പിള്ളമനസിൽ കള്ളമില്ല

thriuva-sreedharanpillai-t
SHARE

ബിജെപിയുടെ കേരള നേതാക്കളെയെടുത്താല്‍ ചന്ദനം സിന്ദൂരം ചരട് എന്നിവയെ പടിക്കുപുറത്ത് നിര്‍ത്ത് പൊതുവെ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന ഒരാളാണ് അഡ്വ. ശ്രീധരന്‍പിള്ള. വക്കീല്‍ പണി നല്ല ഒന്നാന്തരമായി അറിയാവുന്നതുകൊണ്ടും വ്യവഹാരങ്ങളില്‍ ജാതിമത രാഷ്ട്രീയ ഭേദമന്യേ ഇടപെടുന്നതുകൊണ്ടും ആകണം പിള്ളസാര്‍ ഇങ്ങനെയൊക്കെ നടക്കുന്നത്. ക്ലീന്‍ ഇമേജാണ് മുതല്‍ക്കൂട്ട്. തൊരപ്പന്‍ പരിപാടികളില്ലെന്ന് സ്വയം വിശ്വസിക്കുന്നതുകൊണ്ടും പത്രങ്ങളിലൊക്കെ തന്നെപ്പറ്റി എഴുതിപ്പിടിപ്പിച്ച കഥകളൊക്കെ വാസ്തവമെന്ന് കരുതുന്നതുകൊണ്ടും ആളൊരു വികാരജീവിയാണ്. തന്നെപ്പറ്റി ആരെങ്കിലും മോശം പറഞ്ഞാല്‍ അത് തിരഞ്ഞെടുപ്പ് വേദിയായാല്‍ പോലും ശ്രീധരന്‍ പിള്ളയ്ക്ക് സഹിക്കില്ല. അപ്പോഴാണ് താനാരാണെന്ന് തനിക്കറിയാമെന്നും അതറിയാത്തവര്‍ക്ക് താന്‍ തന്നെ തന്നെക്കുറിച്ച് വന്ന വാര്‍ത്തകട്ടിങ്ങുകളുടെ സമാഹാരം സംഘടിപ്പിച്ച് വിതരണത്തിനെത്തിക്കുമെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം വരുന്നത്.

വക്കീല് ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ കറുത്ത കുതിരയാവുമെന്നാണ് പറയപ്പെട്ടത്. അത്യാവശ്യം വോട്ടൊക്കെ നേടിയിട്ടുമുണ്ട്. ആരോ ചതിച്ചെന്നാണ് ഉള്ളിലുള്ള വിശ്വാസം. വിശ്വാസമായതുകൊണ്ട് അത് പുറത്ത് പറയാനൊക്കില്ലെന്ന് ശ്രീധരന്‍ പിള്ള പറയും. ഇതിപ്പോ ചെങ്ങന്നൂരില്‍ ബിജെപി അല്ലെങ്കില്‍ ആര്‍എസ്എസ് വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കുന്നു എന്നാണ് സിപിഎം കോണ്‍ഗ്രസ് ആരോപണം. ശ്രീധരന്‍ പിള്ളസാറാണെങ്കില്‍ കേരളത്തി ജീവിച്ചിരിക്കുന്ന ബിജെപിക്കാരിലെ ഏറ്റവും വലിയ മതേതരവാദിയാണെന്നാണ് വയ്പ്. അതറിയാന്‍ കോഴിക്കോട്ടും മലപ്പുറത്തും ഒക്കെ നടക്കുന്ന മതസാമുദായിക പരിപാടികള്‍ എടുത്തുനോക്കിയാല്‍ മതി. കേന്ദ്രത്തില്‍ ബിജെപി ഭരണത്തില്‍ പോലും ഇല്ലാത്ത കാലത്തും ശ്രീധരന്‍ പിള്ള അവിടെയൊക്കെ കയറി ഇരിക്കുകയും പ്രസംഗിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. എന്നിട്ടാണ് ഈ ഗതി.

അല്ലെങ്കിലും എല്ലാ ബിജെപിക്കാരേയും പോലെ  ശ്രീധരന്‍ വക്കീലിനെ കാണരുത്.  വര്‍ഗീയത എന്നു കേട്ടാല്‍ പോലും ഉള്ളുപിടയ്ക്കും. അത് സിപിഎം മനസിലാക്കണം. കോണ്‍ഗ്രസും. പക്ഷേ പൊലീസും കൂടി തനിക്കെതിരെ തിരിയുന്നത് ഒട്ടും സഹിക്കാനാവില്ല ഈ പാവത്തിന്. കാരണം തന്‍റെ വ്യവഹാരങ്ങളില്‍ അല്ലെങ്കില്‍ വക്കീല്‍ പണിയില്‍ പൊലീസ് ഒരു മുഖ്യഘടകമാണല്ലോ. അതാണ് ഇങ്ങനെ വേദന.

