പുതിയ പദവിയിൽ ‘ചക്ക’

thiruva-chakka-t
SHARE

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും ഫലം കാത്തിരിക്കുകയാണ് പല പാര്‍ട്ടിക്കാരും. ഇതിനിടെ ഒരു ഫലത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്നാണല്ലോ. സംഭവം സിംപിളാണ്. സകല ഫലങ്ങള്‍ക്കുമിടയില്‍ സര്‍ക്കാരിന് ചക്കയാണ് കണ്ണില്‍പ്പെട്ടത്. ഒട്ടും അമാന്തിക്കാതെ അതിനെ പിടിച്ച് കേരളത്തിന്റെ ഔദ്യോഗികഫലമായി അങ്ങ് പ്രഖ്യാപിച്ചു. നിയമസഭയാകട്ടെ മൊത്തത്തില്‍ ചക്കക്കൂട്ടാന്‍ കിട്ടിയ ആവേശത്തിലായിരുന്നു ഇന്ന്. ഈ പ്രഖ്യാപനത്തിന് ഒരു ചക്കക്കുരുവിന്റെ പരിഗണനയെങ്കിലും നാട്ടുകാരില്‍നിന്ന് കിട്ടിയാല്‍ ഭാഗ്യം.

വെപ്പും വിളമ്പുമെല്ലാം ചക്കമയമാകുമോ എന്ന് കണ്ടറിയണം. ചക്കയെ ലോകവിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുമ്പോള്‍ കേരള ജാക്ഫ്രൂട്ട് എന്നൊക്കെ ഇട്ട് ഒരു ഗുമ്മാക്കിയിട്ടുണ്ട്. കൊള്ളാം. ഒരു വര്‍ഷം മുപ്പതുകൊടി മുതല്‍ അറുപതുകോടി വരെ ചക്ക നമ്മുടെ നാട്ടില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വീടായ വീട്ടിലൊക്കെ വീണടിയുന്ന ചക്കയുടെ കണക്കെടുക്കാന്‍ പോയപ്പോഴാണ് കൃഷിമന്ത്രിക്ക് ഒരു കാര്യം പിടികിട്ടിയത്. ആരും ചക്ക കൃഷി നടത്തുന്നില്ല. ആരോ എറിഞ്ഞ ചക്കക്കുരവില്‍നിന്ന് തനിയെ മുളയ്ക്കുന്നു. തളിര്‍ക്കുന്നു. ഫലമുണ്ടാകുന്നു. എന്നാപ്പിന്നെ ഇതിനൊരു ഗുണം വേണല്ലോ എന്ന് തീരുമാനിക്കുകയും ചെയ്തു. മന്ത്രിയോട് ഒരപേക്ഷയേ ഉള്ളൂ. ഇനി കേരം തിങ്ങും കേരള നാട്ടില്‍ എന്നൊക്കേ കേള്‍ക്കുമ്പോള്‍ തേങ്ങ മാറ്റി ചക്കയാക്കണം എന്നൊന്നും പറഞ്ഞേക്കരുത്. വലിയ പാടാ.

അങ്ങനെയിരിക്കെയാണ് ശോഭനാ ജോര്‍ജ് സഖാവാകുന്നത്. വെറുതെയിരുന്നപ്പോള്‍ ഒരാഗ്രഹം. അപ്പോഴാണ് സൂപ്പര്‍താരം പിണറായി വിജയനെകുറിച്ച് കേട്ടത്. എന്നാല്‍പ്പിന്നെ അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷനിലൂടെ സാമൂഹ്യസേവനം വിപുലപ്പെടുത്താമെന്ന് തീരുമാനിച്ചു. ചെങ്ങന്നൂരില്‍ ജയിക്കാന്‍ മാത്രം കളിക്കിറങ്ങുന്ന എല്‍ഡിഎഫിന്റെ ശോഭ പതിന്മടങ്ങ് വര്‍ദ്ധിക്കും. കാരണം വരുന്നത് പിസി ജോര്‍ജല്ല, ശോഭന ജോര്‍ജാണ്. കേരളത്തിലെ ഉരുക്കുമനുഷ്യനായ പിണറായി വിജയനോട് പണ്ടേ ആരാധനയാണ്. സംശയമുണ്ടെങ്കില്‍ നമ്മുടെ പാട്ടുകാരന്‍ എം ജി ശ്രീകുമാറിനോടോ ചെറിയാന്‍ 

