സാർ ആണേ... മറക്കല്ലേ

thiruva-mani-sunil-t
SHARE

ന്യൂനമര്‍ദം കാരണമാണെന്നു തോന്നുന്നു. നമ്മുടെ കെഎം മാണി നിയമസഭയില്‍ ഒന്ന് എഴുന്നേറ്റു. പുള്ളിയെ കാണുന്നതേ സിപിഐക്ക് അലര്‍ജിയാണ്. കഴിഞ്ഞ കുറെ നാളുകളായി ഈ പാവം പാലാക്കരാന്‍ അലര്‍ജി ടെസ്റ്റ് എവിടെ നടത്തും എന്ന് അന്വേക്ഷിക്കുന്നുണ്ട്. എന്താണ് കാരണം എന്നറിയണമെല്ലോ. എകെജി മെമ്മോറിയല്‍ ആശുപത്രിയില്‍ അതിനുള്ള പരിശോധനയുണ്ടെന്ന് ആരോ പറഞ്ഞുകേട്ടതാണ് ഇനി പ്രതീക്ഷ. പറഞ്ഞുവന്നത് സിപിഐയുടെ അലര്‍ജിയെപ്പറ്റിയാണ്. കഴിഞ്ഞ കുറെ നാളുകളായി കാനം മുതല്‍ മുഴുവന്‍ അരിവാള്‍ നെല്‍ക്കതിരുകാരും മാണിയെക്കണ്ടാല്‍ പത്ത് പറയാതെ പോകാറില്ല എന്നതാണ്  അവസ്ഥ. എവിടെ കണ്ടാലും കൂകി വിളിച്ചേക്കണമെന്ന ഒരു സര്‍ക്കുലര്‍തന്നെ കാനം അണികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. നിയമസഭയില്‍ കയറി മാണിയെ പത്തുപറയാന്‍ കാനത്തിന്‍റെ നാവ് ചൊറിയുന്നുണ്ട്. അതിനുപക്ഷേ സാഹചര്യമില്ലാത്തതിനാല്‍ വിഎസ് സുനില്‍ കുമാറിന് സ്പെഷ്യല്‍ ട്യൂഷന്‍ കാനം നല്‍കുന്നുണ്ട്. മാണിയെ തളക്കാന്‍ നൂറ്റൊന്നുവഴികളെന്ന പുസ്തകവും തിരുന്നക്കര ബസ്റ്റാന്‍ഡില്‍ നിന്ന് കാനം തന്നെ വാങ്ങി നല്‍കി. അതും വായിച്ചിട്ടാണ് കഴിഞ്ഞ ദിവസം പാലാ എംഎല്‍എയുടെ അടിയന്തര പ്രമേയത്തെ നേരിടാന്‍ കൃഷിമന്ത്രി എത്തിയത്. 

അങ്ങനൊന്നും പിടിവിടുന്നവനല്ല ഈ പാലാക്കാരന്‍. മീച്ചിലാറ് നീന്തിക്കയറി കാടുവെട്ടിത്തെളിച്ച് മണ്ണിനെ കീഴടക്കിയ കരിങ്കോഴക്കല്‍ തറവാടിത്തത്തെക്കുറിച്ച്  സുനില്‍കുമാറിനെപ്പോലുള്ള കൊച്ചുപിള്ളേരൊക്കെ എങ്ങനെ അറിയാനാന്നേ. പിന്നെ കണക്കിന്‍റെ കാര്യം. പതിമൂന്ന് ബജറ്റുകളിലായി കോടാനുകോടികളുടെ ഇടപാടുകള്‍ ഒരു കാല്‍ക്കുലേറ്റര്‍ പോലുമില്ലാതെ കൂട്ടിക്കിഴിച്ച ഈ അബാക്കസിനോടാണോ കളി. ഇന്നാ പിടിച്ചോ. വെറും കണക്കല്ല. കൃഷിമന്ത്രിയുടെ നാട്ടിലെ കണക്കുതന്നെ

