കരുണതേടിയ കൂട്ടുകാര്‍

thiruva-karuna-t
SHARE

ഈ ലോകത്തുനിന്ന് സ്നേഹം കരുണ എന്നിവ ഇല്ലാതായെന്ന് പലരും പലപ്പോഴും വിലപിച്ചിട്ടുണ്ട്. അങ്ങനെ നെഞ്ചത്തടിച്ച് നിലവിളിച്ചവരെല്ലാം ഇരിപ്പിടങ്ങളില്‍ ശ്രദ്ധയോടെ ഇടം പിടിക്കാന്‍ അപേക്ഷ. നിങ്ങള്‍ കാണേണ്ട, കേള്‍ക്കേണ്ട പലതും ഇന്നുണ്ട്.  ഒരു മോഷ്ടാവ് ഒരു വീട്ടില്‍ കക്കാന്‍ കയറി എന്നു സങ്കല്‍പ്പിക്കുക. അതേ വീട്ടില്‍ അതേ മുറിയില്‍ അപ്പോള്‍ മറ്റൊരു കള്ളന്‍ ഉണ്ടെങ്കിലോ. ആദ്യത്തെ മോഷ്ടാവിനെ കണ്ട് രണ്ടാമത്തെ ചോരന്‍ നിലവിളിക്കുമോ അതോ ഇരുവരും പാര്‍ട്നര്‍ഷിപ്പില്‍ കിട്ടിയത് വാരുമോ. ഈ ചോദ്യത്തിനുള്ള ഉത്തരം തല്‍ക്കാലം എല്ലാവരും മനസില്‍ സൂക്ഷിക്കുക. എന്നിട്ട് നമുക്കും ആ വീട്ടിലേക്ക് എത്തി നോക്കാം. എന്താണ് സംഭവിക്കുന്നതെന്ന് അറിയാമല്ലോ.

കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ വിദ്യാർഥി പ്രവേശനം സാധുവാക്കുന്ന നിയമം നിയമസഭ കഴിഞ്ഞ ദിവസം പാസാക്കി. എന്തിനാണ് നിയമനിര്‍മാണത്തില്‍ തലയിടുന്നത് എന്ന് ചോദിക്കരുത്. മെറിറ്റ് അട്ടിമറിച്ചുകൊണ്ട് തലവരിപ്പണം വാങ്ങിയാണ് ഈ സ്ഥാപനങ്ങള്‍ പിള്ളേരെ പിടിച്ചതെന്ന് ഉത്തരവാദപ്പെട്ടവര്‍ കണ്ടുപിടിച്ചിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി ഒരുത്തരവിട്ടു. അനര്‍ഹര്‍ കടക്കൂ പുറത്ത്. അങ്ങനെ ഒരു വാക്ക് പറഞ്ഞോ കേട്ടോ പരിചയമില്ലാത്ത നമ്മുടെ മുഖ്യന്‍ പണ്ട് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ഇഷ്ടക്കാരെ കമ്മിറ്റികളില്‍ തിരുകിക്കയറ്റാന്‍ ന്യായങ്ങള്‍ മെനയുന്ന മാതിരി ഒരു കളി കളിച്ചു. ചെറിയൊരു ബില്ലുണ്ടാക്കി നൈസായിട്ട് സഭയിലെത്തിച്ചു. പോകുന്ന വഴി നമ്മുടെ ചെന്നിത്തലയനെ നോക്കി അഡാറ് ലൈനില്‍ ഒന്ന് കണ്ണുമിറുക്കി. ഐകകണ്ഠേന പാസാക്കിയ ആ ബില്ല് രണ്ടായി കീറിയ സുപ്രീം കോടതി ഒരെണ്ണം സര്‍ക്കാരിന്‍റെയും മറ്റേത് പ്രതിപ്കഷത്തിന്‍റെയും മുഖത്തേക്കെറിഞ്ഞു. ഇത് കണ്ട് കോണ്‍ഗ്രസിലെ പ്രതിപക്ഷ നേതാവിന് മിണ്ടാതിരിക്കാനാവില്ലല്ലോ

സര്‍ക്കാരിനോട് ഒരു കരുണയും സുപ്രീം കോടതി കാട്ടിയില്ല. ചെന്നിത്തലയോട് സുധീരനും. ബില്ലിനെ അങ്കങ്ങള്‍ ഒന്നടങ്കം തലയിലേറ്റി എന്ന് എഴുതിച്ചേര്‍ത്ത സഭാ രേഖയില്‍ സുപ്രീം കോടതി വിളിച്ച വളിച്ചതും പുളിച്ചതുമായ വാക്കുകള്‍ കൂടി എഴുതിച്ചേര്‍ക്കാന്‍ സ്പീക്കര്‍ക്ക് കരുണയുണ്ടാകുമോ ആവോ. നിഷ്കളങ്കമായ ഈ നിയമലംഘന കൂട്ടായ്മക്ക് തൊട്ടു മുമ്പ് ഭരണ പ്രതിപക്ഷങ്ങള്‍ പതിവ് കീരിയും പാമ്പും കളി തുടര്‍ന്നിരുന്നു. തുരുവഞ്ചൂരും തോമസ് ഐസക്കും തമ്മിലായിരുന്നു മല്ലയുദ്ധം. ഇന്ധന വിലവര്‍ദ്ധനവിന്‍റെ പശ്ചാത്തലത്തില്‍ പെട്രോളിനും ഡീസലിനും നികുതി ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നതായിരുന്നു അടിയന്തര പ്രമേയ ആവശ്യം. എന്നാല്‍ നിരവധി ആളുകള്‍ക്ക് ഉപകാരപ്പെടുന്ന കാര്യമായതിനാല്‍‌ ഇക്കാര്യത്തില്‍ തോള്‍ചേരാനില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

രാഷ്ട്രഭാഷയൊക്കെയെടുത്ത് അമ്മാനമാടി തിരുവഞ്ചൂര്‍ ഷൈന്‍ ചെയ്തത് നമ്മുടെ ഷംസിറിനും കൂട്ടര്‍ക്കും ഒട്ടും ഇഷ്ടപ്പെട്ടില്ല. പക്ഷേ വിഷയങ്ങള്‍ അരച്ചുകലക്കി കുടിച്ച് കിട്ടുന്ന അവസരങ്ങളില്‍ ഷൈന്‍ ചെയ്യുന്നത് തിരുവഞ്ചൂരിന്‍റെ ശൈലിയാണെന്നത് ഷംസീര്‍ മറന്നു. പണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാട്ടില്‍ ഇല്ലാതിരുന്ന ദിവസം പുള്ളീടെ കൈയ്യാളുകളെയെല്ലാം അകത്താക്കിയ ആഭ്യന്തരനാണ് ഈ വീരന്‍. അതാണ് ഇടത് കുട്ടിപ്പട്ടാളം മറന്നത്

MORE IN THIRUVA ETHIRVA
SHOW MORE