തുഷാറിനെ ചതിച്ചതാര് ?

thiruva-thushar-t
SHARE

ഒരു ചതിയുടെ കഥയാണിന്ന്. വെള്ളാപ്പള്ളി തറവാട്ടിലെ തുഷാറുമോനെ ചതിച്ചതാര്? ആരംഭിക്കട്ടെ. കഥതുടങ്ങുന്നത് കിഴക്കിന്‍റെ വെനീസില്‍ നിന്നാണ്. ഡല്‍ഹിയിലൊക്കെ പോയി വരേണ്ടതിനാല്‍ അധികം ദീര്‍ഘിപ്പിക്കുന്നില്ല. സ്വാഗതം തിരുവാ എതിര്‍വായിലേക്ക്.

ആ ചതിക്കഥയ്ക്ക് വലിയ പഴക്കമില്ല. വഞ്ചനയുടെ രാഷ്ട്രീയം അറിയാത്തവരല്ലല്ലോ മലയാളികള്‍. കേരളം ഭരിച്ചില്ലേലെന്താ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിക്ക് കേരളത്തിലും വഞ്ചനയുടെ കഥയാവാം. അത് യുപിവഴി പാര്‍ലമെന്‍റിലേക്ക് ബൈപാസ് വെട്ടുന്നതിന്‍റേതാണ്. കേരളത്തില്‍ ബിജെപിയ്ക്കേ വലിയ റോളൊന്നും ഇല്ല. അപ്പോ പിന്നെ അവര്‍ നയിക്കുന്ന മുന്നണി സംവിധാനത്തിന്‍റെ കാര്യം പറയേണ്ടതില്ലല്ലോ. സ്വന്തം നിലയ്ക്ക് നാലുവോട്ടും യാത്രയും സംഘടിപ്പിക്കുന്നതിന്റെ തിരക്കിലുള്ള കേരള ബിജെപിക്ക് കേന്ദ്രം തന്നെ ഒരു ബാധ്യതയാണ്. പത്തിരുപത് സംസ്ഥാനത്ത് ഭരണവും കൈയ്യിലുണ്ട്. ഇങ്ങനെയൊക്കെയുള്ള സമയത്ത് എന്ത് ബിഡിജെഎസ്? എന്ത് തുഷാര്‍ വെള്ളാപ്പള്ളി. 

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പ് കാലത്ത് ഇറങ്ങിയ ഒരു കഥയുണ്ടായിരുന്നു. വെള്ളാപ്പള്ളി നടേശന്‍ കേരള മുഖ്യമന്ത്രി. കഥയുണ്ടാക്കിയത് ബിജെപിക്കാര്‍ തന്നെയായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് സാക്ഷാല്‍ വെള്ളാപ്പള്ളി നടേശനുപോലും ആ വാര്‍ത്തയുടെ പേരില്‍ നാണം തോന്നിയത്. അതോടെ അങ്ങേര് രാഷ്ട്രീയമേ ഉപേക്ഷിച്ചു. ബിഡിജെഎസ് എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ ഒരു ഡയറക്ടര്‍ ബോര്‍ഡ് അംഗത്തെപ്പോലെയാണ് പിന്നെ പെരുമാറിയത്. ഇടയ്ക്ക് പുത്രനെ ഒന്നുപദേശിക്കും. പിന്നെ പിന്നെ അതും നിര്‍ത്തി. കാരണം അച്ഛനും മകനും തമ്മില്‍ ചേരാത്തവരാണെന്ന് ഇങ്ങനെ പരസ്യപ്പെടുത്തേണ്ട കാര്യമല്ലല്ലോ. ഒടുക്കം ദാ ആ രാജ്യസഭ്യാസ്ഥാനം. കേന്ദ്രമന്ത്രിപദവി. അങ്ങനെ സ്വപ്നങ്ങളൊക്കെ ആരൊക്കെയോ കൊത്തിക്കൊണ്ട് പോയിരിക്കുന്നു.

തന്നെ എംപി ആക്കാത്തതിലല്ല തുഷാറിന് ദുഖം. വഴിയടഞ്ഞ സ്ഥിതിക്ക് പിന്നെ ആരാണ് തന്നെ എംപി ആക്കുമെന്ന വാര്‍ത്ത പരത്തിയത് എന്നതിലാണ് ഇപ്പോഴത്തെ ഗവേഷണം. അതിലൊരു ഗൂഡാലോചന ഉണ്ടെന്ന് തുഷാര്‍ കരുതുന്നു. സിപിഎം ഒക്കെ ആണെങ്കില്‍ മാധ്യമസിന്‍ഡിക്കറ്റിന്‍റെ പണി എന്നെങ്കിലും പറയായിരുന്നു. ഇതിപ്പോ ബിജെപി പോലും അല്ല. ബിഡിജെഎസ് ആയിപ്പോയി. അപ്പോ പിന്നെ മാധ്യമങ്ങളല്ല. മറ്റുപലരുമാണെന്ന് കരുതേണ്ടിവരും. ആ കരുതല്‍ തുഷാറിനിപ്പോ കൂടുതലാണ്. പറയൂ ആരാണ് തുഷാറിനെ ചതിച്ചത്?

