കനലൊരു തരിമതി പന്തല്‍ കത്താനും പാടം കത്തിക്കാനും

thiruva-ethirva
SHARE

ഏതായാലും കേരളം ഭരിക്കുന്ന ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയൊക്കെ പറഞ്ഞത് വച്ച്  തുടങ്ങിയ സ്ഥിതിക്ക് തിരുവാക്ക് എതിര്‍വാ പറഞ്ഞുതുടങ്ങാം ആദ്യം. സംഗതി നമ്മള്‍ നാടന്‍ കമ്മ്യൂണിസ്റ്റുകളുെട ഒരു സ്വഭാവമെന്താണെന്ന് വച്ചാല്‍ അങ്ങ് ക്യൂബയിലേക്കും ചൈനയിലേക്കും വേണമെങ്കില്‍ ഉത്തരകൊറിയയിലേക്കും വരെ വച്ചുപിടിക്കും. ഒന്നാമത് ഇങ്ങനെ രാജ്യാന്തര മേല്‍വിലാസമുള്ള ഒരു പാര്‍ട്ടി വേറെയില്ലല്ലോ. ഇനി ഇന്ത്യയില്‍ തന്നെ എടുത്താലും മലയാളി സഖാക്കള്‍ അങ്ങ് ഉത്തരേന്ത്യയിലേക്ക് നോക്കുന്നതില്‍ വല്ലാതെ മിടുക്കന്‍മാരാണ്. ഉത്തരേന്ത്യയില്‍ കമ്മ്യൂണിസ്റ്റ് സിദ്ധാന്തം അപ്പാടെ നടപ്പാക്കണമെന്നാണ് ആഗ്രഹം. അതിവിടെ കേരളത്തില്‍ നിന്ന് വിളിച്ചുപറയും. ഉത്തമസഖാക്കള്‍ക്ക് പക്ഷേ ഇവിടെ അത്രവലിയ പ്രത്യയശാസ്ത്ര ബാധ്യതയൊന്നും ഇല്ല. അല്ലെങ്കിലും അത്തരം കനംകൂടി പുസ്തകമൊന്നും ഭരിക്കുന്ന ഇടങ്ങളില്‍ വേണ്ടെന്നാണ് വയ്പ്.

ഈ കീഴാറ്റൂര്‍ അങ്ങ് കണ്ണൂരിലാണ്. എന്നുവച്ചാല്‍ നിലവിലെ സാഹചര്യത്തില്‍ ത്രിപുരയ്ക്ക് മുകളില്‍ സ്ഥാനമുള്ള കമ്മ്യൂണിസ്റ്റ് നാടാണ്. പക്ഷേ അവിടെ സമരം ചെയ്യുന്നവരെ മാവോയിസ്റ്റുകളായും പരിസ്ഥിതി തീവ്രവാദികളായും കാണാനാണ് താല്‍പര്യം. മുംബൈയിലെത്തിയ കിസാന്‍സഭ മാര്‍ച്ചിനെക്കുറിച്ച് ബിജെപിക്കാര്‍ പറയുന്ന അതേ ഡയലോഗ് കണ്ണൂരിലെ പി.ജയരാജന്‍ സഖാവ് പറയുന്ന അത്യപൂര്‍വസുന്ദര മുഹൂര്‍ത്തങ്ങള്‍ അരങ്ങേറുന്ന ഒരു നാടുംകൂടിയാണിത്. അതുകൊണ്ട് കനലൊരു തരിമതി എന്നൊക്കെ പറഞ്ഞത് തെളിയിക്കാന്‍ സമരപ്പന്തല്‍ വരെ തീയിട്ടുകളയും കാല്‍പനിക സഖാക്കള്‍. എന്നുവച്ചാല്‍ കനലൊരു തരിമതി പന്തല്‍ കത്താനും പാടം കത്തിക്കാനും, പിന്നെ സമരക്കാരെ ഓടിക്കാനും. അത്രയേ ഉദ്ദേശിച്ചുള്ളു.