ഇനി ഇതൊക്കെ പറഞ്ഞ് വല്യആളാകാമെന്നെങ്ങാനും സിപിഎം കരുതുന്നുണ്ടെങ്കില്‍ ചിലതൊക്കെ ഓര്‍മിപ്പിക്കാന്‍ ശ്രീധരന്‍ വക്കീല്‍ നിര്‍ബന്ധിതനാവും. അത് മറക്കണ്ട. മാപ്പ് പറയിപ്പിക്കല്‍ വക്കീലിന് ഒരു പുത്തരിയല്ല. കോടതി കേറ്റും അല്ല പിന്നെ. സിപിഎം വെല്ലുവിളി ഏറ്റെടുത്ത് രണട്ും കല്‍പിച്ചു മുന്നോട്ട് പോയാലേ ഒരിതുള്ളു. അങ്ങനെത്തനെ പോവട്ടെ. എന്തുവന്നാലും മാപ്പ് പറയുന്നതും ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് ചിന്താഗതിയാണല്ലോ. എന്തിന് മടിക്കണം.

മഹിളാ കോണ്‍ഗ്രസുകാരികള്‍ ഒത്തുകൂടിയിരുന്നു. ലതികാ സുഭാഷിന്‍റെ നേതൃത്വത്തില്‍ മഹിളകള്‍ മൊത്തത്തില്‍ ഒന്ന് ഉഷാറായിട്ടുണ്ടെന്നാണ് പരിപാടി തരുന്ന സൂചന. മുഖ്യപ്രഭാഷകരായി കെപിസിസിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് എം.എം.ഹസനും ഹസനു മുന്‍പത്തെ പ്രസി‍ഡന്റ് വി.എം. സുധീരനും ഒക്കെയുണ്ടായിരുന്നെങ്കിലും ലതികാ സുഭാഷിന്റെ കവിതയായിരുന്നു ഹൈലൈറ്റ്.  അവരായതുകൊണ്ട് മഹിളാ കോണ്‍ഗ്രസ് പരിപാടികള്‍ ഇനിമുതല്‍ കലാസാഹിത്യ പ്രകടനങ്ങളുടെ കൂടി വേദിയായിരിക്കും.

ഹസന്‍ജി ഇത്രയൊക്കെ പറഞ്ഞപ്പോള്‍ തന്നെ മഹിളകള്‍ ഒന്ന് ഞെട്ടിത്തരിച്ചിട്ടുണ്ട്. പക്ഷേ സുധീരനാണ് പണി പറ്റിച്ചത്. എല്ലാ സമരങ്ങളും ലതികാ സുഭാഷിനെ ഏല്‍പ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും സുധീരന്‍റെ ഫേവറിറ്റ് ഐറ്റമായി മദ്യവിരുദ്ധ സമരം. തന്റെ ആബ്സന്‍സില്‍ മഹിളകള്‍ക്ക് ബാറ്റണ്‍ കൈമാറിയാണ് സുധീരന്‍ജി വേദി വിട്ടത്. എന്തെങ്കിലും നടന്നാമതിയായിരുന്നു.

അറിഞ്ഞില്ലേ, കേരള ജനതയെ മോചിപ്പിക്കാന്‍ അയാള്‍ വരുന്നുണ്ട്. പലവിധ രക്ഷാമോചന യാത്രകള്‍ തലങ്ങും വിലങ്ങും നടന്നിട്ടും രക്ഷപ്പെടാന്‍ ഭാഗ്യമില്ലാത്തവരാണ് നമ്മള്‍ മലയാളികള്‍. ആ നേരത്ത് ഈ പുതിയ അവതാരത്തിനെങ്കിലും നമ്മളെ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ മതിയായിരുന്നു. പക്ഷേ ലക്ഷണം കണ്ടിട്ട് രക്ഷകനുപോലും വല്യ ഹോപ്പില്ലെന്നാണ് തോന്നുന്നത്. പിന്നെയാണ് ഈ നാട്ടാര്‍ക്ക്.

MORE IN THIRUVA ETHIRVA
SHOW MORE