ഒരു തേപ്പ് കഥ

thiruva-14-02-t
SHARE

വാലന്റെന്‍റൈന്‍സ് ദിനമാണെങ്കിലും പറയാനുള്ളത് ഒരു തേപ്പിന്റെ കഥയാണ്. തേപ്പ് കിട്ടിയാല്‍ മിണ്ടാതിരിക്കുന്നതാണ് ഇപ്പോഴത്തെ പൊതുവെയുള്ള ട്രന്‍ഡ്. പണ്ട് കണ്ണുകാണിച്ചിരുന്നു പിറകെ നടന്നിരുന്നു പുരികം ഉയര്‍ത്തി ചിരിച്ചിരുന്നു എന്നൊന്നും പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമില്ല. കാരണം തേപ്പിനേക്കാള്‍ വലിയ കുറ്റപ്പെടുത്തലായിരിക്കും നാട്ടുകാരുടെ വക. പക്ഷെ, ഈ തേപ്പുകാരന്‍ അങ്ങനെ കടലാസുവിമാനം പറത്തി പിറകെനടക്കണ ചില്ലറക്കാരനല്ല. കോടീശ്വരനാണ്, കോടീശ്വരന്‍. 

കോടീശ്വരനെ തേക്കുന്ന സ്വഭാവം കോടിയേരിക്ക് പൊതുവെ ഇല്ലാത്തതാണ്. പക്ഷെ, സംഗതി വെള്ളത്തിന്റെ കാര്യമായിപ്പോയി. മറ്റൊരു തമാശ എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന തള്ള് പാവങ്ങള്‍ മാത്രമല്ല ബിജു രമേശിനെപ്പോലെയുള്ള വലിയ വലിയ ആള്‍ക്കാരും വിശ്വസിച്ചിരുന്നു എന്നതാണ്. കഷ്ടകാലം എന്നല്ലാതെ എന്തുപറയാന്‍. എല്‍ഡിഎഫ് അതാ വരുന്നു. ബാര്‍ ഇതാ തുറക്കുന്നു എന്ന മട്ടിലാണ് പ്രണയകാലത്ത് പരസ്പരം വിശ്വസിപ്പിച്ചിരുന്നത്. കാര്യം നടന്നുകഴിഞ്ഞപ്പോള്‍, അതായത് ഭരണം കയ്യില്‍കിട്ടിയപ്പോള്‍ കോടിയേരി തനിനിറം കാട്ടി. ഒപ്പം കോടിയേരിയുടെ പാര്‍ട്ടി ബന്ധുക്കളും. ബാറ് തുറക്കാന്‍ ഹൃദയം തുറന്ന് കാട്ടിയവനോട് ചെമ്പരത്തിപ്പൂവല്ലേ മോനേ എന്ന് ചോദിച്ചാല്‍ എന്തായിരിക്കും അവസ്ഥ.

ബന്ധം വഷളായാല്‍ പിന്നെ എല്ലാത്തിനോടും ഒരു താല്‍പര്യക്കുറവ് തോന്നും. ബിജു രമേശിന് ബാറിനോട് താല്‍പര്യമില്ലാതായങ്ങനെയാണ്. അര്‍ഹതപ്പെട്ട നക്ഷത്രമൊക്കെ ഉണ്ടായിട്ടും ബാറുകള്‍ അടച്ചിട്ടും. തുറന്നിരുന്നെങ്കില്‍, സാമൂഹ്യസേവനത്തിനായി കോടികള്‍ കിട്ടും. പക്ഷെ, മനഃസാക്ഷിക്ക് നിരക്കുന്നതേ ഒരു  ബാര്‍ ഉടമ ചെയ്യൂ. ബാര്‍ തുറക്കേണ്ട എന്നുറപ്പിച്ചു. പോരാത്തതിന് ബാര്‍ ഉടമകളുടെ യോഗത്തിന് പോലും പോകാതായി. അവരില്‍ ചിലരുംചേര്‍ന്നാണല്ലോ ബുദ്ധിമാനായ തന്നെ തേച്ചതെന്ന് ഓര്‍ക്കുമ്പോള്‍ വിഷമം ചെറുതല്ല. കൊടുത്ത കോടിയാവട്ടെ തനിക്ക് കോടാലിയുമായി.

MORE IN THIRUVA ETHIRVA
SHOW MORE