുന്നുണ്ട്. അങ്ങനെ ഇടിയോടുകൂടി പെയ്ത ഒരു മഴ  കേരളത്തിലെ സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും എന്തിനേറെ ആ ഒറ്റയാന്‍ ഒ രാജഗോപാലിനെ വരെയും  നനച്ചു. നൂറ്റി എണ്‍പത് വിദ്യാര്‍ഥികളോടുള്ള അണപൊട്ടിയ സ്നേഹത്തെ തുടര്‍ന്നുണ്ടായ ആ പേമാരിയില്‍ ഒലിച്ചു പോകാതെ പല കച്ചിത്തുരുമ്പുകളിലും പിടിച്ചു കിടക്കുകയാണ് നോതാക്കള്‍.  അല്‍ഭുതമെന്നു പറയട്ടെ. പല പ്രമുഖരെയും  നിയമസഭയിലെ ആന്നത്തെ  ആ  പ്രമേയത്തിനുശേഷം അതായത് ശത്രുക്കളുടെ മനസിലെ വിദ്വേഷങ്ങള്‍ മായ്ച്ച് സൗഹൃദം വളര്‍ത്തുന്ന ആ അല്‍ഭുത ബില്ലിനുശേഷം ക്യാമറ കണ്ണുകളിലൂടെ നോക്കിയാല്‍ കാണാനില്ല. മൈക്രോസ്കോപിക് ലൈന്‍സിലൂടെ നോക്കിയപ്പോള്‍ അബാസിനെ പറ്റിച്ച കീടാണുകണക്കെ ചില ചാവേറുകള്‍ കറങ്ങിനടക്കുന്നത് കാണാന്‍ കഴിഞ്ഞു. മിനിമം ആരോഗ്യമന്ത്രി രാജിവയ്ക്കണം എന്ന് ആവശ്യപ്പെടാന്‍ കഴിയുമായിരുന്ന അസുലഭ സാഹചര്യമാണ് പ്രതിപക്ഷം നഷ്ടമാക്കിയത്. അടിക്കാന്‍ കൈ ഓങ്ങിയിടത്ത് കവിള്‍കൊണ്ടുവച്ച് ഒരു തല്ലുപോലും മിസ് ആക്കാതിരുന്ന പ്രതിപക്ഷ നേതാവാണ് ഈ കേസിലെ ഒന്നാം പ്രതി. ഇതിന്‍റെ  പേരില്‍ കോ‍ണ്‍ഗ്രസില്‍ പുതിയ ഒരു ഗ്രൂപ്പും പിറക്കുകയാണ്. ഐക്കും എക്കും പുറമെ കോണ്‍ഗ്രസ് എഫ്.  ഫേസ്ബുക്കിലൂടെ പോര്‍വിളി നടത്തുന്നവരാണ് ആ ഗ്രൂപ്പിന്‍റെ പിന്നണികള്‍. 

ബില്ലിനെ അനുകൂലിക്കാന്‍ പ്രതിപക്ഷം ഒന്നിച്ച് തീരുമാനിച്ചു. വള്ളം മുങ്ങാനുള്ള സാധ്യത ദീര്‍ഘദൃഷ്ടിയാല്‍ അറിഞ്ഞ വിടി ബല്‍റാം ബില്ല് അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ സ്പീഡ് ബോട്ടില്‍ രക്ഷപെട്ടു. വിഎം സുധീരന്‍ എകെ ആന്‍റണി എന്നിവര്‍ ഹെലികോപ്ടറിലിരുന്ന് വള്ളം മുങ്ങുന്നത് ആസ്വദിച്ചു. കടത്തുവള്ളത്തിലെ പ്രമുഖ തുഴച്ചിലുകാരില്‍ ഒരാളായ രമേശ് ചെന്നിത്തല മറ്റൊരു തുഴച്ചിലുകാരനായ ഉമ്മന്‍ ചാണ്ടിയെ ബാലന്‍സ് നഷ്ടപ്പെടുന്ന ഈ സാഹചര്യത്തിലും എത്തിക്കുത്തി നോക്കുന്നുണ്ട്. ചില്ലറപൈസ താഴെ വീണുപോയത് തപ്പാനെന്ന നാട്യത്തില്‍ കുഞ്ഞൂഞ്ഞ് കുനിഞ്ഞിരിക്കുകയാണ്. പുള്ളി വള്ളത്തില്‍ ഓട്ടയിടുകയാണോ എന്നും ചെന്നിത്തലക്ക് സംശയമുണ്ട്. ഈ മാന്‍ മിസിങ് എന്നത് വലതുവശത്തെ മാത്രം പ്രശ്നമല്ല. ഇടത്തും സ്ഥിതി വ്യത്യസ്ഥമല്ല. മുഖ്യനെയും ആരോഗ്യമന്ത്രിയെയുമൊന്നും സീനില്‍ ഇപ്പോള്‍ കാണാനില്ല. കുട്ടികളെ പറ്റിക്കാന്‍ എളുപ്പമാണല്ലോ. അതുകൊണ്ട് കോലുമുട്ടായി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒരു പാവം ബാലനെ നാട്ടുകാരുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തു. 