ഈ കോഴിക്കോട്ട് വഴിയുള്ള ഗൂഢാലോചന എന്നൊക്കെ പറയുന്മ്പോള്‍ ഇനി മുരളീധരന്‍ തന്നെയാണോ? അതോ വലംകൈയ്യായ സുരേന്ദ്രനോ? ബിജെപിക്ക് ഇവിടെ ഒരുപാടൊന്നും വലിയ നേതാക്കളില്ലെങ്കിലും ഉള്ളതില്‍ തന്നെ ഇത്തരം ഗൂഢാലോചന നടത്താന്‍ കഴിവുള്ളവരുണ്ടോ എന്ന സംശയമുള്ളതുകൊണ്ടും അധികം വച്ചുതാമസിപ്പിക്കാതെ അതാരാണെന്ന് തുഷാറുതന്നെ മുന്‍കൈയ്യെടുത്ത് പ്രഖ്യാപിക്കുന്നതാവും നന്നാവുക. ഇല്ലെങ്കില്‍ അത് ബിജെപി നേതാക്കള്‍ക്കിടയില്‍ പോലും പരസ്പരം സംശയമുണ്ടാക്കും.

ഒരച്ഛന്‍റെ വേദന ഈ കേരളമനസാക്ഷി കേള്‍ക്കേണ്ടതാണ്. മുഖ്യമന്ത്രിയാവാന്‍ സാധ്യതയൊക്കെ കല്‍പിക്കപ്പെട്ടപ്പോള്‍ പോലും മകനെവിട്ട് കളയാത്ത അച്ഛന്‍. മകന് വേണ്ടി സ്വന്തമായി ഒരു പാര്‍ട്ടി ഉണ്ടാക്കിക്കൊടുത്ത ഒരച്ഛനെ വെള്ളാപ്പള്ളിയില്‍ മാത്രമേ കാണാനാകൂ. പറ്റാവുന്നിടത്തോളം വര്‍ഗീയതയും വിവാദവും ഒക്കെയായി പാര്‍ട്ടിയുടെ പേര് എഴുതി വായിച്ച് കൊടി വീശി മകന്‍റെ കൈയ്യില്‍ വച്ച് കൊടുത്ത അച്ഛനാണ്. ദണ്ണം കാണും. എന്തായാലും. ഇതൊക്കെ പറയുന്നത് കേള്‍ക്കാന്‍ പിണറായി വിജയനെങ്കിലും കഴിഞ്ഞാല്‍ മതിയായിരുന്നു. ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളൊക്കെ സംസ്ഥാന സര്‍ക്കാര്‍ മനസ് വച്ചാലും കിട്ടുന്ന ഒന്നാണല്ലോ. 

ബിജെപിക്ക് അല്ലെങ്കിലും ഇന്ന് നല്ല ദിവസമല്ല. ആ യുപിയിലൊക്കെ ഉപതിരഞ്ഞെടുപ്പ് തോറ്റത്രെ. ഭാഗ്യം യോഗി ആദ്യത്യനാഥിനെയൊക്കെ തിരഞ്ഞെടുപ്പിന് വിട്ടുകൊടുക്കാതെ മുഖ്യമന്ത്രിയാക്കിയത്. ഇല്ലേല്‍ സംഗതി പാളിയേനെ. യോഗിയുടെയും ഉപമുഖ്യമന്ത്രിയുടേയുമൊക്കെ ലോക്സഭ മണ്ഡലത്തിലാണ് പാര്‍ട്ടിയുടെ തേര് വീണിരിക്കുന്നത്. അല്ലെങ്കിലും മായാവതി, മമത ബാനര്‍ജി എന്നീ പെണ്ണുങ്ങളോട് ഏറ്റുമുട്ടുമ്പോള്‍ കളി വേറെയാണെന്ന് മോദിയും അമിത്ഷാജിയും മനസിലാക്കിയാല്‍ നന്ന്. ഫാസിസസത്തെ ചെറുക്കാന്‍ വേറിട്ടു നിന്ന് സിപിഎമ്മുകാരും എന്തെങ്കിലുമൊക്കെ മനസിലാക്കിയാല്‍ അവര്‍ക്കും നല്ലത്.

MORE IN THIRUVA ETHIRVA
SHOW MORE