ശോഭനയ്ക്കിത് നിയോഗമാണ്. ഈ ചുവപ്പിനോടുള്ള കൂറ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അത് ലീഡറുള്ള കാലത്തേ തുടങ്ങിയതാണ്. ലീഡര്‍ പോയതോടെ ശോഭനയുടെ ലീഡര്‍ ശോഭന തന്നെയായി. 2003ലെ എറണാകുളം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ കൈപ്പത്തി വേണ്ട അരിവാള്‍ മതി എന്നായിരുന്നു തീരുമാനം. സെബാസ്റ്റ്യന്‍ പോളിനായിരുന്നു വോട്ട് വാങ്ങേണ്ട ദുര്യോഗം. ശോഭനയുടെ അരിവാള്‍ പ്രേമം പിന്നെ പൂത്തു തളിര്‍ത്തു. ആരോടും പറഞ്ഞില്ലെന്നുമാത്രം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുവന്നപ്പോള്‍ അതിനൊരു വേദിയുമായി. ശെല്‍വരാജൊക്കെ രാത്രിക്ക് രാത്രി കൂടുവിട്ടുപോയപ്പോള്‍ സിപിഎം വിളിച്ച തെറിക്ക് കണക്കില്ല. അതുവച്ചു നോക്കുമ്പോള്‍ ശോഭനയെ വേദിയിലിരുത്തുക തന്നെ വേണം.

സഖാവ് എ.കെ.വിയോ ആരാപ്പാ അത്. മനസ്സിലായില്ല.

എന്റെ പൊന്നുചേച്ചി. സഖാവ് എകെവിയല്ല. സഖാവ് പികെവി. പടയാട്ട് കേശവപിള്ള വാസുദേവന്‍ നായര്‍. നമ്മുടെ ഒന്‍പതാമത്തെ മുഖ്യമന്ത്രിയായിരുന്നു. കാനം സഖാവ് വേദിയിലിരിക്കുന്നുണ്ടല്ലോ. പോയി ചോദിച്ചാമതി. ചരിത്രം നല്ല ചൂടോടെ കേള്‍പ്പിച്ചുതരും. അരിവാള്‍ കണ്ടതോടെ ചുറ്റിലുമുള്ളതൊന്നും കാണാന്‍ പറ്റില്ല എന്നുമനസ്സിലായി. പക്ഷെ, ഓര്‍മയൊക്കെ നഷ്ടപ്പെടുമോ...?

അതെ, സ്വതന്ത്രസ്ഥാനാര്‍ഥിയായിരുന്നു. എന്നിട്ടെന്തു സംഭവിച്ചു. സിപിഎമ്മുകാരെ ജയിപ്പിച്ചു എന്ന് സ്വന്തം പാര്‍ട്ടിക്കാരെകൊണ്ട് പറയിപ്പിച്ചു. ഇനി ചെങ്ങന്നൂരിന്റെ വികസനമാണ് പറഞ്ഞുവരുന്നതെങ്കില്‍ അതൊക്കെ നാട്ടുകാര്‍ക്ക് നന്നായി അറിയാം. 15 വര്‍ഷം ചേച്ചിയായിരുന്നല്ലോ അവിടുത്തെ എംഎല്‍എ.. തന്നെക്കൊണ്ട് ഒരു ചുക്കുംനടന്നില്ല. എന്നാല്‍ എല്‍ഡിഎഫിനെക്കൊണ്ട് എല്ലാം നടക്കും എന്നാണ് പറഞ്ഞുവരുന്നതെങ്കില്‍ ആയിക്കോ. ചീത്തപ്പേര് അങ്ങനെയെങ്കിലും മാറട്ടെ.

പണ്ട്, അതായത് 1991ല്‍ ഈ ശോഭനചേച്ചിക്ക് മല്‍സരിക്കാനായി ഒഴിഞ്ഞുമാറിപ്പോയ ആളാണ് ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാര്‍ഥി. അദ്ദേഹത്തിനെതിരെ എല്‍ഡിഎഫിനുവേണ്ടി പ്രചാരണത്തിനുവേണ്ടി ഇറങ്ങുമ്പോള്‍ നന്നായി പ്രാര്‍ഥിക്കുന്നത് നല്ലതാണ്. വികസനമല്ല, വിശ്വാസമാണ് ശോഭന ജോര്‍ജിനെ നയിക്കുന്നത്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് നല്ല തിയ്യതി കുറിച്ചാണ് എല്‍ഡിഎഫ് ഇറങ്ങിയത്. അതുകൊണ്ട് പരാജയഭീതി തെല്ലുംവേണ്ടെന്നാണ് കവടി നിരത്താതെ ചേച്ചി കണ്ടെത്തുന്നത്.

MORE IN THIRUVA ETHIRVA
SHOW MORE