മദ്യത്തിനൊരു ചിയേഴ്സ്സ്.. !

thiruva-cpi-bar-t
SHARE

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ മുഖ്യപ്രതിപക്ഷം സിപിഐ ആണല്ലോ. സര്‍ക്കാര്‍ നിലപാടുകളിലെ വൈരുദ്ധ്യം മനസിലാക്കാനും എതിര്‍ശബ്ദും കേള്‍പ്പിക്കാനും കാനം രാജേന്ദ്രനെ കഴിഞ്ഞേ സാക്ഷാല്‍ രമേശ് ചെന്നിത്തല പോലും വരികയുള്ളു. അതുകൊണ്ട് യുഡിഎഫിന്റെ ശത്രു എല്ലായിപ്പോഴും കാനം രാജേന്ദ്രനും കൂട്ടരുമാണ്. കാലമങ്ങിനെ കലഹിച്ചും പ്രേമിച്ചും തട്ടീം മുട്ടീം ഒക്കെ പോവുമ്പോഴാണ് ബാറുകള്‍ തുറക്കുന്നത്. പണ്ട് യുഡിഎഫ് കാലത്ത് പൂട്ടിയ ബാറുകള്‍ മാത്രമല്ല, പുതുതായി തുറക്കാനുള്ള ജാലവിദ്യ സ്വയം അഭ്യസിച്ചവരാണ് ഈ എല്‍ഡിഎഫ് സര്‍ക്കാര്‍. സാക്ഷാല്‍ സുപ്രീം കോടതിയെക്കൊണ്ട് കള്ളുകുടി മുട്ടിക്കരുതെന്ന് പറയിപ്പിച്ചില്ലേ ആ പഹയന്‍മാര്‍. പക്ഷേ അതിലും രസം എന്താണെന്ന് വച്ചാല്‍ ഈ വിഷയത്തില്‍ സിപിഐ അങ്ങനെ സര്‍ക്കാരിനോട് ചിയേഴ്സ് പറഞ്ഞു എന്നതാണ്. വെറും ചിയേഴ്സല്ല. മൂക്കറ്റം കുടിച്ച് പരപരം സ്കെട്ടിപ്പിടിച്ചുള്ള ചിയേഴ്സ്. ഇല്ലേല്‍ ദാ കേട്ടു നോക്കി സിപിഐ എറണാകുളം ജില്ലാസെക്രട്ടറി പി. രാജു പറയുന്നത്. 

രാജു സഖാവ് പറയുന്നത് കേട്ടാല്‍ തോന്നും ഫിറ്റിന്‍റെ പുറത്ത് പറയാണെന്ന്. എന്നാല്‍ അങ്ങനെയല്ല. പേഴ്സണലായിട്ട് പറയുകയാണെങ്കില്‍ ആളൊരു മദ്യവിരുദ്ധനാണ്. എന്നുവച്ച് നാട്ടുകാരുടെ കുടിമുട്ടിക്കണമെന്ന് വിചാരിക്കാന്‍ മാത്രം ബോറനുമല്ല. ബാറുകള്‍ തുറന്നു തരാമെന്ന് കാശുവാങ്ങി എന്നാണല്ലോ കരിങ്കോഴക്കല്‍ മാണിക്കെതിരെയുള്ള ആയുധം. ആ മാണിയെ മുന്നണിയിലേക്ക് അടുപ്പിക്കില്ലെന്ന് പറയുന്നവര്‍ ഇപ്പുറത്തിരുന്ന് പുതിയ മദ്യഷാപ്പുകള്‍ തുറക്കുന്നതിനെ വലിയ ഹരമായി കാണുന്നതില്‍ ഒരിക്കലും തെറ്റുപറയാനൊക്കില്ല. പകരത്തിന് പകരമാണത്.

അല്ലെങ്കിലും എന്തിനാണ് സിപിഐയെ പറയുന്നത്. സിപിഎമ്മും സിപിഐയും ഒരുമിച്ചിരുന്നാണല്ലോ അവരുടെ പ്രകടനപത്രിക പുറത്തിറക്കിയതു തന്നെ. അന്നു തൊട്ട് ഇന്നേവരെ മദ്യത്തിനെതിരല്ല പാര്‍ട്ടി. മദ്യവര്‍ജനം എന്ന പ്രത്യേകതരം പദ്ധതിയാണ് സര്‍ക്കാരിന്റെ മനസില്‍. ആദ്യം കരുതും മദ്യത്തെ ഉപേക്ഷിക്കാന്‍ നാട്ടുകാരെ തയ്യാറാക്കുന്ന എന്തോ കൂടോത്രമാണതെന്ന്. എന്നാല്‍ അങ്ങനെയല്ല. മദ്യം സുലഭമാക്കും. കുടിക്കാന്‍ തോന്നുന്നവനെല്ലാം പോയി കുടിക്കാം. അങ്ങനെ അതിന്റെ ഭവിഷ്യത്ത് അവരവരെ തന്നെ ബോധ്യപ്പെടുത്തിയുള്ള ഒരു രീതിയാണത്. വെറൈറ്റിയാണ്. കേട്ടാല്‍ ഞെട്ടും.

വന്ന് വന്ന് പാര്‍ട്ടി സഖാക്കള്‍ക്കും മദ്യപാനത്തില്‍ ഒരു ക്ലാസ് സംഘടിപ്പിച്ചു കൊടുക്കണം. അവരും ഈ സമൂഹത്തിന്റെ ഭാഗമാണല്ലോ. എത്രപേര്‍ കുടിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും. എത്രപേര്‍ ആരും കാണാതെ കുടിക്കുന്നുണ്ടാവും. അവരെക്കൂടി നമ്മള്‍ പരിഗണിക്കണം സഖാവേ. കൃത്യവും ശക്തവുമായ സംഘടനാരീതികളുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തിലും ഒരു മാതൃകാകുടിപദ്ധതിയെക്കുറിച്ച് ആലോചിച്ച് കുറിപ്പ് തയ്യാറാക്കി കീഴ്ഘടകങ്ങള്‍ക്ക് അയച്ചുകൊടുക്കാവുന്നതാണ്. പ്രത്യേകിച്ചും പാര്‍ട്ടി പരിപാടി ഉള്ള ദിവസങ്ങളില്‍ എത്ര പെഗ് വരെയാകാം. ഏത് ബ്രാന്‍ഡാണ് ഉപയോഗിക്കേണ്ടത്.  ഇനി പാര്‍ട്ടി പരിപാടികള്‍ ഇല്ലാത്ത ദിവസങ്ങളാണെങ്കില്‍ എവിടെ വച്ച് എത്രപേര്‍ക്കൊപ്പം എത്ര കഴിക്കാം.  മദ്യപാനത്തിനുശേഷം മൂലധനം വായിക്കേണ്ടതുണ്ടോ? മദ്യപാന സദസ്സില്‍ പാര്‍ട്ടി പരിപാടികള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടോ? അതൊക്കെ പരിഗണിക്കാവുന്നതാണ്.

എന്നാലും എന്തുകൊണ്ടാവും മദ്യനയത്തില്‍ സിപിഎമും സിപിഐയും ചിയേഴ്സ് പറഞ്ഞത്? ആ യുഡിഎഫുകാരും പ്രത്യേകിച്ച് മദ്യനിരോധന ഉത്തരവില്‍ ഒപ്പിട്ട സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയും കുറെ വെയിലുകൊണ്ട സുധീരന്‍ജിയെയൊന്നും എന്താണാവോ കാണത്തത്?

MORE IN THIRUVA ETHIRVA
SHOW MORE