വരുന്നു സിബിഐ ക്വട്ടേഷൻ

thiruva-sudhakaran-t
SHARE

തട്ടീം മുട്ടീം മുന്നോട്ടുപോകാന്‍ ഒരുതരത്തിലും സമ്മതിക്കില്ല എന്നുവച്ചാല്‍ എന്തുകഷ്ടമാണ് ? കണ്ണൂരിലെ കൊലപതകത്തില്‍ വൈകിയാണെങ്കിലും അപലപിച്ച് തലയൂരാന്‍ നോക്കിയതാണ് പാവം മുഖ്യമന്ത്രി. സിബിഐ വരണം എന്നൊക്കെ ചില പ്രതിപക്ഷക്കാര്‍ ആവശ്യപ്പെട്ടെങ്കിലും പിണറായിക്ക് ബെഹ്റെയ ആയിരുന്നു വിശ്വാസം. അന്വേഷണം അടിപൊളിയാണെന്ന് ഇന്ന് രാവിലെപ്പോലും തട്ടിവിട്ടതുമാണ്. പക്ഷെ, ഹൈക്കോടതി കേറി പിടിച്ചുകളഞ്ഞു. പൊലീസ് അന്വേഷണം ഒട്ടുംപോരാ സിബിഐ തന്നെ വരണം എന്ന് പച്ചയ്ക്കാണ് പറഞ്ഞത്. പിണറായിയുടെ ചങ്ക് കത്തിപ്പോയി. സിബിഐ വരുമ്പോള്‍ നല്ല മ്യൂസിക്കിട്ട് കട്ടക്ക് നില്‍ക്കേണ്ട ആളാണ് കെ. സുധാകരന്‍. സന്തോഷിക്കേണ്ട സമയമാണെങ്കിലും സുധാകരന് ചെറിയ നിരാശയുണ്ട്. നിരാഹാരം നിര്‍ത്തിയത്  വിശപ്പുണ്ടായിട്ടല്ല. പാര്‍ട്ടി പറഞ്ഞിട്ടാണ്. അല്ലെങ്കിലും പാര്‍ട്ടി പറഞ്ഞതിന്റെ അപ്പുറവും ഇപ്പുറവും മാറുന്നയാളല്ല കെ. സുധാകരനെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണല്ലോ. ഇന്നത്തെ ഹൈക്കോടതി വിധി വരെ ഒന്നും തിന്നാതെ പിടിച്ചുനിന്നിരുന്നെങ്കില്‍ മൈലേജ് കൂടിയേനെ എന്നാണ് അദ്ദേഹത്തിന്റെ ഒരു റീത്തിങ്കിങ്.

പിണറായി രാജിവച്ചാല്‍ അടിപൊളിയാകും എന്ന ചിന്തയിലാണ് പ്രതിപക്ഷ നേതാവ്.  ഉമ്മന്‍ ചാണ്ടി ഭരിക്കുമ്പോള്‍ പ്രതിപക്ഷം ഇതേ ആവശ്യം പലവട്ടം ഉന്നയിച്ചിരുന്നു. അപ്പോഴൊക്കെ ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും എത്രതവണയാണ് രാജിവച്ചത്. രാജിക്കത്തെടുക്കാന്‍ മറന്നവര്‍ കയ്യിലുണ്ടായിരുന്ന കരിക്കും തേങ്ങയുമൊക്കെ നീട്ടിപ്പിടിച്ച് ഇതാ പിടിച്ചോ എന്റെ രാജി എന്ന് പറഞ്ഞ സംഭവം വരെയുണ്ടായി. അതൊക്കെ നോക്കുമ്പോള്‍ പിണറായി രാജിവയ്ക്കുക തന്നെ വേണം. സിബിഐ വരുന്നത് സര്‍ക്കാരിന് നാണക്കേടാണ്. സിപിഎമ്മിന് എന്തോ മറച്ചുവയ്ക്കാനുണ്ടെന്നാണ് ചെന്നിത്തലയും സുധാകരനും പറയുന്നത്. ഇല്ല എന്ന് പി.ജയരാജനും. ഇതില്‍ പി. ജയരാജന്‍ പറയുന്നതാണ് സത്യം. കാരണം ഒന്നും മറച്ചുവയ്ക്കാനിഷ്ടപ്പെടുന്നയാളല്ല ജയരാജേട്ടന്‍. എല്ലാം പരസ്യമായി പറയാനും പറ്റുമെങ്കില്‍ നല്ല കിടിലന്‍ ഫ്ളക്സുതന്നെ അടിച്ചുവയ്ക്കാനും ആഗ്രഹിക്കുന്നയാളാണ് സഖാവ്. ഒളിച്ചുവയ്ക്കുന്ന കാര്യങ്ങളുണ്ടെങ്കില്‍ അത് നാട്ടിലെങ്ങും പാട്ടാക്കി മാറ്റിക്കളയും അദ്ദേഹം. അങ്ങനെ ഒരു സിഡി തന്നെ ഇറക്കിയിട്ടുണ്ട്. അതുകൊണ്ട് സിബിഐയുടെ പേരുപറഞ്ഞ് ആരും വിരട്ടാന്‍ നോക്കേണ്ട.

MORE IN THIRUVA ETHIRVA
SHOW MORE