അതൊരു പ്രശ്നമാണ്. ബഹുമാനക്കുറവ്. മാണിസാര്‍ മാണിസാര്‍ എന്ന് കേട്ടാണ് കെഎം മാണി വര്‍ഷങ്ങളായി ജീവിക്കുന്നത്. എന്തിനേറെ പറയുന്നു. നമ്മുടെ ജോസുമോന്‍ വരെ അപ്പനെ മാണിസാര്‍ എന്നാണ് വിളിക്കാറ്. അങ്ങനെ ഉള്ളപ്പോള്‍ ഈ എണ്‍പത്തിനാലാം വയസില്‍ ഒരു കൊച്ചുപയ്യന്‍ വന്ന് മാണി എന്നൊക്കെ വിളിച്ചാല്‍ അത് ചൂണ്ടിക്കാട്ടേണ്ടതും മുതിര്‍ന്ന ഒരാളെന്ന നിലയില്‍ സ്വന്തം കടയമായാണ് മാണിസാര്‍ കരുതുന്നത്. ബദ്ധവൈരികളായി അഭിനയിക്കുന്ന കാലത്തുപോലും നമ്മുടെ പിസസി ജോര്‍ജുവരെ മാണിസാര്‍ എന്നേ ഈ ദേഹത്തെ സംബോധന ചെയ്തിട്ടുള്ളൂ.  അത് ഓര്‍മവേണം. ആ പോട്ടെ. തെളിവ് തെളിവ് എന്ന് അടിയന്തരപ്രമേയത്തിന് അപേക്ഷ നല്‍കിയപ്പോള്‍ മുതല്‍ കെഎം മാണി പറയുന്നുണ്ട്. എന്താണ് ആ തെളിവ്. അത് സഭയുടെ മേശപ്പുറത്തുവച്ചാല്‍ അപ്പോ നില്‍ക്കുമല്ലോ സുനില്‍കുമാറിന്‍റെ തര്‍ക്കം

സത്യം സുനില്‍കുമാര്‍ മാത്രമല്ല. നമ്മളാരും മാണിസാറില്‍ നിന്ന് ഇങ്ങനൊരു നടപടി പ്രതീക്ഷിച്ചില്ല. പ്രതിഛായ വായിക്കുന്ന മാണിസാറിന്‍റെ ചിത്രം പണ്ടേ അണികളുടെ മനസിലില്ലെങ്കിലും സമീപകാലത്ത് ദേശാഭിമാനി വായിക്കുന്ന മാണിസാറിനെ പലരും ഉറക്കത്തില്‍ സ്വപ്നമായി കണ്ടിരുന്നു. അവരെയെല്ലാം ഞെട്ടിച്ചുകളഞ്ഞു ഈ വായന. കരിങ്കോഴക്കല്‍ തറവാടിന്‍റെ ഉമ്മറത്ത് രാവിലെ ജന്മഭൂമി വന്നുവീഴുന്നത് കുറഞ്ഞത് പാലാക്കാരായ അണികള്‍ക്കെങ്കിലും സഹിക്കാനാവില്ല. ഉറപ്പായും അവരുടെ ഒരു കണ്ണി ഇനി ആ വീട്ടില്‍ വീഴുന്ന പത്രത്തിന്മേല്‍ ഉണ്ടാകും. ഉറപ്പ്. പണ്ടും മാണിസാര്‍ ഇങ്ങനെ ചില നമ്പറുകള്‍ ഇടും. ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ ഘോരഘോരം ഏറ്റുമുട്ടുന്ന വേളകളില്‍ തടിച്ച ഒരു പുസ്തകവുമായി കെഎം മാണി എഴുന്നേല്‍ക്കും. ഈ പുസ്തകത്തിന്‍റെ മുന്നൂറ്റി അറുപതാം പേജില്‍ നാലാം ഘണ്ഡികയില്‍ ഇതാ ഇങ്ങനെ പറഞ്ഞിരിക്കുന്നു എന്ന് തെളിവ് നിരത്തി വാദിക്കും. എതിരാളികള്‍ അതോടെ നിഷ്പ്രഭരാകും. പക്ഷേ പരിശോധിച്ചാല്‍ മനസിലാകും ഇരുനൂറു പേജുള്ള പുസ്തകം ഉയര്‍ത്തിയാണ് മുന്നൂറ്റി അറുപതാ പേജിലെ നാലാം ഘണ്ഡികയെക്കുറിച്ച് അദ്ദേഹം വാദിച്ചതെന്ന്.

MORE IN THIRUVA ETHIRVA
SHOW MORE