അയ്യോ, ഹസന്‍സാര്‍ പറയുന്നതുകേട്ടാല്‍ തോന്നും ഇതൊക്കെ കോണ്‍ഗ്രസ് ചെയ്താല്‍ വല്യ പ്രശ്നമൊന്നും ഇല്ലായിരുന്നു എന്ന്. കാരണം ജന്‍മനാ വലതുപക്ഷമാണല്ലോ. നിയോലിബറല്‍ വികസനത്തിന്റെ വക്താക്കള്‍ ചെയ്യുംപോലെയല്ലല്ലോ കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യേണ്ടത്. സിപിഎം ഇങ്ങനെയൊക്കെ ചെയ്തുതുടങ്ങിയാല്‍ കോണ്‍ഗ്രസിന്റെ പ്രസക്തിയെന്ത് എന്ന് വലിയ ചോദ്യമായിരിക്കണം ഹസനെ വേവലാതിപ്പെടുത്തുന്നത്. 

ഈ ഇരട്ടത്താപ്പ്, അല്ലെങ്കില്‍ പറയുന്നത് വേറെ കാണിക്കുന്നത് വേറെ എന്ന അവസ്ഥ പണ്ടേ സിപിഎമ്മിന്റെ കൂടെപ്പിറപ്പാണ്. ഒന്നുകില്‍ എടുത്താല്‍ പൊങ്ങാത്ത പുസ്തകത്തിലെ പ്രത്യശാസ്ത്രപരമായ നിലപാടുകള്‍ അധികാരം കിട്ടുമ്പോള്‍ നടപ്പാക്കാനുള്ള പാങ്ങില്ലാത്തതുകൊണ്ടാവും. അല്ലെങ്കില്‍ കിസാന്‍ മാര്‍ച്ചിനും വിണ്ടുകീറിയ കാല്‍പാദങ്ങള്‍ക്കും ഹാഷ് ടാഗ് ഇടുന്ന നേരം മതി ഇന്നാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍. അതൊക്കെ പോട്ടെ. പ്രസംഗം, അതില്‍ പക്ഷേ സോഷ്യലിസ്റ്റ് മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് തത്വങ്ങള്‍ വിളമ്പിക്കൊണ്ടേ ഇരിക്കും. 

വിയോജിക്കുന്നതിനുള്ള അവകാശം എന്ന വിഷയത്തിലാണ് കെട്ടോ മുഖ്യമന്ത്രിയുടെ പ്രഭാഷണം. എന്തുകൊണ്ടും വിയോജിപ്പിന്‍റേയും ഏകാധിപത്യപ്രവണതകള്‍ക്കെതിരേയും സംസാരിക്കാന്‍ യോഗ്യന്‍ പിണറായി സഖാവുതന്നെയാണ്.  ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍  പിണറായി സഖാവുതന്നെ ഇടയ്ക്ക്  ഈ സ്വന്തം പ്രഭാഷണം എടുത്ത് കേള്‍ക്കുന്നത് നാടിന് ഗുണം ചെയ്യും. അദ്ദേഹത്തിന് അതിലേറെ ഗുണകരമാവും. ഒന്നുമില്ലെങ്കിലും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ കരുത്തെങ്കിലും പകരട്ടെ.

ഇതൊക്കെ കേട്ട് വല്ലതും അങ്ങോട്ട് പറയാന്‍ പോവാന്ന് വിചാരിക്കണ്ട. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് വരെ ഇരട്ടച്ചങ്കനാണ്. എന്നുവച്ചാല്‍ ഇങ്ങോട്ട് ഒന്ന് പറഞ്ഞാല്‍ നാലെണ്ണം അങ്ങോട്ട് പറയുന്നവരോടാണ് 

ഫാ‍ന്‍സിന് പ്രിയം. അല്ലാതെ വിയോജിക്കുന്നവരോട് വരൂ നമുക്ക് സംവദിക്കാം എന്നല്ലല്ലോ പറയാറ്. പറ്റിയാല്‍ വളഞ്ഞിട്ട് ആക്രമിക്കുക. തെറിവിളിക്കുക. അത്രയേ ഉള്ളു. പക്ഷേ വിയോജനാഭിപ്രായങ്ങള്‍ക്കുവേണ്ടി പ്രഭാഷണങ്ങളുണ്ടായിരിക്കുന്നതാണ്.

