യെച്ചൂരി എന്ന പ്രവാചകൻ

thiruva-yachuri-t
SHARE

ഈ അറംപറ്റലും ശാപമേല്‍ക്കലുമൊന്നും ഒരു കമ്മ്യൂണിസ്റ്റിനെ ഒട്ടുബാധിക്കുന്ന ഒന്നല്ല. എന്നുവച്ച് ഒരു കമ്മ്യൂണിസ്റ്റ് സ്വന്തം പാര്‍ട്ടിയെക്കുറിച്ച് പറഞ്ഞുപോയത് അച്ചട്ടാവില്ല എന്ന് വാശിപിടിക്കാനും പറ്റില്ല. എന്നാല്‍ അത്തരമൊരു കാര്യത്തിന് ഭാവിയിലും സാധ്യതയുണ്ടെന്ന്  അടുത്ത പാര്‍ട്ടികോണ്‍ഗ്രസിനു മുന്നോടിയായിത്തന്നെ സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിക്ക് തെളിയിക്കാനായി എന്നതാണ് ത്രിപുര തിരഞ്ഞെടുപ്പ് സിപിഎമ്മിന് ഉണ്ടാക്കിക്കൊടുത്ത വലിയ പാഠം. പൊതുവെ പാഠം പഠിക്കാന്‍ താല്‍പര്യമില്ലാത്തവരും ചെയ്തതെല്ലാം ന്യായീകരിക്കാന്‍ കഴിയുന്നവരും ആയതുകൊണ്ട് യെച്ചൂരിയുടെ നാക്കിന് വലിയ വിലയൊന്നും കല്‍പിക്കാന്‍ ആളുണ്ടാവില്ലെന്ന് വേണം കരുതാന്‍. ഒന്നാമത് തോറ്റുപോയവരുടെ കൂട്ടമാണല്ലോ യെച്ചൂരിക്കൊപ്പമുള്ളത്.  ബ്രിട്ടനിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്സില്‍ മാസ്റ്റര്‍ ബിരുദമൊക്കെയുള്ള ആളായതുകൊണ്ട് പ്രകാശ് കാരാട്ടിന് വോട്ടെണ്ണലിന്‍റെ അന്ന് ഉച്ചയായിട്ടും കാര്യം പിടികിട്ടിയിരുന്നില്ല. ത്രിപുരയില്‍ ആറാംവട്ടം സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള തീവ്രചര്‍ച്ചയിലായിരുന്നു ആ മനസ്. 

സിപിഎമ്മിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്സിസ്റ്റ് എന്ന് എന്ന് യെച്ചൂരി വിപുലീകരിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. ബംഗാള്‍, ത്രിപുര കോട്ടകള്‍ കഴിഞ്ഞു. ഇനിയുള്ളത് അയ്യഞ്ചു വര്‍ഷം കൂടുമ്പോള്‍ പാട്ടത്തിന് കിട്ടുന്ന ഈ കേരളമാണ്. അടുത്തഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള കോണ്‍ഗ്രസ് എന്നാവാനും സാധ്യതയുണ്ട്. പണ്ട് അച്യുതാനന്ദനെ കേരള കാസ്ട്രോ എന്നു വിളിച്ചതാണ് ഈ സീതാറാം യെച്ചൂരി. അന്ന് വിഎസ് ചിരിച്ചു. പക്ഷേ അതോടെ വിഎസ് ഏതാണ് വിരമിച്ച പോലായി. ഇതാണ് യെച്ചൂരി ലൈന്‍. പറഞ്ഞാല്‍ അങ്ങ് ത്രിപുരയിലും കിട്ടും. അതാണ് ലൈന്‍. 

സ്വന്തം ലൈനിന് സ്വീകാര്യത കിട്ടാനാണെങ്കില്‍പോലും യെച്ചൂരി ഇപ്പോ ചെയ്തത് കടുംകൈയ്യാണ്. മൂക്കുമുറിച്ച് ശകുനം മുടക്കുന്ന ഒരു പരിപാടി. ഫാസിസത്തെ നേരിടാന്‍ ഇനി അദ്ദേഹത്തിന്റെ നാക്കു മാത്രം മതിയാവും. മുഖ്യശത്രുക്കളായ എന്ന് വച്ചാല്‍ യെച്ചൂരി ലൈനിലെ മുഖ്യശത്രു, അത് ബിജെപി. ആ ബിജെപിയുടെ നേതാക്കളെ നോക്കി നാല് ശാപവാക്കുകള്‍ ചൊരിഞ്ഞാ മതി. മോദിയുടെ കാവിസൂര്യന്‍ കടലില്‍ വീണുപോവും. കേരള സഖാക്കള്‍ ആകെ ശ്രദ്ധിക്കേണ്ടത് ഇങ്ങേരെങ്ങാനും കണ്ണൂരിലേക്ക് നോക്കി നാവുവളയ്ക്കാതിരിക്കാനാണ്. 

MORE IN THIRUVA ETHIRVA
SHOW MORE