തോളോടു തോള്‍ ചേര്‍ന്ന് ഒരേ കൈയ്യക്ഷരത്തില്‍ പിന്താങ്ങി അയച്ച ബില്ല് ഗവര്‍ണര്‍ ചുവന്ന മഷിക്ക് വെട്ടിയപ്പോള്‍ ഇനി എന്ത് എന്നായി ചോദ്യം. സര്‍ക്കാര്‍ നിലപാടുകള്‍ മുന്നണിയില്‍ പോലും ചര്‍ച്ചചെയ്യാതെ സ്വയം തീരുമാനിക്കാറുള്ള സിപിഎം അപ്പോള്‍ പറയുകയാണ് പ്രതിപക്ഷവുമായി കൂടിയോലോചിക്കുമെന്ന്. പൂച്ച ഒന്നിലധികം തവണ ചൂടുപാലില്‍ നക്കില്ലെന്ന് പിണറായി മറന്നു. പക്ഷേ ചെന്നിത്തല ആ കഥ മറക്കില്ല. ഈ വിഷയത്തില്‍ സര്‍ക്കാരുമായി ഇനി ചര്‍ച്ചക്കില്ലെന്ന്  പ്രതിപക്ഷ നേതാവ് നിഷ്കരുണം  പറഞ്ഞു. അല്ല പറഞ്ഞില്ല. എഴുതിക്കാണിച്ചു. സംഗതി വാര്‍ത്താക്കുറിപ്പായിരുന്നു. മനുഷ്യത്വത്തിന്‍റെ മഹാമനസ്കത ഉയര്‍ത്തി നിയമസഭയില്‍ കത്തിക്കയറിയ ചെന്നിത്തലക്ക് ഇപ്പോ മിണ്ടാട്ടമില്ല. ആരെങ്കിലും ചോദിച്ചാല്‍ പല്ലുവേദനയാണെന്ന് പറഞ്ഞേക്കാന്‍ കെ മുരളീധരനെ ചുമതലപ്പെടുത്തിയിട്ടുണ്ട്

ഇടുക്കി ഉള്‍പ്പെടെ പുതുതായി പ്രഖ്യാപിച്ച മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ പഠിക്കുന്നത് എവിടെയാണെന്നും എങ്ങനെയാണെന്നും കണ്ണൂര്‍ കരുണ ബില്ലിനുവേണ്ടി കൈയ്യും കാലും പൊക്കിയവര്‍ പറ്റിയാല്‍ അന്വേഷിക്കണം.  കേരളത്തിലെ മിക്ക സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കും നിലവില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ അംഗീകാരമില്ല. അധ്യാപകരുടേതുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് ഈ അവസ്ഥ. അതിനാല്‍ കഴിഞ്ഞ കുറെ നാളുകളായി ഈ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നിറങ്ങുന്നത് നിയമപരമായി പറഞ്ഞാല്‍ വ്യജ ഡോക്ടര്‍മാരാണ്.

MORE IN THIRUVA ETHIRVA
SHOW MORE