കോണ്‍ഗ്രസുകാരൊക്കെ ഡല്‍ഹിക്ക് പറന്നിട്ടുണ്ട്. പാര്‍ട്ടി പ്ലീനറി യോഗം തുടങ്ങുകയാണ്. രാഹുല്‍ ഗാന്ധിയെ പ്രസിഡന്‍റായി പട്ടാഭിഷേകം നടത്തി വാഴിക്കാനാണ് ഈ പ്ലീനറി യോഗം. സോണിയ ഗാന്ധിക്ക് ശേഷം രാഹുല്‍ ഗാന്ധി എന്ന സാധ്യതയെ പത്തുപതിനെട്ടുകൊല്ലം നീട്ടിക്കൊണ്ടുപോകാന്‍ പറ്റി എന്നതില്‍ കോണ്‍ഗ്രസ്പാര്‍ട്ടിക്ക് എന്തുകൊണ്ടും അഭിമാനിക്കാം. 

വിശ്വാസം രക്ഷിക്കട്ടെ എന്നേ പറയാനൊക്കൂ. ആ ഗുജറാത്തില്‍ ഒന്നു മിന്നിവന്നതാണ്. ത്രിപുരയിലൊക്കെ എന്താണ് സംഭവിച്ചതെന്ന് മഷിയിട്ടു നോക്കിയാല്‍ പോലും മനസിലാവില്ല. കെട്ടിവെച്ച കാശ് പോവുക എന്നതാണ് ഇപ്പോഴത്തെ ശീലം. അതൊക്കെ ഒന്നുമാറ്റിയെടുക്കണം. നല്ലപാടാണ്.

പാര്‍ട്ടിയുടെ പ്രായം വച്ച് നോക്കുമ്പോള്‍ രാഹുലിന്റെ പ്രായം കുറവുതന്നെയാണ്. ഈ ചെന്നിത്തലയൊക്കെ ഇങ്ങനെ പാര്‍ട്ടിയുടെ പ്രായം വച്ചാണ് സ്വയം ഒരു ചെറുപ്പക്കാരനായി ജീവിക്കുന്നതെന്ന് ഇപ്പോഴല്ലേ മനസിലായത്. അക്കണക്കില്‍ ഉമ്മന്‍ചാണ്ടിയും ആന്‍റണിയുമൊക്കെ കൗമാരം പിന്നിട്ടതല്ലേയുള്ളു.

ഒക്കെ നല്ലത്. ദാ ആന്ധ്രയില്‍ ടിഡിപി ബിജെപിയോട് പിണങ്ങി പുറത്തിറങ്ങിയിട്ടുണ്ട്. പോയി ഒപ്പം കൂട്ടാന്‍ പറ്റോന്ന് നോക്ക്.  ഉത്തര്‍പ്രദേശിലൊക്കെ ചിരവൈരികള്‍ കൈകൊടുത്ത് വിജയം കൊയ്തിട്ടുണ്ട്. മോദിയെ തോല്‍പ്പിക്കാം എന്നൊക്കെ ഒരു വിശ്വാസം മനസിലെങ്കിലും രാഹുലിന് തോന്നിയാല്‍ മതിയായിരുന്നു. 

ചന്ദ്രബാബു നായിഡുവിനെയൊക്കെ എങ്ങനെ കൊണ്ടുനടന്നതാ നമ്മുടെ മോദിജി. എന്നിട്ടിപ്പോ എന്തായി. അവര്‍ അവരുടെ പാട്ടിനു പോയി. പണംകൊടുത്ത് വാങ്ങാന്‍ ആന്ധ്രയില്‍ വല്ല കോണ്‍ഗ്രസുകാരും ഉണ്ടോന്ന് നോക്ക്. 

MORE IN THIRUVA ETHIRVA
SHOW MORE